പ്രാവിൻ്റെ തവക്കുലും ചില ചിന്തകളും.

സലീം ഹുദവി ചിയ്യാനൂർ.

25 June, 2020

+ -
image

വീടിനടുത്ത് കയ്യെത്തും ദൂരെ ഒരു പ്രാവ് കൂട് കൂടിയിട്ടുണ്ട്. ഏതാനും ചുളളികൊമ്പുകളിൽ തീർത്തതാണ് ആ കൂട്. മേലെ ആകാശം, താഴെ സിമൻ്റ് തറ. ഓപ്പൺ ടറസ്സ് ആയത് കൊണ്ട് കണാമറയത്ത് എന്ന് പറയാനാവില്ല. വാതിൽ തുറന്നാൽ ആദ്യം കാണുന്നത് പ്രാവിനേയും പിന്നെ കൂടുമായിരിക്കും. അടുത്ത് വന്ന് നോക്കിയപ്പോഴും ഫോട്ടോ മിന്നിയപ്പോഴും പ്രതീക്ഷക്ക് വിപരീതമായി അത് പറന്ന് പോയില്ല. 

ഒരു ദിവസം നോക്കുമ്പോൾ പ്രവിനെ കാണുന്നില്ല. കൂട്ടിൽ മുട്ടയുണ്ടെങ്കിലും അന്യസ്പർശനം ഇഷ്ടമായില്ലെങ്കിലോയെന്ന് കരുതി എടുക്കാനും നിന്നില്ല. കുറച്ച് കഴിഞ്ഞപ്പോഴാണ് തൊട്ട് മേലെ ശീറ്റിന് മേലെയിരുന്ന് പ്രാവ് എല്ലാം സാകൂതം വീക്ഷിക്കുന്നത് കണ്ടത്. കുറച്ച് അരിയും,  ഒരു കപ്പിൽ വെളളവും താഴെ വെച്ചിരുന്നു. അന്നപാനം നടത്തുന്നത് നേരിൽ കാണാൻ കഴിഞ്ഞില്ല.

അതിനിടയിൽ നല്ല പേമാരിയും ശ്കതമായ കാറ്റും ഉണ്ടായിരുന്നു. കാറ്റിൻ്റെ ശക്തിയിൽ വാതിൽ അതി ശക്തമായി ഘോര ശബ്ദത്തോടെ അടയുന്നത് കണ്ടു. ഒരു സുഹൃത്തിൻ്റെ വീടിൻ്റെ മേൽക്കൂരയിലെ ശീറ്റ് പാറിപ്പോയതും ആരോ ഗ്രൂപ്പിൽ പോസ്റ്റിയിരുന്നു. 

കാറ്റത്ത് പ്രാവിൻകൂട് പാറി പോയിട്ടുണ്ടാവുമെന്ന് കരുതിയ എനിക്ക് തെറ്റി. അപ്പോഴും പ്രാവ് അവിടെ തന്നെ തൻ്റെ മുട്ടക്ക് അടയിരിക്കുന്നുണ്ടായിരുന്നു. 

ഒരുവേള ഞാനും ചിന്തിച്ചിരിന്നു ആ കൂട് സുരക്ഷിതമായ മറ്റൊരു സ്ഥാനത്തേക്ക് മാറ്റിയാലോയെന്ന്? വെയിലും മഴയും ഏൽക്കാതെ അതിനെ സംരക്ഷിക്കാമല്ലോ? പക്ഷെ പ്രാവിനത് ഇഷ്ടമായില്ലെങ്കിലോ? അതിൻ്റെ മനസ്സ് വേദനിച്ചാലോ എന്നെ ചിന്ത, അതിൻ്റെ റബ്ബ്  അതിനെ സംരക്ഷിക്കുമെന്ന് സമാധാനിക്കാൻ പ്രേരിപ്പിച്ചു.

ഈ പ്രാവ് എങ്ങനെ ഭക്ഷണം കഴിക്കുന്നു? എവിടെ നിന്നും വെളളം കുടിക്കുന്നുവെന്ന ചോദ്യം ഇവിടെയുണ്ട്. പുറത്ത് പോവാത്ത ഈ പ്രാവിന് ആര് അന്നപാനം നൽകുന്നു?

