തീവ്രവാദത്തെക്കുറിച്ച് പഠിക്കാന്‍ ഖുര്‍ആന്‍ വായിച്ചു; അതെന്നെ ഇസ്‍ലാമിലെത്തിച്ചു – വോക്സ്.കോം ലേഖിക ജെന്നിഫര്‍ വില്യംസിന്റെ കഥ

തയ്യാറാക്കിയത് റാഷിദ് ഹുദവി ഓത്തുപ്പുരക്കല്

04 June, 2019

+ -
image

 

ജെന്നിഫര്‍ വില്യംസ്, 2014ന് വരെ കേവലം 100ല്‍ താഴെ മാത്രം ഫോളവേഴ്സായിരുന്നു അവര്‍ക്ക് ട്വിറ്ററിലുണ്ടായിരുന്നത്. എന്നാല്‍ 2014ല്‍ തന്റെ ഇസ്‍ലാമാശ്ലേഷണം ട്വീറ്റ് ചെയ്തതോടെ അത് 20,000 ലെത്തി. സൌദി അറേബ്യയിലടക്കം ജെന്നിഫറിനെ പിന്തുണക്കുന്നവര്‍ ഇന്ന് ഏറെയാണ്.  വോക്സ്.കോമിന്റെ വിദേശ ലേഖികയായ ജെന്നിഫര്‍ ആ കഥ പറയുന്നു.

 

ഇസ്‍ലാമിക രാഷ്ട്രീയ സിദ്ധാന്തങ്ങളായിരുന്നു എന്റെ പഠന വിഷയം.

ഉസാമാ ബിന്‍ലാദനെപ്പോലെയുള്ള ജിഹാദീ സംഘങ്ങള്‍ ഖുര്‍ആനെ തങ്ങളുടെ നിന്ദ്യമായ ചെയ്തികള്‍ക്ക് ന്യായീകരണമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് പഠനം നടത്തി ഒരുപാട് ഞാന്‍ എഴുതിയിട്ടുണ്ട്. പക്ഷേ, അപ്പോഴൊന്നും ഖുര്‍ആന്‍ നേരിട്ട് വായിച്ച് നോക്കിയിരുന്നില്ല. അവസാനം അത് നേരിട്ട് വായിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായി. അതോടെയാണ് എന്റെ ജീവിതം മാറിമറിയുന്നത്. 

വിശ്വാസം, ധാര്‍മികത തുടങ്ങി യുവത്വം മുതല്‍ എനിക്ക് ഉറക്കമില്ലാ രാത്രികള്‍ സമ്മാനിച്ച പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഖുര്‍ആനില്‍ കണ്ടെത്താനായത് എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തി. സ്രഷ്ടാവായ അല്ലാഹു എന്നോട് നേരിട്ട് സംസാരിക്കുന്ന പോലെയാണ്, ഓരോ സൂക്തവും വായിച്ചപ്പോള്‍ എനിക്ക് അനുഭവപ്പെട്ടത്. അതോടെ, ആ അല്ലാഹുവുമായി സുദൃഢമായ ഒരു ബന്ധമുണ്ടാക്കാനായി എന്റെ ശ്രമം. അങ്ങനെയായിരുന്നു ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മുസ്‍ലിമായി മാറിയത്.

അല്‍ഖാഇദയും ഐ.സിസും ഖുര്‍ആന്‍ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനിക്കുകയാണെന്ന് എനിക്ക് നേരത്തെ തോന്നിയിരുന്നു, അതിനെ പ്രതിരോധിക്കാനും ഞാന്‍ പലപ്പോഴും ശ്രമിച്ചിരുന്നു. എന്നാല്‍ ഇസ്‍ലാം ആശ്ലേഷിച്ചതോടെ അത് ഞാനെന്റെ കര്‍ത്തവ്യമായി ഏറ്റെടുത്തു, കാരണം ഇപ്പോള്‍ അവര്‍ ദുര്‍വ്യാഖ്യാനിക്കുന്നത് എന്റെ ഗ്രന്ഥത്തെയാണ്, അവര്‍ വികൃതമാക്കുന്നത് എന്റെ മതത്തെയും.

