നിരീശ്വരവാദം അര്‍ത്ഥശൂന്യമാകുന്നത്

വീരാന്‍കുട്ടി എം

05 July, 2017

+ -
image

”ആദമിനു മുമ്പില്‍ നമിക്കുക”-ദൈവം അരുള്‍ ചെയ്തു. അമാനുഷികതയുടെ ആത്യന്തിക കൗതുകങ്ങളായ മാലാഖമാര്‍ ആ മാനവനു നമ്രശിരസ്‌കരായി. അന്നേരം സാത്താന്‍ ന്യായവാദിയായി ആദരിക്കാന്‍ മടിച്ചുനിന്നു. എന്നിട്ടു പറഞ്ഞു: ”എന്നെ അഗ്നി കൊണ്ടും ആദമിനെ മണ്ണു കൊണ്ടും സൃഷ്ടിച്ചു. തീ ഭൂമിയെക്കാള്‍ മേന്‍മയുള്ളതാണ്.”


ആദ്യത്തെ യുക്തിവാദിയായി പ്രത്യക്ഷപ്പെട്ടത് പിശാചായിരുന്നു. യുക്തി കൊണ്ടവന്‍ ആദമിനെ അളന്നു തിട്ടപ്പെടുത്താന്‍ ശ്രമിച്ചു. ദൈവത്തെ തന്റെ മാനദണ്ഡം കൊണ്ടു വിലയിരുത്താനും മുതിര്‍ന്നു. അതേസമയം മറുഭാഗത്ത് മലക്കുകള്‍ ആദരവിനും യജമാനന്റെ വാക്കിനും വില നല്‍കി. മതവും നിരീശ്വരവാദവും ഉരുത്തിരിയുന്നത് ഇവിടെയാണ്.


മതം ഒരു ആചാര്യന്റെയോ നിയമസംഹിതയുടെയോ പ്രവാചകന്റെയോ വിശ്വാസങ്ങളും ആചാരങ്ങളും ജീവിതത്തില്‍ പകര്‍ത്തുന്ന ജനതയുടെ ചിഹ്നമാണ്.(1) സാമൂഹ്യ ജീവിയായ മനുഷ്യന്‍ ഒരാത്മീയ ജീവി കൂടിയാണ്. മനുഷ്യന്‍ ജീവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ല.(2) സാമ്പത്തിക സാമൂഹിക രാഷ്ട്രീയ മേഖലകള്‍ക്ക് ധര്‍മത്തിന്റെ അര്‍ത്ഥം നല്‍കുക അനിവാര്യമാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലും കൂടുതല്‍, ഉയര്‍ന്നൊരു ശക്തിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടിയാണ് മതമെന്നു മാര്‍ക ഐവറും പേജും വിലയിരുത്തുന്നു.(3)


പ്രകൃത്യാതീത ശക്തികളിലുള്ള വിശ്വാസമാണ് മുഖമുദ്ര, മനുഷ്യന് അഗോചരവും ഗോപ്യവുമായ ചിലതുണ്ടെന്ന ഭാവനയോ അനുഭവമോ ആശയമോ എത്തിച്ചേരുന്ന നിഗമനങ്ങള്‍, ഉറപ്പുകള്‍ എന്നിവയാണിത്.


അതുകൊണ്ടുതന്നെ ന്യായവാദത്തിനും നിരീശ്വരത്വത്തിനും മുന്‍പേ ദൈവവിശ്വാസമുണ്ട്. ”മനുഷ്യനു മാനവിക തീവ്രവാദം ഉദിക്കുന്നതിനു മുന്‍പേ ഒരു അദൃശ്യ ശക്തിയോടുള്ള അടുപ്പമായിരുന്നു. പുരാവസ്തു ഗവേഷകര്‍ പറയുന്നത് ഈ വിശ്വാസം ആദ്യജനതയില്‍ തന്നെ ഉണ്ടായിരുന്നു എന്നാണ്. ജനനവും ജീവിതവും എന്തിനെന്ന ചോദ്യമവരെ അലട്ടിയിരിക്കാം.(4)


മോക്ഷത്തിനുള്ള നിയമ സംഹിത പഠിക്കുന്നതും പാപം, പുണ്യം, ധാര്‍മികം എന്നൊക്കെ ഗ്രഹിക്കാനാവുന്നതും മത നിയമ വ്യാഖ്യാനത്തിലൂടെയാണ്. അതു കൊണ്ടാവും ഇബ്‌നു ഖല്‍ദൂന്റെ വാക്കുകളില്‍ ‘മതം അടിച്ചേല്‍പ്പിക്കുന്ന ഒന്നല്ല. വ്യക്തിയിലും സമൂഹത്തിലും മതത്തിന്റേതായ നിയന്ത്രണ ശക്തി സ്വമേധയാ പ്രവര്‍ത്തിക്കണം. മനുഷ്യന്‍ ദൈവത്തിന്റെ പ്രതിപുരുഷനാണ്.(5) അതിനാല്‍ മതം മനുഷ്യന്റെ മുഴുവനായുള്ള പ്രകടനമായി മാറുന്നു. (Relegion is the expression of the man)(6)


