സഹോദരനെ ബഹുമാനിക്കണം

മന്‍സൂര്‍ ഹുദവി കളനാട്

22 January, 2019

+ -
image

മാതൃത്വത്തിനും പിതൃത്വത്തിനും ശ്രേഷ്ഠ പദവി നല്‍കുന്ന ഇസ്ലാം മതം മറ്റു കുടുബ ബന്ധങ്ങള്‍ക്കും സ്ഥാനം വകവെച്ചു നല്‍കുന്നുണ്ട്. അതില്‍ പ്രധാനമാണ് സഹോദര ബന്ധം. മൂസാ നബി (അ)ക്ക് ദീനി പ്രബോധന വീഥിയില്‍ ഊര്‍ജ്ജം പകരാന്‍ സഹോദരന്‍ ഹാറൂന് (അ) പ്രവാചകത്വം നല്‍കിയത് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: നമ്മുടെ കാരുണ്യത്താല്‍ സ്വസഹോദരന്‍ ഹാറൂനെ പ്രവാചകനായി നല്‍കുകയുമുണ്ടായി (സൂറത്തു മര്‍യം 53). 

സംസാരത്തില്‍ ഇടര്‍ച്ച നേരിട്ട മൂസാ നബി (അ) തനിക്ക് സഹായിയായി സഹോദരനെ നിയോഗിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു: എന്റെ കുടുംബത്തില്‍ നിന്ന് സ്വസഹോദരന്‍ ഹാറൂനെ സഹായിയായി ഏര്‍പ്പെടുത്തുകയും അദ്ദേഹം എനിക്ക് ദൃഡശക്തിയേകുകയും എന്റെ ദൗത്യത്തില്‍ അദ്ദേഹത്തെ പങ്കാളിയാക്കുകയും ചെയ്താലും (സൂറത്തു ത്വാഹാ 29, 30, 31, 32). 

പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുമെന്ന് അല്ലാഹു മൂസാ നബി (അ)യെ അറിയിക്കുകയുമുണ്ടായി: സ്വസഹോദരന്‍ വഴി നിങ്ങള്‍ക്ക് നാം പിന്‍ബലമേകുകയും ഒരു അജയ്യ ശേഷി നിങ്ങളിരുവര്‍ക്കും നാം തരികയും ചെയ്യും (സൂറത്തു ഖസ്വസ് 35). 

മൂസാ നബി (അ) ഹാറൂനെ (അ) തെരഞ്ഞെടുക്കുക മാത്രമല്ല ചെയ്തത്, സഹോദരന്റെ  പാപമോക്ഷത്തിനും കാരുണ്യത്തിനുമായി പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഖുര്‍ആന്‍ സൂറത്തുല്‍ അഅ്‌റാഫ് 151 ാം സൂക്തത്തില്‍ കാണാം. ആ സഹോദര ബന്ധം ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ഊഷ്മളമായിരുന്നു. അവര്‍ പരസ്പരം താങ്ങും തണലുമായിരുന്നു. ഇരുവരും നബിമാരായി ക്കൊണ്ട് ആ ബന്ധം സുദീര്‍ഘമായി തുടരുകയും ചെയ്തു.

സാധ്യമായ എല്ലാ നന്മകളിലും കൈക്കോര്‍ക്കേണ്ടവരാണ് സഹോദരങ്ങള്‍. ആപല്‍ഘട്ടങ്ങളിലും പ്രതിസന്ധി സമയങ്ങളിലും പ്രതിരോധത്താലും സമാശ്വാസത്താലും പരസ്പരം ആത്മവിശ്വാസം പകരേണ്ടവരാണവര്‍. കുടുംബത്തിന്റെ ഭദ്രതക്കും കെട്ടുറപ്പിനും ഉപോല്‍ബലകവുമാണ് സഹോദര ബന്ധം. ഉമ്മ, ഉപ്പ, സഹോദരി എന്നിവര്‍ക്ക് ശേഷം ഓരോര്‍ത്തരും ഏറെ കടപ്പെട്ടിരിക്കുന്നത് സഹോദരനോടാണ്. സഹോദര ബന്ധം എങ്ങനെയുമാവട്ടെ (ഒരേ മാതാപിതാക്കളുടെ മക്കളാവട്ടെ, അല്ലെങ്കില്‍ ഒരേ ഉപ്പയുടെ മക്കളാവട്ടെ, ഒരേ ഉമ്മയുടെ മക്കളാവട്ടെ. മുലകുടി ബന്ധത്തിലൂടെയുള്ള സഹോദരനാണെങ്കിലും ശരി). നബി (സ്വ) പറയുന്നു: നീ നിന്റെ ഉമ്മക്കും ഉപ്പക്കും സഹോദരിക്കും സഹോദരനും ഗുണം ചെയ്യണം. ശേഷം ഓരോ കുടുംബക്കാരോട് ക്രമമായി ഗുണം ചെയ്യണം (അല്‍ മുസ്തദ്‌റഖ് 7245).

