ഇസ്‍ലാമില്‍ സ്ത്രീകള്‍ക്ക് ഒരു ദിനം മാത്രമല്ല, വര്‍ഷം മുഴുവന്‍ അവളുടേതാണ്

islamonweb

08 March, 2019

+ -
image

മാര്‍ച്ച് 8 അന്താരാഷ്ട്രാ വനിതദിനമായാണ് ആചരിക്കാറ്,1857 മാര്‍ച്ച് 8 ന് ന്യൂയോര്‍ക്കിലെ വനിതകള്‍ തങ്ങളുടെ നീതിക്കും സ്വത്വത്തിനും ശാക്തീകരണത്തിനും സമത്വത്തിനും പോരാടിയതില്‍ നിന്നാണ് ഈ ദിനാചരണതിത്തിന്റെ തുടക്കമെന്ന് പറയാം, പിന്നീട് പലയിടങ്ങളിലും സ്ത്രീ സമത്വത്തിനും സ്വാതന്ത്ര്യത്തിനും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഇല്ലായ്മ ചെയ്യാനും പല വിധേനയുള്ള സമരങ്ങളും നടന്നു,  1917 മാര്‍ച്ച് 8 ന് റഷ്യയില്‍ നടന്ന വനിതാ ദിന പ്രകടനം ഇതില്‍ ഏറെ ശ്രദ്ധേയമാണ്.

1975 ലാണ് ഐക്യരാഷ്ട്രസഭ മാര്‍ച്ച് 8 അന്താരാഷ്ട്ര വനിത ദിനമായി പ്രഖ്യാപിച്ചത്. പലരുടെയും സ്ത്രീശാക്തീകരണങ്ങളും പ്രഖ്യാപനങ്ങളും ഈ ഒരു ദിനത്തില്‍ ഒതുങ്ങുകയാണെന്നതാണ് സത്യം. എന്നാല്‍, വിശുദ്ധ ഇസ്‍ലാമില്‍ സ്ത്രീക്ക് ഒരു ദിനം മാത്രമല്ല ഉള്ളത്. സ്ത്രീയെ ബഹുമാനിക്കാത്ത, അര്‍ഹമായ അവകാശവും മാന്യതയും വകവെച്ചുകൊടുക്കാത്ത ഒരൊറ്റദിനവും പുണ്യകരമല്ലെന്ന് പറയുന്നതിലൂടെ വര്‍ഷം മുഴുവനും അവളുടേതായി മാറുന്നു. നിങ്ങള്‍ ഏറ്റവും ഉത്തമന്‍, തന്റെ ഭാര്യയോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണെന്ന പ്രവാചകവചനം ഇതാണ് പഠിപ്പിക്കുന്നത്.

ഇസ്ലാമിന്റെ ശത്രുക്കളും പാശ്ചാത്യ മീഡിയകളും ഇസ്ലാമിനെതിരെ കൊഞ്ഞനം കുത്താന്‍ ഉപയോഗിക്കുന്ന പ്രധാന വിഷയമാണ് സ്ത്രീ സ്വാതന്ത്ര്യം. ഇതര ദര്‍ശനങ്ങളില്‍ നിന്നും ഭിന്നമായി മുസ്ലിം സ്ത്രീയുടെ പാരതന്ത്ര്യമാണ് ഇവരുടെ ചര്‍ച്ച. 

എന്നാല്‍, ഇസ്‍ലാമിനെപ്പോലെ സ്ത്രീക്ക് മാന്യത കല്‍പിക്കുന്ന ഒരു മതമോ ദര്‍ശനമോ വേറെ ഇല്ലെന്നതാണ് സത്യം. ഇതേകുറിച്ച് പഠിക്കുന്നവര്‍, അവസാനം ഇസ്‍ലാമിലേക്ക് കടന്നുവരുന്നു എന്നത് തന്നെ ഏറ്റവും വലിയ തെളിവും.

ഇക്കാര്യം പഠിച്ചറിയുകയും ശേഷം നേരിട്ടനുഭവിക്കുകയും ചെയ്ത ക്രിസ്തീയ വനിതയാണ് ലോറന്‍സ്. 1974 ല്‍ ഫ്രാന്‍സിലെ ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി, ശേഷം ഇസ്‌ലാമിലേക്ക് കടന്നുവന്ന ലോറന്‍സ് ശേഷം അറിയപ്പെട്ടത് ലൈലാ രവീണ്‍ എന്ന പേരിലാണ്. ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് അവര്‍ നടത്തിയ പഠനം ഏറെ പ്രസിദ്ധമാണ്.

 

കാനഡയില്‍ നിന്നും ക്യൂബയില്‍ നിന്നും കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയില്‍ ബിരുദം നേടിയ ശേഷം, ഇസ്ലാമിക പഠനങ്ങളില്‍ മുഴുകിയ ലോറന്‍സ്, അവസാനം ഇസ്ലാമിലേക്ക് കടന്നു വരുകയാണ് ചെയ്യുന്നത്. ഇസ്ലാമിലെ സ്ത്രീയെ കേന്ദ്രീകരിച്ച് നടന്ന ലോറന്‍സിന്റെ പഠനങ്ങള്‍ പാശ്ചാത്യ ലോകത്ത് ഇസ്ലാമിന് പുതിയ വെളിച്ചം പകര്‍ന്നു. 