നന്‍മയോ തിന്‍മയോ ഒരു വ്യക്തി ചെയ്യുന്നുവെന്നു പറയുമ്പോള്‍ അതു രണ്ടും ചെയ്യാനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യം അവനില്‍ കുടികൊള്ളുമ്പോഴേ സാധ്യമാകുന്നൊള്ളൂ. ഇവിടെ മതം പരിപൂര്‍ണ സ്വാതന്ത്ര്യം വ്യക്തിക്കു നല്‍കുന്നു. ”മനുഷ്യനു നന്മയെക്കുറിച്ചും തിന്മയെക്കുറിച്ചും ദൈവം ഉള്ളുണര്‍വ് കൊടുത്തു. ആരതിനെ വളര്‍ത്തിയെടുക്കുന്നുവോ അവന്‍ വിജയിക്കുകയും ആരതിനെ അമര്‍ത്തിയോ അവന്‍ പരാജയപ്പെടുകയുമായി. (7)


മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യം ആഴത്തില്‍ ഉള്‍കൊള്ളാന്‍ കഴിയുകയും സമൂഹത്തിന്റെ ബാഹ്യ തലത്തില്‍ വ്യക്തിയെ പരിപൂര്‍ണതയിലേക്ക് എത്തിക്കുകയും ചെയ്യുമ്പോള്‍ ഉയര്‍ന്ന പ്രകടന ഘടകമായി മതം മാറുന്നു. അതേസമയം വൈരുദ്ധ്യങ്ങളില്ലാതെ വെറും ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കാതെ ഉത്തമ ബോധമുള്ള പൗരന്‍മാരായി വ്യക്തിയെ സംസ്‌കരിക്കാന്‍ കഴിയണം. ഖല്‍ദൂന്‍ തുടരുന്നു: ”മതത്തിന്റെ ഉപാത്തങ്ങള്‍ തികഞ്ഞ സത്യമായിരിക്കണം. അസത്യം ലവലേശം അതിന്റെ സമീപത്തുകൂടി കണ്ടുകൂടാ. പ്രപഞ്ചത്തില്‍ കാണപ്പെടുന്ന എല്ലാ പ്രതിഭാസങ്ങള്‍ക്കും അതു മറുപടിയായിരിക്കണം.(8) അനുഭവതലങ്ങളില്‍ അതൊരു വൈരുദ്ധ്യവും ഉള്‍കൊള്ളുകയും അരുത്. അപ്പോള്‍ അനുഭവ തലങ്ങളില്‍ എത്തുന്ന എല്ലാ പ്രതിഭാസങ്ങള്‍ക്കും മതം മറുപടിയായിരിക്കണം. ഖല്‍ദൂന്റെ ഈ മാനദണ്ഡം യുക്തിപൂര്‍വമാണ്. ഒരു ദര്‍ശനത്തിന്റെ അപ്രമാദിത്വം ബോധ്യപ്പെട്ടാലേ വിശ്വാസയോഗ്യമാവുകയുള്ളൂ. അപ്പോള്‍ ഹിന്ദുമതവും ക്രിസ്തു മതവും മറ്റു ദൈവിക പ്രതീതി നഷ്ടപ്പെട്ട പ്രത്യയശാസ്ത്രങ്ങളും വ്യഥാവിലായിത്തീര്‍ന്നു.


മനോഭാവത്തിലോ വെളിപ്പാടിലോ അധിഷ്ഠിതമായി പവിത്രമായ കാര്യങ്ങളുടെ മൂലം, സ്വഭാവം എന്നിവ മതം വിശദീകരിക്കാന്‍ ശ്രമിക്കുന്നു. സൃഷ്ടി, ജനനം, മരണം, പ്രപഞ്ചം, ലോകത്തിന്റെ ഭാവി എന്നിങ്ങനെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്തവയെ എളുപ്പത്തില്‍ പറഞ്ഞുതരുന്നു. ഭൗതിക പ്രതിഭാസങ്ങള്‍ക്കോ വസ്തുക്കള്‍ക്കോ അദൃശ്യമായ ബന്ധം ആരോപിച്ചോ, സങ്കല്‍പ്പിച്ചോ ആചാരങ്ങള്‍ ചെയ്യുന്ന പ്രവണത മതത്തിന്റെ കാതലാണ്. ഹജ്ജിലെ കല്ലേറ് ഉദാഹരണം. വൈകാരികാനുഭൂതി നല്‍കുന്ന അദൃശ്യലോകത്തെക്കുറിച്ച വര്‍ത്തമാനങ്ങള്‍ തെളിവു സഹിതം മതം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു.


മതത്തിന്റെ നിഷ്‌കളങ്കതയും സത്യസന്ധതയും പരിഗണിക്കുമ്പോഴേ യാഥാര്‍ത്ഥ്യം ബോധ്യപ്പെടൂ. അല്ലാത്തവ വ്യാജവും മനുഷ്യ യുക്തി കടന്നതുമാണ്. സാങ്കല്‍പ്പികമോ ഭാവനയോ ആരോപിച്ചതാവാം.

പ്രമാണങ്ങളുടെ


അപ്രമാദിത്വംഒരു മതത്തിന്റെയോ ദര്‍ശനത്തിന്റെയോ മൂലസ്വഭാവം വെളിപ്പെടുത്തുന്ന രേഖകളോ മൊഴികളോ ഉണ്ടാവണം. അതു പ്രസ്തുത മതത്തിന്റെ അകക്കാമ്പും സ്വഭാവവും മനസ്സിലാക്കിത്തരുന്നു. എത്രത്തോളം വിഷയങ്ങളില്‍ നിഷ്‌കളങ്കത പുലര്‍ത്തുന്നുവോ അത്രയും മതം ശുദ്ധമായിരിക്കും. ഈ ന്യായ പ്രമാണം ദൈവികമായിരിക്കണം. ഒരു പ്രവാചകന്‍ മുഖേനയോ മറ്റോ ലഭിച്ച ദിവ്യവെളിപാടാണിത്. ക്രിസ്തു മതത്തിന് ന്യായപ്രമാണം നഷ്ടപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ബൈബിള്‍ യേശുവിന്റെ ജീവചരിത്രമാണ്; ദൈവികി വെളിപാടുള്ളതു ലഭ്യമല്ല. അവ മനുഷ്യ കൈക്കടത്തലുകള്‍ നടത്തി ശോഷിച്ചു പോയിരിക്കുന്നു. മാത്രവുമല്ല, ഒട്ടനവധി സംഗതികളും കഥകളും ബൈബിള്‍ ക്രോഡീകരിച്ചപ്പോള്‍ സഭാപിതാക്കള്‍ ഒഴിവാക്കിയിട്ടുമുണ്ട്.(9)


ഹിന്ദു മതത്തിന്റെ ഉത്ഭവം തന്നെ അജ്ഞാതമാണ്. ഹിന്ദുവെന്നത് ഒരു സംസ്‌കാരത്തെ കുറിക്കുന്നതാണ്. ആ സംസ്‌കാരത്തില്‍ ബഹുദൈവത്വവും യുക്തിവാദവും ഏക ദൈവ വിശ്വാസവും ഉണ്ടായിരുന്നു.(10) യുക്തിവാദി പെരിയാര്‍ ഇവി രാമസ്വാമി ഗാന്ധിജിയുമായി നടത്തിയ ഒരു സംവാദത്തില്‍ പരിയാര്‍, ഹിന്ദുമതമെന്ന ഒന്നില്ലെന്നും ആ ബ്രാഹ്മണന്‍മാര്‍ കെട്ടിച്ചമച്ചതും മത തത്വങ്ങള്‍ മറ്റു മതങ്ങളെപ്പോലെ ഇല്ലെന്നും വാദിക്കുന്നു. ഗാന്ധിജിക്ക് പ്രത്യേക മറുപടിയൊന്നുമില്ലാതെ പരുങ്ങുന്നത് കാണാം.(11) ജൂത മതവും ഇതില്‍നിന്നു ഭിന്നമല്ല. പഴയ നിയമ പുസ്തകത്തില്‍ അവരും ക്രിസ്ത്യാനികളും ഭിന്നാഭിപ്രായക്കാരാണ്. ഇസ്‌ലാമേതര മതങ്ങള്‍ക്കു പ്രമാണങ്ങള്‍ അതുദൈവീകമാണെന്ന് അവകാശപ്പെടുന്നില്ല. (12)

