ശബരിമലയും സ്ത്രീ പള്ളി പ്രവേശനവും

ഹമീദ് ഫൈസി അമ്പലക്കടവ്

08 October, 2018

+ -
image


സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ പാടില്ല. ചില ക്ഷേത്രങ്ങളില്‍ താഴ്ന്ന ജാതിക്കാര്‍ക്കും പ്രവേശനമില്ല. ഹിന്ദു മത വിശ്വാസങ്ങളാണത്. അവര്‍ക്ക് അവരുടെ മത നിയമങ്ങള്‍ പാലിച്ച് ജീവിക്കാനുള്ള അവസരം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി ഭരണ ഘടന അനുവദിച്ചു തന്ന അവകാശത്തില്‍ കൈകടത്തലാവുമോ? നിയമവൃത്തങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നു.

അതിരിക്കട്ടെ,

സ്ത്രീ പള്ളി പ്രവേശനവും ചിലര്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നു. സിനിമ നടി ഖുഷ്ബുവും സി.പി.എം. ജന:സെക്രട്ടറി കൊടിയേരിയും ഒരു മുസ്ലിം വനിതാ നേതാവുമാണ് ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുന്നത്.

സ്ത്രീകളോട് വിവേചനം പാടില്ല. പള്ളിയില്‍ പ്രവേശിക്കാന്‍ സത്രീകളെ അനുവദിക്കണം. ഇതാണ് ആവശ്യത്തിന്റെ ആകെത്തുക.

ഇത് കേട്ടാല്‍ തോന്നും സ്ത്രീകളോട് ഇസ്ലാം വിവേചനം കാണിച്ചുവെന്നും സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചിരിക്കയാണ് എന്നും. ഈ ധാരണ വാസ്തവ വിരുദ്ധമാണ്.

പുരുഷന്‍ പ്രവേശിക്കുന്ന സ്ഥലങ്ങളില്‍ സ്ത്രീക്കും പ്രവേശിക്കാന്‍ ഇസ്ലാം അനുമതി നല്‍കുന്നു. ഏറ്റവും ശ്രേഷ്ടമായ പള്ളി മക്കയിലെ മസ്ജിദുല്‍ ഹറമാണ്. അവിടെ പോലും സ്ത്രീ പ്രവേശനത്തിന് വിലക്കില്ല. ഹറം പള്ളിയില്‍ പ്രവേശിക്കാതെ സ്ത്രീകള്‍ക്ക് ഹ ജ്ജോ ഉംറയോ നിര്‍വഹിക്കാനാവില്ലല്ലോ.

സ്ത്രീകളുടെ പ്രകൃതിക്കനുയോജ്യമായി ചില ഇളവുകള്‍ ഇസ്ലാം പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ പെട്ടതാണ് സ്ത്രീകള്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കേണ്ടതില്ല എന്ന നിയമം. സ്ത്രീ സ്വന്തം വീട്ടില്‍ നിന്ന് പ്രാര്‍ത്ഥിച്ചാല്‍ തന്നെ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുന്നതിലേറെ പുണ്യം അവള്‍ക്ക് കിട്ടും.സാഹചര്യം പ്രതികൂലമാണെങ്കില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമമെന്ന നിലയില്‍ പള്ളിയില്‍ പോകുന്നതിന് ഇസ്ലാം വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നു.

ഇതിലപ്പുറം, ഒരു സ്ത്രീ പള്ളിയില്‍ പ്രവേശിച്ചാല്‍ പള്ളി അശുദ്ധമാകുമെന്നും അത് കഴുകി ശുദ്ധിയാക്കണമെന്നും എന്നൊന്നും ഇസ്ലാമില്‍ നിയമം ഇല്ലേയില്ല.മാത്രമല്ല, സ്ത്രീയോട് വിവേചനം കാണിക്കുന്ന ഏതെങ്കിലും ഒരു നിയമം ഇസ്ലാമിലുള്ളതായി ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും കഴിയില്ല. ഖുഷ്ബുവും കൊടിയേരിയും മുസ്ലിം വനിതാ നേതാക്കളും ഇസ്ലാമിക നിയമം ഒന്നുകൂടി പഠിച്ചിട്ടു പ്രതികരിക്കട്ടെ......