കൊറോണ കാലത്ത് ലോകം തേടുന്നത് ഒരു അഭിനവ ഇബ്നുസീനയെ

ഹാമിദ് ദബാഷി , കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസർ

28 June, 2020

+ -
image

ലോകത്തുടനീളം വൈറസ് മഹാമാരിയെ പിടിച്ചുകെട്ടാൻ നാം കഠിനമായി പ്രയത്നിച്ച് കൊണ്ടേയിരിക്കുകയാണ്. ലോകത്തുടനീളമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് എന്നും രാത്രി 7 മണിക്ക് ന്യൂയോർക്കിൽ നാം ബാൽക്കണിയിൽ വന്ന് പാത്രങ്ങൾ മുട്ടിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യത്തിനേക്കാൾ സൈനിക ശക്തി വർദ്ധിപ്പിക്കുവാനായി വലിയ സമ്പത്ത് ചെലവഴിക്കപ്പെടുന്ന സംസ്കാരം മൂലമുണ്ടായ സൗകര്യ കുറവുകൾക്കിടയിലും ജനങ്ങളെ രക്ഷിക്കാൻ ജീവത്യാഗം ചെയ്യുന്ന ആരോഗ്യപ്രവർത്തകർ വലിയ അഭിനന്ദനം അർഹിക്കുന്നവർ തന്നെയാണ്.

വൈറസിനെ പിടിച്ചുകെട്ടാൻ വേണ്ട ശാസ്ത്രീയമായ അറിവ് പകർന്നു നൽകുന്നതിന് ലോകത്തുടനീളമുള്ള ശാസ്ത്രജ്ഞർ നൽകുന്ന സംഭാവനകളും വിസ്മരിക്കാവതല്ല. അനിവാര്യമായ നിർദ്ദേശങ്ങളുമായി ഗവൺമെന്റിന്റെ നയങ്ങളെ രൂപപ്പെടുത്തുന്ന അവർ വൈറസിനെതിരായ പോരാട്ടത്തിൽ നിസ്സീമമായ പങ്കുവഹിക്കുന്നുണ്ട്.

ആരോഗ്യത്തേക്കാൾ കോർപ്പറേറ്റുകളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ബ്രസീൽ പ്രസിഡണ്ട് ബോൾസനാരോ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ പോലുള്ള ഭരണാധികാരികളുള്ള കാലത്ത് ലോകാരോഗ്യ സംഘടന തലവൻ തെദ്റോസ് അദനം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്ഷസ് ഡിസീസ് ഡയറക്ടർ ആന്റണി ഫൗസി എന്നിവരുടെ യുക്തിയുടെയും വൃത്തിയുടെയും വാക്കുകൾക്ക് കാതോർത്തു കൊണ്ടിരിക്കുകയാണ് ലോകം.

കൊറോണ നൽകുന്ന പാഠം

ഈ മഹാമാരിയുടെ കാലത്ത് ലോകം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന വലിയൊരു പ്രതിസന്ധി നല്ല ശാസ്ത്രവും മോശം ശാസ്ത്രവുമുണ്ടെന്ന കണ്ടെത്തലാണ്, ഈ നിരീക്ഷണം മുന്നോട്ട് വെക്കുന്നത് ജാക്കി ഫ്ലിൻ ആണ്. വലിയൊരു മാരത്തോണുൾക്ക് സമാനമായിരുന്ന ശാസ്ത്രീയ പഠനങ്ങളും കണ്ടെത്തലുകളും ഇപ്പോൾ വെറുമൊരു 400 മീറ്റർ റണ്ണിങ് ആയി മാറിയിരിക്കുകയാണ്.

കൊറോണ സംബന്ധിച്ച് ഗവേഷകണം നടത്താനും പഠനങ്ങൾ പ്രസിദ്ധീകരിക്കാനും മറുള്ളവരേക്കാൾ എങ്ങനെ മുമ്പിലെത്താമെന്ന ചിന്തയിലാണ് ലോകത്തുടനീളമുള്ള ഗവേഷകർ മത്സരിച്ചു കൊണ്ടിരിക്കുന്നത്. കൊറോണ യുഗം നമ്മുടെ ധാർമികമായ ഔന്നത്യത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. പണമില്ലാത്തവന് ആരോഗ്യ പരിരക്ഷ നിഷേധിക്കപ്പെടുന്ന അവസ്ഥ അപകടകരമായി വളരുന്നത് ഇതിന് തെളിവാണ്.