പര്‍ദ്ദയും ഹിജാബും അവര്‍ക്ക് അരോചകവും പാരതന്ത്ര്യവുമായി കാണുന്നവരാണ് ലോറന്‍സ് ജീവിച്ച പാശ്ചാത്യന്‍ സമൂഹം. എന്നാല്‍, അര്‍ദ്ധ നഗ്‌നതയിലെയും ഇഷ്ടംപോലെ ബോയ്ഫ്രണ്ടുകളോടൊത്തുള്ല ജീവിതത്തിലുമുപരി, സ്ത്രീയുടെ ജീവിതത്തിനും ഒരു ലക്ഷ്യമുണ്ടാവണമെന്ന് ലോറന്‍സിന്റെ ഉള്ള് പറഞ്ഞുകൊണ്ടിരുന്നു.

തുടര്‍ന്ന് ജൂത-ക്രൈസ്തവ-മുസ്ലിം മതങ്ങളില്‍ സ്ത്രീകളനുഭവിക്കുന്ന സ്വാതന്ത്ര്യം വിഷയമാക്കി അവര്‍ പഠനം നടത്തി. അവസാനം അവര്‍ എത്തിപ്പെട്ടത്, മുസ്ലിം സ്ത്രീയാണ് കൂടുതല്‍ സ്വാതന്ത്ര്യ മനുഭവിക്കുന്നതെന്നും ഇസ്ലാമിനെപ്പോലെ ഒരു പ്രത്യയ ശാസ്ത്രവും ഇത്ര സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നുമുള്ള കണ്ടെത്തലിലായിരുന്നു. അതവര്‍ ലോകത്തോട് വിളിച്ചുപറയുകയും ചെയ്തു. പലരും ഇതോടെ ഇസ്ലാമിനെക്കുറിച്ച് പഠിക്കാനും അടുത്തറിയാനും മുമ്പോട്ടു വന്നു.

ഇസ്ലാമിക ചിന്തകളും അനുഷ്ടാനങ്ങളുമായി പുലബന്ധം പോലുമില്ലാതിരുന്ന മണ്ണില്‍ ഇന്റര്‍ നെറ്റുകളുടെ സഹായത്തോടെയായിരുന്നു ലോറന്‍സ് മതം പഠിച്ചത്. പെട്ടെന്നുണ്ടായ ഇസ്ലാമികാശ്ലേഷണത്തില്‍ പല പ്രായോഗിക ബുദ്ധിമുട്ടുകളും അവരെത്തേടിയെത്തി. ഈ ഘട്ടങ്ങളില്‍ ഇസ്ലാമിന്റെ ഏതെങ്കിലും കോണുകളിലെ യുക്തിരാ ഹിത്യങ്ങള്‍ കണ്ടെത്താന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് ഇസ്ലാ മിക സൈറ്റുകള്‍ തുടര്‍ച്ചയായി സന്ദര്‍ശിച്ചും ഇന്റര്‍ നെറ്റ് വഴി ഇസ്ലാമാശ്ലേഷിച്ച ഒന്നിലധികം വ്യക്തികളെ പരിചയപ്പെട്ടുമാണ് ലോറന്‍സ് തന്റെ വിശ്വാസം ശക്തിപ്പെടുത്തിയത്.

വിവിധ ഭീഷണികള്‍ക്കു മുമ്പിലും പതറാതെ ഉറച്ചു നിന്ന ലോറന്‍സ് തന്നെ ഇനി കഥ പറയട്ടെ: 

ഞാനൊരു ക്രിസ്ത്യന്‍ കുടുംബാംഗമായിരുന്നു. എല്ലാവിധ വിദ്യാഭ്യാസവും സുസാധ്യമാക്കിത്തന്ന മാതാപിതാക്കള്‍ എന്റെ സുഖ ദുഃഖങ്ങളില്‍ പങ്കാളികളായിരുന്നു. എന്റെ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ചിരുന്ന വലിയച്ഛന്റെ അകാല മൃത്യുഎന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവ് സൃഷ്ടിച്ചു. എന്റെ വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ ചിന്തിപ്പിക്കുകയും ചെയ്തു.

