ജ്ഞാനമാണ് പടിവാതിൽ

സിദ്ദീഖ് മുഹമ്മദ്‌

09 January, 2019

+ -
image

ഒരു അന്വേഷി ഒരിക്കൽ വളരെ അഹങ്കാരത്തോടെ മൗലായോട് ചോദിച്ചു:

' ഗ്രന്ഥപാരായണം കൊണ്ടോ,
ആത്മീയ പരിശ്രമം കൊണ്ടോ ഒരു കാര്യമിവുമില്ലെന്നും അതൊന്നും ഒരാളെയും ബോധപ്രാപ്തിയിലേക്ക് നയിക്കില്ലെന്നും ഒരു ഗുരു പറയുന്നത് ഞാൻ കേട്ടു. അതോടെ എന്റെ എല്ലാ പുസ്തകങ്ങളും ഞാൻ വലിച്ചെറിഞ്ഞു.
എല്ലാ പഠനങ്ങളും പരിശീലനമുറകളും ഞാൻ ഉപേക്ഷിച്ചു.
ആത്മീയതക്ക് വിരുദ്ധമല്ലേ സർവ്വ ഗ്രന്ഥങ്ങളും. 
എന്നിട്ടും എന്തിനാണ് താങ്കൾ ഗ്രന്ഥങ്ങൾ വായിക്കുകയും എഴുതുകയും ചെയ്യുന്നത് ?'

ചോദ്യം സസൂക്ഷ്മം ശ്രവിച്ച മൗലാ ഇങ്ങനെ പറഞ്ഞു തുടങ്ങി:

' അന്വേഷിച്ചു കണ്ടെത്താനാവില്ല 
ദൈവത്തെ. 
എന്നാൽ, 
അന്വേഷിക്കാതെ 
ആരും കണ്ടെത്തിയിട്ടുമില്ല.'

ഞാൻ ഒരു ഉപമാ കഥ പറയാം:

ഒരിക്കൽ ഒരു യുവാവ് തന്റെ ഉദ്യാനത്തിൽ പനിനീർപ്പൂവിന്റെ തൈകൾ നടുകയായിരുന്നു. 
ഓരോ കുഞ്ഞുചെടിയെയും 
അരുമയായി എടുത്തു, മണ്ണിലാഴ്ത്തി വെച്ചുകൊണ്ടിരുന്നു. 
വൈവിധ്യമാർന്ന പനിനീർപ്പൂക്കളുടെ ഒരു വസന്തോദ്യാനം തന്നെ തീർക്കുകയായിരുന്നു ആ യുവകർഷകന്റെ ഉദ്ദേശം.

ആ സമയത്താണ് യുവാവിന്റെ വിജ്ഞാനിയായ ഒരു സുഹൃത്ത് ആ ഉദ്യാനത്തിലേക്ക് കടന്നുവന്നത്. 
അദ്ദേഹം തൈ 
നട്ടുകൊണ്ടിരിക്കുന്ന യുവാവിനോട് ഇങ്ങനെ പറഞ്ഞു:

'ഒരു വയോധികനായ കർഷകനെ ഒരിക്കൽ ഞാൻ കാണാനിടയായി. അദ്ദേഹം തന്റെ ശിഷ്യർക്കു നൽകിയ ഉപദേശത്തോളം മഹത്തരമായ ഒന്ന് 
ഞാൻ മുമ്പ് കേട്ടിട്ടുണ്ടായിരുന്നില്ല. അത്രയും ജ്ഞാനവും ഗരിമയുമുള്ള ഒരു കർഷകനെ ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല.'

' എന്തായിരുന്നു അദ്ദേഹം കർഷകർക്ക് നൽകിയ ഉപദേശം?'
ആ യുവകർഷകൻ വളരെ കൗതുകത്തോടെ ചോദിച്ചു.

' ഒരു പൂമരത്തിൽ പൂവിരിയുന്നത് കാണുമ്പോൾ അത് കർഷകൻ നൽകിയ വെള്ളത്തിന്റെയോ വളത്തിന്റെയോ ഫലമായിട്ട് വിരിഞ്ഞതാണെന്ന്
നിങ്ങൾ ധരിയ്ക്കുന്നു. 
എന്നാൽ അറിയുക, വെള്ളമൊഴിച്ചത് കൊണ്ടോ വളമിട്ടതു കൊണ്ടോ ഒരു പൂവും ഒരിക്കലും വിരിഞ്ഞിട്ടില്ല.
മാത്രമല്ല, 
പലപ്പോഴും വെള്ളവും വളവും പൂവിരിയുന്നതിനു തടസ്സമായി 
വർത്തിയ്ക്കുകയുമാണ് ചെയ്യുന്നത്. 
യഥാവിധം വെള്ളവും വളവും നൽകിയാണോ കാട്ടുപൂക്കൾ വിരിയുന്നത്? 
നിങ്ങളുടെ യാതൊരുവിധ പ്രയത്നവുമല്ല 

