വിവാഹം അല്ലാഹുവിന്റെ മനോഹരമായ സമ്മാനമാണ്. (രണ്ടാം ഭാഗം)

സഹ്ല എം. എം കുറ്റ്യാടി

25 December, 2019

+ -
image

Part 2 

ഒരുവന് വിവാഹത്തിന് കഴിവും ആഗ്രഹമുണ്ടാവുകയും അതോടൊപ്പം വ്യഭിചാരത്തിൽ അകപ്പെടുമെന്ന് ഭയപ്പെടുകയും ചെയ്താൽ അവന്ന് വിവാഹം കഴിക്കൽ നിർബന്ധമാണ്. കാരണം മനസ്സിനെ നിഷിദ്ധങ്ങളിൽ നിന്ന്‌ പരിരക്ഷിക്കേണ്ടതും പരിശുദ്ധമാക്കി വെക്കേണ്ടതും ഒഴിച്ചു കൂടാനാകാത്ത സ്വന്തത്തോടുള്ള ബാധ്യതയാണ്. ഇതിനുള്ള ഉദാത്തമായ മാർഗമാണ് വിവാഹം. ഇബ്നു മസ്ഊദ് (റ) വിൽ നിന്നും നിവേദനം. നബി (സ)പറഞ്ഞു :"ഓ യുവാക്കളേ, നിങ്ങളിൽ ആർകെങ്കിലും വിവാഹം ചെയ്യുവാൻ കഴിവുണ്ടെങ്കിൽ അവൻ അങ്ങനെ ചെയ്യട്ടെ കാരണം, വിവാഹം അവന്റെ ദൃഷ്ടിയെ താഴ്ത്തി കളയുന്നതും ഗുഹ്യ സ്ഥാനത്തെ സൂക്ഷിക്കുന്നതും ആണ്. ആർക്കെങ്കിലും അതിന് സാധ്യമല്ലെങ്കിൽ അവൻ നോമ്പനുഷ്ഠിക്കട്ടെ, കാരണം അതവന് ഒരു പരിചയാണ്. 

ഖുർത്തുബി (റ) പറയുന്നു: "വിവാഹത്തിന് കഴിവുള്ളവൻ, വിവാഹത്തിൽ നിന്ന് അകന്നു നിൽക്കുന്നതുകൊണ്ട് തന്റെ ശരീരത്തിനും ദീനിനും തകരാർ സംഭവിക്കുമെന്നും വിവാഹം മാത്രമേ ഇതിന് പ്രതിവിധി ഉള്ളൂവെന്ന് കാണുകയാണെങ്കിൽ വിവാഹം കഴിക്കൽ അവനു നിർബന്ധമാണ്. എന്നാലവൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ഭാര്യക്ക് ചെലവ് കൊടുക്കാൻ സാധ്യമാവാതെ വരികയും ആണെങ്കിൽ അവനെക്കുറിച്ച് അല്ലാഹു പറയുന്നു:"വിവാഹം കഴിക്കാൻ കഴിവ് ലഭിക്കാത്തവർ അവർക്ക് അള്ളാഹു തന്റെ അനുഗ്രഹത്തിൽ നിന്ന് ആശ്രയത്വം നൽകുന്നതുവരെ സന്മാർഗ ....നിലനിർത്തട്ടെ(നൂർ 33)."

എല്ലാം ഒത്തിണങ്ങിയ ഒരു ഇണയെ ലഭിച്ചിട്ടും, വിവാഹം കഴിക്കാൻ കഴിവുണ്ടായിട്ടും അവൻ വിവാഹം കഴിക്കാതിരുന്നാൽ അവൻ നമ്മിൽ പെട്ടവനല്ല(ത്വബ്റാനി, ബൈഹഖി).