യുക്തി എന്ന ദൈവം


പത്തു ഗാലന്‍ വെള്ളവും ഏഴു ബാര്‍സോപ്പിനുള്ള കൊഴുപ്പും ഒമ്പതിനായിരം പെന്‍സിലിനുള്ള കാര്‍ബണും രണ്ടായിരത്തിയറുന്നൂറ് തീപ്പെട്ടിക്കോലിലെ ഫോസ്ഫറസും ഇടത്തരമെരാണിയിലെ ഇരുമ്പും കോഴിക്കൂടിനു വെള്ളയടിക്കാനുള്ള ചുണ്ണാമ്പും കുറച്ചു സള്‍ഫറും മാഗ്‌നീഷ്യവും അനുപാതത്തില്‍ കൂട്ടിക്കുഴച്ചാല്‍ മനുഷ്യ ശരീരമായി(13)-ഹവാര്‍ഡിന്റെ ആശയമാണിത്. രസതന്ത്രഞ്ജന്റെ വീക്ഷണത്തിലുള്ള മനുഷ്യനാണിത്. യുക്തിയും ഇന്ദ്രിയ നിരീക്ഷണത്തോടെ കണ്ടെത്തിയതു തന്നെയാണ് നിരീശ്വരവാദി നിര്‍വചിക്കുന്ന മനുഷ്യനും. യുക്തി എന്ന മാനദണ്ഡമാണ് അവരുടെ ആയുധം. അതുപയോഗിച്ച് ലോകത്തെയും പ്രതിഭാസങ്ങളെയും അളക്കുന്നു. ഇന്ദ്രിയങ്ങള്‍ക്കതീതമായി ഒന്നും തന്നെ വിശ്വാസയോഗ്യമല്ലെന്നു വാദിക്കുകയും ചെയ്യുന്നു. പദാര്‍ത്ഥ പ്രപഞ്ചവും ആശയ പ്രപഞ്ചവും ഉണ്ടത്രെ. ആശയപ്രപഞ്ചം പ്രാഥമികമാണ്. പദാര്‍ത്ഥ പ്രപഞ്ചം അതിന്റെ ഉല്‍പന്നമാണ്.


ഉണ്ണിത്തിരി എഴുതുന്നു: ”ഈശ്വരനുള്‍പ്പെടെയുള്ള ആശയങ്ങള്‍ ദ്രവ്യത്തിന്റെ (പദാര്‍ത്ഥത്തിന്റെ) അത്യന്തം സാന്ദ്രവും സങ്കീര്‍ണവുമായ സൂക്ഷ്മ രൂപത്തിലുള്ള മസ്തിഷ്‌കത്തിലുളവാക്കുന്ന ബോധത്തിന്റെ വിവിധ രൂപങ്ങള്‍ മാത്രമാണ്. യുക്തിവാദികള്‍ മതം ഒരാശയമാണെന്നും അതു ബുദ്ധിയില്‍ തെളിഞ്ഞ ഉത്പന്നമാണെന്നും പറയുന്നു. ഈ ആശയപ്രപഞ്ചം രൂപപ്പെടുന്നത് അതിന്റെ ചിന്തയുണ്ടായ ഭൗതിക വസ്തുവിന്റെ സൃഷ്ടിയായാണ്. യുക്തിവാദിയായ ഹെഗല്‍ ആശയമാണ് ആദ്യമുണ്ടായതെന്ന് പറയുന്നു. പൊതുവെ പദാര്‍ത്ഥ പ്രപഞ്ചമാണ് ആദ്യമുണ്ടായതെന്ന സിദ്ധാന്തത്തെ യുക്തിവാദികള്‍ പിന്താങ്ങുന്നു. ‘പദാര്‍ത്ഥം ആദിയാണെന്നും അനശ്വരമാണെന്നും അത് എക്കാലത്തും എവിടെയും നില്‍ക്കുമെന്നും പദാര്‍ത്ഥത്തിന് എത്ര അവിശ്വസനീയമായ രൂപാന്തരമുണ്ടായാലും അതൊരിക്കലും ശൂന്യതയായി പരിണമിക്കുകയോ ശൂന്യതയില്‍നിന്ന് ഉയിര്‍കൊള്ളുകയോ ചെയ്യുന്നില്ലെന്നും അവര്‍ സിദ്ധാന്തിക്കുന്നു.(15)


ന്യൂട്ടന്റെ ദ്രവ്യ പദാര്‍ത്ഥമെന്ന വാദമാണ് യുക്തിവാദികള്‍ പ്രപഞ്ചത്തിന്റെ ആത്യന്തിക സത്തയായി പരിചയപ്പെടുത്തുന്നത്. എന്നാല്‍, ഐന്‍സ്റ്റീന്‍ ദ്രവ്യ പദാര്‍ത്ഥത്തെ ഊര്‍ജമായി പരിവര്‍ത്തനപ്പെടുത്തുവാന്‍ സാധിക്കുമെന്നും അതിനാല്‍ പദാര്‍ത്ഥം മൗലികമല്ലെന്നും കണ്ടെത്തി.(16) അപ്പോള്‍ തെളിയിക്കാന്‍ ശ്രമിക്കുന്ന വിശ്വാസവും അനുഭവവും അവിശ്വസനീയമായി കരുതുകയും ചെയ്യുന്നു. സ്വതന്ത്ര നിലനില്‍പ്പുള്ള പദാര്‍ത്ഥ തലമുള്ളതിനാല്‍ ദൈവത്തിന്റെ ആവശ്യം വരുന്നില്ലത്രെ. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവിന്റെ മൊഴി തിരുത്തി സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞത് ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്നായിരുന്നു. ഇങ്ങനെ പ്രത്യക്ഷതയില്‍ ശാസ്ത്രീയതയും നിരീക്ഷണപാടവവുമാണ് യുക്തിവാദിയുടെ അളവുകോലെന്നു വരുന്നു.

