അകക്കണ്ണിൽ നെയ്തെടുത്ത നിറക്കാഴ്ച്ച

- നിയാസ് പി. മൂന്നിയൂര്‍

17 August, 2019

+ -
image

ഇസ്‌ലാമിക് ഹിസ്റ്ററിയില്‍ യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ്.) നേടിയെടുത്ത രാജ്യത്തെ ആദ്യത്തെ അന്ധ വിദ്യാര്‍ത്ഥിനിയാണ് പാലക്കാട് ജില്ലയിലെ വല്ലപ്പുഴ സ്വദേശിനി സി.ടി നാഫിഅ  എന്ന ഇരുപത്തിയൊന്നുകാരി.  തന്റെ ഇരുളടഞ്ഞ വഴികള്‍ക്ക് വെളിച്ചം വന്നെത്തിയ രംഗങ്ങള്‍ വിവരിക്കുകയാണിവിടെ.

ഒറ്റപ്പാലം വള്ളുവനാട് ഹോസ്പിറ്റലില്‍ നാഫിഅക്ക് ഉമ്മ നസീമ ജന്മം നല്‍കുമ്പോള്‍ ഒരാഴ്ച്ചയുടെ കുറവുണ്ടായിരുന്നു. ശ്വാസകോശത്തിന് തടസ്സങ്ങള്‍ വന്നതോടെ ഓക്‌സിജന്റെ സഹായത്തോടെ മൂന്ന് ദിവസം ഐ.സി.യുവിലായിരുന്നു അവള്‍. പിന്നീട് കൈകളിലേല്‍പ്പിച്ച കുഞ്ഞിനെ ആദ്യമായി മുലയൂട്ടുന്നതിനിടയിലാണ് ഉമ്മ നസീമ ആ കണ്ണുകളിലേക്ക് ശ്രദ്ധിച്ചത്. ഉറുമ്പിന്റെ കടിയേറ്റു വീര്‍ത്ത് നില്‍ക്കുന്ന പോലെയുള്ള കണ്ണുകള്‍. ഉടനെ വിവരം നഴ്‌സുമാരെ  അറിയിച്ചെങ്കിലും അവര്‍ക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

പരിചയ സമ്പന്നരായ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ മറ്റൊരു ഹോസ്പിറ്റലിലേക്ക് അവളെ മാറ്റേണ്ടി വന്നു.ഇരു കണ്ണുകള്‍ക്കും അണുബാധയേറ്റിരിക്കുന്നു. കുഞ്ഞിനെ അടിയന്തരമായി  അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകണം. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. 
നാല് ദിവസം അങ്കമാലിയിലെ ആശുപത്രിയിലായിരുന്നു ചികിത്സ. നാലാമത്തെ ദിവസം ഡോക്ടര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അസാധ്യമാണ്. കുട്ടിയെ കോയമ്പത്തൂരിലെ ശങ്കര നേത്രാലയ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതാണ് നല്ലത്.

നാട്ടിന്‍ പുറത്തെ ചെറിയ തട്ടുകടയില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് വലിയ ആശുപത്രികളില്‍ ചികിത്സകള്‍ നടക്കില്ലെന്നറിഞ്ഞിട്ടും സ്വന്തം മകളുടെ ജീവിതമോര്‍ത്ത് പിതാവ് മുസ്തഫയും ഭാര്യ നസീമയും കുട്ടിയെയും കൊണ്ട് കൊയമ്പത്തൂരിലെത്തി.  കാന്‍സര്‍, ട്യൂമര്‍ എന്നൊക്കെ സംശയം പ്രകടിപ്പിച്ച ഡോക്ടര്‍മാര്‍  അവസാനം പറഞ്ഞു:  ഇരു കണ്ണുകള്‍ക്കും അണുബാധയേറ്റിരിക്കുന്നു. ഓപ്പറേഷന്‍ ചെയ്താല്‍ ഒരുപക്ഷേ മാറാന്‍ സാധ്യതയുണ്ട്. മകളുടെ ജീവിതമോര്‍ത്ത് പിതാവ് സമ്മതം നല്‍കി. പക്ഷേ, ഫലം നിരാശയായിരുന്നു. ഡോക്ടര്‍ മതാപിതാക്കളെ അടുത്തേക്ക് വിളിപ്പിച്ചു പറഞ്ഞു: നിങ്ങളുടെ കുഞ്ഞിന് ഒരിക്കലും കാഴ്ച്ച തിരിച്ചു കിട്ടില്ല. ഇനി മകളെ നന്നായി പഠിപ്പിക്കുക. അവള്‍ പഠിച്ച് വളരട്ടെ, അകക്കണ്ണ് കൊണ്ട് ലോകം കീഴടക്കട്ടെ.


