അബൂ യസീദിനു ജനങ്ങൾ നൽകിയ സ്വീകരണം

അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍

17 October, 2019

+ -
image

(സൂഫീ കഥ - 18)

അബൂ യസീദിൽ ബിസ്ഥാമി ഹിജാസിലേക്കുള്ള യാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. അബൂ യസീദെത്തിയ വിവരം നാട്ടിൽ വിളംബരം ചെയ്യപ്പെട്ടു. ആളുകളെല്ലാം അദ്ദേഹത്തെ സ്വീകരിക്കാനായി തടിച്ചു കൂടി. അവർ ആദരവോടെ അദ്ദേഹത്തെ നാട്ടിലേക്കാനയിച്ചു. അവർ അദ്ദേഹത്തെ കുറിച്ച് സുഖിപിക്കുന്ന പ്രശംസകൾ പറയുന്നുണ്ടായിരുന്നു. സ്വീകരണത്തിനു ശേഷവും ആളുകൾ അദ്ദേഹത്തിനു ചുറ്റും കൂടി. അദ്ദേഹത്തെ അവരും അനുഗമിച്ചു.

ആളുകളുടെ പ്രശംസകളിലും സംസാരങ്ങളിലും ഒരു വേള അബൂയസീദ് ലയിച്ചു പോയി. അല്ലാഹുവിനെ കുറിച്ചുള്ള ഓർമ്മകൾക്ക് മങ്ങലേറ്റു. ദിക്റുകൾക്ക് ഭംഗം വന്നു. അദ്ദേഹം നടന്നു നടന്ന് അങ്ങാടിയിലെത്തി. അന്ന് ഒരു റമദാൻ പകലായിരുന്നു. ആൾക്കൂട്ടത്തിൽ നിന്നുകൊണ്ട് അദ്ദേഹം തന്‍റെ കുപ്പായകൈയിന്‍റെ ഉള്ളിൽ നിന്നൊരു ഉണക്ക റൊട്ടി പുറത്തെടുത്തു. അത് പരസ്യമായി തിന്നാൻ തുടങ്ങി.

ഇതു കണ്ട ആളുകളെല്ലാം അദ്ദേഹത്തെ തള്ളി പറയുകയും പിരിഞ്ഞു പോകുകയും ചെയ്തു. അദ്ദേഹം ഇപ്പോൾ ഏകാന്തനാണ്. അദ്ദേഹത്തിനു സ്വസ്ഥത കിട്ടി. ഇനി ശാന്തമായി അല്ലാഹവിലേക്ക് ലയിക്കാം.

ഇതു കണ്ടയദ്ദേഹം കൂടെയുള്ള ശിഷ്യനോടു പറഞ്ഞു: “ഞാൻ ശരീഅതിലെ ഒരൊറ്റ മസ്അലക്കു വിപരീതം പ്രവർത്തിച്ചതേയുള്ളൂ. അവരെല്ലാവരും എന്നെ തള്ളിപ്പറഞ്ഞു.”