മതപഠനരംഗത്തെ നമ്മുടെ മുതല്‍മുടക്കുകള്‍ നഷ്ടമാവുകയാണോ..

നാസിഹ് അമീന്‍

16 October, 2019

+ -
image

ഒരിക്കല്‍ വൈകുന്നേരസമയത്ത് ഒരു നാട്ടിലെത്തിയതായിരുന്നു. മൈകിലൂടെ ഖുര്‍ആന്‍ പാരായണം കേള്‍ക്കുന്നത് കേട്ട് നാട്ടുകാരനായ സുഹൃത്തിനോട് ചോദിച്ചു, എന്താ ഇന്നിവിടെ പ്രത്യേകിച്ച്.. വല്ല ക്ലാസോ മറ്റോ ഉണ്ടോ.. 
സുഹൃത്തിന്റെ ഉത്തരം അല്‍പം വിശാലമായിരുന്നു, ഇവിടെ ആഴ്ചയില്‍ എല്ലാ ദിവസവും പരിപാടിയാ.. ശനി മുതല്‍ ബുധന്‍ വരെ വിവിധ സംഘടനക്കാരുടെ ക്ലാസുകള്‍, മദ്റസയിലും പള്ളിയിലുമൊക്കെയായി, അതും മൈകിലൂടെ അങ്ങാടിയിലുള്ളവും പരിസരവാസികളുമെല്ലാം കേള്‍ക്കും വിധം. ആകെ ഒഴിവുള്ളത് വ്യാഴവും വെള്ളിയുമാണ്. വ്യാഴം മദ്റസയില്‍ സ്വലാതും വെള്ളി പള്ളിയില്‍ ദിക്റുമുണ്ട് താനും. എന്നാല്‍ ഇനി ഒരു കാര്യം കേള്‍ക്കണോ, ഇതെല്ലാമുണ്ടെങ്കിലും ഞങ്ങളുടെ നാട്ടിലെയത്ര തെമ്മാടിത്തരം വേറെ എവിടെയും ഉണ്ടാവുകയില്ല. 
ഒന്നാലോചിച്ചാല്‍, നമ്മുടെ പല മഹല്ലുകളിലെയും കാര്യം ഇങ്ങനെയൊക്കെത്തന്നെയല്ലേ. മതത്തെകുറിച്ചും മതനിയമങ്ങളെകുറിച്ചും പഠിക്കാനും അറിയാനുമുള്ള അവസരങ്ങള്‍ ഇന്ന് ഏറെയാണ്. പ്രാഥമിക പഠനത്തിനുള്ള മദ്റസകളില്ലാത്ത പ്രദേശങ്ങളില്ല, അധികയിടങ്ങളിലും പത്താം തരെ വരെയുണ്ട്, തുടര്‍പഠനത്തിനായി ദര്‍സുകളും അറബിക് കോളേജുകളും യൂണിവേഴ്സിറ്റികളും വരെ നമുക്കുണ്ട്. ഇവയൊന്നും ഭൌതിക സൌകര്യങ്ങളുടെ കാര്യത്തിലും ഒട്ടും പിറകിലല്ല. ഹൈടെക് ക്ലാസ് റൂമുകള്‍ ഇന്ന് മദ്റസകളില്‍പോലും സര്‍വ്വസാധാരണമായിരിക്കുന്നു. സര്‍ക്കാര്‍ കോളേജുകളെയും യൂണിവേഴ്സിറ്റികളെയും പോലും വെല്ലുന്ന ഭൌതിക സൌകര്യങ്ങളും സാഹചര്യങ്ങളുമുള്ള കോളേജുകളും സര്‍വ്വകലാശാലകളുമാണ് മതപഠനത്തിനായി നാം കെട്ടിപ്പൊക്കുന്നത്.
പുറമെ, മതപഠന വേദികളും അനവധിയാണ്. വലിയ ശബ്ദ സാങ്കേതിക സംവിധാനങ്ങളും ആഢംബരപൂര്‍ണ്ണമായ സ്റ്റേജും എയര്‍കണ്ടീഷന്‍ വരെ ചെയ്ത പന്തലുകളുമൊക്കെ ഒരുക്കി നടത്തുന്ന ഉത്തരാധുനിക വഅ്ളുകള്‍ മുതല്‍ ഗ്രാമങ്ങള്‍ തോറും നടക്കുന്ന ഖുര്‍ആന്‍ ക്ലാസുകളും പ്രതിവാര പഠനവേദികളും ആത്മീയ സംഗമങ്ങളും വരെയായി ധാരാളത്തിലധികം അവസരങ്ങളുമുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി ക്ലാസുകളെടുക്കാന്‍ സ്ത്രീ വാഇളമാരും ഇന്ന് ലഭ്യമാണ്.