മനുഷ്യൻ ഇന്ന് ക്വാറന്റയിനിലാണ്, ഇടക്കിടെ കിട്ടുന്ന ഇടവേളകളിൽ ഭക്ഷണ സാദനങ്ങൾ സമാഹരിക്കുന്നു. എന്നാലും ചിന്ത, ഇത് നീണ്ടു പോയാൽ എന്താകുമെന്നാണ്. മനുഷ്യൻ്റെ ഭാവി,  ജോലി, സാമ്പത്തിക തിരിച്ചടി എന്നിവ തിരിച്ചു പിടിക്കാനാവുമോ? 

പക്ഷികളെ തവക്കുലിന് ഉദാഹരിച്ചത് ഹദീസുകളിൽ കാണാം.

"ഹസ്റത്ത് ഉമർ (റ) വിൽ നിന്നും നിവേദനം, അദ്ദേഹം പറയുന്നു: നബി(സ) പറയുന്നത് ഞാൻ കേട്ടു: നിങ്ങൽ അല്ലാഹുവിൽ വേണ്ട വിധം ഭരമേല്പിച്ചാൽ പക്ഷികൾക്ക് ഭക്ഷണം നൽകപ്പെടുന്നത് പോലെ നിങ്ങൾക്കും ഭക്ഷണം  നൽകപ്പെടും. പ്രഭാതത്തിൽ ഒട്ടിയ വയറുമായി പോയി, വൈകുന്നേരം നിറഞ്ഞ വയറുമായി അവ തിരിച്ചു വരുന്നു". (തിർമുദി).

രാവിലേയും വൈകുന്നേരവും പക്ഷികളുടെ പോക്കും വരവും അദ്ധ്വാനത്തെയാണ് സൂചിപ്പിക്കുന്നത്. പറക്കുമ്പോൾ പറവകൾക്ക് നിശ്ചിതലക്ഷ്യമുണ്ടവണമെന്നില്ല, പക്ഷെ അല്ലാഹു അതിനെ ലക്ഷ്യത്തിലേക്കെത്തിക്കുന്നു.

ഈ പ്രാവിൻ്റെ ശാരീരിക പ്രകൃതി തേടുന്നത് മുട്ടകൾക്ക് അടയിരിക്കാനാണ്. അന്നപാനീയം അതിന് പ്രശ്നമില്ല, അതിൻ്റെ പേരിൽ ചിന്തിച്ച് തലപുണ്ണാക്കാനും, അതിനെ മാത്രമല്ല ഒരു പക്ഷിയേയും കിട്ടില്ല. ഭക്ഷണം നൽകുന്നവൻ അല്ലാഹുവാണെന്ന് അവക്കറിയാം, മനുഷ്യനേ അത് മറക്കാൻ കഴിയൂ.

"അന്നദാനബാധ്യത അല്ലാഹു ഏറ്റിട്ടില്ലാത്ത ഒരു ജീവിയും ഭൂമിയിലില്ല. അതിന്റെ താവളവും സൂക്ഷിപ്പുസ്ഥലവും അവനറിയുന്നുണ്ട്. സ്പഷ്ടമായ ഒരു രേഖയിലുണ്ട് അവയത്രയും." (സൂറ അൽ ഹൂദ്-6)

ബുദ്ധിയും വിവേകവും മനുഷ്യൻ്റെ മാത്രം കൂടപ്പിറപ്പാണ്. അത് കൊണ്ടാവും അഹങ്കാരവും, ധിക്കാരവും അവൻ്റെ ഒപ്പം കൂടിയത്. കൂടുതൽ വെട്ടിപ്പിടിക്കാനും,  അനർഹമായത് സ്വന്തമാക്കാനുമാണ് അവൻ്റെ ദൈനംദിന ത്വര. അതോടെ സമാധാനം നഷ്ടപ്പെട്ടു. സമ്പത്തിന് കാവലിരിക്കേണ്ട ഗതികേടും.

ഏതാനും ചില്ലകളും ചുളളിക്കഷ്ണങ്ങളുമുണ്ടായാൽ പ്രാവിന് കൂടൊരുക്കാം. മനുഷ്യനോ, അവൻ്റെ സമ്പാധ്യത്തിൻ്റെ നല്ലൊരു പങ്കും വീടിന് വേണം. കുറെ കടങ്ങളും, പിന്നെ പലിശയും. 

ആവശ്യത്തിന് വിശാലമായൊരു വീട് മനുഷ്യന് വേണ്ടത് തന്നെയാണ്. പക്ഷെ, അത് മറ്റുളളവരോടുളള മത്സരമോ, പൊങ്ങച്ചമോ ആവരുത്. 