പൊളിച്ചെഴുത്ത് 


ശാസ്ത്രം ഊഹ വിതാനമാണ്. അതിനു പഞ്ചേന്ദ്രിയ നിരീക്ഷണം ആവശ്യമാണുതാനും. നിരീശ്വരവാദിയായ റിച്ചാര്‍ഡ് ഡോക്കിങ്‌സ് കണ്ടെത്തിയത് ഇങ്ങനെ: ”ഇന്നും ശാസ്ത്രം മുന്നോട്ടുപോകുന്നത് ഏതെങ്കിലും സ്രഷ്ടാവിനെ സങ്കല്‍പ്പിച്ചു കൊണ്ടല്ല. (Science is atheistic) അത് ഭൗതികവും അതീന്ദ്രയവുമായ എന്തെങ്കിലും പരിഗണിച്ചുകൊണ്ടല്ല. ഡോക്കിങ്‌സ് അമൂര്‍ത്തമായ സ്‌നേഹം, കരുണ, ദേഷ്യം എന്നിവയുടെ രൂപത്തെ മനസ്സിലാക്കാനുള്ള ഉപാധിയെക്കുറിച്ചു മിണ്ടുന്നില്ല. രൂപമില്ലാത്തത് പഞ്ചേന്ദ്രിയ വിധേയമാക്കാന്‍ കഴിയുകയില്ലല്ലോ. ഇബ്‌നു ഖല്‍ദൂന്‍ അവകാശപ്പെടുന്ന മാനാവികതയാണ് മതത്തിന്റെ മുദ്രയെന്ന വസ്തുത യുക്തിവാദികള്‍ ഗ്രഹിക്കുന്നില്ല. അവരതിന് ഒരു സ്വതന്ത്ര നില്‍പ്പ് നിര്‍മിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടാവും നടനും യുക്തിവാദിയുമായ ശ്രീനിവാസന്‍ അറിവില്ലയെന്ന ബോധ്യമില്ലായ്മയാണു മനുഷ്യന്റെ പ്രശ്‌നമെന്നും അതു ബോധ്യപ്പെട്ടാല്‍ യുക്തിയെ അനുധാവനം ചെയ്യേണ്ടിവരുമെന്നും അപ്പോള്‍ യുക്തിവാദം ശരിയാണെന്നു വിശ്വാസിക്ക് മനസ്സിലാകുമെന്നും പറഞ്ഞത്(18) അന്ധവിശ്വാസമാണ് എതിര്‍ക്കുന്നതെന്നും മാനവികതയല്ലെന്നും യു. കലാനാഥന്‍ പറയുന്നു.