സഹോദനെ സന്ദര്‍ശിക്കുക, വിട്ടൂ കൂടുംബകാര്യങ്ങള്‍ അന്വേഷിക്കുക, കുശലാന്വേഷണം നടത്തുക, സ്‌നേഹ പ്രകടനം നടത്തുക, സന്തോഷത്തിലും ദുഖത്തിലും പങ്കാളിയാവുക, ഇടക്കിടെ ബന്ധം ചേര്‍ത്തിക്കൊണ്ടിരിക്കുക മുതലായവ സഹോദരനില്‍ ഉണ്ടാവേണ്ട ഗുണങ്ങളാണ്. സഹോദരങ്ങളെന്നാല്‍ ഒരേ രക്തം സിരകളിലൊഴുകുന്ന, ഒരേ വീട്ടില്‍ വളര്‍ന്നവരാണല്ലൊ. ആ ബന്ധം വളരെ വളരെ ആര്‍ദ്രമായിരിക്കും. കുഞ്ഞു നാളുകളിലെയും ബാല്യ കൗമാര ഘട്ടങ്ങളിലെയും അനുഭവങ്ങള്‍ അമര ഓര്‍മകളായി അവരെ ബന്ധിപ്പിച്ചുക്കൊണ്ടിരിക്കുകയായിരിക്കും.

തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നിടത്താണ് യഥാര്‍ത്ഥ സഹോദര ബന്ധം ജനിക്കുന്നത്. ഒരിക്കല്‍ നബി (സ്വ) ഒരു അനുയായിയോട് ചോദിക്കുകയുണ്ടായി: നീ സ്വര്‍ഗത്തെ ആഗ്രഹിക്കുന്നുവോ? സ്വഹാബി പറഞ്ഞു: അതെ. അപ്പോള്‍ നബി (സ്വ) പറഞ്ഞു: എന്നാല്‍ നീ നിനക്ക് ആഗ്രഹിക്കുന്നത് നിന്റെ സഹോദരന് വേണ്ടിയും ആഗ്രഹിക്കണം (ഹദീസ് അഹ്മദ് 17107). 

തന്റെ സഹോദരന്റെ നല്ല ആഗ്രഹങ്ങള്‍ സാക്ഷാല്‍ക്കരിച്ചുക്കൊടുക്കാന്‍ ഓരോര്‍ത്തരും കടപ്പെട്ടിരിക്കുന്നു. വലീദു ബ്‌നു വലീദ് (റ) തന്റെ സഹോദരന്‍ ഖാലിദു ബ്‌നു വലീദിനെ (റ) സത്യമതത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തെഴുതുകയുണ്ടായി. ഖാലിദ് (റ) കത്ത് കിട്ടിയ ഉടനെ നബി (സ്വ)യുടെ സന്നിധിയിലേക്ക് ചെന്ന് സലാം പറഞ്ഞ് മുസ്ലിമാവുകയായിരുന്നു. താന്‍ സിദ്ധിച്ച സന്മാര്‍ഗ ദര്‍ശനം തന്റെ സഹോദരനും വേണമെന്ന ബോധ്യമാണ് വലീദി (റ)ന് ഈ കത്തെഴുതാന്‍ പ്രേരകമായത്. സഹോദരന്റെ ആഗ്രഹം സഫലമാക്കി വിജയപാത തെരഞ്ഞെടുക്കാന്‍ ഖാലിദി (റ)നും സാധിച്ചു.

