അബി അഹമ്മദിന് നോബേൽ സമ്മാനം: അർഹതയുള്ള അംഗീകാരം

റാശിദ് ഓത്തുപുരക്കൽ ഹുദവി

13 October, 2019

+ -
image

ലോകത്തെ സമാധാന പാതയിലേക്ക് കൈപിടിച്ചു നയിച്ചതിന് നൽകപ്പെടുന്ന സമാധാന നോബേൽ ഇപ്രാവശ്യം കരസ്ഥമാക്കിയത് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹ് മദാണ്. 2018 ൽ പ്രധാനമന്ത്രിപദത്തിൽ എത്തിയ അദ്ദേഹം രണ്ടു പതിറ്റാണ്ടുകൾ നീണ്ടുനിന്ന, അയൽരാജ്യമായ എരിത്രിയയുമായുള്ള യുദ്ധമവസാനിപ്പിച്ച് സമാധാന കരാറിൽ ഒപ്പുവെച്ചതിലൂടെയാണ് നോബൽ സമ്മാനത്തിന് അർഹനാകുന്നത്. അബിഅഹമ്മദ് സമാധാനത്തിനായുള്ള തന്റെ ഹസ്തം നീട്ടിയപ്പോൾ എറിത്രിയൻ പ്രസിഡന്റ് അത് ഇരും കയ്യും നീട്ടി സ്വീകരിച്ചു; അങ്ങനെ ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാനം കൊണ്ടുവരാൻ പ്രയത്നിച്ചു", എന്നാണ് നൊബേൽ സമിതി വിധിനിർണയത്തെ വിലയിരുത്തിയത്. ആരാണ് അബി അഹമ്മദ് വടക്കുകിഴക്കൻ ആഫ്രിക്കൻ രാഷ്ട്രമായ എത്യോപ്യയുടെ നാലാമത്തെ പ്രധാനമന്ത്രിയാണ് അബി അഹമ്മദ് അലി. 1976 ഓഗസ്റ്റ് 15 ന് ഒരോമിയയിലെ അഗാരോയ്ക്ക് സമീപത്തെ ബെഷാഷായിലാണ് അബി അഹമ്മദ് ജനിക്കുന്നത്. വെള്ളവും വൈദ്യുതിയുമില്ലാത്ത ദരിദ്രകുടുംബത്തലാണ് അബി ജനിച്ചു വീണത്. മാതാവ് ക്രിസ്ത്യാനിയും പിതാവ് മുസ്ലിമുമായിരുന്നു. അവശ്യ സൗകര്യങ്ങളില്ലാത്ത ആ വീട്ടിൽ പലപ്പോഴും തറയിലാണ് അദ്ദേഹം കിടന്നുറങ്ങിയിരുന്നത്. ഏഴാം ക്ലാസ്സ് വരെ വീട്ടിൽ വൈദ്യുതിയെത്തിയിരുന്നില്ല. വെള്ളത്തിന് മറ്റു സൗകര്യങ്ങളില്ലാത്തതിനാൽ അടുത്ത നദിയിൽ നിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്. ചുരുക്കത്തിൽ അതി ദാരിദ്ര്യത്തിന്റെ അടിത്തട്ടിൽ നിന്നാണ് അദ്ദേഹം രാജ്യത്തിന്റെ ഉന്നത സ്ഥാനത്തേക്ക് നടന്നുകയറിയത്. യുദ്ധ ഭൂമികയിൽ 1991മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങൾ പ്രകാരം ഭരണം നടത്തിയിരുന്ന മെങ്കിസ്റ്റു മരിയാമിനെതിരെ സായുധ പോരാട്ടത്തിലൂടെയാണ് അബിയുടെ കരിയർ ആരംഭിക്കുന്നത്. അബി അടക്കമുള്ളവർ പ്രവർത്തിച്ച ഒറാമോ ഡെമോക്രാറ്റിക് പാർട്ടിയുടെ (ഒ.ഡി.പി)സായുധസംഘം നീണ്ടകാലത്തെ പോരാട്ടത്തിനൊടുവിൽ ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കി. ഭരണത്തെ അട്ടിമറിച്ചതിന് പിന്നാലെ 1993ൽ അബി അഹമ്മദ് എത്യോപ്യയുടെ ദേശീയ സൈന്യത്തിൽ ചേർന്നു. ഇൻറലിജൻസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിലായിരുന്നു അദ്ദേഹത്തിന് നിയമനം. ഇതിനിടെ അയൽരാജ്യമായ റുവാണ്ടയിൽ സമാധാന ശ്രമങ്ങൾക്കായി അദ്ദേഹം പ്രവർത്തിക്കുകയും വിജയം കൈവരിക്കുകയും ചെയ്തു. 1998- 2000 കാലയളവിൽ എരിത്രിയയുമായി നടന്ന യുദ്ധത്തിൽ ഇന്റലിജൻസ് കൈകാര്യം ചെയ്തിരുന്നത് അദ്ദേഹത്തിന് നേതൃത്വത്തിലുള്ള സംഘമായിരുന്നു. പിന്നീട് അദ്ദേഹത്തിന് ജന്മനാടായ ബെഷാഷയിൽ തന്നെ നിയമനം ലഭിച്ചു. ഈ സമയത്ത് പ്രദേശത്ത് മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിൽ ശക്തമായ വർഗീയ കലാപങ്ങൾ നടന്നിരുന്നു. നിരന്തരമായ പരിശ്രമത്തിലൂടെ മേഖലയിൽ സമാധാനം കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. 