സ്വദേശ സ്‌നേഹം പ്രവാചകന്മാരുടെ പാത

മന്‍സൂര്‍ ഹുദവി കളനാട്

08 November, 2018

+ -
image

നാട് ഒരു അനുഗ്രഹമാണ്. താമസിച്ചു വളരാന്‍ അല്ലാഹു ഏകിയ ഒരിടം. മനുഷ്യന്റെ സാമൂഹ്യവല്‍ക്കരണവും സംസ്‌കാര രൂപീകരണവും നടക്കുന്ന സ്ഥാപനവുമാണ് നാട്. വളര്‍ന്ന മണ്ണിനോട് മനുഷ്യന് ഒരു ഹൃദയബന്ധം സ്വാഭാവികമായിരിക്കും. സ്വവാസ ദേശമായാലും പ്രവാസ ദേശമായാലും ജീവിക്കുന്ന നാടിന്റെ മണ്ണും വിണ്ണും അതിലെ വായുവും ഐശ്വര്യപൂര്‍ണമാവാനേ പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും പാടുള്ളൂ. അത്തരത്തില്‍ ദേശങ്ങളോട് സ്‌നേഹബന്ധം പുലര്‍ത്തിയവരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി നിയോഗിക്കപ്പെട്ട സത്യമത പ്രബോധകരായ പ്രവാചകന്മാര്‍.

'നാഥാ ഈ നാടിനെ നിര്‍ഭയമാക്കുകയും ഇന്നാട്ടുകാരായ വിശ്വാസികള്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ' എന്നാണ് ഇബ്രാഹിം നബി (അ) മക്കാ പട്ടണത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചത് (ഖുര്‍ആന്‍, സൂറത്തുല്‍ ബഖറ 126). 

ഭാര്യ ഹാജറാ ബീബിയെയും കുഞ്ഞുപൈതല്‍ ഇസ്മാഈലിനെയും മക്കയിലേക്ക് കൂട്ടിക്കൊണ്ട് പോയി താമസിപ്പിക്കണമെന്ന അല്ലാഹുവിന്റെ ആജ്ഞ അക്ഷരം പ്രതി ശിരസ്സാ വഹിക്കുകയായിരുന്നു ഇബ്രാഹിം നബി (അ). അന്ന് മക്ക തനി തരിശു ഭൂമിയായിരുന്നു. ആള്‍വാസമില്ലാത്ത താഴ്‌വര. വെള്ളമില്ല. കൃഷിയില്ല. കുടുംബത്തെ മക്കയിലാക്കിയ ശേഷം ഇബ്രാഹിം നബി (അ) മടങ്ങി. ഇപ്രകാരം പ്രാര്‍ത്ഥിക്കുകയും ചെയ്തു: ഞങ്ങളുടെ നാഥാ, എന്റെ ചില സന്തതികളെ കൃഷിയൊന്നുമില്ലാത്ത ഈ താഴ്‌വരയില്‍ നിന്റെ വിശുദ്ധ ഗേഹ (കഅ്ബ) ത്തിനു സമീപം അവര്‍ കൃത്യമായി നമസ്‌ക്കാരം നിലനിര്‍ത്താനായി ഞാന്‍ നിവസിപ്പിച്ചിരിക്കുന്നു. അതു കൊണ്ട് ജനഹൃദയങ്ങള്‍ അവരോടു ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് ആഹരിക്കാനായി ഫലങ്ങള്‍ നല്‍കുകയും ചെയ്യേണമേ. അവര്‍ കൃതജ്ഞരായേക്കാം (ഖുര്‍ആന്‍, സൂറത്തു ഇബ്രാഹിം 37) (ഹദീസ് ബുഖാരി 3364). 

