ഹമാസ് വിരുദ്ധ ഗൾഫ് നീക്കങ്ങളുടെ പിന്നാമ്പുറ രാഷ്ട്രീയം

അനസ്.പി ഓമാനൂര്‍

12 October, 2019

+ -
image

രാഷ്ട്രീയത്തില്‍ ഇണക്കവും പിണക്കവും ഒരു നാണയത്തിന്‍റെ ഇരുവശങ്ങള്‍ പോലെയാണ്. എന്നാല്‍ മിഡില്‍ ഈസ്റ്റിന്‍റെ രാഷ്ട്രീയ ചരിത്രം പശ്ചാത്യരെഴുതി വെച്ച തിരക്കഥ പോലെയാണ്. ആ തിരക്കഥയിപ്പോള്‍ കുറേ മുന്നോട്ടു പോന്നു മറ്റൊരു വഴിത്തിരിവിലെത്തിച്ചേര്‍ന്നിരിക്കുന്നു. ഫലസ്തീന്‍ വിമോചന പ്രസ്ഥാനം ഹമാസിന്‍റെ പൊതു പ്രസ്താവനയാണ്  പുതിയ ചര്‍ച്ചകളിലേക്ക് പാത തുറന്നിരിക്കുന്നത്. സഊദി അറേബ്യന്‍ ഭരണകൂടം ഹമാസിന്‍റെ ഒട്ടനവധി പ്രവര്‍ത്തകരെയും അനുഭാവികളെയും അടുത്ത കാലങ്ങളിലായി അറസ്റ്റു ചെയ്തിരുന്നു. അതില്‍ അപലപിച്ചാണ് സംഘടനയുടെ പുതിയ പ്രസ്താവന. ഏപ്രില്‍ ആദ്യ വാരം മുതല്‍ ഫലസ്തീനികളും ജോര്‍ദ്ദാനികളും സഊദികളും ഉള്‍പ്പെടെയുള്ള ഹമാസിന്‍റെ നിരവധി പ്രവര്‍ത്തകരെ പലയിടങ്ങളില്‍ നിന്നായി സഊദി പോലീസ് അറസ്റ്റു ചെയ്തു കൊണ്ടിരിക്കുകയാണ്. അറസ്റ്റു ചെയ്യപ്പെടുന്നവര്‍ കടുത്ത മര്‍ദ്ദന മുറകള്‍ക്കും നാടുകടത്തലുകള്‍ക്കും വിധേയരാക്കപ്പെടുന്നു. കൂടാതെ സഊദി പോലീസ് ബാങ്ക് ഇടപാടുകള്‍ റദ്ദ് ചെയ്യുകയും ആസ്തി വകകള്‍ കണ്ടുകെട്ടുകയും ചെയ്യുന്നു. ഇതിനെല്ലാത്തിനുമുപരി ഫലസ്തീന്‍ സംഘടനകളിലേക്ക് സഊദിയില്‍ നിന്നും ഫണ്ടെത്തുന്ന സര്‍വ്വ വഴികളും ഗവണ്‍മെന്‍റ് തന്ത്രപരമായി തടയുകയും ചെയ്തു.  രാഷ്ട്രീയ വനവാസം പ്രശ്നങ്ങളെ സമാധാന പൂര്‍ണ്ണം ശാന്തമാക്കുമെന്ന ധാരണയില്‍ ഹമാസ് നേതൃത്വം മൂകത പാലിച്ചെങ്കിലും, ഉന്നത നേതൃത്വം നേരിട്ട് ബന്ധപ്പെട്ടിട്ടും കൂടാതെ അറബ് നേതാക്കള്‍ തന്നെ ശുപാര്‍ശ ചെയ്തിട്ടും സഊദി ഭരണകൂടം ഹമാസ് വിരുദ്ധ നീക്കത്തില്‍ നിന്നും പിന്മാറാത്ത പശ്ചാത്തലത്തിലാണ് സംഘടനയുടെ ഈയൊരു പ്രതിഷേധ പ്രസ്താവന. പ്രസ്തവനയിലൂടെ സഊദി ഗവണ്‍മെന്‍റിന്‍റെ നടപടികളെ അനുശോചിക്കുകയും അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്‍റെ ഉത്കണ്ഠ അറിയിക്കുകയും ചെയ്തു. ട്രംപ് പുതിയതായി വാഗ്ദാനം ചെയ്ത 'ഡീല്‍ ഓഫ് സെഞ്ചുറി' ഫലസ്തീന്‍ഇസ്രാഈല്‍ മധ്യസ്ഥ ശ്രമത്തെ ഹമാസ് നിരാകരിച്ചതും