ഈ മാസം നബിയെക്കുറിച്ച് ഒരു പുസ്തകം വായിക്കാം

ഡോ. ബഹാഉദ്ദീന്‍ നദ്‌വി

16 November, 2018

+ -
image

നിറവസന്തങ്ങളുടെ മാസമാണ് റബീഉല്‍ അവ്വല്‍. മുഴുലോകങ്ങള്‍ക്കും അനുഗ്രഹമായ മുഹമ്മദ് നബി(സ്വ)യുടെ തിരുപ്പിറവികൊണ്ട് ധന്യമായ ഈ മാസം, ഇസ്‌ലാം മതവിശ്വാസികള്‍ക്ക്, പ്രവാചകസ്‌നേഹികള്‍ക്ക് നല്‍കുന്ന ആഹ്ലാദാതിരേകവും ഹൃദയാനുഭൂതിയും പറഞ്ഞറിയിക്കാനാവാത്തതാണ്.

മതപ്രമാണങ്ങളുടെ അക്ഷരവായന (literal reading) മാത്രം നടത്തി പ്രവാചക പ്രകീര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞവര്‍ പോലും പതിയെ പതിയെ റബീഇന്റെ സര്‍ഗാത്മകത തിരിച്ചറിഞ്ഞു തുടങ്ങുന്ന സുന്ദര ദൃശ്യം മുസ്‌ലിം ലോകത്തുടനീളം പ്രകടമാണിപ്പോള്‍. വര്‍ഷത്തിലൊരിക്കലെങ്കിലും നടക്കുന്ന അതിവിപുലമായ നബിയനുസ്മരണം പകരുന്ന ആത്മീയാനുഭൂതി അനുഭവിച്ചു തന്നെ അറിയേണ്ടതാണ്.

പൂര്‍വകാലം മുതലേ നമ്മുടെ നാട്ടകങ്ങളില്‍ നബിദിനാഘോഷങ്ങളും അനുബന്ധ പരിപാടികളും നടക്കാറുണ്ട്. ഒന്നാം വസന്തത്തിന്റെ ചന്ദ്രപ്പിറ ദൃശ്യമാകുന്നതോടെ തന്നെ നമ്മുടെ പള്ളികളും മദ്റസകളും വീട്ടുപരിസരങ്ങളും റബീഇനെ വരവേല്‍ക്കാനൊരുങ്ങുന്നു. നബിദിന പ്രഭാഷണങ്ങള്‍, പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍, മൗലിദ് പാരായണം, മധുരവിതരണം, സന്തോഷ പ്രകടനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ വഴി എല്ലാ പ്രായക്കാര്‍ക്കും അനുഭവിക്കാനാവുന്നതാണ് പ്രവാചക വസന്തം.

പ്രവാചകാപദാനങ്ങള്‍ പാടിപ്പറയുന്നതിനൊപ്പം ആ തിരുജീവിതത്തെ അടുത്തറിയാന്‍ കൂടി പുണ്യറബീഇനെ നമുക്ക് ഉപയോഗപ്പെടുത്താനാവണം. അതിരുകളില്ലാത്തതാണ് പ്രവാചക പഠനം. വായിക്കും തോറും ആ തിരുജീവിതത്തിന്റെ ആഴങ്ങളിലേക്കിറങ്ങാനും, സ്വന്തം ജീവിതത്തില്‍ തിരുമേനി (സ്വ)യെ കുടുതല്‍ പകര്‍ത്തിവെക്കാനും നമുക്ക് സാധിക്കുന്നു.

ഈ വഴിക്ക് ചെയ്യാവുന്ന നല്ലൊരു മാതൃകയാണ് നബിയെ കുറിച്ചെഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ മനസ്സിരുത്തി പാരായണം ചെയ്യുകയെന്നത്. പ്രവാചക ജീവചരിത്രം (സീറ) വിവിധ രീതികളില്‍ വിശകലന വിധേയമാക്കുന്ന ഒട്ടേറെ ഗ്രന്ഥങ്ങള്‍ എല്ലാ ഭാഷകളിലുമുണ്ട്. ഓരോരുത്തരുടെയും അഭിരുചിക്കൊത്ത ഗ്രന്ഥങ്ങള്‍ റബീഅ് വായനക്കായി തെരഞ്ഞെടുക്കാം.

ഓരോ റബീഇലും ഏറ്റവും ചുരുങ്ങിയത് നബിയെ കുറിച്ചുള്ള ഒരു പുസ്തകമെങ്കിലും വായിക്കുമെന്ന് ഇന്നു തന്നെ പ്രതിജ്ഞയെടുക്കുക. സാധാരണക്കാര്‍ക്ക് മലയാളത്തില്‍ ലഭ്യമായ ഗ്രന്ഥങ്ങളും, വിദ്യാ സമ്പന്നര്‍ക്ക് അറബി, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളും ഇക്കാര്യത്തിനായി ഉപയോഗപ്പെടുത്താം. നമ്മുടെ സൗഹൃദ വലയങ്ങളിലും ഇക്കാര്യം പരിചയപ്പെടുത്താനായാല്‍ കൂടുതല്‍ സഹോദരങ്ങളിലേക്ക് പ്രവാചക ജീവിതം പരിചയപ്പെടുത്താനും റബീഇനെ ഉപയോഗപ്പെടുത്താനാവും.

ശാന്തി, സമാധാനം, കാരുണ്യം, സ്‌നേഹം, ആര്‍ദ്രത, സഹകരണം തുടങ്ങി എത്രയെത്ര അമൂല്യ പാഠങ്ങളാണ് ആ ലോകാനുഗ്രഹി പഠിപ്പിച്ചത്. ചീര്‍പ്പിന്റെ പല്ലുപോലെ മനുഷ്യരൊക്കെ തുല്യരാണെന്ന് പ്രഘോഷിച്ച ആ സമ്പൂര്‍ണ വ്യക്തിത്വത്തെ കൂടുതല്‍ അടുത്തറിയാന്‍ ശ്രമിക്കുക.

ഓരോ റബീഅ് കഴിയുമ്പോഴും തിരുനബിയോടുള്ള അടുപ്പം വര്‍ധിപ്പിക്കാന്‍ ഇക്കാര്യം തീര്‍ച്ചയായും ഉപകരിക്കും. ഇതുവഴി പ്രവാചക സ്നേഹം വര്‍ധിപ്പിക്കാനും, നമ്മുടെ ജീവിത പരിസരങ്ങളില്‍ മുഹമ്മദീയ വെളിച്ചം പ്രതിഫലനം സൃഷ്ടിക്കാനും സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.