2008 ൽ ഇൻഫോർമേഷൻ നെറ്റ്‌വർക്ക് സെക്യൂരിറ്റി ഏജൻസി അദ്ദേഹം സ്ഥാപിച്ചു. 2010 വരെ ഇതിന്റെ ഡയറക്ടറായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. രാഷ്ട്രീയത്തിലേക്ക് താൻ മുമ്പ് പ്രവർത്തിച്ചിരുന്ന ഒറാമോ ഡെമോക്രാറ്റിക് പാർട്ടിയുടെ ബാനറിൽ തന്നെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. വളരെ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ അദ്ദേഹം ഈ പാർട്ടിയുടെ യുടെ സെൻട്രൽ കമ്മിറ്റി അംഗമായി മാറി. 2010 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒ.ഡി. പി അടക്കമുള്ള പാർട്ടികളുടെ പൊതുവേദിയായ ഇ.പി.ആർ.ഡി.എഫിന്റെ മെമ്പറുമാകാൻ അദ്ദേഹത്തിന് സാധിച്ചു. 2015 ൽ അദ്ദേഹത്തെ തേടി മന്ത്രിസ്ഥാനം വന്നു. സയൻസ് ആൻഡ് ടെക്നോളജി മന്ത്രിയായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2018 ൽ പ്രധാനമന്ത്രി ഹയ്ലെ മരിയാൻ രാജിവെച്ചതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് അബി അഹമ്മദിന് നറുക്ക് വീഴുന്നത്. പ്രധാനമന്ത്രിപദത്തിൽ 2018 ഏപ്രിലിലായിരുന്നു രാജ്യത്തിൻറെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന വിശേഷണത്തോടെ 43 കാരനായ അബി അഹമ്മദ് അലി സ്ഥാനമേൽക്കുന്നത്. പ്രധാനമന്ത്രിപദമേറ്റെടുത്ത ആറുമാസത്തിനുള്ളിൽ തന്നെ ചിരകാല ശത്രുരാജ്യമായ എറിത്രിയയുമായി സമാധാന ചർച്ചകൾ അദ്ദേഹം ആരംഭിച്ചു. ജയിലിൽ കഴിയുന്ന വിമതരെ വെറുതെ വിട്ടതും തീവ്രവാദികളെന്ന് മുദ്രകുത്തി നാടുകടത്തപ്പെട്ടവരെ തിരികെ വിളിച്ചതും അധികാരസ്ഥാനത്തിരുന്നവർ ഇതുവരെ ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പേറ്റ് പറഞ്ഞതുമെല്ലാം അബി അഹമ്മദിന്റെ ജനപ്രീതി ഉയർത്തി. തന്നെ അധികാരത്തിലേറ്റിയ ക്ഷുഭിതയൗവനങ്ങളെ തൃപ്തിപ്പെടുത്തുന്ന കൃത്യമായ സമീപനങ്ങളായിരുന്നു അവയെല്ലാം. ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് എത്യോപ. മുഹമ്മദ് നബിയുടെ 70 ലധികം അനുചരന്മാർ ആദ്യമായി ഹിജ്റ ചെയ്തിരുന്നത് എത്യോപ്യയിലേക്കായിരുന്നു. ഹബ്ശ എന്ന പേരിലറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് അന്ന് ഭരണം നടത്തിയിരുന്നത് നേഗസ് രാജാവായിരുന്നു. മക്കയിലെ കൊടിയ പീഡനങ്ങൾ സഹിക്കാൻ സാധിക്കാതെ അവിടെയെത്തിയ മുസ്‌ലിംകളെ തിരികെ നാടുകടത്താൻ വേണ്ടി ആവശ്യപ്പെട്ട് കൊണ്ട് മക്കയിലെ പ്രമാണിമാർ ദൂതരെ അയച്ചതും ഒടുവിൽ ഹിജ്റ ചെയ്ത മുസ്ലിംകളുടെ പ്രതിനിധി പ്രസംഗിച്ചതും അതിനുശേഷം അവർക്ക് ആ രാജ്യത്തെ തന്നെ തുടരാനുള്ള അനുമതി നൽകിയതും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കിഴക്കനാഫ്രിക്കയിലെ വലിയ സമ്പദ് വ്യവസ്ഥയും ഈ രാജ്യത്തിലേതാണ്. നിരവധി ഭാഷകളും വ്യത്യസ്ത വംശങ്ങളും ഉള്ള രാജ്യമാണിത്. ഇവിടെ വംശീയ വിഷയങ്ങൾ ദൂരവ്യാപകമായ പ്രശ്നങ്ങൾസൃഷ്ടിച്ചിരുന്നു. അത് ജനങ്ങളുടെ ആഭ്യന്തര കുടിയേറ്റ പ്രശ്നങ്ങളിലേക്കും വഴിയൊരുക്കി. ഇതിന് പുറമെ  സമീപരാജ്യങ്ങളിൽ നിന്നും അഭയാർത്ഥികളായി കുടിയേറിയവരുമുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുരഞ്ജനം, ഐക്യദാർഢ്യം സാമൂഹിക നീതി എന്നിവയിലൂന്നിയ നിലപാടുകളാണ് അബി സ്വീകരിച്ചത്.