ഇറാന്‍ വിരുദ്ധ മുന്നണിയെ വിമര്‍ശിച്ചതുമാകാം ഇതിന്‍റെയെല്ലാം മൂലകാരണമെന്നും പ്രസ്താവനയിലൂടെ ഹമാസ് ആകുലപ്പെടുന്നു. ഹമാസിന്റെ ഗൾഫ് മേഖലയിലെ ബന്ധം 1980 തില്‍ ഹമാസ് രൂപീകരിക്കപ്പെട്ടതിന് ശേഷം സഊദിയുമായി നേതൃത്വം ആരോഗ്യകരമായ ബന്ധമായിരുന്നു സൂക്ഷിച്ചിരുന്നത്. സഊദി ഭരണകൂടം സംഘടനയെ നേരിട്ട് സഹായിക്കുന്നത് അപൂര്‍വ്വമായിരുന്നെങ്കിലും രാജ്യത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും അനുമതിയുണ്ടായിരുന്നു.  രണ്ടായിരത്തിന്‍റെ അവസാനത്തോടെ ഹമാസ് ഇറാനുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയപ്പോള്‍ സഊദിയുമായി ചെറിയൊരകല്‍ച്ച അനുഭവപ്പെട്ടെങ്കിലും സഹകരണം തുടര്‍ന്നു പോന്നു. രണ്ടായിരത്തിയേഴിലെ ഹമാസിന്‍റെ പാര്‍ലമെന്‍റ് വിജയത്തിന് പിന്നാലെ അരങ്ങേറിയ ഫതഹ്ഹമാസ് സംഘര്‍ഷങ്ങളില്‍ റിയാദ് മധ്യസ്ഥതക്ക് മുന്നോട്ടു വന്നെങ്കിലും ആ പദ്ധതി വിജയം കാണാതെ പോയത് സഊദിയെ ചൊടിപ്പിച്ചു. പരാജയപ്പെടാനുള്ള കാരണം ഹമാസായിരുന്നെന്നാണ് സൗദിയുടെ പക്ഷം.  2011 ല്‍ അറബ് വസന്തം ആഞ്ഞു വീശുകയും സിറിയയില്‍ അസദിനെതിരെ ബഹുജന പ്രക്ഷോഭം തുടക്കം കുറിക്കപ്പെടുകയും ചെയ്തപ്പോള്‍ അസദിനൊപ്പം നിന്ന ഇറാനെയായിരുന്നു ഹമാസ് ആദ്യം പിന്തുണച്ചത്. എന്നാല്‍ ബഹുജന പ്രക്ഷോഭം സിറിയന്‍ ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറിയപ്പോള്‍ ഹമാസിന് നിലപാടുകള്‍ തിരുത്തിയെഴുതേണ്ടി വന്നു. ഇറാനുമായുള്ള ബന്ധം വിഛേദിച്ച് ഹമാസ് സിറിയന്‍ പ്രതിപക്ഷത്തെ പിന്തുണച്ചു. സഊദി പക്ഷത്തേക്കുള്ള ഹമാസിന്‍റെ തിരിച്ചു വരവിന് പക്ഷെ ദീര്‍ഘായുസ്സുണ്ടായില്ല. 2013ല്‍ സൗദിയുടെ കീഴില്‍ ഈജിപ്തിലെ മുഹമ്മദ് മുര്‍സിയുടെ ആദ്യ ജനാധിപത്യ ഗവണ്‍മെന്‍റിനും പ്രതിപക്ഷത്തുണ്ടായിരുന്ന ഹമാസിന്‍റെ മാതൃസംഘടന മുസ്ലിം ബ്രദര്‍ഹുഡിനും നേരെ നടന്ന സൈനിക അട്ടിമറിയുടെ പശ്ചാത്തലത്തിലൂടെ ഹമാസ് സഊദി ബന്ധത്തിന് വീണ്ടും ദൂരം വര്‍ദ്ധിച്ചു. ഇതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ഹമാസ് നേതാക്കളുടെ സഊദി സന്ദര്‍ശനം വിദൂര കാലത്തേക്ക് റദ്ദ് ചെയ്യപ്പെടുന്നതില്‍ വരെയെത്തി. അതോട് കൂടെ ഈജിപ്തില്‍ അധികാരത്തിലേറിയ അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ സൈനിക സര്‍ക്കാര്‍ കൂടെ ഹമാസിന് മേല്‍ സമര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ഫതഹുമായുള്ള സംഘര്‍ഷം മൂര്‍ഛിച്ചിരിക്കുന്നൊരു ഘട്ടത്തിലായിരുന്നു അതും. ഒടുവില്‍ ഒറ്റപ്പെട്ടുവെന്നൊരു സ്ഥിതി വിശേഷമായപ്പോള്‍ 2017 ല്‍ ഹമാസിന് വീണ്ടും ഇറാന്‍റെ സഹായം തേടേണ്ടി വന്നു. സഊദി ഗവണ്‍മെന്‍റ് ഹമാസിനെ അങ്ങനെ ഒരവസ്ഥയിലേക്ക് കൊണ്ടടുപ്പിച്ചു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഇറാന്‍റെ ഔചിത്യമായ ഇടപെടലുകളും സഹായ മനസ്കതയും ആയൊരവസരത്തില്‍ ഹമാസിനെ ഇറാനുമായി കൂടുതലടുപ്പിച്ചു. ആയൊരു ബന്ധം ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഗുമൈനിയുമായി ഹമാസ് നേതാക്കള്‍ ആ വര്‍ഷം ജൂലൈയില്‍ തന്നെ കൂടിക്കാഴ്ച നടത്തുന്ന ഒരു ഘട്ടത്തില്‍ വരെയെത്തിച്ചു.  കുരുക്ക് മുറുകുന്നു ഇറാന്‍ഹമാസ് ബന്ധം വീണ്ടും പുനസ്ഥാപിക്കപ്പെട്ടതില്‍ കൂടുതല്‍ അസ്വസ്ഥരായത് അമേരിക്കയായിരുന്നു. ഈയൊരു പുതിയ ബന്ധം അമേരിക്കയെ ഇറാനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചു. താമസിയാതെ തന്നെ ട്രംപ് ഭരണകൂടം ആണവക്കരാറില്‍ നിന്നും പിډാറി. കൂടെ സംഖ്യ കക്ഷികളോട് ഇറാനെതിരെ പരമാവധി സമര്‍ദ്ദം ചെലുത്താന്‍ ആഹ്വാനം ചെയ്തു. പ്രസ്തുത ആഹ്വാനത്തെ സഊദി അറേബ്യ, ഇസ്രായേല്‍ തുടങ്ങിയവര്‍ സ്വാഗതം ചെയ്തു. അതേ സമയം തന്നെ ഇസ്രായേലികളും ഫലസ്തീനികളും തമ്മിലുള്ള സമാധാന കരാര്‍ നടപ്പാക്കാനുള്ള ശ്രമവുമായി വാഷിംങ്ടണ്‍ ഇറാന്‍ നയത്തെ ഫലപ്രദമായി ബന്ധിപ്പിച്ചു. ഈയൊരു പശ്ചാത്തലത്തോട് കൂടി ഫലസ്തീന്‍ രാഷ്ട്രത്തോടുള്ള ആഗോള രാജ്യങ്ങളുടെ സമീപനങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ ഇസ്രായീലിനനുകൂലമായി കന്നി വോട്ട് രേഖപ്പെടുത്തി.  സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 2017 യോടെ തന്നെ അമേരിക്ക മുന്നോട്ട് വെച്ച കരാര്‍ സമ്മതിച്ചു നല്‍കാന്‍ ഫലസ്തീന്‍ അതോറിറ്റിയുടെ മേല്‍ സമര്‍ദ്ദം ചെലുത്തിത്തുടങ്ങിയിരുന്നു. അടുത്ത വര്‍ഷമായപ്പോഴേക്കും സമര്‍ദ്ദം ഭീഷണികളിലേക്കും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പ്രീണിപ്പിക്കുന്നതിലേക്കും വഴി മാറി.