പിണറായിക്ക് നവോത്ഥാന പട്ടം ചാര്‍ത്താന്‍മാത്രം എന്തുണ്ടായി ഇവിടെ?

ഖാലിദ് മൂസാ നദ്‌വി

04 January, 2019

+ -
image

കേരളത്തിലെ പ്രമുഖ പത്രമായ മാധ്യമം ഇന്ന് പിണറായിയെ നവോത്ഥാന നായകനായി അവതരിപ്പിച്ചത്   ചരിത്രത്തിലെ നവോത്ഥാന നായകൻമാരെ അവഹേളിക്കുന്നതിന് തുല്യമാണ് ' ശബരിമലയിലെ അയ്യപ്പദർശനത്തിന് രണ്ട് യുവതികൾക്ക് പാതിരാക്ക് അവസരമൊരുക്കി കൊടുത്തതാണോ നവോത്ഥാനം? ശബരിമലയിലെ യുവതീ പ്രവേശനം എന്നത് കേരളീയ നവോത്ഥാനത്തിൻ്റെ  ഒരു demand ആയി ഉയർത്തപ്പെട്ടതാണോ?  

ഒരിക്കലുമല്ല എന്ന് എല്ലാവർക്കും അറിയാം - സഖാവ് പിണറായി പോലും പറഞ്ഞത് കോടതി വിധി മറിച്ചായാൽ അത് നടപ്പാക്കും എന്നാണ് - കോടതി ലോ പോയിൻറ് പരിഗണിച്ച് ഒരു വിധി പറയുന്നതിൻ്റെ പേരാണോ നവോത്ഥാനം? .

അങ്ങിനെയെങ്കിൽ ശബരിമല വിഷയത്തിലെ നവോത്ഥാന നായകൻ സുപ്രീം കോടതിയാണ് - പിണറായി വിജയൻ നടപ്പാക്കിയത് മുഖ്യമന്ത്രിയെന്ന നിലക്കുള്ള അദ്ദേഹത്തിൻ്റെ ഭരണഘടനാ ബാധ്യത മാത്രം - ഒരു മുഖ്യമന്ത്രി അദ്ദേഹത്തിൻ്റെ ഭരണഘടനാ ബാധ്യത നിറവേറ്റുന്നത് വഴി നവോത്ഥാന നായകനായി അവതരിപ്പിക്കപ്പെടുകയാണെങ്കിൽ കേരളത്തിന് ആരെയൊക്കെ നവോത്ഥാന നായകനായി പേറേണ്ടി വരും?      

വനിതാ മതിലാണോ നവോത്ഥാനം?  വനിതാ മതിലുയർത്തിയ നവോത്ഥാന സന്ദേശം എന്താണെന്ന് മലയാളിക്ക് ഇതുവരെ മനസ്സിലായിട്ടില്ല - വനിതാ മതിൽ സി.പി.എം സംഘടനക്ക് വലിയ പ്രയോജനം ചെയ്ത ;ബി.ജെ.പി. ക്ക് വലിയ തിരിച്ചടിയേകിയ പരിപാടിയാണെന്നതിൽ ഒരു തർക്കവുമില്ല - ശബരിമലയെ മുൻനിർത്തി ബി.ജെ.പി. കളിക്കുന്ന / ഹിന്ദു മത വിശ്വാസികളെ കബളിപ്പിക്കുന്ന പ്രതിലോമ  രാഷ്ട്രീയത്തെ മറികടക്കാൻ കേരളത്തിലെ ഹിന്ദുക്കളുടെ ഏറ്റവും വലിയ പാർട്ടിയായ സി.പി.എം ന് അത് ചെയ്തേ പറ്റൂ - അത് വിജയിപ്പിക്കുന്നതിൽ പിണറായി പ്രകടിപ്പിച്ച സംഘാടന മിടുക്കിനെ ഞാൻ അഭിനന്ദിക്കുന്നു - ഒരു സംഘടനാ നേതാവ് പാർട്ടി പരിപാടി വിജയിപ്പിക്കുന്നതിൽ മിടുക്ക് കാണിക്കുന്നത് നവോത്ഥാന പ്രവർത്തനമാന്നെന്ന് പറഞ്ഞാൽ കേരളത്തിലെ നവോത്ഥാന നായകരുടെ പട്ടിക എവിടെ തുടങ്ങി എവിടെയാണ് തീ രുക?  

ഒരു ഭരണാധികാരി എന്ന നിലയിൽ കേരളീയ നവോത്ഥാന ത്തിന് പിണറായി വിജയൻ ഒരു സംഭാവനയും അർപ്പിപ്പിച്ചിട്ടില്ല -  കേരളീയ നവോത്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട ഘടകമാണ് രണ്ടാം ഭൂപരിഷ്ക്കരണം നടപ്പാക്കൽ ''. ദലിതുകളുടെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും നവോത്ഥാനത്തുടർച്ച അതിനെ ആശ്രയിച്ചാണിരിക്കുന്നത്- പിണറായി വിജയൻ രണ്ടാം ഭൂപരിഷ്ക്കരണം എന്ന കാഴ്ചപ്പാടിൻ്റെ തന്നെ ശത്രുവാണ് - സംവരണം കുറ്റമറ്റ രീതിയിൽ നടപ്പാക്കുക വഴി  കേരളീയ സമൂഹത്തിൻ്റെ അധികാരഘടനയിലെ സന്തുലിത വിന്യാസം ഉറപ്പുവരുത്തലും നവോത്ഥാന മൂല്യ സംരംക്ഷണത്തിൻ്റെ അനിവാര്യ ഉപാധിയാണ്.

പിണറായി ആവട്ടെ സംവരണ അട്ടിമറിക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയാണ് - വർഗീയ-വംശീയ രാഷ്ട്രീയത്തെ ചെറുക്കുന്ന ജനകീയ - ജനാധിപത്യ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കലാണ് രാഷ്ട്രീയ നവോത്ഥാനത്തിൻ്റെ ഏറ്റവും പുതിയ കടമ. അത്തരത്തിലുള്ള  ജനകീയ രാഷ്ട്രീയ ഉണർവുകളെ  അടിച്ചമർത്തിയ അനുഭവമേ പിണറായി സർക്കാറിൻ്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളൂ!