അയോധ്യയില്‍ നിന്ന് മധുരമുള്ളൊരു വാര്‍ത്ത

റാഷിദ് ഒ.പി

02 July, 2019

+ -
image

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയില്‍ നിന്ന് രാജ്യത്തിന്‍റെ യശസ്സിന് കളങ്കമേള്‍പ്പിക്കുന്ന വാര്‍ത്തകളാണ് അടുത്ത കാലങ്ങളില്‍ പുറത്ത് വന്ന് കൊണ്ടിരുന്നത്. ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ വീട്ടില്‍ പശുവിറച്ച് സൂക്ഷിച്ചു എന്ന പേരില്‍ മുഹമ്മദ് അഖ്ലാഖ് മുതല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കാരണമൊന്നും കൂടാതെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് തബ് രീസ് അന്‍സാരി വരെ നീണ്ട് നില്‍ക്കുന്ന ഹിന്ദുത്വ തീവ്രവാദത്തിന്‍റെ കിരാതവാഴ്ചകള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ അക്ഷരാര്‍ഥത്തില്‍ ഭീതിയിലാഴ്ത്തുന്നതാണ്. വര്‍ധിച്ച് വരുന്ന ആള്‍കൂട്ട കൊലപാതകങ്ങളെക്കുറിച്ചും ന്യൂനപക്ഷ ഭീതിയെക്കുറിച്ചുമെല്ലാം ബി.ബി.സി പോലും ഡോക്യുമെന്‍ററി തയ്യാറാക്കി ലോകത്തെ അറിയിച്ചു കഴിഞ്ഞു. ഇത്തരമൊരവസ്ഥയില്‍ ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്ത മതേതര വിശ്വാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. 

മരണപ്പെട്ടവരെ അടക്കം ചെയ്യാനുള്ള ഭൂമിയില്ലാതെ വലഞ്ഞിരുന്ന അയോധ്യയിലെ മുസ്ലിം സഹോദരങ്ങള്‍ക്ക് ഭൂമി ദാനമായി നല്‍കിയിരിക്കുകയാണ് പ്രദേശത്തെ ഹിന്ദുമത വിശ്വാസികള്‍. ഈ വാര്‍ത്തയില്‍ എടുത്ത് പറയേണ്ട മറ്റൊരു ഘടകം ഈ ഉദ്യമത്തിന് മുന്‍കയ്യെടുത്ത പ്രദേശത്തെ എം.എല്‍.എ യായ ഖബ്ബു തിവാരി ബി.ജെ.പി ക്കാരനാണെന്നതാണ്. അയോധ്യയിലെ ഹിന്ദു മുസ്ലിം സൗഹൃദം വര്‍ഷങ്ങളുടെ പാരമ്പര്യമാണെന്നും ഹിന്ദു വിശ്വാസികളുടെ ഭൂമിദാനം അതിനാല്‍ വെറുമൊരു സ്വാഭാവിക സംഭവം മാത്രമാണെന്നും ഖബ്ബു തിവാരി പറയുന്നു. ഇരു സമുദായങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ഈ മഹത്തായ ഐക്യവും സഹോദര്യവും എന്നെന്നും നിലനില്‍ക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. 'ഇത് ഹിന്ദുക്കളില്‍ നിന്ന് മുസ്‌ലിംകള്‍ക്കുള്ള ഒരു ചെറിയ സമ്മാനമാണ്, ഈ ഐക്യം തകരാനനുവദിച്ച് കൂടാ", എം.എല്‍.എ പറഞ്ഞു. 

അയോധ്യ

സ്വതന്ത്ര ഭാരതത്തില്‍ ഹിന്ദു മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ കടുത്ത വിദ്വേഷം സൃഷ്ടിച്ച വിഷയമാണ് ബാബരി മസ്‌ജിദ് ധ്വംസനം. ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്നത് അയോധ്യയിലാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രശ്നങ്ങള്‍ക്കൊടുവില്‍ ഹിന്ദു കലാപകാരികള്‍ 1992 ല്‍ ബാബരി മസ്ജിദ് തകര്‍ത്ത് കളഞ്ഞു. തുടര്‍ന്ന് രാജ്യത്തുടനീളം നിരവധി വര്‍ഗീയ കലാപങ്ങള്‍ നടന്നു. ഇന്നും പരിഹരിക്കപ്പെടാത്ത ഒരു സമസ്യയായി തുടരുകയാണത്. 

എന്നാല്‍ മസ്ജിദ് തകര്‍ത്തതും കലാപമുണ്ടാക്കിയതും അയോധ്യയുടെ പുറത്ത് നിന്ന് വന്നവരാണെന്നും പ്രദേശവാസികള്‍ അക്രമത്തില്‍ നിന്ന് വിട്ട് നിന്നിരുന്നുവെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബി.ജെ.പി യുടെ എല്ലാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം മുഖ്യ അജണ്ടയാണ്. ഇക്കുറിയും അതില്‍ മാറ്റമുണ്ടായിരുന്നില്ല. ഈ വിഷയമുപയോഗിച്ച് ഇപ്പോഴും ഹിന്ദു സഹോദരങ്ങള്‍ക്കിടയില്‍ വിഷം കുത്തിവെച്ച് ലാഭം കൊയ്തു കൊണ്ടേയിരിക്കുകയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി. അത്തരമൊരു പ്രദേശത്ത് നിന്ന് വരുന്ന പുതിയ വാര്‍ത്ത മതേതര സൗഹൃദത്തിന്‍റെ ശ്വാസം തിരികെ നല്‍കിയിരിക്കുകയാണെന്നതില്‍ സംശയമില്ല. 