എന്നാല്‍ ഈ ശ്രമങ്ങളൊന്നും ഫലപ്രദമാവുകയില്ലെന്ന് മനസ്സിലാക്കിയ സൗദിയുടെ അടുത്ത നീക്കമാണ് ഈയടുത്ത കാലങ്ങളിലായി നടക്കുന്ന അറസ്റ്റ് നാടകങ്ങള്‍. ഇരുപത് വര്‍ഷമായി സഊദി അറേബ്യ ഹമാസ് ഉഭയകക്ഷി ബന്ധത്തിന്‍റെ ചുമതല വഹിച്ചിരുന്ന ഹമാസ് നേതാവ് മുഹമ്മദ് അല്‍ ഖദാരിയടക്കം നിരവധി പ്രവര്‍ത്തകരാണ് കഴിഞ്ഞ ഏപ്രിലില്‍ മാത്രം തടങ്കലിലായത്. രാജ്യത്തെ മീഡിയകളിലൂടെ കൃത്യമായ രീതിയില്‍ ഹമാസ് വിരുദ്ധ മനോഭാവം രൂപപ്പെടുത്തിയതിന് ശേഷമാണ് സഊദി ഈയൊരു ശ്രമത്തിന് മുതിര്‍ന്നതെന്നതും ശ്രദ്ധിക്കണം. സഊദിയിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രങ്ങളിലൊന്നായ മക്ക ദിനപ്പത്രം മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച, ബ്രദര്‍ഹുഡ് ആശയങ്ങളിലാകൃഷ്ഠരായി തീവ്രവാദികളായിത്തീര്‍ന്ന 40 മുസ്ലിം ഭീകരവാദികളുടെ ലിസ്റ്റില്‍ ഹമാസ് സ്ഥാപകന്‍ ശൈഖ് അഹ്മദ് യാസീന്‍, മുന്‍ നേതാവ് ഖാലിദ് മിശ്അല്‍, ഇപ്പോള്‍ സംഘടനക്ക് നേതൃത്വം നല്‍കുന്ന ഇസ്മാഈല്‍ ഹനിയ്യ, യഹ് യ അല്‍ സിന്‍വാര്‍ തുടങ്ങിയവരുണ്ടായിരുന്നു. ഇതിനപ്പുറം പ്രസ്തുത ദിവസങ്ങളില്‍ തന്നെ ഫലസ്തീനില്‍ നടന്ന ഇസ്രായേല്‍ അതിക്രമങ്ങളെ സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇസ്രായേലിനെ അനുകൂലിച്ചും ഫലസ്തീന്‍ രാഷ്ട്രത്തെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ചുമാണ്. ഇറാന്‍റെയും തുര്‍ക്കിയുടെയും അനാവശ്യ ഇടപെടലുകളുടെ പരിണിത ഫലങ്ങളായും ഇസ്രായേല്‍ പൈശാചികതയെ വരുത്തിത്തീര്‍ത്തു. ഇസ്രായേല്‍ ഭീകരതയെന്ന പ്രയോഗത്തെ ഇസ്രായേല്‍ കൊലപാകങ്ങളെന്ന ശീര്‍ഷകം നല്‍കി വിലകുറച്ച് കാണിക്കാനും ചില സഊദി പത്രങ്ങള്‍ ധൈര്യം കാണിച്ചു. ഹമാസ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ സഊദി അറേബ്യക്ക് വേണ്ടത് ഹമാസ് അമേരിക്കയുമായി രമ്യതയിലെത്തണമെന്നുള്ളതാണ്. ഹമാസ് രമ്യതയിലെത്തിയാല്‍ മാത്രമേ 'ഡീല്‍ ഓഫ് സെഞ്ചുറി' എന്ന ട്രംപ് നാടകം അരങ്ങിലെത്തിക്കുവാന്‍ സാധ്യമാവൂ. കൂടാതെ ഇസ്രായേല്‍ അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള സായുധ പോരാട്ടം ഹമാസ് അവസാനിപ്പിക്കുന്നതിന് സമര്‍ദ്ദം ചെലുത്താനും ഇറാനുമായുള്ള ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കുവാനും ഹമാസ് വിരുദ്ധ ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നുണ്ട്.  ഇനിയെന്ത് സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള സഊദി ക്യാംപയിനെതിരെ തുറന്ന പ്രസ്താവന നടത്തിയതിലൂടെ ഇറാനുമായി ബന്ധം വിഛേദിച്ച് സഊദിയുമായി മികച്ച ബന്ധം പണിതുയര്‍ത്താന്‍ ഹമാസ് താല്‍പര്യപ്പെടുന്നില്ലെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഹമാസ് ഇരു രാഷ്ട്രങ്ങളുമായും സമതന്തുലിതമായ രീതിയില്‍ ബന്ധം വെച്ചു പുലര്‍ത്തിയിരുന്നു. പ്രസ്തുത രീതിയിലുള്ള ഒരു തുടര്‍ പോക്ക് തന്നെയാണ് സംഘടന ലക്ഷ്യം വെക്കുന്നത്.  സൗദിക്കെതിരെയുള്ള ഹമാസിന്‍റെ ചെറുത്തുനില്‍പ്പ് തുടരുന്ന പക്ഷം കൂടുതല്‍ നിയന്ത്രണങ്ങളും തന്ത്രങ്ങളും ഹമാസിന് നേരെ പ്രയോഗിക്കപ്പെടാന്‍ സാധ്യതയേറെയാണ്. ഹമാസ് ഫണ്ട് ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ പൂട്ട് വീഴാനും സഊദി മീഡിയകള്‍ ഹമാസിനെതിരെയുള്ള പൈശാചിക വല്‍ക്കരണം തുടരാനും തന്നെയായിരിക്കും സാധ്യത. മിഡില്‍ ഈസ്റ്റ് ശക്തികളായ സഊദി ഹമാസിനെതിരെ രാഷ്ട്രീയമായും സാമ്പത്തികമായും ശക്തമായ രീതിയില്‍ സമര്‍ദ്ദം ചെലുത്താന്‍ മറ്റു അറബ് രാഷ്ട്രങ്ങളോട് നിര്‍ബന്ധം പിടിച്ചു കഴിഞ്ഞു. 2016 ല്‍ സഊദിയോടിടഞ്ഞ ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനായി അറബ് ലീഗില്‍ അവരുപയോഗിച്ച അതേ പ്രയോഗം, ക്യാംപയിന്‍ ഉടന്‍ വിജയം കണ്ടില്ലെങ്കില്‍ ഇവിടെയും പ്രയോഗിക്കപ്പെടാന്‍ സാധ്യതയേറെയാണ്.സഊദിയുടെ സമര്‍ദ്ദം ഹമാസിന് മുകളില്‍ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുകയാണെങ്കില്‍ നിസംശയം ഹമാസിന്‍റെ പ്രാദേശിക നിലനില്‍പ്പ് കൂടുതല്‍ അപകടത്തിലാവുകയും മറുവശത്ത് ഇറാനുമായുള്ള ബന്ധം കൂടുതല്‍ സുദൃണ്ഡമാവുകയും ചെയ്യും. ഇറാനില്‍ നിന്നും സാമ്പത്തികമായും സൈനികമായും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഹമാസിന് ലഭ്യമാകുകയും