അലിഗറിലെ മുസ്‌ലിമും ബനാറസിലെ ഹിന്ദുവും

നഈം സിദ്ദീഖി

05 September, 2018

+ -
image

നാള്‍ക്കുനാള്‍ രാജ്യം കൂടുതല്‍ മതേതരമാവുകയാണോ അതോ മതവിരുദ്ധമാവുകയാണോ? പുതുതായി കൈക്കൊള്ളുന്ന പല തീരുമാനങ്ങളും കേള്‍ക്കുമ്പോള്‍ മത നാമങ്ങളെപോലും രാജ്യം പേടിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ഹിന്ദുവും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പഠിക്കുന്ന മുസ്‌ലിമുമാണ് രാജ്യത്തിന്റെ ബഹുസ്വരതയുടെ പ്രകടനമെന്നത് പലപ്പോഴും മുഖവിലക്കെടുക്കപ്പെടാതെ പോകുന്നു.

വ്യക്തികള്‍ക്ക് മതവും ആദര്‍ശവുമുണ്ടായിരിക്കെത്തന്നെ രാഷ്ട്രം മതേതരമായി നിലകൊള്ളുകയെന്നതാണ് പ്രധാനം. അപ്പോഴാണ് നാനാത്വത്തില്‍ ഏകത്വം എന്ന രാജ്യത്തിന്റെ സവിശേഷത കൂടുതല്‍ ശക്തിപ്രാപിക്കുന്നത്. 

അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍നിന്ന് മുസ്‌ലിമും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഹിന്ദുവും എടുത്തുകളയാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്റെ നിര്‍ദേശം വന്നിരിക്കയാണിപ്പോള്‍. പേരുകള്‍ മതപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് മതേതരത്വ കാഴ്ചപ്പാടുകളെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ ഇങ്ങനെയൊരു നിര്‍ദേശം.

പ്രത്യക്ഷ്യത്തില്‍ ഒരു നിലക്ക് മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന നിലപാടായി തോന്നാമെങ്കിലും മറ്റൊരര്‍ത്ഥത്തില്‍ കൂടുതല്‍ സങ്കുചിതമായി മാറുകയാണ് ഇതിലൂടെ രാജ്യം. എല്ലാറ്റിനെയും ഉള്‍ക്കൊണ്ട് മതേതരത്വം സംരക്ഷിക്കേണ്ടിടത്ത് എല്ലാറ്റിനെയും പുറം തള്ളി മതേതരത്വം സംരക്ഷിക്കുന്ന പുതിയൊരു തലത്തിലേക്ക് രാജ്യം മാറിവരികയാണ്. ഇത് അപകടം ചെയ്‌തേക്കാം. പള്ളിയും ക്ഷേത്രവും ചര്‍ച്ചും ഉള്ളിടത്താണ് നാനാത്വത്തില്‍ ഏകത്വം എന്ന ചര്‍ച്ചക്ക് പ്രസക്തി കൂടുന്നത്. പ്രത്യക്ഷ്യത്തില്‍ എല്ലാറ്റിനെയും വെട്ടിനിരത്തി സങ്കല്‍പത്തില്‍ മാത്രം ഏകത്വം വാദിക്കുന്നത് നിരര്‍ത്ഥകമാണ്. ഭീതിയുടെയും ഫാഷിസത്തിന്റെയും വര്‍ത്തമാനകാലത്ത് മതേതരത്വത്തിന്റെ പോലും അര്‍ത്ഥം മാറുന്നുവെന്നതാണ് സത്യം. 

ഭീതിയുടെ പുറത്ത് മതേതരത്വം സ്ഥാപിക്കപ്പെടുകയാണിപ്പോള്‍ രാജ്യത്ത്. അക്ഷര്‍ധാം ടെമ്പിളും ലോട്ടസ് ടെമ്പിളും ഡല്‍ഹി ജുമാമസ്ജിദും അങ്ങനെത്തന്നെ നിലനിര്‍ത്തിക്കൊണ്ടാണ് രാജ്യം ഇത്രയും കാലം അതിന്റെ ബഹുസ്വരത കാത്തുസൂക്ഷിച്ചത്. അലിഗര്‍ യൂണിവേഴ്‌സിറ്റിയും ബനാറസ് യൂണിവേഴ്‌സിറ്റിയും പേരിന്റെ പേരില്‍ മാത്രം സങ്കുചിതത്വം കൈക്കൊണ്ടില്ല. എല്ലാവരെയും ഒരു പോലെ സ്വീകരിച്ച് രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലകളിലൊന്നായി അവ നിലകൊണ്ടു. ഇക്കാലത്തൊന്നും ആ പേരുകള്‍ മതേതരത്വത്തിനുള്ള ഭീഷണിയായി വന്നിട്ടില്ല. 

പുതിയ കാലത്ത് രൂപപ്പെട്ടുവന്ന ചില ഭീതികളാണ് ഇത്തരം തീരുമാനങ്ങളെടുക്കാന്‍ ഇപ്പോള്‍ സര്‍ക്കാറിനെപോലും നിര്‍ബന്ധിക്കുന്നത്. പൊതു തലത്തിലെ മത ചിഹ്നങ്ങളും നാമങ്ങളും ഒഴിവാക്കപ്പെടുമ്പോഴേ മതേതരത്വം സംരക്ഷിക്കപ്പെടൂ എന്നൊരു പുതിയ വായന ഇപ്പോള്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഇപ്പോഴത്തെ ഈയൊരു തീരുമാനവും അതിന്റെ ഭാഗമായിട്ടുവേണം മനസ്സിലാക്കാന്‍.