ഒരു പൂവിനെ വിരിയിക്കുന്നത് എന്നാണ് ഒരു നല്ല കർഷകൻ ആദ്യം അറിയേണ്ടത്. ആരുടെയും പരിശ്രമം കൊണ്ട് കായ്ക്കുന്നതല്ല ഒരു ഫലവും. അതുകൊണ്ട് അറിയുക, നിങ്ങളുടെ ശ്രമങ്ങളോ പ്രയത്നങ്ങളോ അല്ല കാര്യം;
പലപ്പോഴും അവ തടസ്സവുമാണ്. ആയതിനാൽ, ആദ്യം പ്രകൃതിയുടെ താളലയം അറിയാൻ ശ്രമിക്കുക. എന്നിട്ട് ആ താളത്തോടൊപ്പം ചരിക്കുക. 
അപ്പോൾ, നിങ്ങളിലൂടെ നിറഞ്ഞു വിരിയും പൂക്കളും ഫലങ്ങളും.'

ഇതുകേട്ട
ആ യുവകർഷകൻ വളരെ ബഹുമാനത്തോടെ പറഞ്ഞു:

" ആ കർഷകൻ ശരിക്കും ജ്ഞാനി തന്നെ.
സത്യവും ജ്ഞാനവും മാത്രമാണ് അദ്ദേഹം സംസാരിച്ചത്. "

"അതുകൊണ്ട് ഒരു കാര്യം മനസ്സിലാക്കുക", ആ സുഹൃത്ത് തൈവച്ചു കൊണ്ടിരുന്ന 
യുവകർഷകനെ വളരെ ആധികാരികതയോടെ ഉപദേശിച്ചു:

'ഇനിയെങ്കിലും ഈ ചെടികൾക്ക് പിന്നാലെ നടന്ന് വെള്ളവും വളവും നൽകി സമയം പാഴാക്കുന്നത് നിർത്തുക."

ഇത്രയും കേട്ടശേഷം പ്രയത്നശാലിയും ബോധവാനുമായ ആ യുവകർഷകൻ സുഹൃത്തിനോട് പറഞ്ഞു:

' യഥാർത്ഥ ജ്ഞാനികളുടെ വാക്കുകൾ സ്വന്തം ബോധത്തിനനുസരിച്ച് വ്യാഖ്യാനിച്ച് 
വശായിപ്പോകുന്ന,
തെറ്റിദ്ധരിക്കുന്ന 
ഒരു വലിയ വിഭാഗം ശിഷ്യരും അനുയായികളും നമുക്കിടയിലുണ്ട്. 
ജ്ഞാനവചനങ്ങളുടെ പൊരുളിനെ യഥാവിധം മനസ്സിലാക്കാനുള്ള ബോധമോ ജ്ഞാനമോ ഇല്ലാത്തതിനാൽ അവർ സ്വയം വിധിതീർപ്പ് കൽപ്പിക്കുന്നു. 
അങ്ങനെ ഒരടി പോലും മുന്നോട്ടു പോകാനാവാതെ 
എല്ലാ കാലത്തും അവർ തുടങ്ങിയിടത്ത് തന്നെ തുടരുന്നു. 
അവരിലൂടെ ഒരു ഫലവും ഉണ്ടാവുന്നില്ല.
ഒരു വിത്തുപോലും വിതയ്ക്കാനുള്ള 
ജ്ഞാനബോധമോ കർമ്മശേഷിയോ അവർക്ക് നഷ്ടമാകുന്നു. നിഷേധത്തിന്റെ അന്ധകാരത്തിൽ 
എല്ലാ വിജ്ഞാനീയങ്ങളെയും 
ജ്ഞാനമാർഗ്ഗത്തെയും 
അവമതിച്ചു, 
അഹങ്കാരികളായി
അജ്ഞാനികളായി 
അവർ ഒടുങ്ങുന്നു.'

യുവകർഷകൻ തുടർന്നു:

"ആയതിനാൽ, ജ്ഞാനികളുടെ വാക്കുകൾ ഗ്രഹിക്കാൻ കഴിയുന്ന വിജ്ഞാനം കരസ്ഥമാക്കുക. അവരുടെ വചനങ്ങളുടെ ആഴവും വ്യാപ്തിയും ബോധപ്രകാശം കൊണ്ട് മാത്രമേ തിരിച്ചറിയാനാവൂ. 
അതിന് കഴിയുന്നില്ലെങ്കിൽ അറിഞ്ഞവരിൽ നിന്ന് തിരിച്ചറിയുക.'

ഇത്രയും പറഞ്ഞ് ആ യുവകർഷകൻ വളരെ ഭവ്യതയോടെ ഓരോ പൂത്തൈകളും മണ്ണിൽ വെച്ചുപിടിപ്പിച്ചു. 
അതിനെ അരുമയായി, സ്നേഹപൂർവ്വം തലോടി വെള്ളം 
നനച്ചുകൊണ്ടിരുന്നു.