ചെയ്യും. ഗാസയില്‍ ജീവിത സാഹചര്യങ്ങളും സാമ്പത്തിക സ്രോതസ്സുകളും കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നതിനാല്‍ ഹമാസിന് കൂടുതല്‍ വെല്ലുവിളികള്‍ നേരിടുകയെന്നത് ജനങ്ങളെ കരുതിക്ക് നല്‍കുന്നതിന് സമാനമാണ്. സാധാരണക്കാരായിരിക്കുമിവകള്‍ക്കെല്ലാം വില നല്‍കേണ്ടി വരിക.നിലവിലെ പിരിമുറുക്കങ്ങള്‍ക്കിടയിലും സൗദി അറേബ്യയുമായുള്ള ബന്ധം പൂര്‍ണ്ണമായും വിഛേദിക്കാതിരിക്കാന്‍ ഹമാസ് ആഗ്രഹിക്കുന്നു. മേഖലയിലെയും രാജ്യത്തെയും രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിമറിയുകയും സാഹചര്യങ്ങള്‍ അനുകൂലമായി മാറിയേക്കാമെന്നും ഹമാസ് വിശ്വസിക്കുന്നുണ്ട്. ഏപ്രിലിന് ശേഷം സംഭവത്തോട് പ്രതികരിക്കാന്‍ ഇത്രയും കാലം കാത്തിരുന്നതും ആയൊരു ശുഭപ്രതീക്ഷയില്‍ തന്നെയായിരുന്നു. യു.എസ് നിലപാടുകളുമായി രമ്യതയിലെത്തിച്ചേരാന്‍ അറബ് സര്‍ക്കാറുകള്‍ ഇടം വലം നോക്കാതെ ചാടിയിറങ്ങുമ്പോള്‍ ഹമാസിനും ഫലസ്തീനും അതു നല്‍കുന്ന ആകുലതകള്‍ ഒട്ടൊന്നുമല്ല. മിഡില്‍ ഈസ്റ്റിന്‍റെ ഭാവി പശ്ചാത്യന്‍റെ തിരക്കഥക്ക് പൂര്‍ണ്ണമായും വിട്ടു നല്‍കാനുള്ള ഗവണ്‍മെന്‍റ് തീരുമാനങ്ങളും അതിനോട് യോജിക്കാത്ത സഹോദര രാജ്യങ്ങളെ തെല്ലും ദാക്ഷിണ്യമില്ലാതെ ഒറ്റപ്പെടുത്തുന്ന യുക്തിരാഹിത്യമായ നീക്കങ്ങളും ഫലസ്തീന്‍ എന്ന മുസ്ലിം രാഷ്ട്രത്തിന്‍റെ ഭാവിയെ തന്നെ അവതാളത്തിലാക്കുന്നുണ്ട്. നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ ഫലസ്തീന്‍ നിരീക്ഷിച്ചെടുക്കുന്നത്, അറബ് സര്‍ക്കാറുകള്‍ പശ്ചാത്യന്‍റെയും അധിനിവേശക്കാരന്‍റെയും കാരുണ്യത്തിന് വേണ്ടി വലിയ തോതില്‍ അവരെ ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നുവെന്നാണ്. അറബ് രാഷ്ട്രങ്ങള്‍ക്ക് കൂടെ ഫലസ്തീനെ വേണ്ട എന്നാണ് തീരുമാനമെങ്കില്‍ ഇനിയതിനെ ആവശ്യമുള്ളവരായി ആരുമില്ലെന്ന് തന്നെ വായിക്കേണ്ടി വരും.  7909293403 (അദ്നാന്‍ അബു അമര്‍ എന്ന ഫലസ്തീന്‍ പ്രഫസര്‍ അമേരിക്കന്‍ സംഖ്യ കക്ഷികളുടെ ഹമാസ് വിരുദ്ധ നീക്കങ്ങളെക്കുറിച്ച് വിശദമായി തയ്യാറാക്കിയ പഠനത്തിന്‍റെ സംഗ്രഹ വിവര്‍ത്തനം)