മുസ്‌ലിം വിരുദ്ധ വിധിയും മുന്‍വിധികളും

അനൂപ് വി.ആർ

19 November, 2019

+ -
image

ബാബരി മസ്ജിദ് വിധി വരുന്നതിന്‍റെ തലേദിവസം. രാജ്യത്തെ ഏതാണ്ട് എല്ലാ മുസ്‌ലിം സംഘടനകളും ഏകസ്വരത്തില്‍ പുറപ്പെടുവിച്ച പ്രസ്താവന സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടുള്ളതായിരുന്നു. അത് അക്ഷരാര്‍ഥത്തില്‍ പാലിക്കപ്പെടുകയും ചെയ്തു. അതുകൊണ്ടാണ് അത്രമേല്‍ വിചിത്രവും അസംബന്ധവുമായ ഒരു വിധി ആയിരുന്നിട്ടും ആ അര്‍ഥത്തിലുള്ള തീവ്രമായ പ്രതികരണങ്ങള്‍ ഉണ്ടാകാതിരുന്നതും. മുസ്‌ലിംകള്‍ ഏതു നിമിഷവും എളുപ്പത്തില്‍ പ്രകോപിതരാകുന്ന സമുദായമാണെന്ന പൊതുബോധ നിര്‍മിതിയുടെ മുനയൊടിക്കുന്നത് തന്നെയായിരുന്നു അതെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയുന്നത്, അത്തരം പ്രതികൂല വിധികള്‍ വരുമ്പോള്‍, മറ്റു പലരുടെയും ഭാഗത്തുനിന്നുണ്ടായ മുന്‍ അനുഭവങ്ങളുടെ കൂടി പാശ്ചാത്തലത്തില്‍ ആണ്. എന്നാല്‍ ഒരു സമൂഹം എന്ന നിലയില്‍, മുസ്‌ലിംകള്‍ പ്രകടിപ്പിച്ച അനിതരസാധാരണമായ സംയമനത്തെ സമ്പൂര്‍ണമായ കീഴടങ്ങല്‍ എന്ന നിലയില്‍ ചിലരെങ്കിലും മനസിലാക്കിയിട്ടുണ്ട്. അവരെ സംബന്ധിച്ച്, വിധിയെക്കുറിച്ച് ഉയരുന്ന നേരിയ വിമര്‍ശനം പോലും അസഹനീയമാണ്. ഒരു കോടതിവിധിയും ഒരിക്കലും വിമര്‍ശനത്തിനതീതമായ വിശുദ്ധ പശുവായിരുന്നിട്ടില്ല എന്ന വസ്തുത അവര്‍ ബോധപൂര്‍വം മറക്കാന്‍ ശ്രമിക്കുകയാണ്. വിധി മാത്രമല്ല, വിധി പ്രഖ്യാപിച്ച ന്യായാധിപന്‍മാര്‍ പോലും വ്യക്തിപരമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സുപ്രിംകോടതി വിധിയെ തന്നെ ശക്തിപ്രകടനങ്ങള്‍ കൊണ്ടും സമ്മര്‍ദങ്ങള്‍ കൊണ്ടും മറികടക്കാന്‍ ശ്രമിച്ച തെരുവുപ്രകടനങ്ങളുടെ ഉദാഹരണങ്ങള്‍ സമീപകാലത്തു തന്നെ നമ്മുടെ മുന്നിലുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, മുസ്‌ലിംകള്‍ സവിശേഷമായി നേരിടുന്ന വിലക്ക് പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്. സുപ്രിംകോടതി വിധിയ്‌ക്കെതിരേ ഉയരുന്ന സ്വാഭാവികമായ വിമര്‍ശനങ്ങള്‍ പോലും കലാപപരിശ്രമങ്ങളായി വ്യാഖ്യാനിക്കുകയും കേരളത്തില്‍ തന്നെ, വിധിയിലെ അസംബന്ധ ഘടകങ്ങള്‍ക്കെതിരേ ആക്ഷേപഹാസ്യ അര്‍ഥത്തിലുള്ള പ്രതികരണങ്ങള്‍ നടത്തിയവര്‍ക്കെതിരേ ഗൗരവതരത്തിലുള്ള കേസുകള്‍ എടുക്കുകയും ചെയ്യുന്നു. ഏറ്റവുമവസാനം ഇതുമായി ബന്ധപ്പെട്ട് അറിയാന്‍ കഴിഞ്ഞത്, അത്തരത്തില്‍ കേസെടുത്ത ഒരു പ്രവാസിയുടെ തൊഴില്‍ നഷ്ടപ്പെട്ടു എന്നാണ്. ഭയം എന്ന ഭരണകൂട ഉപകരണം തന്നെയാണ് ഇവിടെ പ്രയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ആവര്‍ത്തിച്ചുള്ള പരിശ്രമങ്ങളിലൂടെ അതിനെ മറികടന്നേ മതിയാവൂ. ഏതു നീതിന്യായ വ്യവഹാരവും നിലനില്‍ക്കുന്നത്, റേഷ്യോ ഡിസഡന്റി