ബലിപെരുന്നാള്‍;ആഘോഷവും അനുഷ്ഠാനവും

അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍

11 August, 2019

+ -
image

മുഹമ്മദ് നബി(സ)യുടെ ഉമ്മത്തിന് അല്ലാഹു അനുഗ്രഹിച്ചു നൽകിയ രണ്ടു പെരുന്നാളുകളിൽ വലിയതാണ് ഈദുൽ അദ്ഹാ. മുസ്‍ലിംകൾ അല്ലാഹുവിനെ ഓർത്തും അവനെ വാഴ്ത്തിയും തക്ബീർ മുഴക്കിയാണിത് ആഘോഷിക്കുന്നത്. ഈദ് നിസ്കാരവും ശേഷമുള്ള ഖുതുബയുമാണ് ഈദുകളിലെ പ്രധാന കർമ്മം. ബലി പെരുന്നാളിന് ബലിയറുത്ത് വിതരണം ചെയ്യലും. മറ്റൊരു നിലക്കു പറഞ്ഞാൽ പെരുന്നാളോഘോഷമെന്നത് ഒരു വിശ്വാസിക്ക് ശുദ്ധമായ ആരാധനകളാണ്. അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനുള്ള മാർഗങ്ങൾ. ഹൃദയത്തെ സമഗ്രമായി വിമലീകരിക്കാനുള്ള സുവർണ്ണാവസരങ്ങൾ. 
ദുൽ ഹിജ്ജ പത്തിനാണ് ബലി പെരുന്നാൾ. ദുൽ ഹിജ്ജ ഒന്നു മുതൽ പത്തുവരെയുള്ള പത്തു പകലുകൾ വർഷത്തിലെ ഏറ്റവും ശ്രേഷ്ഠമായ പകലുകളാണ്. റമദാനിലെ അവസാനത്തെ പത്തു രാത്രികളെ പോലെ പുണ്യമുള്ളതാണ്. ആ പകലുകളിൽ ആരാധനാ കർമ്മങ്ങളിൽ നിരതരാവുന്നത് മറ്റേത് പകലിനേക്കാളും അല്ലാഹുവിന് ഇഷ്ടമുള്ളതാണത്രെ. അന്നു മുതൽ നാം അല്ലാഹുവിലേക്ക് കൂടുതൽ അടുക്കണം.
അല്ലാഹുവിന്‍റെ സാമീപ്യത്തിന്‍റെ സാക്ഷാൽകാരത്തിന് പ്രഥമമായി വേണ്ടത് ഹൃദയ ശുദ്ധിയാണ്. അത് നിഷ്കളങ്കമായ തൌബയിലൂടെ തുടങ്ങണം. അസൂയ, വെറുപ്പ്, വിദ്വേഷം, അഹങ്കാരം, തൻപോരിമ, ലോകമാന്യം, ഭൌതിക തൽപരത തുടങ്ങിയ ഹൃദയ രോഗങ്ങളെ പൂർണ്ണായും ഉച്ചാടനം ചെയ്യണം. പിന്നെ ഇഖ്‍ലാസോടെ ഇബാദത്തുകളിലേർപ്പെടണം. ഒന്നു മുതൽ ഒമ്പതു വരെ നോമ്പു നോൽക്കൽ പ്രത്യേകം സുന്നത്താണ്. മാത്രമല്ല ബലി മൃഗങ്ങള കാണുമ്പോഴും അവയുടെ ശബ്ദം കേൾക്കുമ്പോഴും തക്ബീർ ചൊല്ലുക, ബലിയറുക്കാൻ കരുതിയവർ ശരീര രോമങ്ങളും നഖവും മുറിക്കാതിരിക്കുക തുടങ്ങിയ പ്രത്യേക സുന്നത്തുകളിലൂടെ ഈദ് നമ്മുടെ മനസ്സിൽ സജീവമായി തുടങ്ങുന്നു. 