ഖല്‍ദൂന്‍ വിലയിരുത്തുന്നത് ഇങ്ങനെ: ”യുക്തിസഹമായ തീരുമാനങ്ങളിലെത്തിച്ചേരാത്ത പ്രതിഭാസങ്ങള്‍ പ്രകൃതിയില്‍ കാണപ്പെടുന്നു. മനുഷ്യ ചിന്തയുടെ പ്രവര്‍ത്തന രീതി മാത്രമാണു യുക്തി. അതു ശരിയായ തുലാസ് തന്നെയാണ്. പക്ഷേ, അതിനു പരിമിതികളുണ്ട്.(19) അതിനാല്‍, എല്ലാ യാഥാര്‍ത്ഥ്യങ്ങളെയും (അതു ഗോപ്യമോ ദൃശ്യമോ, ആവട്ടെ) അളക്കുന്നത് സ്വര്‍ണം തൂക്കുന്ന തുലാസില്‍ മല തൂക്കുന്ന പോലെയാണ്. തൂക്കം തെറ്റുകയേ, തുലാസൊടിയുകയോ ആവും ഫലം. ഖല്‍ദൂന്‍ തുടരുന്നു: ”പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ മുഴുവനും നമ്മുടെ പഠനവിഷയമാണ്. ബുദ്ധിഗോചരമാവുന്ന ഏതൊരു വസ്തുവും പ്രകൃതിസത്യവും പഠനാര്‍ഹവുമാണ്. അപ്പോള്‍, സത്യംശം കാണപ്പെടുന്ന ഓരോ പ്രതിഭാസവും ഓരോ ശാസ്ത്രീയമായി വളരണം(20) അപ്പോള്‍ ദൈവശാസ്ത്രവും ഉത്ഭവിക്കണമെന്നു സിദ്ധാന്തിക്കുന്നു. മനുഷ്യനു നാലു തലങ്ങളുള്ളതായി മനസ്സിലാവുന്നു. ജാഗ്രത്ത്, സ്വപ്നം, മൃത്യതന്തരം, പ്രവാചകം ആദ്യത്തെ രണ്ടും എല്ലാ മനുഷ്യര്‍ക്കും സുപരിചിതമാണ്. ഒരു വ്യക്തിയുടെ ഉയര്‍ന്ന, ഉണര്‍ന്ന ബോധതലവും സ്വപ്ന ബോധവും ഏറെക്കുറെ ഒരു വിധത്തിലാണു നില്‍ക്കുക. ഉയര്‍ന്ന ബോധതലം അതിന്റെ ആഴത്തിലുള്ള സ്വപ്ന തലത്തെക്കുറിച്ച് അറിവു തരിക മാത്രമല്ല ചെയ്യുന്നത്; അവ രണ്ടിനെക്കാളും ആഴത്തില്‍ വേറെ രണ്ടു ബോധതലങ്ങളുണ്ടെന്നു സത്യത്തെ ന്യായീകരിക്കുകയും ചെയ്യുന്നു. അതാവാം റിച്ചാര്‍ഡ് ഡോക്കിങ്‌സ് വൈരുദ്ധ്യമായി പറഞ്ഞത് ‘ഇന്ദ്രിയാതീതമായതിനെപ്പോലും മനസ്സിലാക്കാന്‍ സാധിക്കുമെന്നത് വ്യാജമായൊരു അവകാശവാദമാണ്(21) മൂര്‍ത്തഭാവമില്ലാത്തതും അദൃശ്യവുമായ സത്യങ്ങളെ മനസ്സിലാക്കാന്‍ സാധാരണ യുക്തിക്ക് സാധിക്കില്ല. മതം ആശയപ്രപഞ്ചത്തിന്റെ ഉത്പന്നമാണെന്നും ആശയപ്രപഞ്ചം പദാര്‍ത്ഥ പ്രപഞ്ചത്തിന്റെ സൃഷ്ടിയാണെന്നും യുക്തിവാദി പറയുന്നു. അന്ധനായ ഒരു വ്യക്തിക്ക് തന്റെ നിഴലിനെക്കുറിച്ചറിയില്ല. ബാഹ്യമായി അങ്ങനെ മനസ്സിലാക്കാന്‍ കഴിയാത്തതു മിഥ്യയാണെന്നു പറയുന്നത് യുക്തിയല്ല. പദാര്‍ത്ഥ പ്രപഞ്ചം അനാദിയാണത്രെ. എന്നാല്‍, അതിന്റെ ഉത്ഭവത്തെക്കുറിച്ചോ അതിനെ സ്വാധീനിച്ച ഡാര്‍ക് ഊര്‍ജവും മെറ്റല്‍ ഊര്‍ജവും കഴിഞ്ഞ് ആത്യന്തികമായ ആ പ്രേരക ശക്തിയെക്കുറിച്ച് ശാസ്ത്രം മൗനം പാലിക്കുന്നു. അവിടെ യുക്തിവാദി പരാജയപ്പെടുന്നു. അതിന് ഉത്തരം