ഈ പ്രതിസന്ധിയെ പരിഹരിക്കേണ്ടത് ആരെന്ന ചോദ്യമാണ് ഇവിടെ പ്രധാനമായും ഉയരുന്നത്. ആരോഗ്യ പ്രവർത്തകരോ അതല്ലെങ്കിൽ തത്വജ്ഞാനികളോ? ഈ ചർച്ചയിൽ നിന്ന് ഉരുത്തിരിയുന്ന പ്രധാനപ്പെട്ട റിസൾട്ട് ആരോഗ്യശാസ്ത്രം സാമൂഹിക പഠനവും മനഃശാസ്ത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ചിത്രത്തിലേക്കാണ്. എൻഡ് ഓഫ് ടൂ കൾച്ചേർസ് എന്ന തലക്കെട്ടിൽ കൊറോണക്ക് ശേഷം ശാസ്ത്രവും മാനവിക വിഷയങ്ങളും തമ്മിൽ അകൽച്ച ഇല്ലാതാവുമെന്ന് നിരീക്ഷണം നടത്തുന്നുണ്ട് ജനാൻ ഗണേഷ് . അന്ന് പല പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുക തങ്ങളെപ്പോലുള്ള മാനവിക വിദഗ്ധരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.

ഇക്കാര്യം വളരെ ഗൗരവതരമായി ആലോചിക്കേണ്ടതാണ്. ശാസ്ത്രവും മാനവിക വിഷയങ്ങളും തമ്മിലുള്ള അകൽച്ചക്ക് ഹേതുവായിട്ടുള്ളത് യുഎസ് യൂറോപ്യൻ പാരമ്പര്യമായിരുന്നെങ്കിൽ അതിൽ നിന്ന് ഏറെ വിഭിന്നമാണ് പൗരസ്ത്യ ശാസ്ത്ര സംസ്കാരം.

ക്വാറന്റൈൻ നിർദ്ദേശം ആയിരം വർഷങ്ങൾക്ക് മുമ്പുള്ള ഗ്രന്ഥത്തിൽ

കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ മെഡിക്കൽ സയൻസിന് ആഴത്തിലുള്ള സംഭാവനകളർപ്പിച്ച ഇറാനിയൻ മുസ്‌ലിം ശാസ്ത്ര പ്രതിഭ ഇബ്നു സീന (അവിസെന്ന) ശാസ്ത്രീയ ചർച്ചകളിൽ ഇടം പിടിച്ചിരിക്കുകയാണ്. വൈദ്യ സാഹിത്യ രൂപീകരണത്തിലും വിദ്യാഭ്യാസ വളർച്ചയിലും എന്തിന് വൈദ്യശാസ്ത്ര ചരിത്രത്തെ തന്നെ രൂപപ്പെടുത്തുന്നതിലും നിർണ്ണായക സ്വാധീനം ചെലുത്തിയ അദ്ദേഹം രചിച്ച ഗ്രന്ഥമാണ് അൽ ഖാനൂൻ.

പകർച്ച വാദിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലോകം മാതൃക സ്വീകരിക്കുന്നത് ആയിരം വർഷങ്ങൾക്കു മുമ്പുള്ള ഇബ്നു സീനയുടെ ഈ ഗ്രന്ഥത്തിൽ നിന്നാണെന്നത് ഏതൊരു മുസ്‌ലിമിനും വലിയ അഭിമാനം നൽകുന്ന കാര്യമാണ്. 1025 ൽ ഔദ്യോഗികമായി പ്രസിദ്ധീകൃതമായ ഈ കൃതിയിലാണ് പകർച്ചവ്യാധിയെ പ്രതിരോധിക്കാനായി ക്വാറന്റൈൻ സംവിധാനം നടപ്പിലാക്കണമെന്ന് നിർദ്ദേശിക്കുന്നത്.

ഇബ്നു സീനയെ വേറിട്ട് നിർത്തുന്ന മറ്റൊരു ഘടകം ആരോഗ്യരംഗത്തെ വൈദഗ്ധ്യത്തിന് പുറമേ അദ്ദേഹം വലിയൊരു തത്വജ്ഞാനിയാണെന്ന വസ്തതുതയാണ്. മുകളിൽ പരാമർശിച്ച ശാസ്ത്രം നേരിടുന്ന വെല്ലുവിളിയുടെ പരിഹാരം വൈദ്യശാസ്ത്രവും തത്വശാസ്ത്രവും ഒരുപോലെ ആർജിച്ചെടുത്ത ഇബ്നുസീന യിൽ കാണാനാവും.