ചുരുക്കത്തില്‍ മതപഠനത്തിന് കേരളീയ മുസ്‍ലിം സമൂഹം ചെലവഴിക്കുന്നയത്ര ലോകത്ത് മറ്റാരും ചെലവഴിക്കുന്നുണ്ടാകുമെന്ന് തോന്നുന്നില്ല, ഇസ്‍ലാമിക രാഷ്ട്രങ്ങള്‍പോലും. 
എന്നിട്ടും, കുറ്റകൃത്യങ്ങളിലും സകല തെമ്മാടിത്തരങ്ങളിലും നാം ഏറെ മുന്നിലാണ്. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍, ഈ രംഗത്ത് എഴുപത്തഞ്ച് ശതമാനത്തിലേറെ നമുക്ക് സംവരണം ചെയ്തതാണെന്ന് തോന്നിപ്പോകും, വിശിഷ്യാ സാമ്പത്തിക കുറ്റ കൃത്യങ്ങളില്‍. 
എവിടെയാണ് നമുക്ക് പിഴക്കുന്നത്. ഒരു പുനരാലോചന നടത്തേണ്ട സമയം അതിക്രമിച്ചില്ലേ. ഉദ്ബോധനങ്ങള്‍ ഹൃദയങ്ങളിലേക്കെത്തുന്നില്ലെന്നോ കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നില്ലെന്നോ വേണം മനസ്സിലാക്കാന്‍. അഥവാ, നമ്മുടെ ഉദ്ബോധന വേദികളിലധികവും നിഷ്ഫലമാകുന്നുവെന്നര്‍ത്ഥം, മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ നാം മുതല്‍മുടക്കുന്നതെല്ലാം നഷ്ടക്കച്ചവടത്തിലാണെന്നര്‍ത്ഥം.
ഇതിന് കാരണങ്ങള്‍ പലതാണ്. ഒന്നാമതായി, പറയുന്നത് ഹൃദയത്തില്‍നിന്നല്ല എന്നത് തന്നെ. പലപ്പോഴും ഉദ്ദേശ്യവും അത്ര നിഷ്കളങ്കമല്ല. തന്‍റെ പ്രഭാഷണം വമ്പിച്ചു എന്ന് പറയണമെന്നാണ് ഉദ്ബോധകന്‍റെ ലക്ഷ്യമെങ്കില്‍, നല്ലൊരു പരിപാടി സംഘടിപ്പിച്ചുവെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറിച്ചിടലാണ് സംഘാടകരുടെ ലക്ഷ്യമെങ്കില്‍, തന്റെ പേരില്‍ ഒരു സ്ഥാപനമുണ്ടെന്നോ ഞങ്ങളുടെ നാട്ടിലും ഒരു കോളേജുണ്ടെന്നോ ഉള്ള മേനിയാണ് സ്ഥാപനനടത്തിപ്പുകാരന്‍റെ ഉന്നമെങ്കില്‍ അവിടെയൊക്കെ നഷ്ടത്തിന്റെ കാരണം കണ്ടെത്താവുന്നതാണ്.  
കൃത്യമായ ലക്ഷ്യബോധമില്ലാതെയാണ് നമ്മുടെ പല സ്ഥാപനങ്ങളും പൊങ്ങിവരുന്നത്. വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും ലക്ഷ്യം പോലും നിര്‍ണ്ണയിക്കാനാവാത്ത ഒട്ടേറെ സ്ഥാപനങ്ങള്‍ ഇന്നും നമുക്കുണ്ടെന്ന് പറയാതെ വയ്യ.
ചുരുക്കത്തില്‍ സര്‍വ്വരോടുമുള്ള നിസ്വാര്‍ത്ഥമായ നസ്വീഹത് (ഗുണകാംക്ഷ), അതാണല്ലോ ദീന്‍. അത് നഷ്ടമാവുന്നതോടെ ചോര്‍ന്നുപോവുന്നത് ദീനിന്റെ സത്തയാണ്. അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നതെന്ന് തോന്നിപ്പോവുന്നു. നമുക്ക് തിരുത്താന്‍ ശ്രമിക്കാം, നാഥന്‍ തുണക്കട്ടെ.