മതത്തിലെ പല സംശയങ്ങളും മനസ്സ് എന്നോട്ട് തന്നെ ഇടക്കിടെ ചോദിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും അവക്ക് പരിഹാരം കണ്ടെത്താനായത് ഇസ്ലാമിലാണ്. ഉപരിപഠനാര്‍ത്ഥം കാനഡയിലേക്ക് പോയപ്പോള്‍ ഇസ്ലാമിലുള്ള താത്പര്യം വര്‍ദ്ധിക്കാന്‍ തുടങ്ങി. കാനഡയില്‍ വളരെ തുറന്ന മനസ്സോടെ ഞാന്‍ ഇസ്ലാമിനെ പഠിച്ചു. പ്രത്യേകിച്ച് ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി വിശദമായി പഠിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ എല്ലാം അറിയുക എന്നൊരു അഭിലാഷം മാത്രമായിരുന്നുവെങ്കിലും പിന്നീടത് ഇസ്ലാമിനെ മനസ്സിലാക്കലായി പരിണമിച്ചു. അങ്ങനെ അവിടെ വെച്ച് ഇസ്ലാമാശ്ലേഷിച്ചു. ആഴ്ചകള്‍ക്കു ശേഷം സ്വദേശമായ ഫ്രാന്‍സിലേക്കു മടങ്ങി. പര്‍ദ്ധ ധരിച്ചു ജോലിചെയ്യല്‍ ഫ്രാന്‍സില്‍ ബുദ്ധിമുട്ടായപ്പോള്‍ മൊറോക്കോയിലേക്ക് പോയി. ഫ്രഞ്ച് ഭാഷ സംസാരിക്കുന്നതുകൊണ്ടും എന്റെ ചില സഹോദരിമാര്‍ അവിടെ സ്ഥിര താമസമാക്കിയതുകൊണ്ടും ഞാന്‍ മൊറോക്കോയെത്തന്നെ തിരഞ്ഞെടുത്തു. ഫ്രാന്‍സില്‍ നിന്നും മൊറോക്കോയിലേക്ക് വന്നപ്പോള്‍ പുസ്തകങ്ങളിലൂടെ, ഇന്റര്‍ നെറ്റിലൂടെ മാത്രം കണ്ട് പരിചയിച്ച ഇസ്ലാമിക വിശ്വാസങ്ങളും  വിശ്വാസികളുമായും ഇടപഴകാന്‍ അവസരം കിട്ടി. ഫ്രാന്‍സില്‍ അനുവര്‍ത്തിച്ചിരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും വ്യത്യസ്തമായ ചില സമ്പ്രദായങ്ങള്‍ പിന്തുടരേണ്ടിവന്നതിനാല്‍ പ്രയാസങ്ങള്‍ അനുഭവപ്പെട്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം സാധാരണപോലെയായി.

 

ഞാന്‍ ജൂതമതസ്ഥയാണെന്ന് പലരും വിശ്വസിച്ചതിനാല്‍ ജൂതമതത്തിലേക്കുതന്നെ മടങ്ങാനാവശ്യപ്പെട്ട് സൈറ്റിലൂടെ എനിക്ക് കത്തുകള്‍  വന്നുകൊണ്ടേയിരുന്നു. പക്ഷെ, ഞാനൊരിക്കലും ജൂതനോ ക്രിസ്ത്യാനിയോ അല്ല. ഇപ്പോള്‍ ഞാനൊരു മുസ്ലിമാണ്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. കുടുംബാംഗങ്ങളെല്ലാം അമുസ്ലിംകളായപ്പോള്‍ ഭാവിജീവിതത്തെക്കുറിച്ച് ശങ്കിച്ചുവെങ്കിലും തുടക്കത്തില്‍ അവരെല്ലാം എന്നെ സ്വീകരിച്ചു. പിന്നീട് ഞാന്‍ പര്‍ദ്ദ ധരിക്കാന്‍ തുടങ്ങിയപ്പോള്‍ കുടുംബാംഗങ്ങളില്‍ പലരും, സ്വന്തം പിതാവ് പോലും ബന്ധം വിച്ഛേദിച്ചപ്പോള്‍, ഏകനായ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം മാത്രമായിരുന്നു എനിക്കു തുണയായത്.

ഇസ്ലാമിലേക്ക് വന്നപ്പോള്‍ എനിക്കാദ്യമായി അനുഭവപ്പെട്ടത് ഇസ്ലാമിന്റെ സമത്വ ഭാവനയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും മതമായ ഇസ്ലാം എല്ലാവരേയും ഒന്നായി കാണുകയും ഒരേ നിയമം നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു. ഇസ്ലാമിലെ സാമൂഹ്യ നീതി മറ്റേതൊരു മതത്തേക്കാളും ഉന്നതമാകുന്നു. ഞാന്‍ ഇസ്ലാമിനെക്കുറിച്ച് പഠിച്ച് തുടങ്ങിയിട്ടേയുള്ളൂ. ഇനിയും എത്രയോ മുന്നോട്ടു പോവാനുണ്ട്. 

എനിക്ക് കണ്ടെത്താനായ ഈ വെളിച്ചം മറ്റുള്ളവര്‍ക്ക് കൂടി പകരുക എന്നതാണ് ഇപ്പോഴെന്റെ ജീവിതലക്ഷ്യം, ലൈലാരവീണ്‍ പറഞ്ഞുനിര്‍ത്തി.