മനം മടുപ്പിച്ച ഹോസ്റ്റൽ ജീവിതം


കോയമ്പത്തൂരിലെ ഡോക്ടറുടെ ഉപദേശംപോലെ നാഫിഅ അറിവിന്റെ ആകാശങ്ങളിലേക്ക് പറന്നുയരട്ടെ എന്ന് ആ മാതാപിതാക്കളും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. മകളുടെ ചിറകുകളില്‍ അവര്‍ നിറസ്വപ്‌നങ്ങളുടെ വര്‍ണനകള്‍ നെയ്തുവെച്ചു. 

കോഴിക്കോട് ജില്ലയിലെ കൊളത്തറ സി.എച്ച്.എസ്.എസ്.എസ് വികലാംഗ 
സ്‌കൂളിലാണ് ആദ്യം അവളെ ചേര്‍ത്തത്. അഞ്ച് വയസ്സ് പ്രായം. ചെറുപ്രായത്തില്‍ തന്നെ ഉമ്മയെയും ഉപ്പയെയും സഹോദരങ്ങളെയും പിരിഞ്ഞ് നില്‍ക്കാനായിരുന്നു ആ ബാലികയുടെ വിധി. വീട്ടിലേക്കുള്ള ഓരോ വരവിലും പോക്കിലും അവള്‍ പേര്‍ത്ത് പേര്‍ത്ത് കരഞ്ഞു. ആ നിഷ്‌കളങ്ക കരച്ചില്‍ സഹിക്കാനാവാതെ ആ കുടുംബവും കരഞ്ഞു. എല്ലാം കാണുന്ന ദൈവം പുഞ്ചിരിക്കാനും സന്തോഷിക്കാനും ഒരു ദിവസം കാത്തു വെച്ചിട്ടുണ്ടെന്ന വിശ്വാസത്തില്‍ അവര്‍ മുന്നോട്ട് തന്നെ നടന്നു. ആയമാരുള്ളതിനാല്‍ പ്രാഥമിക കാര്യങ്ങള്‍ക്കെല്ലാം അവരുടെ സഹായങ്ങളുണ്ടായിരുന്നു. ഏഴാം തരം വരെ അവിടെ പഠിച്ചു. ബ്രൈന്‍ ലിപി ഉപയോഗിച്ചായിരുന്നു പഠനം.

എട്ടാം തരം മുതല്‍ ചെറുവണ്ണൂര്‍ ജി.വി.എച്ച്.എസ് സ്‌കൂളിലേക്ക് മാറി. താമസം കൊളത്തറ സ്‌കൂള്‍ ഹോസ്റ്റലിലും. അന്ധതയുള്ള വിദ്യാര്‍ത്ഥിനിയായതിനാല്‍ മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് വേണ്ടത്ര പരിഗണനയുണ്ടായിരുന്നില്ല. എങ്കിലും എസ്.എസ്.എല്‍.സിയില്‍  എണ്‍പത് ശതമാനം മാര്‍ക്കോടെ അവള്‍ ഉന്നത വിജയം നേടി. ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്തും ബ്രൈന്‍ ലിപി യുടെ സഹായത്തോടെയുമായിരുന്നു പഠനം.  പിന്നീട് പ്ലസ്‌വണ്‍, പ്ലസ്ടു പഠനത്തിനു  കൊളത്തറ സ്‌കൂളിലേക്കു തന്നെ മാറി. 
ബ്രൈന്‍ ലിപിയില്‍ ഖുര്‍ആന്‍ ഓതാനും ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യാനും അവള്‍ പഠിച്ചിരുന്നു. അതിനിടെ ബ്രൈന്‍ ലിപി വരി തെറ്റാതെ കൃത്യമായി വായിച്ചതിന് തിരുവനന്തപുരത്ത് നിന്ന് അവാര്‍ഡും ലഭിച്ചു.