ഇബ്നു സീന: തത്വ ജ്ഞാനിയായ ശാസ്ത്ര പ്രതിഭ

തർക്കശാസ്ത്രം, തത്വശാസ്ത്രം, അദ്ധ്യാത്മിക ജ്ഞാനം, മനശാസ്ത്രം, സംഗീതം, ഗണിതം, വൈദ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിൽ പഠനം നടത്തുകയും കൃത്യമായ നിരീക്ഷണങ്ങളോടെ രചനകൾ നിർവഹിക്കുകയും ചെയ്ത ചരിത്രത്തിലെ അത്യപൂർവ പ്രതിഭാസമായിരുന്നു ഇബ്നു സീന.

"ഗ്രീക്ക് മുൻഗാമികളിൽ നിന്ന് വിജ്ഞാനം സ്വീകരിച്ച ഇബ്നു സീനാ, ഗാലൻ അരിസ്റ്റോട്ടിൽ എന്നിവരുടെ രണ്ട് ചിന്താ രീതികളെക്കുറിച്ചും പഠനം നടത്തുകയും ഇരു ധാരകളുടെയും ഗുണങ്ങൾ മാത്രം സ്വാംശീകരിച്ച് ഒന്നാക്കി മാറ്റുകയും ചെയ്തു, 'കാനൺ ഓഫ് മെഡിസിൻ' എന്ന ഗ്രന്ഥം ഗാലന്റെ വൈദ്യശാസ്ത്ര കണ്ടെത്തലുകളെയും 'ഹയവാൻ' എന്ന ഗ്രന്ഥം അരിസ്റ്റോട്ടിലിയൻ ചിന്താധാരയെയുമാണ് ചർച്ച ചെയ്യുന്നത്.

വൈദ്യശാസ്ത്രത്തിൽ ഇത്തരം കനപ്പെട്ട ഗ്രന്ഥങ്ങൾ രചിക്കുമ്പോഴും അദ്ധ്യാത്മിക വിജ്ഞാനത്തിന്റെ വെളിച്ചം വിതറുന്ന അൽ ഇഷാറാത് എന്ന ഗ്രന്ഥവും അദ്ദേഹം സമൂഹത്തിന് സമർപ്പിച്ചു. ശാസ്ത്രത്തെയും തത്വ ചിന്തയെയും ഒരേ പ്രാധാന്യത്തോടെ അവതരിപ്പിച്ച മുസ്‌ലിം പണ്ഡിതന്മാർ ഇനിയുമുണ്ട്. വാനശാസ്ത്രത്തെ തത്വചിന്തയോടൊപ്പം കൈകാര്യം ചെയ്ത നാസിറുദ്ദീൻ തൂസി (1281-1274) ഇതിലൊരാളാണ്.

ശാസ്ത്ര ജ്ഞാനവും തത്വ ചിന്തയും സമ്മേളിക്കൽ അനിവാര്യം

ഇന്ന് തത്വജ്ഞാനികളുടെ പ്രകൃതിസംരക്ഷണ ചിന്തകളെയും ആശയങ്ങളെയും തുറന്നെതിർക്കുന്നവരാണ് രാഷ്ട്രീയക്കാരും പല ശാസ്ത്രജ്ഞരും. പ്രകൃതി സംരക്ഷണത്തിനായി ലോകം പുതിയൊരു ആദർശം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന പ്രശസ്ത തത്വചിന്തകൻ ബ്രൂണോയുടെ വാക്കുകൾ ബധിര ചെവികളിലാണ് വന്നലക്കുന്നത്. എന്നാൽ ഇബ്നുസീനയുടെ കാലത്ത് തത്വചിന്തയും ശാസ്ത്രജ്ഞാനവും ഒരാളിൽ തന്നെ സംഗമിച്ചെന്ന പ്രത്യേകതയാണുള്ളത്.

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ ലോകത്തെ കുറിച്ചും ശോഭനമായ ഭാവിക്ക് നാം സ്വീകരിക്കേണ്ട കരുതലുകളെ കുറിച്ചും നമുക്ക് കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. പക്ഷേ അതിന് ശാസ്ത്രജ്ഞാനവും തത്വജ്ഞാനവും ഒരുപോലെ ആവശ്യമാണ്. ഇതിനായി ലോകത്തിനാവശ്യം ഒരു അഭിനവ ഇബ്നുസീനയെയാണ്.

കടപ്പാട്: അൽ ജസീറ