മക്കയെ ആളുകള്‍ ആകര്‍ഷിക്കുന്ന പുണ്യസ്ഥലിയാക്കണമെന്ന പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കി. പുണ്യ കഅ്ബാലയം ഉള്‍ക്കൊള്ളുന്ന മക്കാ പ്രദേശം വിശ്വാസികളുടെ തീര്‍ത്ഥാടന കേന്ദ്രമായി മാറി. ഹജ്ജനുഷ്ഠാനങ്ങള്‍ക്കായി ലോകത്തിന്റെ അഖില ദിക്കുകളില്‍ നിന്നും മുസ്ലിങ്ങളുടെ ആഗമനം ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമഭൂമിയാക്കി മാറ്റി. അല്ലാഹു പറയുന്നു: ജനങ്ങള്‍ക്കു ഒരഭയസ്ഥാനവും വിശ്വസ്ത കേന്ദ്രവുമായി കഅ്ബാ മന്ദിരം നാമാക്കിയതും ഓര്‍ക്കുക (ഖുര്‍ആന്‍, സൂറത്തുല്‍ ബഖറ 125). 

മാത്രമല്ല, ഭക്ഷണ വിഭവങ്ങള്‍ക്കൊണ്ട് സമൃദ്ധമാക്കി അവിടത്തെ ജീവിതം ക്ഷേമനിര്‍ഭരമാക്കുകയും ചെയ്ത് അനുഗ്രഹീതമാക്കിയിരിക്കുകയാണ് അല്ലാഹു. എല്ലാ നാടുകളില്‍ നിന്നുള്ള ഭക്ഷ്യ വസ്തുക്കള്‍ മക്കയില്‍ എത്തപ്പെടുകയും ചെയ്തു. എല്ലാം ഇബ്രാഹിം നബി (അ)യുടെ പ്രാര്‍ത്ഥനക്കുള്ള ഫലം. അങ്ങനെ മക്ക ആരാധനാനുഷ്ഠാനങ്ങള്‍ക്ക് സൗകര്യപൂര്‍ണമാവുകയും ചെയ്തു. 

മക്ക ഏറെ നാഗരികവും ജനവാസകേന്ദ്രവുമായി മാറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ ഇബ്രാഹിം നബി (അ) ഈ നാടിന്റെ സുസ്ഥിര നിലനില്‍പ്പിന് പ്രത്യേക സംരക്ഷണവും കാവലും ആവശ്യമുണ്ടെന്ന് മനസ്സിലാക്കി. അങ്ങനെയാണ് 'ഈ നാടിനെ വിശ്വസ്ത നാടാക്കി മാറ്റണമേ' യെന്ന് പ്രാര്‍ത്ഥിച്ചത് (സൂറത്തു ഇബ്രാഹിം 35, സൂറത്തു ബഖറ 126). 

മഹത്തായ പ്രാര്‍ത്ഥനയായിരുന്നു അത്. മഹാനായ ഇബ്രാഹിം നബി (അ) ചെയ്ത ആ പ്രാര്‍ത്ഥനയിലൂടെ സ്വദേശ സ്‌നേഹത്തിന്റെ നല്ല പാഠങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചുതരുന്നത്. നാടിന്റെ നന്മക്കും ശാന്തി സമാധാനത്തിനും പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനവുമുണ്ട് അതില്‍. ഇബ്രാഹിം നബി (അ) വെറും പ്രാര്‍ത്ഥനയില്‍ ഒതുങ്ങി നിന്നില്ല. മക്കയെന്ന മഹിത നാടിന്റെ നഗരവല്‍ക്കരണത്തിന് കൈമെയ് മറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. വീടുകള്‍ പണിയുന്നതിലും വ്യാപൃതനായി. അതില്‍പ്പെട്ട ഒരു വീടാണ് 'മഖാമു ഇബ്രാഹിം'. ഇന്നും അത് ഒരു ചരിത്രസാക്ഷ്യമായി നിലക്കൊള്ളുന്നുണ്ട്. അല്ലാഹു പറഞ്ഞിട്ടുണ്ട് : മാനവതയ്ക്കുവേണ്ടി സ്ഥാപിതമായ പ്രഥമ ആരാധനാ ഗേഹം ബക്ക (മക്ക)യിലുള്ളതാകുന്നു. അനുഗ്രഹീതവും ലോകര്‍ക്ക് മാര്‍ഗദര്‍ശകവുമാണത്. സ്പഷ്ട ദൃഷ്ടാന്തങ്ങള്‍ അതിലുണ്ട്. വിശിഷ്യാ ഇബ്രാഹിം മഖാം. അവിടെ ആരു പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായി (ഖുര്‍ആന്‍, സൂറത്തു ആലു ഇംറാന്‍ 96, 97). 