സഹോദരന്‍ കണ്ണാടി പോലെയാണ്. കണ്ണാടിയില്‍ വല്ല മാലിന്യമോ അഴുക്കോ കണ്ടാല്‍ നാമവ നീക്കി കളയുമല്ലൊ. അതുപോലെ തന്നെ സഹോദരനില്‍ വല്ല തിന്മയും കണ്ടാല്‍ സദുപദ്ദേശത്തോടെ അതു മാറ്റിക്കൊടുക്കണം. സഹോദരന്‍ ഉപദേശം ആരാഞ്ഞാല്‍ നിസ്വാര്‍ത്ഥമായി ഉപദേശിക്കണമെന്നാണ് നബി വചനം (ഹദീസ് അഹ്മദ് 15455). 

സഹോദരന് നല്ലതും ചീത്തയും തരംതിരിച്ച് മനസ്സിലാക്കിക്കൊടുക്കണം. മുന്‍കോപമില്ലാത്ത വിധം സൗമ്യവും ആത്മാര്‍ത്ഥവുമായാണ് സഹോദരനെ ഉപദേശിക്കേണ്ടത്. കാര്യങ്ങളില്‍ സഹോദരനോട് അഭിപ്രായം തേടുകയും വേണം. ഒരിക്കല്‍ അബ്ദുല്ല ബ്‌നുല്‍ മുബാറക്കി (റ)നോട് ഒരാള്‍ ചോദിച്ചു: മനുഷ്യനു നല്‍കപ്പെട്ടതില്‍ അമൂല്യമായതെന്ത്?  അബ്ദുല്ലാ (റ) മറുപടി പറഞ്ഞു: ബുദ്ധിശക്തി. അപ്പോള്‍ ചോദിച്ചു: അതില്ലെങ്കിലോ? മറുപടി പറഞ്ഞു: സ്വഭാവമര്യാദ. വീണ്ടും ചോദിച്ചു അതില്ലെങ്കിലോ? അപ്പോള്‍ മറുപടി പറഞ്ഞു: കാര്യങ്ങളില്‍ അഭിപ്രായങ്ങള്‍ തേടുന്ന സഹോദരനാണ് മനുഷ്യന് നല്‍കപ്പെട്ടതില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠം (കിതാബു സിയറി അഅ്‌ലാമില്‍ നുബലാഅ് 7   376)

അനുജ സഹോദരന്‍ ജേഷ്ഠ സഹോദരനോട് അര്‍ഹമായ രീതിയില്‍ സമ്പര്‍ക്കം പുലര്‍ത്തുകയും ബഹുമാനിക്കുകയും ചെയ്യണം. ബഹുമാനാദരവുകളുടെ കാര്യത്തില്‍ പിതാവിനെ പോലെയാണ് ജേഷ്ഠസഹോദരന്‍. മുതിര്‍ന്നവരെ ബഹുമാനിക്കാത്തവര്‍ നമ്മളില്‍പ്പെട്ടവരല്ല എന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് അഹ്മദ് 6937, ത്വബ്‌റാനി 4812). ഉമര്‍ ബ്‌നുല്‍ ഖത്വാബി (റ)ന്റെ ഒരു പേരക്കുട്ടി ഹദീസ് പഠനത്തില്‍ അഗാധ പാണ്ഡിത്യമുള്ളയാളായിരുന്നു. അദ്ദേഹത്തോട് ആരെങ്കിലും ഒരു ഹദീസിനെ പ്പറ്റി ചോദിച്ചു വന്നാല്‍ ബഹുമാനാര്‍ത്ഥം സഹോദരന്റെ അടുക്കലേക്ക് അയക്കാറുണ്ടായിരുന്നു.

ജേഷ്ഠ സഹോദരന്‍ അനുജ സഹോദരനോട് കരുണാമയനും വാത്സല്യവാനുമായിരിക്കണം. അവനെ ശ്രദ്ധിക്കുകയും നല്ലകാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യണം. ചെറിയവരോട് കരുണ കാണിക്കാത്തവര്‍ നമ്മളില്‍പ്പെട്ടവനല്ലെന്നും നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് അബൂ ദാവൂദ് 4943, തുര്‍മുദി 1919). 

