മ്യാന്മര്‍ ഭരണകൂടം പ്രതികാരം തീര്‍ക്കുകയാണ്

ഡോ. ഖുര്‍റതുല്‍ ഐന്‍

04 September, 2018

+ -
image

ലോക മന:സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ ഭരണകൂട ഭീകരതയെ പുറംലോകത്തെത്തിച്ചതിന് മ്യാന്മര്‍ ഭരണകൂടം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തിരിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം ചുമത്തിയാണ് ഏഴു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇപ്പോള്‍ തടവുശിക്ഷ വിധിച്ചിരിക്കുന്നത്. 

ലക്ഷക്കണക്കിന് ആളുകള്‍ നാടുവിട്ടു പോവുകയും ആയിരക്കണക്കിന് ആളുകള്‍ മൃഗീയമായി വധിക്കപ്പെടുകയും ചെയ്ത ലോക ദുരന്തങ്ങളിലൊന്നായിരുന്നു മ്യാന്മര്‍ ഭരണകൂടത്തിന്റെ റോഹിംഗ്യാവിരുദ്ധ കൊലവിളി. മാധ്യമങ്ങളുടെ പോലും കണ്ണ് വെട്ടിച്ചുകൊണ്ടാണ് ഭരണകൂടത്തിന്റെ പിന്തുണയോടെ പട്ടാളം കൂട്ട നരഹത്യ നടത്തിയിരുന്നത്. വളരെ ഭാഗികമായി മാത്രമേ ലോകം ഇതറിഞ്ഞിരുന്നുള്ളൂ. 

റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കൂട്ടപ്പലായനത്തിലൂടെയാണ് പുറം ലോകം ഇതറിയുന്നത്. അതേസമയം, മ്യാന്മറിലെ കൊലപ്പാളയങ്ങളില്‍ നടക്കുന്ന പച്ച യാഥാര്‍ത്ഥ്യങ്ങളെ ചില മാധ്യമപ്രവര്‍ത്തകര്‍ ഒപ്പിയെടുത്ത് പുറത്തുകൊണ്ടുവന്നതോടെ ലോകം ഇതിന്റെ തീക്ഷ്ണത ശരിക്കും തിരിച്ചറിഞ്ഞു. അതിന്റെ പിന്‍ബലത്തിലാണ് യു.എന്‍ പോലും പിന്നീട് അതിനെതിരെ രംഗത്തുവരുന്നത്. 

എന്നാല്‍, സംഭവങ്ങളെല്ലാം കെട്ടടങ്ങിയതോടെ കൊല വിവരം പുറത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടാനുള്ള ഒരുക്കത്തിലാണ് മ്യാന്മര്‍ സര്‍ക്കാര്‍. ഇതിനകം പത്തു പേരെ സൈന്യം നിരത്തി നിര്‍ത്തി വെടിവെച്ചുകൊന്നതും മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടിയതും റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ രണ്ടു പേര്‍ക്കുനേരെ തടവു ശിക്ഷ വിധിച്ചുകഴിഞ്ഞു. 

അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള മ്യാന്മറിന്റെ ഈ നടപടി കടുത്ത അവകാശ നിഷേധമാണെന്നും വിവരങ്ങള്‍ പുറത്തുവിട്ടതിന്റെ പേരില്‍ അവര്‍ക്കു നേരെ നടത്തുന്ന നടപടികള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് യു.എന്‍ രംഗത്തുവന്നിട്ടുണ്ട്.