ദുൽഹിജ്ജ ഒമ്പത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ള ദിനമാണ്. അന്ന് ഏറെ ശ്രേഷ്ഠമായ നോമ്പ് സുന്നത്താണ്. കഴിഞ്ഞ ഒരു വർഷത്തേയും വരാനിരിക്കുന്ന വർഷത്തെയും പാപങ്ങൾ പൊറുത്തു കിട്ടാനുള്ള നോമ്പ്. അല്ലാഹുവിലേക്ക് കൂടുതൽ അടുത്തു വരികയാണ് വിശ്വാസി. അന്നാണല്ലോ ഹജ്ജാജിമാർ അറഫയിൽ സംഗമിക്കുന്നത്. ദുആക്ക് ഉത്തരം ഏറ്റവും കൂടുതൽ പ്രതീക്ഷിക്കാവുന്ന ഇടവും സമയവുമാണത്. അറഫയുടെ സുബ്ഹ് മുതൽ നിസ്കാരങ്ങൾക്കു ശേഷമുള്ള പ്രത്യേക തക്ബീർ തുടങ്ങി കഴിഞ്ഞു. അത് അയ്യാമുൽ തശ്രീഖ് അസ്വറ് വരെ നീണ്ടു നിൽക്കും. ഈ രാത്രികളും ഏറെ ശ്രേഷ്ഠമാണ്. ഫജ്റ് സൂറത്തിൽ പത്ത് രാവുകളെ പിടിച്ച് അല്ലാഹു സത്യം ചെയ്യുന്നുണ്ട്. അവ ഈ രാവുകളാണെന്നാണ് ഭൂരിപക്ഷാഭിപ്രായം. സുറതുൽ ഹജ്ജിൽ അയ്യാമുമ്മഅ്‍ലൂമാത്തിൽ നിങ്ങൾ അല്ലാഹുവിന്‍റെ ദിക്റുകൾ ചൊല്ലണമെന്ന് പറഞ്ഞത്, ഈ പത്തു ദിനങ്ങളെ കുറിച്ചാണ്. 
ദുആക്ക് ഉത്തരം ഏറെ പ്രതീക്ഷിക്കുന്ന രാവോടെ ദുൽഹിജ്ജ 10 വരുന്നു. തക്ബീറുകൾ കൊണ്ട് വീടും നഗരവും പട്ടണവും പള്ളിയും മുഖരിതമാവണമന്ന്. സുബ്ഹ് നിസ്കാരം കഴിഞ്ഞാൽ പിന്നെ പെരുന്നാൾ നിസ്കാരത്തിന്‍റെ ഒരുക്കങ്ങളായി. കുളിച്ചു വൃത്തിയാകുന്നു. മുന്തിയ പുതു വസ്ത്രങ്ങൾ ധരിക്കുന്നു. സുഗന്ധങ്ങൾ പുരട്ടുന്നു. താടിയും മുടിയും നന്നാക്കുന്നു. എല്ലാം അല്ലാഹുവിന്‍റെ സന്നിധിയിലേക്കുള്ള തയ്യാറെടുപ്പുകൾ. പള്ളിയിലേക്ക് നേരത്തെ പുറപ്പെടണം. സുബ്ഹിക്കു ശേഷം ഒന്നും ഭക്ഷിക്കാതെ പോകലാണ് ഉത്തമം. പോകാനും വരാനും വ്യത്യസ്ത വഴികൾ തിരഞ്ഞെടുക്കണം. നീളം കൂടിയ വഴി പോകാനായിരിന്നോട്ടെ. പള്ളിയിലെത്തിയാലും ഇമാം നിസ്കാരത്തിനു വരുന്നതു വരെ തക്ബീർ മുഴങ്ങട്ടെ. 
الله أكير، الله أكبر، الله أكبر، لا إله إلا الله، الله أكبر، الله أكبر، ولله الحمد
ഇതാണ് തക്ബീറിന്‍റെ പദങ്ങൾ. ഇങ്ങനെ ഓരോ മൂന്നു പ്രാവശ്യം ചൊല്ലിയതിനു ശേഷം താഴെ കൊടുത്തതു കൂടി ഉൾപ്പെടുത്തുന്നത് നല്ലതാണ്. 
اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلًا اللَّهُ أَكْبَرُ وَلَا نَعْبُدُ إلَّا اللَّهَ مُخْلِصِينَ له الدَّيْنَ وَلَوْ كَرِهَ الْكَافِرُونَ لَا إلَهَ إلَّا اللَّهُ وَحْدَهُ صَدَقَ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ الْأَحْزَابَ وَحْدَهُ لَا إلَهَ إلَّا اللَّهُ وَاَللَّهُ أَكْبَرُ ولله الحمد
اللهم صل على سيدنا محمد وعلى آل سيدنا محمد وعلى أصحاب سيدنا محمد وعلى أنصار سيدنا محمد وعلى أزواج سيدنا محمد وعلى ذرية سيدنا محمد وسلم تسليما كثيرا كثيرا
എല്ലാം അല്ലാഹുവിന്‍റെ സവിധത്തിലേക്കുള്ള പ്രയാണം. അവിടെയെത്താൻ നമ്മെ സജ്ജമാക്കുന്ന കർമ്മങ്ങൾ. 
തീർന്നില്ല, പിന്നെ ജമാഅതായ നിസ്കാരം. തക്ബീറുകൾ ഏഴും അഞ്ചുമായി ഓരോ റക്അതിലും കൂടുതൽ. അതിനു ശേഷം തക്ബീറുകൾ മുഴക്കി കൊണ്ടു തന്നെ ഖുതുബ. നിസ്കാരവും ഖുതുബയും കഴിഞ്ഞ് വിശ്വാസികൾ ആശംസകൾ കൈമാറുന്നു. സ്വീകാര്യതക്കായി പ്രാർത്ഥിക്കുന്നു. 
അതു കഴിഞ്ഞ്, വീട്ടിലെത്തി, സുഭിക്ഷമായ ഭക്ഷണം. കുടുംബങ്ങളിലെ സന്ദർശനങ്ങൾ, ഒത്തു ചേരലുകൾ, ആഹ്ലാദ പങ്കിടലുകൾ, സഹായ സഹകരണങ്ങൾ,,, അങ്ങനെ പുണ്യങ്ങൾ പെയ്തിറങ്ങുന്നു.
തീർന്നില്ല വലിയ പെരുന്നാളിന്‍റെ ഏറെ പ്രത്യേകത ഉള്ഹിയ്യത്താണ്.  നിസ്കാരവും ഖുതുബയും കഴിയുന്നതോടെ പിന്നെ അതിലേക്കായി ശ്രദ്ധ. അത് മുഅക്കദായ സുന്നത്താണ്. നിർബന്ധമാണെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നാം ബലി കഴിക്കുന്ന മൃഗത്തെ കുറിച്ച് ഇത് എന്‍റെ ഉള്ഹിയതാണെന്ന് പറയുന്നത് മൂലം അത് നേർച്ചയാകാനും അങ്ങനെ അതിന്‍റെ മാംസം മുഴുവനും സ്വദഖ ചെയ്യൽ നിർബന്ധമാകാനും സാധ്യതയുണ്ട്. അതിനാൽ ഇത് എന്‍റെ സുന്നത്തായ ഉള്ഹിയ്യത് എന്നേ പറയാവൂ. അവയിൽ നിന്നൊലിക്കുന്ന ഓരോ രക്ത തുള്ളിക്കുമനുസരിച്ച് നമ്മുടെ കഴിഞ്ഞ പോയ പാപങ്ങൾ പൊറുക്കപ്പെടും. അവയുടെ കൊമ്പുകളും കൊളമ്പുകളും രോമങ്ങളുമായി അവ നാളെ ഖിയാമത ദിനത്തിൽ നമുക്ക് അനുകൂലമായി സാക്ഷി പറയാനെത്തും. അവയുടെ മാംസം സ്വദഖ ചെയ്യണം. പാവങ്ങൾക്ക് വിതരണം ചെയ്യണം. അൽപം ബറകതിനായി നാമുമെടുക്കണം. അതിന്‍റെ കരള് തന്നെയെടുത്താൽ നന്ന്. 
ഇനി വരുന്നത് തശ്‍രീഖിന്‍റെ ദിനങ്ങൾ. ഇവയാണല്ലോ അയ്യാമുമ്മഅ്ദൂദാത്. ഈ ദിനങ്ങളിൽ അല്ലാഹുവിനെ ഓർക്കണമെന്ന് ഖുർആൻ ഉത്ബോധിപ്പിക്കുന്നുണ്ട്. 