റീസണ്‍ ഫോര്‍ ജസ്റ്റിസ് എന്ന അടിത്തറയിലാണ്. എന്നാല്‍ ഈ വിധിയില്‍ മുഴച്ചുനില്‍ക്കുന്നത് അതിന്റെ അഭാവമാണ്. ആദ്യമേ തന്നെ കോടതി പറയുന്ന, പറയേണ്ടി വരുന്ന, പറയാന്‍ നിര്‍ബന്ധിതമാവുന്ന രണ്ടു വസ്തുതകളുണ്ട്. ആദ്യത്തേത്, 1949ല്‍ ബാബരി പള്ളിയിലേയ്ക്ക് അതിക്രമിച്ചു കടന്ന അക്രമികള്‍ അതിനുള്ളില്‍ രാമവിഗ്രഹം സ്ഥാപിച്ചത് അന്യായമാണെന്നാണ്. രണ്ടാമത്തേത്, 1992ല്‍ അതേ ആക്രമോണുത്സക മ്യൂല്യങ്ങളാല്‍ പ്രചോദിതമായ ആള്‍ക്കൂട്ടം ബാബരി മസ്ജിദ് തകര്‍ക്കേണ്ടി വന്നതും കോടതിയ്ക്കു സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. എന്നാല്‍ അതിനുശേഷം കോടതി എത്തിച്ചേരുന്ന തീരുമാനമാകട്ടെ, അതിന്റെ മുന്‍നിഗമനങ്ങളെ തന്നെ റദ്ദ് ചെയ്യുന്നതാണ്. ഒരു അനീതി നടന്നുവെന്ന് സമ്മതിക്കുന്ന നീതിപീഠം അതിന് ഇരയായവരോട് സഹിക്കാനും അക്രമത്തെ സാധൂകരിക്കാനുമാണു ശ്രമിക്കുന്നത്. അതേസമയം മറുഭാഗത്തെ യാതൊരു വിധത്തിലും അലോസരപ്പെടുത്താതിരിയ്ക്കാനുള്ള അതീവ ജാഗ്രതയും പുലര്‍ത്തുന്നുണ്ട്. നിയമത്തെ അതിന്റെ എല്ലാ ആധികാരികതയോടും വ്യാഖ്യാനിക്കുമെന്നു പ്രതീക്ഷിക്കുന്ന സുപ്രിംകോടതി സ്‌കന്ദപുരാണത്തെ ആസ്പദമാക്കിയാണ് വസ്തുത നിര്‍ധാരണം നടത്തിയിരിക്കുന്നത് എന്നതിനേക്കാള്‍ ഏറ്റവും വലിയ അസംബന്ധം വേറെ എന്തുണ്ട്. യുക്തിവിചാരം എന്ന ആധുനിക നീതിന്യായ വ്യവസ്ഥയുടെ ആണിക്കല്ല് തന്നെയാണ് ഊരിപ്പോന്നിരിക്കുന്നത്. ശ്രീരാമന്റെ നിയമപരമായ വ്യക്തിത്വം അംഗീകരിക്കുന്ന കോടതി, ഈ രാജ്യത്തെ കോടിക്കണക്കിന് മുസ്‌ലിംകളുടെ അന്തസിനെ പരിഗണിക്കുന്നതേയില്ല. യുക്തിയ്ക്ക് മേലെ മിത്ത് നേടിയ ഈ വിജയം രാജ്യത്തു പുതിയ അന്ധകാര യുഗത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്. രാജ്യത്തെ രാമരാജ്യമാക്കുന്നതിനായുള്ള പരിശ്രമങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിയ്ക്കുന്നത്. വിധി വന്ന ദിവസം തന്നെ, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും എന്ന രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന ആ ദിശയില്‍ തന്നെയാണു കാണേണ്ടത്. അതുകൊണ്ടു തന്നെയാണ്, കോടതി വിധിയ്‌ക്കെതിരായി ചര്‍ച്ചകള്‍ ഉയരേണ്ടതും. അത്തരത്തില്‍ ചര്‍ച്ച ചെയ്യുന്നവരെ നിയമമുപയോഗിച്ച് കൈകാര്യം ചെയ്യാന്‍ ആസൂത്രിത പരിശ്രമങ്ങള്‍ നടത്തുമ്പോള്‍, അതിനെ പ്രതിരോധിക്കേണ്ടതുമുണ്ട്. ഭരണഘടനയോട്, ഭരണഘടനാ സ്ഥാപനങ്ങളോട് നമുക്ക് ബാധ്യതയുണ്ട്. അതേസമയം, ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍, മനുസ്മൃതി ഭരണഘടനയാക്കാന്‍ ശ്രമിക്കുന്നവര്‍, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രമാകാന്‍ ശ്രമിക്കുന്നവര്‍ എതിര്‍ക്കപ്പെടണം, അത് ആവര്‍ത്തിക്കപ്പെട്ടു കൊണ്ടേയിരിക്കണം.