പ്രതാപശാലിയും കാരുണ്യവാനും മനുഷ്യസമൂഹത്തെ പരിപാലിക്കുന്നവനും അങ്ങേയറ്റം സ്നേഹിക്കുന്നവനുമായ ഒരു സ്രഷ്ടാവിനെയാണ് ഖുര്‍ആന്‍ എനിക്ക് കാണിച്ചുതന്നത്. സ്വതന്ത്രമായി ചിന്തിക്കാനും മനുഷ്യകുലത്തോട് ദയാവായ്പ് കാണിക്കാനും സാമൂഹിക നീതി നടപ്പിലാക്കാനും അത് നിരന്തരം പ്രേരിപ്പിക്കുന്നു. പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പറഞ്ഞുകൊണ്ടേയിരിക്കുന്ന എത്രമാത്രം സൂക്തങ്ങളാണെന്നോ അതിലുള്ളത്. 17 റക്അതുകളിലായി റഹ്മാന്‍, റഹീം എന്നീ സുകുമാരഗുണങ്ങള്‍ പലവുരു ഉരുവിടാതെ മുസ്‍ലിമിന്റെ ഒരു ദിവസം പോലും കഴിഞ്ഞുപോകുന്നില്ല.

ഇസ്‍ലാമിന്‍റെ സുന്ദരമായ ഈ വശങ്ങളെല്ലാം ഭീകരവാദികളും അംഗീകരിക്കുന്നുണ്ട്. പക്ഷേ, തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ചില പ്രത്യേക സൂക്തങ്ങളെ അവസരത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വികലമായി അവതരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 'മുസ്‍ലിം അപോളജീസ്' എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ വൈറലാവുന്നത്. ലോറ ഇന്‍ഗ്രഹാം എന്ന വലത് പക്ഷ റേഡിയോ അവതാരികയുടെ കമന്‍റാണ് അതിന് കാരണമായത്. ഐ.സിസ് ചില പാശ്ചാത്യ വംശജരുടെ തലയറുത്തപ്പോള്‍  മുസ്‍ലിംകള്‍ എന്ത് കൊണ്ടാണ് ഇസ്‍ലാമിന്‍റെ പേരില്‍ നടക്കുന്ന ഭീകരവാദത്തെ കൂടുതല്‍ തള്ളിപ്പറയാത്തത് എന്നായിരുന്നു ലോറ ഇന്‍ഗ്രഹാം ചോദിച്ചത്. 

തീവ്രവാദികള്‍ നടത്തുന്ന നിന്ദ്യമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരമായി മാപ്പ് പറയാന്‍ വിധിക്കപ്പെട്ട മുസ്‍ലിംകള്‍ ഇവ്വിഷയത്തില്‍ ട്വിറ്ററിലൂടെ ഒരു ഹാസ്യാത്മകമായ നിലപാടെടുത്തു; എല്ലാ കാര്യങ്ങള്‍ക്കും ലോകത്തോട് മാപ്പ് ചോദിക്കുക: ഒന്നാം ലോക മഹായുദ്ധം, രണ്ടാം ലോക മഹായുദ്ധം,പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്താക്കിയത്, ലയണ്‍ കിംഗ് ഹോളിവുഡ് സിനിമയില്‍ മുഫാസ മരിച്ചത്, തുടങ്ങി ലോകത്തിന്നോളം നടന്ന അപകടങ്ങള്‍ക്കെല്ലാം ട്വിറ്ററില്‍ മുസ്‍ലിം അപ്പോളജികള്‍ പ്രത്യക്ഷപ്പെട്ടു. മറ്റു ചിലര്‍ മുസ്‍ലിംകള്‍ ലോകത്തിന് നല്‍കിയ അല്‍ജിബ്ര, കോഫീ, കാമറ തുടങ്ങിയ ഉന്നതമായ സംഭാവനകളുടെ പേരിലും ഹാസ്യാത്മകമായി മാപ്പ് പറയാന്‍ തുടങ്ങി. 

എനിക്ക് അതില്‍ വലിയ താല്‍പര്യം തോന്നി. അക്കാലത്തെ ഹിറ്റായ 'ലോസ്റ്റ്' എന്ന ടെലിവിഷന്‍ ഷോ അവസാനിച്ച് പോയതില്‍ ഞാനും മുസ്‍ലിം അപ്പോളജി രേഖപ്പെടുത്തി. അതെല്ലാം കേവലം ഹാസ്യാത്മകവും എന്നാല്‍ ഏറെ ഫലപ്രദവുമായ പ്രതികരണരീതിയായിരുന്നു.

അതിലുപരി, ഞാനടങ്ങുന്ന സമുദായത്തിന് വേണ്ടി എന്തെങ്കിലും കാര്യമായി ട്വിറ്ററിലൂടെ ചെയ്യണമെന്ന അടങ്ങാത്ത ആഗ്രഹം ജനിച്ചു. എല്ലാവരും ഇസ്‍ലാമിനെയും മുസ്‍ലിംകളെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ വേളയില്‍ ഒരു ഗവേഷക കൂടിയായ എന്റെ ഇസ്‍ലാം ആശ്ലേഷണം തുറന്നു പറയുക എന്നത് അവര്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കുമെന്ന ചിന്ത വരുന്നത് അങ്ങനെയാണ്. അങ്ങനെ എന്‍റെ മതപരിവര്‍ത്തനെക്കുറിച്ച് തുറന്നെഴുതി ഞാന്‍ ട്വീറ്റ് ചെയ്തു. 