ഫറൂഖ് കോളേജിന്റെ വരാന്തയിൽ


ഡിഗ്രി പഠനത്തിനായി ഫറൂഖ് കോളേജിലേക്ക് മാറി. മനമില്ലാ മനസ്സോടെയാണ് അവള്‍ ഡിഗ്രിക്കു ചേര്‍ന്നത്. പന്ത്രണ്ടു വര്‍ഷത്തെ  പഠന കാലയളവില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും ഹോസ്റ്റല്‍ ജീവിത പ്രയാസങ്ങളും അവളെ ഏറെ മടുപ്പിച്ചിരുന്നു. നേരിയ കാഴ്ച്ചക്കുറവുള്ള ഒരു വിദ്യാര്‍ത്ഥിനിയെ കൂട്ടിന് കിട്ടിയത് നാഫിഅക്ക് ഏറെ ആശ്വാസമായി. എല്ലാറ്റിനു കൂട്ടിന് അവളുണ്ടായിരുന്നു.
കാമ്പസില്‍ പലപ്പോഴും തനിച്ച് നടക്കുമ്പോള്‍ പരസഹായത്തിനായി അധ്യാപകരുമുണ്ടായിരുന്നുവെന്ന് നാഫിഅ ഓര്‍ക്കുന്നു.
ഏറെ പ്രയാസമനുഭവിച്ച കാലമായിരുന്നു അത്. ശാരീരകമായി പല രോഗങ്ങളും അന്നുണ്ടായിരുന്നു. കുളിക്കാനും മറ്റു പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും പരസഹായം തേടേണ്ടി വന്ന സമയം. മിക്ക സമയവും ലീവെടുത്ത് നാട്ടിലേക്ക് പോകും. അസുഖം ഭേദമാകുമ്പോള്‍ നാട്ടില്‍ നിന്നു തിരിക്കും. എന്നാലും  കഠിനാധ്വാനത്തിലൂടെ അവള്‍ ഡിഗ്രി പരീക്ഷകള്‍ എഴുതി പാസായി.

 

പി.ജി പഠനം നാട്ടിനടുത്ത്


പി.ജി പഠനത്തിനായി അപേക്ഷിക്കുമ്പോള്‍ നാഫിഅ ഉറപ്പിച്ച് പറഞ്ഞിരുന്നു: ഇനി ഹോസ്റ്റല്‍ ജീവിതത്തിലേക്കില്ലെന്ന്. നാടിനടത്തു കിട്ടിയാല്‍ മാത്രം പഠനം. സമീപ പ്രദേശങ്ങളിലെ കോളേജുകളിലൊക്കെ അപേക്ഷ നല്‍കി.
പാലക്കാട് ജില്ലയിലെ തന്നെ മണ്ണാര്‍കാട് കല്ലടി എം.ഇ.എസില്‍ നാഫിഅക്ക് ഇസ്‌ലാമിക് സ്റ്റഡീസില്‍ പ്രവേശനം കിട്ടി. ഒരു മണിക്കൂറിലേറെ യാത്രാദൂരമുണ്ടായിരുന്നു വീട്ടില്‍ നിന്നും കോളേജിലേക്ക്. യാത്രാ പ്രയാസങ്ങള്‍ ഓര്‍ത്ത് അവള്‍ വിഷമിച്ചിരുന്നു. എന്നാല്‍ നാട്ടുകാരനായ മുഷ്താഖ് സാര്‍ എം.ഇ.എസില്‍ അധ്യാപകനായുണ്ടെന്നറിഞ്ഞപ്പോള്‍ സന്തോഷമായി. യാത്രയിലും മറ്റും സഹായത്തിന് മുഷ്താഖ് സാറായിരുന്നു. 
എം.ഇ.എസിലെ പഠനകാലം നാഫിഅക്ക് ഏറെ സന്തോഷവും ആനന്ദവും പകരുന്നതായിരുന്നു. അധ്യാപകരും സഹപാഠികളുമൊക്കെ എപ്പോഴും കൂട്ടിനുണ്ടായിരുന്നു. അവളുടെ ഓരോ നീക്കത്തിലും കൂടെ നിന്ന് സഹായങ്ങള്‍ ചെയ്ത് കൊടുത്തത് അവരായിരുന്നു.


