കള്ളന്‍റെയുള്ളിലെ കള്ളി

അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍

29 March, 2020

+ -
image

(സൂഫീ കഥ - 34)

അബൂ അലി ഫുദൈൽ ബ്നു ഇയാദ് (റ) ആദ്യകാലങ്ങളിൽ വലിയ കൊള്ളക്കാരനായിരുന്നു. മർവിനും ബാവർദിനുമിടയിൽ സഞ്ചരിക്കുന്ന കച്ചവട സംഘങ്ങളെയായിരുന്നു അദ്ദേഹം ലക്ഷ്യം വച്ചിരുന്നത്. പക്ഷേ അദ്ദേഹത്തിന്‍റെ മനസ്സിന്‍റെയുള്ളിലെവിടെയോ നന്മയുണ്ടായിരുന്നു. സ്ത്രീകളുടെ പിന്നാലെ റോന്തു ചുറ്റുന്ന പതിവൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. കുറഞ്ഞ കച്ചവടച്ചരക്കുമായി പോകുന്ന ചെറിയ സംഘങ്ങളെയെല്ലാം വെറുതെ വിടുമായിരുന്നു. കൊള്ള ചെയ്താലും കച്ചവടക്കാരുടെ വഴിച്ചെലവിനെന്തെങ്കിലും അവർക്ക് തിരിച്ചു നൽകുന്ന സ്വഭാവവുമുണ്ടായിരുന്നു.

ആയിടക്കാണ് മർവിൽ നിന്നൊരു കച്ചവടക്കാരൻ അതു വഴി പോകാൻ തീരുമാനിച്ചത്. ആ കച്ചവടക്കാരൻറെ വേണ്ടപ്പെട്ടവർ പറഞ്ഞു: “കൂടെ കാവലിനാരെയെങ്കിലും കൂട്ടിക്കോളൂ. ഈ വഴിയിലാണ് ഫുദൈലുള്ളത്.”

കച്ചവടക്കാരൻ: “അദ്ദേഹം പടച്ചവനെ പേടിയുള്ള ഒരു കള്ളനാണെന്നാണ് ഞാൻ കേട്ടത്. അതുകൊണ്ട് പേടിയില്ല.”

ഈ കച്ചവടക്കാരൻ തന്‍റെ കൂടെ ഒരു ഖാരിഇനെയാണ് കൊണ്ടു പോയത്. ഖാരിഇനു സ്വന്തമായി ഒരു വാഹനവും ഏർപ്പാടു ചെയ്തു. ഖാരിഇന്‍റെ ജോലി മുഴു സമയവും - രാത്രിയും പകലും - ഖുർആൻ പാരായണം ചെയ്തു കൊണ്ടേയിരിക്കുകയെന്നതായിരുന്നു. അങ്ങനെ ഈ സംഘം ഫുദൈലിന്‍റെ ഒളിത്താവളത്തിലെത്തി. സംഗതിവശാൽ ഈ ഖാരിഅ് അന്നേരം ഓതികൊണ്ടിരിക്കുന്നത് “വിശ്വസിച്ചവർക്ക് അവരുടെ ഹൃദയങ്ങൾ അല്ലാഹുവിന്‍റെ സ്മരണക്കു മുമ്പിൽ ഭയപ്പെടാൻ സമയമായില്ലെയോ” എന്നർഥം വരുന്ന ഖുർആൻ വാക്യമായിരുന്നു.

ഇതു കേട്ടതോടെ അദ്ദേഹത്തിന്‍റെ ഹൃദയത്തിൽ പരിവർത്തനങ്ങളുണ്ടായി. പശ്ചാതപിച്ചു. കൊള്ള ചെയ്യുന്ന ഏർപാട് പാടേ ഉപേക്ഷിച്ചു. ലോകത്ത് അറിയപെട്ട വലിയ പണ്ഡിതനും സൂഫിയുമായി.

കശ്ഫ് - 308