ഗോതമ്പു മണികൾക്കായി ദീനിനെ വിൽക്കുന്നവർ

അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍

07 September, 2019

+ -
image

(സൂഫീ കഥ - 15)

ഹുജ്‍വീരി (റ) പറയുന്നു

ഒരിക്കൽ ഞാനെന്‍റെ ശൈഖിന്‍റെ കൂടെ അസർബൈജാനിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് ഞാനാ രംഗം കാണാനിടയായത്. സൂഫികളുടെ വേഷമായ കരിമ്പുടം ധരിച്ചു കുറച്ചാളുകൾ, ഗോതമ്പ് മെതിക്കുന്നിടത്ത് നിൽക്കുന്നുണ്ട്. അവർ അവരുടെ കരിമ്പുടത്തിന്‍റെ ഒരു തല മടിശ്ശീല പോലെ നീട്ടിപ്പിടിച്ചിട്ടുണ്ട്. കർഷകർ കനിഞ്ഞു നൽകുന്ന ഗോതമ്പു മണികൾക്കായി കാത്തു നിൽക്കുകയാണവർ. ഇതു കണ്ട ശൈഖ് അവരെ നോക്കി സൂറതുൽ ബഖറയിലെ പതിനാറാം സൂക്തം ഓതി.

“അവർ സന്മാർഗം വിറ്റ് പിഴച്ച വഴി വാങ്ങിയവരാണ്. അവരുടെ കച്ചവടത്തിൽ ലാഭമുണ്ടായില്ല. അവർ സന്മാർഗം സിദ്ധിച്ചവരായിരുന്നില്ല.”

ഞാൻ ചോദിച്ചു: “ശൈഖവർകളേ, ഏതു നീചവൃത്തി കാരണത്താലാണിവർക്കീ പരീക്ഷണം നേരിടേണ്ടി വന്നത്? എന്തുകൊണ്ടാണിവർ ജനങ്ങൾക്കിടയിൽ ഇങ്ങനെ വഷളാവാൻ കാരണം?”

ശൈഖ് മറുപടി പറഞ്ഞു: “അവരുടെ ഗുരുക്കൾ ശിഷ്യരുടെ എണ്ണം കൂട്ടുന്നതിൽ ഏറെ ഉത്സാഹം കാണിച്ചു. ഇവരാകട്ടെ ഭൌതിക നേട്ടങ്ങൾ ശേഖരിക്കുന്നതിലും ഉത്സാഹം കാണിച്ചു. ഒരാർത്തിയും മറ്റേ ആർത്തിയേക്കാൾ മെച്ചപ്പെട്ടതല്ല. സംസ്കരണോദ്ദേശ്യമില്ലാതെ ആളെ കൂട്ടുന്ന പരിപാടികളെല്ലാം ദേഹേഛയുടെ പ്രേരണകൾ മാത്രമാണ്.”

kashf - 253