"സഅ്ദുബ്നു അബീ വഖാസ് (റ) വിൽ നിന്നും നിവേദനം: നബി (സ) തങ്ങൾ പറയുന്നു: വിജയനിദാനങ്ങൾ നാലാകുന്നു. സച്ഛരിതയായ ഭാര്യ, വിശാല വസതി, നല്ല അയൽ വാസി, നല്ലൊരു വാഹനം. പരാജയ നിദാനങ്ങളും നാലത്രെ, ചീത്ത അയൽവാസി, ദുശിച്ച ഭാര്യ, ഇടുങ്ങിയ വീട്, മോശം വാഹനം". (ഇബ്നു ഹിബ്ബാൻ, അഹ്മദ്).

ഏറ്റവും ദുർബലമായ വീട്  ചിലന്തിയുടേതാണെന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. 

" വീടുകളിൽ വെച്ച് ഏറ്റവും ദുർബലമായത് ചിലന്തി വീട് തന്നെയാണ്. (സൂറ: അൽ അൻകബൂത്ത് 41)

ശാന്തിയും സമാധാനവും ഇല്ലാത്ത വീടും ചിലന്തി വീടിന് സമാനമാണ്. വീട്ടിലെ അന്തേവാസികളാണ് വീടിനെ സ്വർഗ്ഗവും നരകവുമാക്കുന്നവർ. വീട്ടു ഭരണം മിക്കവാറും സ്ത്രീകൾക്കായിരിക്കും. കാരണം ഭർത്താവ് മിക്കപ്പോഴും ജോലിയാവശ്യാർത്ഥം വെളിയിലായിരിക്കും.അതിനാൽ നല്ല ഭാര്യ വീടിൻ്റെ മാത്രമല്ല, കുടുമ്പത്തിൻ്റേയും വിജയമായിരിക്കും.

ചിലന്തി വീട് പോലെ തന്നെ,  പ്രാവിൻ്റകൂടും അത്ര സുരക്ഷിതമുളള ഒരിടമൊന്നുമല്ല. പക്ഷെ ഇവ രണ്ട് കൊണ്ടുമാണ് അല്ലാഹു പ്രവാചകൻ തിരുമേനി(സ)യേയും  സന്തതസഹചാരി സിദ്ദീഖ് (റ) വിനേയും സംരക്ഷിച്ചത്. ഹിജ്റ വേളയിൽ സൗർ പർവ്വതത്തിലെ ഗുഹയിൽ ഇരുവരും അഭയം പ്രാപിക്കുകയും അവരെ തേടി അശ്വരൂഡരായ ഒരു സംഘം ഖുറൈശീ പടയാളികൾ ഗുഹാമുഖത്തെ ചിലന്തി വലയും,  പ്രാവിൻ്റെ വാസ സ്ഥലവും കണ്ട്, അതിൻ്റെ പിന്നിൽ മറഞ്ഞിരിക്കുന്ന ഇരുവരേയും  കാണാതെ അവർ നിരാശരായി സ്ഥലം വിടുകയാണുണ്ടായത്. ആർഭാട പൂർണ്ണമായ വീടോ, കോട്ട കൊത്തളങ്ങളോയല്ല, അല്ലാഹുവിൻ്റെ മാർഗ്ഗത്തിലെ മാനസിക അർപ്പണവും ഉറച്ച വിശ്വാസവുമാണ് ജീവിത വിജയത്തിന്നാധാരം. 


Also Read:ആശങ്കകളല്ല, തവക്കുലാണ് നമുക്ക് വേണ്ടത്


"അല്ലാഹുവിനെ ആരെങ്കിലും സൂക്ഷിക്കുന്നുവെങ്കില്‍ അവന്‍ അയാള്‍ക്കൊരു മോചനമാര്‍ഗം സജ്ജീകരിച്ചു കൊടുക്കുന്നതും നിനച്ചിരിക്കാത്ത വിധം ഉപജീവനം നല്‍കുന്നതുമാണ്. അവന്റെമേല്‍ ആരെങ്കിലും കാര്യങ്ങള്‍ ഭരമേല്‍പിക്കുന്നുവെങ്കില്‍ അയാള്‍ക്ക് അവന്‍ തന്നെ മതി. തന്റെ കാര്യം അല്ലാഹു നേടുക തന്നെചെയ്യും; ഓരോ വിഷയത്തിനും അവനൊരു നിര്‍ണയമേര്‍പ്പെടുത്തിയിട്ടുണ്ട്."