നല്‍കുന്നത് മതമാണ്. ഐസക് ന്യൂട്ടന്‍ ദൈവത്തെ അംഗീകരിക്കുകയും സ്റ്റീഫന്‍ ഹോക്കിങ്‌സ് അടുത്ത കാലത്ത് വരെ പിന്തുണക്കുകയും ചെയ്തു. പിന്നെ ദൈവമല്ലാത്ത ഒരു പ്രേരക ശക്തി പിന്നിലുണ്ടെന്ന് ഹോക്കിങ്‌സ് തിരുത്തുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ യുക്തിവാദിയും വിശ്വസിക്കുന്നത് ആശയ പ്രപഞ്ചത്തിലാണ്. ആകെ വ്യത്യാസം വരുന്നത് രണ്ടു മാനദണ്ഡങ്ങളിലാണ്. മതം വിശ്വാസത്തെയും യുക്തിയെയും അവതരിപ്പിക്കുമ്പോള്‍ നിരീശ്വരവാദി നിരീക്ഷണത്തെയും യുക്തിയെയും അവലംബിക്കുന്നു. അതിനാലാണ് അവര്‍ പദാര്‍ത്ഥവും ഊര്‍ജവുമാണ് പ്രപഞ്ചത്തിന്റെ അടിത്തറയെന്നും അത് അനാദിയാണെന്നും പറയുന്നത്. മതം അതു ദൈവമാണെന്ന് വ്യാഖ്യാനിച്ചു. അത് ഒരു പക്ഷേ, മനുഷ്യന്റെ ഇന്ദ്രിയാതീത ലോകത്ത് നിന്നും ബോധ തലത്തേക്ക് വരുന്നതാവാം. ഇവ ഭാവിയെക്കുറിച്ച് അറിവു തരികയും പല സവിശേഷതകള്‍ ഉള്‍കൊള്ളുകയും ചെയ്യുന്നു. ദര്‍ശനങ്ങള്‍ എല്ലാം ലഭിക്കുന്നത് ബോധതലത്തിനു ലഭിക്കുന്ന കായികവും മാനസികവുമായ ഉപകരണങ്ങളുടെ മാധ്യമത്തിലൂടെ മാത്രമാണ്. അത് അന്യമായി നില്‍ക്കുന്ന സത്യത്തിന്റെ ആശയരൂപിയായ പ്രതിച്ഛായ മാത്രമാണ്. ബാഹ്യതലം നിലനില്‍ക്കുന്ന പോലെയല്ല മാനസിക രൂപം. പഞ്ചേന്ദ്രിയങ്ങളുടെയോ മാനസികാവയവങ്ങളുടെയോ റിപോര്‍ട്ടുകളെ ആശ്രയിക്കാതെ ശാസ്ത്രകണങ്ങളുടെ ഗണനയില്‍ അനുഭവതലത്തിന്റെ ധാരണ രൂപപ്പെടുന്നുവത്രെ. പക്ഷേ, ശാസ്ത്രത്തിന് അതു ഗ്രാഹ്യമല്ല. കാരണം, ശാസ്ത്രം ധാരണാത്മകജ്ഞാനം മാത്രമാണ്. (Conceptional Knowledge) അപ്പോള്‍ ഈ ലോകത്തു ലഭിക്കുന്ന ദര്‍ശനം ആത്മീയ ലോകത്തിന്റെ ഒരു നിമിഷത്തിന്റെ ഒരംശം മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയൂ. എന്നാല്‍, ഈ ദര്‍ശനം തികഞ്ഞ ബുദ്ധിധര്‍മമാണുതാനും. ‘ദസ്തയേവസ്‌കി പറയുന്നു: ”പരിപൂര്‍ണ നിരീശ്വരവാദി ഏറ്റവും പരിപൂര്‍ണമായ വിശ്വാസത്തിലേക്കുള്ള പടികളില്‍ അവസാനത്തേതിനു തൊട്ടുമുമ്പുള്ള പടിയിലാണു നില്‍ക്കുന്നത്. അവസാനത്തെ പടിയിലേക്ക് അവന്‍ കാലെടുത്തുവയ്ക്കുകയും വയ്ക്കാതിരിക്കുകയും ചെയ്യാം. ദൈവശാസ്ത്രജ്ഞനായ അക്വിനാസ് പറയുന്നു. സ്വയം ചലിക്കാതെ എല്ലാം ചലിപ്പിക്കുന്നവന്‍, ആദിയില്‍ ഒരു ശക്തി ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാവില്ല. ആ ശക്തിയാണു ദൈവം.(22)