ഫലം കണ്ട കഠിനാധ്വാനം


പി.ജി കാലത്താണ് ഗവേഷണത്തിന്റെ സാധ്യതകളെക്കുറിച്ച് അവള്‍ ഓര്‍ത്തുതുടങ്ങിയത്. ലക്ഷ്യത്തിലെത്താന്‍ ഇനിയും ദൂരമുണ്ടെന്ന് അവള്‍ ഉറപ്പിച്ചു. യു.ജി.സിയുടെ സ്‌കോളര്‍ഷിപ്പോടെയുള്ള ഗവേഷണ പഠനം. അതായിരുന്നു നാഫിഅയുടെ അടുത്ത ലക്ഷ്യം. 
അക്കാഴ്ചയുടെ കരുത്തില്‍ അവള്‍ പഠനമാരംഭിച്ചു. ജെ.ആര്‍.എഫ്-നെറ്റ് പരീക്ഷക്ക് എഴുതി നല്‍കാന്‍ സഹായിയായി ഒരാള്‍ വേണമായിരുന്നു. കുടുംബാംഗങ്ങളുടെ പിന്തുണയും ഒപ്പം എം.ഇ.എസിയിലെ പ്രോത്സാഹനവുമുണ്ടായപ്പോള്‍ അവള്‍ മനസ്സുകൊണ്ടൊരുങ്ങി പഠനമാരംഭിച്ചു.