കഥ പറഞ്ഞു തീർത്ത ശേഷം മൗലാ വിശദീകരിച്ചു:

" അപക്വരായ ആത്മീയ യാത്രികരിൽ ബഹുഭൂരിപക്ഷത്തിനും സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയൊരു അപചയം ആണിത്. 
ഗുരുക്കന്മാർ നിലകൊള്ളുന്ന വിതാനത്തിലിരുന്ന് സംസാരിക്കുന്നത്,
ശിഷ്യൻ അവൻറെ തലത്തിൽ വ്യാഖ്യാനിച്ച് ജ്ഞാനനിഷേധിയും 
ഗ്രന്ഥനിഷേധിയും ആകുന്നു. 
എന്നിട്ട് സ്വന്തം 
വിഭാവനകളെ വലിയ ജ്ഞാനമായി അവതരിപ്പിക്കുകയും ചെയ്യുന്നു. 
വായനയോ പഠനമോ ഇല്ലാത്തതിനാൽ അത് ജ്ഞാനലോകത്തെ ബാലിശമായ ചർച്ച മാത്രമാണെന്ന് അവർ അറിയാതെ പോകുന്നു. പൂർവ്വഗ്രന്ഥങ്ങളിൽ ഗുരുക്കന്മാർ നിരന്തരം ചർച്ച ചെയ്ത 
ജ്ഞാനവഴിയെ അവർക്കൊട്ടും അറിയില്ല. ചില ഗുരുക്കൻമാരിൽ നിന്നും, ശിഷ്യരിൽ നിന്നുമുള്ള കേട്ടുകേൾവിയല്ലാതെ മറ്റൊന്നും അവരിലില്ല.
എന്നിട്ടും അവർ 
സർവ്വഗ്രന്ഥങ്ങളെയും അക്ഷരങ്ങളിലൂടെ
ജ്ഞാനം പകർന്ന ഗുരുക്കന്മാരെയും നിഷേധിക്കുന്നു.

അതേസമയം, ഒരു ശരിയായ ഗുരു ആത്മീയ പടവുകളിലെ ഓരോ ഘട്ടത്തെയും 
ശരിവയ്‌ക്കുന്നു. 
ഓരോ വിതാനത്തിൽ ഇരിക്കേണ്ടവനെ 
ആ തലത്തിൽ വളർത്തിയെടുക്കുന്നു. ഗ്രന്ഥങ്ങളിലെ വിവരങ്ങൾ കൊണ്ട് അഹങ്കാരിയായിത്തീർന്ന പണ്ഡിതനോട് ഗ്രന്ഥങ്ങളെല്ലാം ഉപേക്ഷിച്ചു വരാൻ ഗുരു പറയുന്നു. 
ആ പണ്ഡിതനെ സംബന്ധിച്ച് അത് വളരെ ശരിണ്. 
ആത്മീയ അനുഷ്ഠാനമുറകളാൽ അഹന്ത നടിച്ചു വന്നവനോട് 
എല്ലാ അനുഷ്ഠാനങ്ങളും ഉപേക്ഷിക്കുവാൻ ഗുരു പറയുന്നു. 
ആ ശിഷ്യന്റെ അഹന്ത പൊടിയാനുള്ള വഴിയാണ്‌ ഗുരു ഉപദേശിക്കുന്നത്.

എന്നാൽ, ഒന്നുമറിയാത്ത, ഒരു അനുഷ്ഠാനവും പിന്തുടരാത്ത തുടക്കക്കാരനായ ഒരു അന്വേഷി ഇത് കേൾക്കുകയും 
ഒരു ഗ്രന്ഥവും വായിക്കാൻ പാടില്ലെന്നും, എല്ലാ അനുഷ്ഠാനങ്ങളും ഉപേക്ഷിക്കണമെന്നും ഉറപ്പിച്ചു പറയുന്നു.'

മൗലാ ഇങ്ങനെ ഉപസംഹരിച്ചു:

' തന്റെ പ്രയത്നവും പരിശ്രമവുമാണ് ഓരോ വിത്തിനെയും പൂവായി വിരിയിച്ചെടുക്കുന്നത് എന്ന അഹന്തയിൽ നിന്ന് കർഷകരെ രക്ഷപ്പെടുത്താനാണ് ജ്ഞാനിയായ മനുഷ്യൻ ആ ഉപദേശം നൽകിയത്. എന്നാൽ, വിത്ത് വിതയ്ക്കുന്നത് തന്നെ തെറ്റാണെന്ന നിഗമനത്തിലാണ് ആ സുഹൃത്ത് എത്തിയത്. 
ആയതിനാൽ, ജ്ഞാനത്തെയും കർമ്മത്തെയും 
അതാതു ഘട്ടങ്ങളിൽ പിന്തുടരാനുള്ള തിരിച്ചറിവ് നേടുക.
നിഷേധി ആവാതെ വിശാലതയോടെ ജ്ഞാനവഴിയെ ആശ്ലേഷിക്കുക. ശിശുസഹജമായ നിഷ്കളങ്കതയോടെ,
മുൻവിധികളില്ലാതെ 
വഴിയെ സമീപിക്കുന്നവരാണ് 
ലക്ഷ്യത്തിലെത്തുന്നത്. '