നെരിപ്പോടിൽ നേരം വെളുപ്പിച്ച് ഇബ്റാഹീമുബ്നു അദ്‍ഹം

അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍

29 October, 2019

+ -
image

(സൂഫീ കഥ - 20)

പത്തൊമ്പതാമതു സൂഫീ കഥയിൽ പറഞ്ഞതിന്‍റെ തുടർച്ചയാണിത്. ഇബ്റാഹീമുബ്നു അദ്‍ഹമിനോട് ദിവ്യസാമീപ്യത്തിന്‍റെ അനുഭൂതി അതിന്‍റെ പരമാകാഷ്ഠ പ്രാപിച്ച അനുഭവങ്ങളെ കുറിച്ചു ചോദിച്ചവനോട് അങ്ങനെ രണ്ടു പ്രാവശ്യമുണ്ടായെന്നു പറഞ്ഞു. ഒരു പ്രാവശ്യമുണ്ടായതാണ് കഥ#19 ൽ വിശദീകരിച്ചത്. ഇവിടെ രണ്ടാം അനുഭവം വിവരിക്കാം. ഇബ്‍റാഹീമുബ്നു അദ്‍ഹം തന്നെ അത് വിവരിക്കട്ടെ.

“മറ്റൊരു പ്രാവശ്യം അനുഭവപ്പെട്ടത് നല്ല തണുപ്പുള്ള ഒരു രാത്രിയായിരുന്നു. ഞാനെന്‍രെ സഞ്ചാര മധ്യ ഒരു നാട്ടിലെത്തിപ്പെട്ടത് ഘോര മഴയത്തായിരുന്നു. ശൈത്യകാലത്തിന്‍റെ തണുപ്പ് അതി ശക്തമായിരുന്നു. എനിക്ക് പിടിച്ചു നിൽക്കാൻ കഴിയാത്തയത്ര ശക്തം. ഞാൻ ധരിച്ചിരുന്ന കരിമ്പുടമാണെങ്കിലോ ആകെ നനഞ്ഞു കുതിർന്നിരിക്കുന്നു. തണുത്തു വിറക്കുന്ന എനിക്ക് ഒരു അഭയം അത്യാവശ്യമായിരുന്നു.”

“വിറച്ച് വിറച്ച് ഞാനൊരു പള്ളിയിലേക്ക് ചെന്നു. പക്ഷേ, അവരെന്നെ പള്ളിയിൽ പ്രവേശിക്കാനേ അനുവദിച്ചില്ല. അപ്പോൾ മറ്റൊരു പള്ളിയിലേക്ക് നടന്നു. അവിടെയെത്തിയപ്പോഴും ഇതേ അവസ്ഥ. അവരെന്നെ പള്ളിയിൽ കയറാൻ സമ്മതിക്കുന്നില്ല. മൂന്നാമത്തെ പള്ളിയിലും സമാനമായ അനുഭവം. ഞാനാകെ ക്ഷീണിച്ചിരുന്നു. തണുപ്പാണെങ്കിലോ കൂടുതൽ ശക്തി പ്രാപിച്ചു വരുന്നു.”

“പൊതു കുളിമുറികൾക്കായി വെള്ളം ചൂടാക്കുന്ന ഒരു നെരിപ്പോട് കണ്ടു. അവസാനം നിൽക്കകള്ളിയില്ലാതെ അതിൽ കയറികൂടി. തീയിലേക്ക് വസ്ത്രം ഒന്നു നീട്ടിപ്പിടിച്ചു. കാലിനടിയിലൂടെ പൂക കയറി, എന്‍റെ വസ്ത്രവും മുഖവുമെല്ലാം ഇരുണ്ടു പോയി.”

“ഈ രാത്രിയിൽ എനിക്കെന്തെന്നില്ലാത്ത ഒരു ആനന്ദവും അനുഭൂതിയും ലഭ്യമായി.”