ഇബ്രാഹിം നബി (അ)യുടെ പ്രാര്‍ത്ഥനയുടെയും പ്രവര്‍ത്തനങ്ങളുടെയും ഉത്തരമെന്നോണം മക്കാനാട് സര്‍വ്വ ക്ഷേമാ ഐശ്വര്യങ്ങളോടെയും സ്ഥായിയായ ഭദ്രത കൈവരിക്കുകയും ചെയ്തു. ഖുര്‍ആന്‍ സൂറത്തുത്തീന്‍ 3ാം സൂക്തത്തിലൂടെ അല്ലാഹു തന്നെ ഈ നിര്‍ഭയ വിശ്വസ്ത നാടിനെ സത്യം ചെയ്ത് പറയുക പോലും ചെയ്തിട്ടുണ്ട്. മക്കയുടെ മഹത്വമറിഞ്ഞവര്‍ മക്കക്കാരെ ആദരിക്കാനും ബഹുമാനിക്കാനും തുടങ്ങി. അല്ലാഹുവിന്റെ പുണ്യ ഗേഹത്തെ ഉള്‍ക്കൊള്ളുന്ന നാടിന്റെ ആള്‍ക്കാരായത് കൊണ്ട് തന്നെ മക്കാ നിവാസികളെ ഏവരും വിശ്വസിക്കുകയും അവരോട് സൗഹൃദം കൂടുകയും ചെയ്തു. മക്കാ നിവാസികള്‍ വാണിജ്യാവശ്യാര്‍ത്ഥം സ്വസ്ഥമായി പുറം നാടുകളിലേക്ക് പോവുകയും സുരക്ഷിതരായി മടങ്ങി വരികയും ചെയ്തിരുന്നു. ശൈത്യകാലത്ത് യമന്‍ യാത്രയും ഉഷ്ണകാലത്ത് സിറിയന്‍ യാത്രയും നടത്തുന്ന ഖുറൈശികളെ പ്പറ്റി സൂറത്തുല്‍ ഖുറൈശില്‍ പരാമര്‍ശമുണ്ട്. അവരാണ് സ്ഥൈര വിഹരായി കച്ചവടം നടത്തിയ മക്കക്കാര്‍.

നമ്മുടെ പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) ജന്മനാടായ മക്കയെ അതിരറ്റ് സ്‌നേഹിച്ചിരുന്നു. മക്കയോട് അഭിസംബോധനമായി പറയുമായിരുന്നു: 'നീയെത്ര സുന്ദര നാട്, നീയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട ദേശം!' (ഹദീസ് തുര്‍മുദി 3926). ശേഷം മദീനയിലേക്ക് ഹിജ്‌റ പോയപ്പോള്‍ നബി (സ്വ) ഇങ്ങനെയാണ് പ്രാര്‍ത്ഥിച്ചത് : നാഥാ.. ഞങ്ങള്‍ മക്കയെ സ്‌നേഹിച്ചത് പോലെ, അതല്ലെങ്കില്‍ അതിനേക്കാളേറെ മദീനയെ നമ്മുക്ക് നീ പ്രിയമുള്ളതാക്കണേ (ഹദീസ് ബുഖാരി, മുസ്ലിം). ജന്മനാട് വിട്ടെത്തിയ മദീനായെന്ന പുതിയ നാടിനോടും നബി (സ്വ) ദേശസ്‌നേഹം തുടര്‍ന്നിട്ടുണ്ട്. വല്ല യാത്രയും കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ മദീനയിലെ വീടുകളും വാസസ്ഥലങ്ങളും ദൃഷ്ടിയില്‍പ്പെട്ടു തുടങ്ങിയാല്‍ സ്വദേശത്ത് എത്തിയെന്ന സന്തോഷം പ്രകടിപ്പിക്കുമായിരുന്നു. അനസ് ബ്‌നു മാലിക് (റ) പറയുന്നു: പ്രവാചകര്‍ (സ്വ) യാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ മദീനയെ കണ്ടു തുടങ്ങിയാല്‍ തന്നെ ആ നാടിനോടുള്ള അതിയായ ഇഷ്ടത്താല്‍ വാഹനമാകുന്ന ഒട്ടകത്തിലൂടെയുള്ള സഞ്ചാരം വേഗത്തിലാക്കുമായിരുന്നു (ഹദീസ് ബുഖാരി 1802). 