ചുരുക്കത്തിൽ അല്ലാഹുവിന്‍റെ ചിന്തകളാൽ സജീവമാക്കേണ്ട സന്ദർഭങ്ങളാണ് പെരുന്നാൾ ദിനങ്ങൾ. എന്നാൽ അതിരു വിടാത്ത മറ്റു ആഘോഷ പ്രവർത്തനങ്ങൾക്ക് നമ്മുടെ ദീൻ വിലങ്ങിടുന്നുമില്ല.
പെരുന്നാളിന്‍റെ ചരിത്ര പശ്ചാത്തലം വളരെ പ്രധാനമാണ്. അത് അല്ലാഹുവിനെ മാത്രം ഭയപ്പെടുന്നതിന്‍റെ, അവനിൽ മുഴുവൻ ഭരമർപ്പിക്കുന്നതിന്‍റെ, അവന്‍റെ കൽപന പൂർണാർത്ഥത്തിൽ ശിരസാ വഹിക്കുന്നതിന്‍റെ, കറകളഞ്ഞ വിശ്വാസത്തിന്‍റെ, അർപ്പണ ബോധത്തിന്‍റെ കഥകളാണ്. 
നര വന്നിട്ടുണ്ടെങ്കിലും പ്രായമേറെയായിട്ടുണ്ടെങ്കിലും അല്ലാഹുവിന് സന്താനങ്ങൾ കനിഞ്ഞേകുക അസാധ്യമല്ല എന്ന ഉറച്ച വിശ്വാസത്തിൽ തുടങ്ങുന്നു ആ കഥകളും ചരിത്രവും. 
ചോരക്കിടാവുമായി ഒരു മാതാവിനെ ആൾതാമസമില്ലാത്ത, മരവും തണലുമില്ലാത്ത, വെള്ളവും ഭക്ഷണവുമില്ലാത്ത കൊടും മരുഭൂമിയിൽ തനിച്ചാക്കി തിരിച്ചു പോകുന്ന ഇബ്റാഹീം (അ)മിന്‍റെയും, ഇത് അല്ലാഹുവിന്‍റെ കൽപനയാണെങ്കിൽ അവൻ ഞങ്ങളെ ഉപേക്ഷിക്കുകയില്ലെന്ന് പറഞ്ഞ ഹാജറയുടെയും  തവക്കുലിന്‍റെ കഥയാണ് ഈ പെരുന്നാൾ നമ്മോടു പറയുന്നത്. 
തുള്ളിച്ചാടി നടക്കുന്ന ബാലനോട് നിന്നെ അറുക്കണമെന്ന് അല്ലാഹു കൽപിക്കുന്നുവെന്ന് പറഞ്ഞ പിതാവിനോട്, നിങ്ങൾ അല്ലാഹുവിന്‍റെ കൽപന സധൈര്യം നിറവേറ്റുകയെന്ന് ഉശിരോടെ ഉരുവിട്ട ഇസ്മാഈൽ (അ) ന്‍റെ അർപ്പണ ബോധത്തിന്‍റെ കഥയാണിത്. 
വാർദ്ധ്യക്യത്തിൽ, പ്രാർത്ഥനകൾക്കൊടുവിൽ, ഏറെ പ്രതീക്ഷയോടെ തനിക്കു പിറന്ന പിഞ്ചു കിടാവിനെ, സംസാരിച്ചു തുടങ്ങുന്ന പ്രായത്തിൽ കഴുത്തിൽ കത്തിവെക്കണമെന്ന കൽപന ചാഞ്ചല്യമേതുമില്ലാതെ നടപ്പാക്കാൻ തുനിഞ്ഞ ഇബ്റാഹീം(അ)മിന്‍റെ നിശ്ചയ ദാർഢ്യത്തിന്‍റെ കഥയാണീ വലിയ പെരുന്നാൾ. 
നമ്മുടെ ദേഹേഛ, ഭൌതിക ഭ്രമം, ഹൃദയ രോഗങ്ങൾ എന്നിവയെ ബലിയറുത്ത് അടർത്തി മാറ്റി ആത്മാവിനെ സംശുദ്ധമാക്കി ജീവിതം നയിക്കാൻ ഈ ബലി പെരുന്നാളിലൂടെ അല്ലാഹു നമുക്ക് തൌഫീഖ് നൽകട്ടെ – ആമീൻ.