പുരോഗമനത്തിന്റെ പേരില്‍ ഇറക്കുമതിചെയ്യുന്നത് പിന്തിരിപ്പന്‍ അജണ്ടകള്‍

ജൗഹര്‍ കാവനൂര്‍

12 December, 2018

+ -
image

ഇടതു ലിബറലുകളെ തൃപ്തിപ്പെടുത്തുന്ന ഭാഷയില്‍ സംസാരിക്കുന്നവരെ മാത്രമേ അവര്‍ പ്രമോട്ട് ചെയ്യൂ. അവര്‍ പ്രമോട്ട് ചെയ്യുന്നവര്‍ക്ക് മാത്രമേ കേരളത്തിലെ മുഖ്യധാരയില്‍ ഇന്ന് സ്‌പേസ് കിട്ടൂ. ഈ സത്യം ഒരു വിധം എല്ലാവരും മനസിലാക്കിയിട്ടുണ്ട്. പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍്ട്ടിക്കാരനല്ലാത്തവന് വലിയ വില ഉണ്ടാവില്ല. ഒടുവില്‍ എല്ലാവരും ഒരു ഗമക്ക് വേണ്ടി പാര്‍ട്ടി വേഷം കെട്ടും എന്ന പോലെ. 

ലിബറലുകളും ഇടതു പുരോഗമന വാദികളും കേരളത്തിലെ ബൗദ്ധിക സാംസ്‌കാരിക മണ്ഡലത്തിലെ വരേണ്യരാണ്. ഇത് തങ്ങളുടെ കുത്തകയാണെന്നാണ് അവരുടെ വാദം. അവരുടെ വാദങ്ങള്, എത്ര നശീകരണ സ്വഭാവമുള്ളതാണെങ്കിലും, എത്ര വലിയ വംശ വെറി പേറുന്നതാണെങ്കിലും, അതെല്ലാം പുരോഗമന ആശയങ്ങളും- നവോഥാന വാദങ്ങളും ആക്കി അവര്‍ തന്നെ അവരുടെ അപ്രമാദിത്വം ഉപയോഗിച്ച് സ്ഥാപിച്ചു വെച്ചു കഴിഞ്ഞിട്ടുണ്ട്. വല്ലാത്തൊരു അപകടവും വിരോധാഭാസവുമാണിത്.

ജാതീയമായ വരേണ്യ വാദങ്ങളുള്ള കാലത്ത് ബ്രാഹ്മണന് ഒപ്പിച്ചു നല്ല കുടിയാന്‍ ആയവര്‍ക്ക് തരക്കേടില്ലാതെ ജീവിച്ചു പോകാമായിരുന്നു. അല്ലാത്തവര്‍ക്ക് കുടി ഒഴിച്ച് പോകാം.

ഇന്ന്, നമുക്ക് രണ്ട് ചോയിസ് മാത്രമാണുള്ളത്. ഒന്നുകില്‍ ഇടതു ലിബറലുകളുടെ ദുര്‍ഗന്ധമുള്ള പുരോഗമന വാദങ്ങള്‍ പേറി ജീവിക്കാം, അല്ലെങ്കില്‍ പിന്തിരിപ്പന്‍-മൂരാച്ചി-മതമൌലികവാദി തുടങ്ങിയ വിളിപ്പേരുകള്‍ കേട്ടു കഴിയാം.

ഇടതു ലിബറലുകളെ തൃപ്തിപ്പെടുത്തി കുടിയാന്‍ ആവാന്‍ ശ്രമിച്ചു നോക്കിയിട്ടും കാര്യമുണ്ടാവില്ല. കാരണം ആ ക്ലബില്‍ പൂര്‍ണ അംഗത്വം ലഭിക്കണമെങ്കില്‍ ഒടുവില്‍ ''മതമുപെക്ഷിക്കൂ മനുഷ്യരാവൂ'' എന്ന മുദ്രാവാക്യം ഏറ്റു വിളിക്കേണ്ടി വരും.