സഹനവും സഹിഷ്ണുതയുമാണ് ഒരു സഹോദരന് കൈമുതലായി ഉണ്ടാവേണ്ടത്. സഹോദരങ്ങള്‍ക്കിടയില്‍ വല്ല അഭിപ്രായ വിത്യാസമോ തര്‍ക്കമോ സംഭവിച്ചാല്‍ പിശാചിന് ഇടയില്‍ കയറി പ്രശ്‌നം സങ്കീര്‍ണമാക്കാന്‍ അവസരം നല്‍കാത്ത വിധം വിടുതിക്കും വിട്ടുവീഴ്ചക്കും തയ്യാറാവണം. വിട്ടുവീഴ്ചാ മനോഭാവം ഉല്‍കൃഷ്ട സ്വഭാവഗുണമാണല്ലൊ. ഒരു കുറ്റത്തിന്റെ പേരില്‍ സഹോദരനെ ബഹിഷ്‌ക്കരിക്കരുതെന്നും ആ കുറ്റം കാരുണ്യവാനായ അല്ലാഹു അവന് പൊറുത്തുക്കൊടുത്തേക്കാമെന്നും പ്രമുഖ അറബി കവി മുഹമ്മദ് ബ്‌നു ഈസ ബ്‌നു ത്വല്‍ഹ ബ്‌നു അബ്ദുല്ല പാടിയിട്ടുണ്ട്.

ഒരാള്‍ തന്റെ സഹോദരന്റെ ആഗ്രഹങ്ങള്‍ നേടിക്കൊടുക്കാന്‍ സ്‌നേഹപൂര്‍വ്വം വര്‍ത്തിക്കുകയും സഹായിക്കുകയും വേണം. ആവശ്യഘട്ടങ്ങളില്‍ പണം നല്‍കി ഉദാര മനസ്‌കതയും കാട്ടണം. നബി (സ്വ) പറഞ്ഞിട്ടുണ്ട് : നല്‍കുന്ന കൈ മഹോന്നതമാണ്. സ്വകുടുംബത്തില്‍ നിന്ന് നല്‍കിത്തുടങ്ങേണ്ടത് :ആദ്യം ഉമ്മക്കും പിന്നെ ഉപ്പക്കും പിന്നെ സഹോദരിക്കും പിന്നെ സഹോദരനും നല്‍കണം (ഹദീസ് അഹ്മദ് 7105, നസാഈ 2532). 

സഹോദരങ്ങള്‍ പരസ്പരം ചെയ്യുന്ന സമ്മാനദാനങ്ങള്‍ ബന്ധത്തെ കൂടുതല്‍ കൂടുതല്‍ ദൃഢമാക്കാന്‍ ഉപകരിക്കും. സ്വഹാബികളിലെ സഹോദരങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറിയതായി ചരിത്രത്തില്‍ കാണാം. ഇബ്‌നു ഉമര്‍ (റ) പറയുന്നു: നബി (സ്വ) ഉമര്‍ ബ്‌നു ഖത്വാബി (റ)ന് ഒരു നല്ല വസ്ത്രം അയച്ചുക്കൊടുക്കുകയുണ്ടായി. ഉമര്‍ (റ) ആ വസ്ത്രം തന്റെ സഹോദരന് പാരതോഷികമായി നല്‍കുകയാണുണ്ടായത് (ഹദീസ് ബുഖാരി, മുസ്ലിം). 

കാരണം തനിക്ക് കിട്ടിയ സമ്മാനം തന്റെ സഹോദനും കൂടിയുള്ളതാണെന്ന് ചിന്തിച്ച മഹാ മനീഷിയാണ് ഉമര്‍ (റ). സഹോദരന്റെ അഭാവത്തില്‍ അവനു വേണ്ടി ചെയ്യുന്ന പ്രാര്‍ത്ഥനയാണ് സഹോദരന് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം. നബി (സ്വ) പറയുന്നു: ഒരു സത്യവിശ്വാസി തന്റെ സഹോദരന്റെ അസാന്നിധ്യത്തില്‍ അവന് വേണ്ടി നടത്തുന്ന പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്. അന്നേരം അവന്റെ തലഭാഗത്ത് അവന്റെ കാര്യം ഏല്‍പ്പിക്കപ്പെട്ട ഒരു മാലാഖയുണ്ടാവും. സഹോദരന്റെ നന്മക്ക് പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം ആ മാലാഖ ആമീന്‍ പറയുകയും 'നിനക്കും ആ നന്മയുണ്ടാവട്ടെയെന്ന്' പ്രാര്‍ത്ഥിക്കുകയും ചെയ്യും (ഹദീസ് മുസ്ലിം 2733)