ഇസ്ലാമിൽ ഇണയെ തിരഞ്ഞെടുക്കുന്നതിൽ ചില മാനദണ്ഡങ്ങളുണ്ട്. അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു:"നാല് കാര്യങ്ങൾക്ക് വേണ്ടി സ്ത്രീയെ വിവാഹം ചെയ്യാറുണ്ട്. അവളുടെ പണത്തിനുവേണ്ടി, കുലമഹിമക്ക് വേണ്ടി, സൗന്ദര്യത്തിനു വേണ്ടി, ദീനിനു വേണ്ടി, എന്നാൽ നീ ദീൻ ഉള്ളവരെ തിരഞ്ഞെടുത്തു കൊള്ളുക. അല്ലാത്ത പക്ഷം നിനക്ക് നാശം". ഇതിൽ നിന്നും നാം ആദ്യം മനസ്സിലാക്കേണ്ടത് വധുവിനെ തിരഞ്ഞെടുക്കുമ്പോൾ
ആദ്യം പരിഗണിക്കേണ്ടത് അവളുടെ ദീനാണ് എന്നാണ്. ഇസ്ലാമികസ്വഭാവവും സംസ്കാരവും ആചാരാനുഷ്ഠാനങ്ങളും അവൾ പഠിച്ചു പ്രയോഗവത്കരിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. ദാമ്പത്യജീവിതത്തിലെ വഴക്കുകൾക്കും വിവാഹമോചനത്തിനും വരെ കാരണം ഗൃഹപരിപാലനത്തിന്റെ ഇസ്‌ലാമികവീക്ഷണങ്ങളെ കുറിച്ചുള്ള അജ്ഞതയാണ്. ഭാര്യ ഭർത്താവിന്റെ പാർപ്പിടവും കൃഷിസ്ഥലവും ആണ്; അവന്റെ ജീവിതപങ്കാളിയും ഗൃഹനാഥയും സന്താനങ്ങളുടെ മാതാവും ഹൃദയത്തിന്റെ ആശാകേന്ദ്രവും രഹസ്യങ്ങളുടെ സങ്കേതവുമാണ്. മാതാവിന്റെ കാലിനടിയിലാണ് സ്വർഗ്ഗം എന്ന് പഠിപ്പിച്ച നമ്മുടെ നേതാവ് മുഹമ്മദ് നബി(സ)യുടെ മതമായ ഇസ്ലാമിൽ സ്ത്രീകൾക്ക് അത്രത്തോളം പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു. കുടുംബത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരംഗമാണവൾ. കാരണം സന്താനപാലനത്തിലും, സ്വഭാവ രൂപീകരണത്തിലും മാതാവിന്റെ പങ്കു അതുല്യമാണ്. കുട്ടികൾ തങ്ങളുടെ കഴിവുകൾ വളർത്തുന്നതും, ഭാഷയെ സ്വാംശീകരിക്കുന്നതും ദീൻ അറിയുന്നതും സാമൂഹിക സമ്പ്രദായങ്ങൾ ശീലിക്കുന്നതുമെല്ലാം മാതാവിന്റെ മടിത്തട്ടിൽ നിന്നു കൊണ്ടാണല്ലോ. "താ"മൊഴി എന്ന പോലെ തന്നെ പരമപ്രധാനമാണ് "താ"വഴിയും. മാതാവിന്റെ ജീവിതവഴി പരിശുദ്ധവും പ്രൗഢവും ഉത്തമഗുണങ്ങളാൽ സമ്പന്നവുമാണെങ്കിൽ ആ വഴിയിലൂടെ നടന്നു വളരുന്ന വ്യക്തിയും സമാനഗുണങ്ങൾ ഉൾക്കൊണ്ടവനാ(ളാ)യി വരും. ഇക്കാരണങ്ങൾ കൊണ്ടാണ് സദ്‌വൃത്തയായ വധുവിനെ തിരഞ്ഞെടുക്കുന്നതിന്
ഇസ്ലാം പ്രോത്സാഹനം നൽകുന്നത്. സദ് വൃത്തിയെന്നാൽ മതനിഷ്ഠ പാലിക്കുക, ശ്രേഷ്ഠഗുണങ്ങൾ മുറുകെപ്പിടിക്കുക,ഭർത്താവിനോടുള്ള ബാധ്യതകൾ നിറവേറ്റുക, സന്താനങ്ങളെ സംരക്ഷിക്കുക തുടങ്ങിയവയല്ലാതെ മറ്റൊന്നുമല്ല.അതുതന്നെയാണ് പരിഗണിക്കപ്പെടേണ്ടതും.

സഹ് ല എം. എം കുറ്റ്യാടി ,സൈത്തൂന് ഇന്റര്‍നാഷണൽ ഗേൾസ് കാമ്പസ്, കോട്ടക്കൽ