കാലവും മാപ്പിളപ്പെണ്ണിന്റെ കോലവും

ശുഐബ് ഹൈത്തമി വാരാമ്പറ്റ

27 November, 2018

+ -
image

" കിതാബ് " ന്റെ യൂട്യൂബ് ലിങ്ക് ഇന്നലെ തുറന്ന് നോക്കിയപ്പോൾ പതിനായിരത്തിൽ താഴെയായിരുന്നു വ്യൂവേഴ്സ് . ഒരിടത്തേക്ക് വിഷയമാക്കിയെഴുതാനായി ഇന്നത് കാണാൻ തുറന്നപ്പോൾ മുപ്പതിനായിരത്തിന് തട്ടി നിൽക്കുന്നു.

അവഗണയുടെ പ്രത്യയശാസ്ത്ര സാധ്യതയെക്കുറിച്ച് നാം ഉറക്കെ ആലോചിക്കേണ്ടിയിരിക്കുന്നു എന്ന് മാത്രം വിശദീകരിക്കാതെ പറഞ്ഞ് വലിയൊരു ഭാഗം ഞാൻ പറയാതെ അവഗണിക്കുന്നു .

പൊതുവിദ്യാലയങ്ങളെ മതമുക്തമാക്കുന്നതെനിതിരായ ഔദ്യോഗികമായ സാമൂഹികയിടപെടലുകളെ കുറിച്ചല്ല ഈ പറയുന്നത് .

കിതാബിനെതിരെ നിരന്ന പ്രതിഷേധക്കുറിപ്പുകളാണ് സത്യത്തിൽ ഇയ്യിടെ ഞാൻ കണ്ട വലിയ അർത്ഥരാഹിത്യങ്ങൾ . ഖത്തറും ന്യൂയോർക്കും ബ്രിട്ടനുമെല്ലാം കയ്യിലായിട്ടും പഴയ ആ ഇൻഫീരിയർ & അപ്പോളജിക്കൽ മനോഘടനയിൽ നിന്നും മലബാറിലെ മാപ്പിളമാർ ഇനിയും രക്ഷപ്പെട്ടിട്ടില്ലെന്ന് അധിക കുറിപ്പും സൂചിപ്പിക്കുന്നു.

കാലവും മാപ്പിളപ്പെണ്ണിന്റെ കോലവും മാറിയിട്ടും അവരെ സംബന്ധിച്ച തിരക്കഥകൾ അമ്പത് കൊല്ലം ഡൗൺഡേറ്റഡാണ് എന്ന് നാം പരാതി പറയുമ്പോൾ തന്നെ , സാമൂഹിക പൊതുബോധത്തെ ഇസ്ലാമിന് നേരെ പ്രസാദിപ്പിച്ച് നിർത്താൻ നാം നടത്തുന്ന അത്യധ്വാനം കാണുമ്പോൾ നാണം തോന്നുന്നു. ആ അപ്പോളജിക്കൽ ന്യായീകരണങ്ങളും നാൽപ്പത് കൊല്ലം ഡൗൺഡേറ്റഡാണ് .

നാം നമ്മുടെ അജണ്ടയുമായി പോവണം , മറ്റുള്ളവരാൽ അജണ്ട തീരുമാനിക്കപ്പെടുന്നവരാതെ . ഇത്തരം നിലവാരം കുറഞ്ഞ വിവാദങ്ങളോട് ഇനിയെങ്കിലും 'ചെലക്കാതെ പോടോ' എന്ന സുപ്പീരിയർ മനോഭാവത്തിലെത്തി ഇടംവലം നോക്കാതെ നടക്കാൻ സാധിക്കേണ്ടിയിരിക്കുന്നു . ഭൂരിപക്ഷ 
പൊതുബോധത്തെ ഇസ്ലാം അഫക്ഷനേറ്റാക്കാൻ സാക്ഷാൽ പ്രവാചകന് പോലും അവിടെയക്കാലത്ത് സാധിക്കണമെന്ന് പടച്ചവൻ കരുതിയിട്ടില്ല . ദുനിയാവിന്റെ ഘടന നല്ലകിതാബിൽ നിന്ന് തന്നെ തിരിയണം .
ഇടത് ലിബറൽ യുക്തിവാദികൾ ഇസ്ലാമിൽ സ്ത്രീ രാജ്ഞിയാണ് എന്ന് പറയുന്ന നാളെകൾ പുലർന്നാൽ ഈ ലോകം പിരിച്ച് വിടേണ്ടി വരില്ലേ പിന്നെ ?

