ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കൽ പദ്ധതി: ലോകരാജ്യങ്ങളുടെ എതിർപ്പുകൾ ഫലവത്താവുമോ?

റാശിദ് ഓത്തുപുരക്കൽ

05 July, 2020

+ -
image

വെസ്റ്റ് ബാങ്കിന്റെ അധിനിവിഷ്ട ഭാഗം ഔദ്യോഗികമായി കൂട്ടിച്ചേർക്കാനുള്ള ഇസ്രായേലിന്റെ നീക്കങ്ങൾക്ക് ലോക തലത്തിൽ വലിയ പ്രതിഷേധമാണ് നേരിടേണ്ടി വരുന്നത്. തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും സർക്കാറുണ്ടാക്കാൻ സാധിക്കാതെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ രൂപം നൽകപ്പെട്ട നെതന്യാഹു-ഗാന്റ്സ് സഖ്യ സർക്കാരിന്റെ ആദ്യ പദ്ധതിയായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ലോകരാജ്യങ്ങളുടെ മുഴുവൻ എതിർപ്പുകളും അവഗണിച്ച് അമേരിക്കയുടെ മാത്രം പിന്തുണയിൽ ആവിഷ്കരിക്കപ്പെട്ട പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത് ജൂലൈ ഒന്നിന് ആയിരുന്നെങ്കിലും അവസാനനിമിഷം അമേരിക്കയുടെ സമ്മതം കിട്ടാതിരുന്നതോടെ തൽക്കാലത്തേക്ക് കൂട്ടിച്ചേർക്കൽ പദ്ധതി നീട്ടി വെച്ചിരിക്കുകയാണ്. എന്നാൽ എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് തന്നെയാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. എവിടെയാണ് വെസ്റ്റ് ബാങ്ക് ജോർദാൻ നദിയുടെ പടിഞ്ഞാറ് ഭാഗം ആയതുകൊണ്ടാണ് ഈ പ്രദേശത്തിന് വെസ്റ്റ് ബാങ്ക് എന്ന പേര് നൽകപ്പെട്ടത്. 1967-ലെ ആറു ദിന യുദ്ധത്തിൽ ഇസ്രായേൽ കയ്യടക്കിയ പ്രദേശമാണിത്. ഇവിടെ ഇസ്രായേലിന്റെ അനധികൃതമായ കുടിയേറ്റങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 132 കുടിയേറ്റ കോളനികളാണ് ജൂതന്മാരുടേതായി ഇവിടെയുള്ളത്. ഇതിന് ഐക്യരാഷ്ട്രസഭയുടെയോ അമേരിക്കയൊഴികെയുള്ള ലോകരാഷ്ട്രങ്ങളുടെയോ പിന്തുണയില്ല. ട്രംപിന്റെ നൂറ്റാണ്ടിന്റെ കരാർ കഴിഞ്ഞ ജനുവരിയിലാണ് നൂറ്റാണ്ടിന്റെ കരാർ എന്ന പേരിൽ ജെറുസലേം ഇസ്രായേൽ തലസ്ഥാനമാക്കിയും ഫലസ്തീനികൾക്ക് കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി രാഷ്ട്രം വാഗ്ദാനം ചെയ്തും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പുതിയൊരു കരാർ പ്രഖ്യാപിക്കുന്നത്. എന്നാൽ ഇതിലടങ്ങിയ ഏറ്റവും വലിയ അപകടം വെസ്റ്റ് ബാങ്കിന്റെ അധിനിവിഷ്ട ഭാഗം ഇസ്രായേലിന്റെ ഭാഗമാക്കി മാറ്റുന്നതാണ്. ഇതോടെ ഫലസ്തീനും അറബ് രാജ്യങ്ങളും ഏകകണ്ഠമായി ഈ കരാർ തള്ളിക്കളഞ്ഞു. എന്നാൽ കരാറുമായി മുന്നോട്ടു പോകാനായിരുന്നു നെതന്യാഹുവിന്റെ തീരുമാനം. 1967 ലെ യുദ്ധ വിജയത്തിനുശേഷം കുടിയേറ്റങ്ങൾ നടന്ന പ്രദേശങ്ങളെ രാജ്യത്തിന്റെ ഭാഗമാക്കി മാറ്റുക എന്നതാണ് കൂട്ടിച്ചേർക്കൽ കൊണ്ടുദ്ദേശിക്കുന്നത്. 21 ലക്ഷത്തിലധികം ഫലസ്തീനികൾ ഇവിടെ താമസിക്കുന്നുണ്ട്. ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട കൂട്ടിച്ചേർക്കൽ പദ്ധതി പ്രകാരം 30 ശതമാനം വെസ്റ്റ് ബാങ്ക് ഭൂമി ഇസ്രായേലിന്റെ ഭാഗമാവുകയും ഇസ്രായേലീ നിയമങ്ങൾ അവിടെ ബാധകമാവുകയും ചെയ്യും. എതിർപ്പുകൾ നെതന്യാഹുവിന്റെ ഈ കൂട്ടിച്ചേർക്കൽ പദ്ധതിക്ക് ലോക രാജ്യങ്ങളിൽ നിന്നെല്ലാം ശക്തമായ എതിർപ്പാണ് നേരിടേണ്ടിവന്നത്. തുടക്കത്തിൽ തന്നെ അറബ് ലീഗും ഐക്യരാഷ്ട്രസഭയും കരാറിനെ തള്ളിപ്പറഞ്ഞു രംഗത്തെത്തി. വെസ്റ്റ്ബാങ്ക് കൂട്ടിച്ചേർക്കാനുള്ള ഇസ്രായേൽ പദ്ധതി യൂണിയനുമായുള്ള അവരുടെ ബന്ധം തകർക്കുമെന്ന് ജർമ്മനി മുന്നറിയിപ്പ് നൽകി. ഈ പദ്ധതി യൂറോപ്യൻ യൂണിയൻ അംഗീകരിക്കില്ലെന്നും ഇസ്രായേലിലെ ജർമ്മൻ അംബാസഡർ സുസെന്നെ വാസം പ്രഖ്യാപിച്ചു. ഇസ്രായേൽ രൂപീകരണത്തിന് എല്ലാ രീതിയിലുമുള്ള ഒത്താശ ചെയ്ത ബ്രിട്ടനിൽ നിന്ന് കേട്ടതാകട്ടെ, ഒന്നുകൂടി ആഘാതമുള്ളതായിരുന്നു; വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കുന്നതുമായി ഇസ്രായേൽ മുന്നോട്ട് പോവുകയാണെങ്കിൽ നിയമവിരുദ്ധമായി അവർ കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കിൽ നിന്നുള്ള ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ലേബർ പാർട്ടി ഷാഡോ വിദേശകാര്യ സെക്രട്ടറി ലിസ നാൻഡി രംഗത്തെത്തി. ഇതിനിടെ ഇസ്രായേലിൽ തന്നെ എതിർ ശബ്ദങ്ങൾ ഉയർന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ വലിയ ഭാഗവും ഇസ്രായേലിനോട് കൂട്ടിച്ചേർത്തത് ചരിത്രപരമായ തെറ്റാണെന്ന് മുൻ ഇസ്രായേൽ വിദേശകാര്യമന്ത്രി സിപി ലിവ്നി വ്യക്തമാക്കി. ഇത് ഫലസ്തീനികളോടെന്നപോലെ ഇസ്രായേലിനോടുമുള്ള തെറ്റാണെന്നും അവർ പറഞ്ഞു ഇതിന് പിന്നാലെ കൂട്ടിച്ചേർക്കൽ നടപ്പാക്കേണ്ടെന്ന നിലപാടുമായി ഇസ്‌റാഈൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി രംഗത്തെത്തി. കൂടുതൽ വിവരങ്ങൾ നെതന്യാഹുവിനോട് തന്നെ ചോദിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യ സർക്കാറിൽ തന്നെ ഇതുമായി ബന്ധപ്പെട്ട് ശക്തമായ ഭിന്നതകൾ ഉണ്ടെന്നാണ് മന്ത്രിസഭയിലെ ഒരംഗത്തിന്റ വെളിപ്പെടുത്തലിൽ നിന്ന് വ്യക്തമാകുന്നത്. ഇസ്രായേൽ എല്ലാ എതിർപ്പുകളും അവഗണിച്ചുകൊണ്ട് പദ്ധതി നടപ്പാക്കിയാൽ കൈയുംകെട്ടി നോക്കിനിൽക്കാതെ ലോകരാജ്യങ്ങൾ അതിനെതിരെ പ്രതികരിക്കാൻ മുന്നോട്ടു വരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. രൂപീകരണ കാലം മുതൽ തുടങ്ങിയ അന്താരാഷ്ട്ര നിയമലംഘനങ്ങൾക്ക് ഇസ്രായേലീ ചരിത്രത്തിൽ കയ്യും കണക്കുമില്ല. അതിലൊന്നായി മാറാതെ ഇസ്രായേലിനെതിരെ ലോകത്തുതന്നെ പ്രതിഷേധാഗ്നി ഉയർത്തിക്കൊണ്ടുവരാൻ അറബ് രാജ്യങ്ങളും മറ്റു മുസ്‌ലിം രാജ്യങ്ങളും ആർജ്ജവം കാണിച്ചേ മതിയാകൂ. എങ്കിൽ മാത്രമേ മുസ്‌ലിംകളുടെ മൂന്നാമത്തെ പുണ്യ കേന്ദ്രം സംരക്ഷിക്കപ്പെടുകയുള്ളൂ.