മാത്രമല്ല, മദീനയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു: അല്ലാഹുവേ, ഇബ്രാഹിം നബി (അ) മക്കയെ പരിശുദ്ധമാക്കി. മദീനയെ ഞാനും. അല്ലാഹുവേ ഞങ്ങളുടെ മദീനയില്‍ നീ പുണ്യം ചെയ്യേണേ. ഞങ്ങളുടെ ഭക്ഷ്യ സാധനങ്ങളിലും വാണിജ്യ വ്യവഹാരങ്ങളിലും പുണ്യം നല്‍കണേ. ഞങ്ങള്‍ക്ക് നീ ഇരട്ടികളായി പുണ്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു തരണേ (ഹദീസ് മുസ്ലിം 1374). 

മുത്ത് നബി (സ്വ)യുടെ പ്രാര്‍ത്ഥനാ ഫലമായി മദീന സുഭിക്ഷമായി. അവിടത്തെ ജീവിത നിലവാരം ഉയരുകയും വ്യാപരങ്ങള്‍ അഭിവൃതിപ്പെടുകയും ചെയ്തു. ധനവും വിഭവങ്ങളും അധികരിക്കുകയും ചെയ്തു. ഈ മദീനാ നാടിന്റെ സുസ്ഥിര വികസനത്തിനും ഉന്നമനത്തിനും നബി (സ്വ) തന്നെ മുന്നിട്ടിറങ്ങി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അങ്ങനെയാണ് അനുചരന്മാരോടൊപ്പം കൂടി മദീനയില്‍ മസ്ജിദ് നിര്‍മ്മിക്കുന്നത്. മാത്രമല്ല അതിന് ചുറ്റും വീടുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം നാടിന്റെ യശസ്സ് ഉയര്‍ത്താനായി പ്രവാചകന്മാര്‍ നടത്തിയ പ്രാര്‍ത്ഥനകളും പ്രവര്‍ത്തനങ്ങളും ദേശ സ്‌നേഹത്തിന്റെ ചരിത്രമാതൃകകളാണ്. 

നാടിന്റെ സമൃദ്ധിയും സുരക്ഷയും പരസ്പര ബന്ധിതമാണ്. അതുകൊണ്ടാണല്ലൊ അവയെ അല്ലാഹു ഖുര്‍ആനില്‍ ഒരുമിച്ച് പ്രസ്താവിച്ചിരിക്കുന്നത് : സുരക്ഷിതത്വ പൂര്‍ണമായ ഒരു ഹറം അവര്‍ക്കു നാം അധീനപ്പെടുത്തിട്ടില്ലേ? എല്ലാതരം ഫലങ്ങളും നമ്മുടെ പക്കല്‍ നിന്നുള്ള ആഹാരമായി അവിടെ ശേഖരിക്കപ്പെടുന്നു (സുറത്തുല്‍ ഖസ്വസ്വ് 57). നിര്‍ഭയത്വവും വിശ്വസ്തതയുമാണ് ഒരു നാടിന്റെ ജനജീവിതം സ്വസ്തപൂര്‍ണമാക്കുന്നത്. ഈ ദേശസ്‌നേഹം നാം സ്വന്തം നുകരുന്നതോടൊപ്പം വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുകയും വേണം