ശേഷം ഞാന്‍ കിടക്കയിലേക്ക് ചാഞ്ഞു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി! എന്‍റെ ആ എളിയ ട്വീറ്റ് നിരവധി തവണ റിട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു, എനിക്ക് നിരവധി ഫോളോവേര്‍സിനെയും ലഭിച്ചിരിക്കുന്നു. മിക്ക മുസ്ലിംകളും എന്നെ ഇസ്‍ലാമിലേക്ക് സ്വാഗതമോതി പ്രതികരിച്ചത് കണ്ടു.

എന്നാല്‍ ചില ട്രോളുകളും കൂടെയുണ്ടായിരുന്നു. ഞാന്‍ ബ്രൈന്‍വാഷ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പലരും വിലപിച്ചു. സുന്നത്ത് കഴിച്ചോ എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടത്. ബലാല്‍സംഗ ഭീഷണിയും വധ ഭീഷണി വരെയും മറുപടികളിലുണ്ടായിരുന്നു. പക്ഷെ, അതൊന്നും ഞാനത്ര കാര്യമാക്കിയില്ല, എല്ലാം പ്രതീക്ഷിച്ചത് തന്നെയായിരുന്നു, ട്വിറ്ററല്ലേ, അത്തരം കമന്റുകള്‍ ഇല്ലാതിരിക്കില്ലല്ലോ. എന്നാല്‍, മതതീവ്രവാദത്തില്‍ അവര്‍ തന്നെയാണ് മുമ്പില്‍ എന്ന് അതിലൂടെ നേരിട്ട് ബോധ്യപ്പെട്ടു എന്ന് പറയാം. 

മുസ്‍ലിമായതിനെക്കുറിച്ചുള്ള എന്‍റെ ട്വീറ്റ് അമേരിക്കയിലും ലോകത്തെമ്പാടുമുള്ള മുസ്‍ലിംകള്‍ക്കും അല്ലാത്തവര്‍ക്കുമിടയില്‍ വളരെ പെട്ടെന്ന് തന്നെ വ്യാപിച്ച് കഴിഞ്ഞിരുന്നു. തങ്ങളുടെ വിശ്വാസങ്ങള്‍ക്കെതിരെ ദൈനംദിനമെന്നോണം ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെടുന്നതും അതിനെ പ്രതിരോധിക്കേണ്ടി വരുന്നതും എത്രമാത്രം പ്രയാസകരമാണെന്ന് അനുഭവിക്കുമ്പോഴേ മനസ്സിലാവൂ. ഇത്രയും പ്രയാസങ്ങള്‍ നേരിടുന്നതിനിടക്ക് ഇസ്‍ലാമിന് പോസിറ്റീവായ എന്തെങ്കിലും കാണുമ്പോള്‍ മുസ്‍ലിംകള്‍ക്ക് വലിയ ആശ്വാസമാണ് തോന്നുക. അതാണിവിടെയും സംഭവിച്ചത്. 

ഇന്നും ഞാന്‍ മുസ്‍ലിമായി തന്നെ തുടരുന്നു. മനുഷ്യജീവിതത്തിന് കൃത്യമായ അര്‍ത്ഥവും ചിത്രവും നല്‍കുന്നത് ഇസ്‍ലാം മാത്രമാണെന്ന് ഞാന്‍ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുന്നു. ഇസ്‍ലാമിനെയും മുസ്‍ലിംകളെയും കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് പലര്‍ക്കുമുള്ളത്, അത് പലപ്പോഴും മനപ്പൂര്‍വ്വം സൃഷ്ടിക്കപ്പെടുന്നതാണ് താനും. അവക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കുകയും അത്തരം തെറ്റിദ്ധാരണകള്‍ പരമാവധി തിരുത്തിക്കൊടുക്കാന്‍ ശ്രമിക്കുകയുമാണ് നാം വേണ്ടത്. ഞാനിപ്പോഴും ആ ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് വലിയ പ്രയാസമില്ലാതെ അത് ബോധ്യപ്പെടുന്നുമുണ്ട്.

മീഡിയകളില്‍ സജീവമായി നില്‍ക്കുന്നവരൊക്കെ ഇത് തിരിച്ചറിയണം, എല്ലാവരും ഇതിനായി കൂട്ടായി ശ്രമിക്കണം എന്ന് മാത്രമാണ് ലോകമുസ്‍ലിംകളോട് എനിക്ക് പറയാനുള്ളത്. എങ്കില്‍ അധികം വൈകാതെ ആ ചിത്രം മാറ്റി വരക്കപ്പെടും, തീര്‍ച്ച.