ദർവീശുകൾ മൂന്നു വിധം
അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍

ബിശ്റുൽ ഹാഫി(റ)യുടെ അടുത്തേക്ക് കുറച്ചാളുകൾ വന്നു സലാം പറഞ്ഞു.
ബിശ്റുൽ ഹാഫി: “എവിടെ നിന്നാണ് നിങ്ങൾ?”
“ഞങ്ങൾ ശാമിൽ നിന്ന് വരുന്നു. അങ്ങയോട് സലാം പറയാനായി വന്നതാണ്. ഞങ്ങൾ ഹജ്ജിനു പോകാനുദ്ദേശിക്കുന്നുണ്ട്.”
“അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ”
“താങ്കൾ ഞങ്ങളുടെ കൂടെ ഹജ്ജിനു പോരുന്നുവോ?”
“മൂന്ന് നിബന്ധനകൾ അംഗീകരിക്കുമെങ്കിൽ പോരാം. കൂടെ ഒന്നും കരുതരുത്. ആരോടും ചോദിക്കരുത്. ആരെങ്കിലും എന്തെങ്കിലും തന്നാൽ വാങ്ങുകയും അരുത്.”
“ഒന്നും കൂടെ കരുതാതിരിക്കാം. ആരോടും ചോദിക്കാതെയുമിരിക്കാം. പക്ഷേ, ആരെങ്കിലും തന്നാൽ അത് വാങ്ങാതിരിക്കാനാവില്ല.”
“നിങ്ങൾ എല്ലാം അല്ലാഹുവിൽ ഭരമേൽപിച്ചു ഹജ്ജിനു പുറപ്പെട്ടവരല്ലേ. എന്നാൽ മനസ്സിലാക്കൂ.. ദർവീശുകൾ മൂന്നു വിധമാണ്. ഒന്നാമത്തേത് ആരോടും ചോദിക്കുകയില്ല. ആരെങ്കിലും തന്നാലത് വാങ്ങുകയുമില്ല. അവരാണ് റൂഹാനിയ്യ വിഭാഗം. രണ്ടാമത്തേത് ആരോടും ചോദിക്കുകയില്ല. എന്നാൽ തന്നാൽ അത് വാങ്ങും. പരിശുദ്ധമായ ദിവ്യസന്നിധിയിൽ വിഭവങ്ങൾ ഒരുക്കിവെക്കുന്നത് ഇത്തരക്കാർക്കാണ്. മൂന്നാമത്തേത് യാചിക്കും. ആവശ്യത്തിനുമാത്രം സ്വീകരിക്കും. അതിനുള്ള പ്രായശ്ചിത്തം സ്വദഖ ചെയ്യലാണ്.”