ഭൂമി പ്രശ്നം

ഗോസായ്ഗഞ്ച് നിയമസഭാ മണ്ഡലത്തിലെ ബെലാരിഖാന്‍ ഗ്രാമത്തിലാണ് ഈ ഭൂമി നിലനില്‍ക്കുന്നത്. ജൂണ്‍ 20 നാണ് ഭൂമി കൈമാറ്റ ഫയലില്‍ ഒപ്പ് വെക്കപ്പെടുന്നത്. 

ഈ ഭൂമി മുസ്ലിംകളുടെ ഖബ്റിസ്ഥാന് അടുത്തായിരുന്നു നിലനിന്നിരുന്നത്. വര്‍ഷങ്ങളായി ഭൂമിയെച്ചൊല്ലി സമുദായങ്ങള്‍ക്കിടയില്‍ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയും ചെയ്തിരുന്നു. സ്വതവേ പ്രശ്ന കലുഷിതമായ അയോധ്യയില്‍ ഈ പ്രശ്നം വലിയ സംഘര്‍ഷങ്ങള്‍ക്ക് വരെ കാരണമാവുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ ഇരു സമുദായങ്ങള്‍ക്കുമിടയില്‍ ്പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടിരിക്കുകയാണ്. രാം പ്രകാശ് ബാബ്ലു, റാം സിംഗര്‍ പാണ്ഡേ, റാം ശബദ്, ജിയാ റാം, സുഭാഷ് ചന്ദ്ര, റിദ ദേവി, വിന്ദ്യാചല്‍, അവദേശ് പാണ്ഡേ എന്നിവരാണ് ഭൂമി കൈമാറ്റ രേഖയില്‍ ഒപ്പ് ചാര്‍ത്തിയിട്ടുളളത്. 

മുസ്ലിംകള്‍ക്ക് ഖബ്റിസ്ഥാന്‍റെ ഭൂമി കൈമാറ്റം ചെയ്യുന്ന പ്രക്രിയ വിജയകരമായി നടപ്പിലാക്കിയിരിക്കുന്നുവെന്നും ഇത് ഹിന്ദു സമുദായത്തില്‍ നിന്ന് സുതാര്യമായ നടപടിയിലൂടെ മുസ്ലിംകള്‍ക്കുള്ള അമൂല്യമായ സമ്മാനമാണെന്നും സബ് കളക്ടര്‍ മാധ്യമങ്ങളോട് പങ്ക് വെച്ചു. 

ഹസന്‍ ഗഞ്ച് ജുമാ മസ്ജിദ് ഇമാം ഹാജി അബ്ദുല്‍ ഹഖ് ഹിന്ദു സമുദായംഗങ്ങളെ അഭിനന്ദിച്ച് പ്രസ്താവന നടത്തി. ഇരു സമുദായങ്ങള്‍ക്കുമിടയിലെ സൗഹൃദത്തിന്‍റെ ഉജ്വലമായ ഉദാഹരണമാണ് ഹിന്ദു സഹോദരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ സഹായമെന്ന് ഇമാം അഭിപ്രായപ്പെട്ടു. 

ഈ ഭൂമിയിപ്പോള്‍ ഖബരിസ്ഥാന്‍ കമ്മറ്റിയുടെ കീഴിലായി ലഭിച്ചിരിക്കുന്നതില്‍ അതിയായി സന്തോഷിക്കുന്നുവെന്നും ഉടനെത്തന്നെ ഭൂമി നികുതി രേഖകളില്‍ ഉള്‍പ്പെടുത്തപ്പെടുത്തപ്പെടുമെന്നും ഖബരിസ്ഥാന്‍ കമ്മറ്റി പ്രസിഡണ്ട് വാരിസ് അന്‍സാരി വ്യക്തമാക്കി. 

 പുതിയ സംഭവവികാസം പ്രദേശത്തെ മുസ്ലിം ഹിന്ദു മനസ്സുകള്‍ക്കിടയില്‍ സ്നേഹ സൗഹൃദം രൂപപ്പെടുത്തിയെടുക്കുമെന്നതില്‍സംശയമില്ല. ഇത്തരത്തില്‍ രാജ്യത്തുടനീളം സൗഹൃദം വളര്‍ത്തിയെടുക്കുന്ന മഹത്തായ കര്‍മ്മങ്ങള്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമേ മഹോന്നതമാ ഇന്ത്യന്‍ പാരമ്പര്യത്തിലേക്ക് രാജ്യത്തിന് മടങ്ങിപ്പോവാനാവുകയുള്ളൂ.