എത്ര തെറ്റായ മെത്തഡോളജിയനുസരിച്ചാണ് പലരും ആക്ഷേപങ്ങളിൽ നിന്നും ഇസ്ലാമിനെ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത് ! 
"ഞങ്ങളെ ഇസ്ലാമിൽ പെണ്ണിന് സ്വാതന്ത്ര്യം ഉണ്ടോ ഇല്ലയോ എന്ന് ചോദിക്കാൻ നിങ്ങളാരാണ് , നിങ്ങളുടെ കമ്മ്യൂണിസത്തിലും സ്ഥിതി പെൺവിരുദ്ധമല്ലേ , എത്രപേരുണ്ട് അവിടെ പാരമ്പര്യമായി കമ്മിറ്റിയിൽ , ക്യാബനറ്റിൽ , അവളെ അയാൾ പുണ്ണിയിട്ടും പാർട്ടി പോറ്റുന്നില്ലേ " ഈ ലൈനിലാണ് നാല് കെട്ടിയ മുക്രിയാണ് ഇടത് നേതാക്കളേക്കാൾ ഭേദം എന്ന് സമർത്ഥിക്കുന്നത് ! ഒരിടത്തെ അനീതി സ്വയം സമ്മതിച്ച് അതിനെ അതിനേക്കാൾ വലിയ അനീതി കൊണ്ട് മറക്കാനുള്ള ശ്രമം എത്രമേൽ പരിതാപകരം .

ഇസ്ലാം ദൈവിക മതമാണ്. വിശ്വാസവും അനുഷ്ഠാനവും മതമാവണമെങ്കിൽ അതിന് ഒരു പ്രേരണയേ പാടുള്ളൂ , പടച്ചവൻ പറഞ്ഞതിനാൽ ചെയ്യുന്നു / ചെയ്യാതിരിക്കുന്നു എന്ന്. ഇതിന് തയ്യാറുള്ളവരെയേ മതത്തിന് വേണ്ടൂ .ന്യായം ബോധ്യപ്പെട്ടാൽ പിന്നെ എന്ത് സമർപ്പിത വിശ്വാസം ?
ഇത്തരമൊരു ആത്മ സൗന്ദര്യശാസ്ത്രത്തെ തീർത്തും മാനുഷികമായ കമ്മ്യൂണിസം എന്ന സോഷ്യൽ പ്രത്യയശാസ്ത്രത്തോട് താരതമ്യം ചെയ്യുന്നത് തന്നെ തോൽവിയാണ്, ഇസ്ലാമിനോട് ചെയ്യുന്ന അനീതിയും . ഖുർആനിൽ ഇസ്ലാമേതര വിശ്വാസ സംഹിതയെ നിരൂപണം ചെയ്ത് ഇസ്ലാം എങ്ങനെ ഉത്തമമാകുന്നു എന്ന് പറഞ്ഞത് ധാരാളമുണ്ട്. പക്ഷെ മനുഷ്യനിർമ്മിത നാഗരിക ശാസ്ത്രങ്ങളെ ഇസ്ലാമിന് നേരെ വെച്ച് മൂല്യനിർണ്ണയം നടത്തിയിട്ടില്ല . ആത്മാഭിമാനവും ആത്മബോധ്യങ്ങളുമല്ല , മറ്റുള്ളവർ ശരിയാണെന്ന് സമ്മതിച്ചു തരലാണ് ഇസ്ലാമിന്റെ വിജയം എന്ന് മനസ്സിലാക്കിയ സാക്ഷാൽ സാധുക്കളാണ് 'കിതാബുകളുടെ ' മാർക്കറ്റ് .