ആദ്യ പരീക്ഷ എഴുതി ഫലം വന്നപ്പോള്‍ നാല് ശതമാനം മാര്‍ക്കിന് ജെ.ആര്‍.എഫ് നഷ്ടമായി.  മനസ്സ് തളര്‍ന്നെങ്കിലും തന്റെ ഭാവിയോര്‍ത്ത് അവള്‍ പിന്നെയും തയ്യാറെടുപ്പുകള്‍ നടത്തി.  വീട്ടുകാരും അധ്യാപകരും സഹപാഠികളും നിരന്തര പ്രോത്സാഹനങ്ങള്‍ നല്‍കി.  ഇന്റര്‍നെറ്റില്‍ നിന്നു റെക്കോഡ് ചെയ്തും കൂട്ടുകാരില്‍ നിന്നു വായിച്ചു കേട്ടുമൊക്കെ അവര്‍ പഠനം തുടര്‍ന്നു. ചില രാത്രികളില്‍ ഉറക്കൊഴിച്ചിരുന്നും പഠിച്ചു. അര്‍ധരാത്രികളിലേക്ക് വരെ അതു നീണ്ടു. കൂട്ടിന് ഉമ്മ അടുത്തിരിക്കും.  ഇടക്കൊക്കെ നിശബ്ദതയനുഭവപ്പെടുമ്പോള്‍ അവള്‍  ഉമ്മയെ ഒന്നു തൊട്ടു നോക്കും. പാവം അറിയാതെ ഉറങ്ങിയിട്ടുണ്ടാകും. ഉമ്മയുടെ ഉറക്കവും ക്ഷീണവും എനിക്കു കാണാന്‍ കഴിയുന്നില്ലല്ലോ.... നാഫിഅയുടെ കണ്ഠമിടറി. 
എല്ലാം ദൈവത്തിലര്‍പ്പിച്ച് കഴിഞ്ഞ ജൂണില്‍ അവള്‍ രണ്ടാമതും പരീക്ഷ എഴുതി. നാല് ശതമാനത്തിനു നഷ്ടപ്പെട്ട ജെ.ആര്‍.എഫ് ഇത്തവണ നേടിയെടുക്കുമെന്നു തന്നെ അവള്‍ ഉറപ്പിച്ചിരുന്നു.  ജൂലൈയില്‍ ഫലം വന്നപ്പോള്‍ ദൈവം നിരാശപ്പെടുത്തിയില്ല. ആഗ്രഹിച്ചതു തന്നെ അവള്‍ക്കു കിട്ടി.
കണ്ണുള്ളവരെ കാഴ്ച്ചക്കാരാക്കി നാഫിഅ ജെ.ആര്‍.എഫ് നേടിയത് ഒരു പെണ്ണിന്റെ തളരാത്ത പ്രയത്‌നത്തിന്റെ ഫലമാണ്. 
മൊബൈലും കംപ്യൂട്ടറും നാഫിഅ അനായാസമായി ഉപയോഗിക്കുന്നത് ആരെയും അത്ഭുതപ്പെടുത്തും. 
ഉമ്മ നസീമയുടെ വാക്കുകള്‍ ഇങ്ങനെയാണ്: പരീക്ഷാഫലം വന്നിട്ട്  ഇന്നേക്ക് പതിനേഴ് ദിവസമായി. മത രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും അധ്യാപകരും സഹപാഠികളുമൊക്കെയായി എന്നും വീട്ടില്‍ ആളുകളാണ്. ഉപഹാരങ്ങളും വസ്ത്രങ്ങളും ക്യാഷ് അവാര്‍ഡുകളുമൊക്കെയായി ഇവിടെ  പ്രോത്സാഹനങ്ങളുടെ തോരാമഴയാണിപ്പോള്‍.
നാഫിഅ ഇപ്പോള്‍ ഏറെ സന്തോഷത്തിലാണ്. എനിക്കുവേണ്ടി കഷ്ടപ്പെട്ട മതാപിതാക്കള്‍, സഹോദരങ്ങള്‍, മറ്റു കുടുംബങ്ങള്‍. മരിക്കും മുന്‍പേ എല്ലാറ്റിനും പകരമായി വല്ലതും അവര്‍ക്കു തിരിച്ചു നല്‍കണം. എല്ലാവരുടെയും സന്തോഷ പ്രകടനങ്ങള്‍ അവള്‍ അകക്കണ്ണ് കൊണ്ട് കണ്ടാസ്വദിക്കുന്നുണ്ട്.


ചിറകുമുളക്കാനുണ്ട് രണ്ട് സ്വപ്നങ്ങൾ


ഹോട്ടല്‍ തൊഴിലാളിയായ ചെട്ടിത്തൊടി മുസ്ഥഫ- നസീമ ദമ്പതികളുടെ നാലുമക്കളില്‍ ഇളയവളാണ് നാഫിഅ. മൂത്ത സഹോദരന്‍ മുഹമ്മദ് നൗസിഫ് ഹുദവി ദാറുല്‍ഹുദാ ആസാം കാമ്പസല്‍ അധ്യാപകനാണ്. ഇളയ സഹോദരന്‍ നിസാമുദ്ദീന്‍ കൊച്ചിയില്‍ ഗ്രാഫിക് ഡിസൈനറാണ്. മൂത്ത സഹോദരി വിവാഹതയുമാണ്.
നാഫിഅയുടെ കുടുംബത്തിനു ഇനി രണ്ട് സ്വപ്‌നങ്ങളാണ് ബാക്കിയുള്ളത്. ഒന്ന്,  അവള്‍ പി.എച്ച്.ഡി നേടി, മികച്ചൊരു അധ്യാപികയാവണം. 
മറ്റൊന്ന്,  തങ്ങളുടെ കണ്ണുകളടയും മുന്‍പ് നാഫിഅയുടെ ജീവിതത്തിന് നിറം പകരാന്‍, അവളെ ആവോളം സ്‌നേഹിക്കുന്ന ഹൃദ്യനായ ഒരു ഇണയെ കിട്ടണം. മനസ്സില്‍ നിറപ്രതീക്ഷകളോടെ കൂടൊരുക്കി കാത്തിരിക്കുകയാണ് ഈ കുടുംബം.