ഒരിക്കല്‍ ഹസ്‌റത്ത് അലി(റ) ഒരു നിരീശ്വരവാദിയോട് പറഞ്ഞു: ”നിന്റെ അഭിപ്രായമാണു ശരിയെങ്കില്‍ മരിച്ചുകഴിഞ്ഞാലും എനിക്കൊരു കുഴപ്പവും സംഭവിക്കുകയില്ല. നേരെ മറിച്ച്, ഞാന്‍ പറയുന്നതാണു ശരിയെങ്കില്‍ ദൈവവിശ്വാസിയല്ലാത്ത നിന്റെ സ്ഥിതി മരണാനന്തരം എത്ര പരിതാപകരമായിരിക്കും. ദൈവമുണ്ടോ എന്നു സംശയിച്ച അനുചരനോട്, ആ ചിന്ത പൈശാചികമാണ്, ഇങ്ങനെയൊരു ചിന്ത വന്നാല്‍ ഞാന്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നുവെന്നു പറയട്ടെ എന്നു നബി(സ്വ) പറഞ്ഞു. (23)


ഇസ്‌ലാം പറയുന്നത്


ഇസ്‌ലാമെന്നാല്‍ ദൈവത്തിന്റെ അധ്യാപനങ്ങള്‍ പരിപൂര്‍ണമായി സ്വീകരിക്കലും അനുസരിക്കലുമാണ്. മുഹമ്മദ് നബി(സ്വ)ക്ക് അവതരിച്ചതാണ് ഈ അധ്യാപനങ്ങള്‍. അതിന്റെ ആണിക്കല്ല് അല്ലാഹുവാണ് സര്‍വ ശക്തനായ ദൈവമെന്നും അവനു തുല്യമായി ഒന്നുമില്ലെന്നും മറ്റെല്ലാ മൂര്‍ത്തികളും വ്യാജമാണെന്നും ഖുര്‍ആന്‍ പറയുന്നു. ഈ പ്രപഞ്ചവും പദാര്‍ത്ഥവും ആശയവും അവന്റെ സൃഷ്ടിയാണ്. ബഹുദൈവത്വം നിശിതമായി വിമര്‍ശിക്കുന്ന ഇസ്‌ലാം ഏകദൈവത്വമാണ് ധര്‍മമോക്ഷം എന്നു പറയുന്നു. ക്ഷീണമോ ദുഃഖമോ ദൈവത്തെ ബാധിക്കുകയില്ലെന്നും യുക്തിമാനും കാര്യങ്ങള്‍ അവസരോചിതം ചെയ്യുന്നവനുമാണവന്‍. ഇസ്‌ലാം മതത്തിന്റെ മൂലപ്രമാണമാണ് ഖുര്‍ആന്‍.


അല്ലാഹുവിന് അദൃശ്യരായ മാലാഖമാരുണ്ട്. അവര്‍ മുഖേനയാണ് വെളിപാട് അല്ലാഹു അവര്‍ക്ക് നല്‍കുന്നത്. അഗോചരമായ അവര്‍ മനുഷ്യരായ പ്രവാചകര്‍ക്ക് ദിവ്യബോധനം നല്‍കുന്നു. ഇതിനു ‘വഹ്‌യ്’ എന്നു പറയുന്നു. മരണാനന്തരം ഒരു ജീവിതമുണ്ട്. അവിടെ വിചാരണയും ഇഹലോകത്തെ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലവും നല്‍കുന്നു. ഈ ലോകം അങ്ങോട്ടുള്ള കൃഷിയിടമാണെന്നു ഖുര്‍ആന്‍ പറയുന്നു. എല്ലാം ദൈവനിശ്ചയമനുസരിച്ചു സംഭവിക്കുന്നു. അത് എപ്പോഴാണ് സംഭവിക്കുയെന്നത് അവനു മാത്രമേ അറിയുകയുള്ളൂ. അദൃശ്യജ്ഞാനമറിയുന്ന അവന്റെ തീരുമാന പ്രകാരമാണ് നമ്മുടെ ജീവിതവും കര്‍മങ്ങളും. ഒരില വീഴുന്നതു പോലും അറിയുന്നവനാണ് അല്ലാഹു. യുക്തിവാദിക്കു സമ്പൂര്‍ണമായൊരു ജീവിതരീതി നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് പ്രസിദ്ധ യുക്തിവാദി എ.ടി കോഡൂര്‍ കോഴിക്കോടു വച്ച് പറഞ്ഞിരുന്നു.(24)


റഫറന്‍സ്


1) ശബ്ദ സാഗരം


2) ബൈബിള്‍


3) സോഷ്യോളജി


4) Britanica Encyclopedia (Page 142)


5) മുഖദ്ദിമ (പേജ് 19)


6) അല്ലാമാ ഇഖ്ബാല്‍


7) മുഖദ്ദിമ (പേജ് 20)


8) IBID (പേജ് 20)


9) വേദ ശബ്ദ രത്‌നാകരം


(പേജ് 557)


10) ഭാരതീയ ദര്‍ശനം ഒരു സംവാദം (പേജ് 167)


11) ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല (പേജ് 56)


12) സ്‌നേഹ സംവാദം


13) Guide to philosophy of morals and politics (t]Pv 27)


14) ഹിന്ദുത്വവും ഹിന്ദുമതവും (പേജ് 27)


15) മാര്‍ക്‌സിസം ലെനിനിസം


16) മാര്‍ക്‌സിസവും വൈദിക ദര്‍ശനവും (പേജ് 55)


17) The God delusion (t]Pv 75)


18) മാതൃഭൂമി ദിനപത്രം


19) മുഖദ്ദിമ (പേജ് 20)


20) കആകഉ (പേജ് 70)


21) The God delusion (പേജ് 154)


22) Summa theological (P 169)


23) ഇഹ്‌യാ ഉലൂമുദ്ദീന്‍


24) ഏകമതം (പേജ് 15)