റമദാന്‍ 30. എങ്കില്‍ പെരുന്നാളാണ്.. നാളെ മാത്രമല്ല.. മരണം തന്നെയും...പിന്നെ ശേഷവും...

എം.എച്ച് പുതുപ്പറമ്പ്

04 June, 2019

+ -
image

റമദാന്‍ 30. എങ്കില്‍ പെരുന്നാളാണ്.. നാളെ മാത്രമല്ല.. മരണം തന്നെയും...പിന്നെ ശേഷവും...
റമദാന്‍ മാസം പൂര്‍ണ്ണമാവുകയാണ്. മാനത്ത് ശവ്വാലിന്റെ അമ്പിളി പിറക്കുന്നതിലൂടെ ഇനി മുസ്‍ലിം ലോകത്തിന് സാങ്കേതികമായി പെരുന്നാളാണ്. റമദാനിന്റെ പവിത്രത കാത്ത് സൂക്ഷിച്ച്, എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ നോമ്പോട് കൂടി ഒരു മാസം ചെലവഴിച്ചവര്‍ക്ക് യഥാര്‍ത്ഥത്തില്‍ അവകാശപ്പെട്ട പെരുന്നാളും. 
ഒരു മാസം മുഴുവന്‍ നോമ്പെടുത്ത വിശ്വാസിക്ക് അല്ലാഹു നല്‍കുന്ന സദ്യയാണ് പെരുന്നാള്‍ എന്ന് പറയാം. ഇത്രയും ദിനങ്ങള്‍ തന്റെ കല്‍പനയുണ്ടായി എന്നത് കൊണ്ട് മാത്രം, ഇഷ്ടപ്പെട്ട പലതും വേണ്ടെന്ന് വെക്കുകയും കണിശമായ നിയന്ത്രണങ്ങള്‍ പാലിക്കുകയും ചെയ്ത അടിമയോട്, ഉടമയായ അല്ലാഹുവിന് എന്തൊരു തൃപ്തിയായിരിക്കുമെന്നോ. പെരുന്നാള്‍ ദിവസം നോമ്പ് ഹറാമാക്കിയതിന് പിന്നില്‍ അതല്ലാതെ മറ്റെന്താണ്. അതോടൊപ്പം, അന്നേദിവസം പട്ടിണി കിടക്കുന്ന ആരുമുണ്ടാവരുതെന്ന് ലക്ഷ്യമാക്കി, ഫിത്റ് സകാതും നിര്‍ബന്ധമാക്കിയിരിക്കുന്നു.. നാട്ടിലെ മുഖ്യാഹാരം തന്നെ സകാത് ആയി നല്‍കണമെന്ന് നിയമമാക്കിയതും അത് കൊണ്ട് തന്നെയാവാം.. അഥവാ, അന്നേദിവസം വിശപ്പില്ലാതെ കഴിയാന്‍ ആവശ്യമായ ഏറ്റവും ചുരുങ്ങിയ ഭക്ഷണ പദാര്‍ത്ഥം വിശ്വാസികളായ എല്ലാവര്‍ക്കും ലഭ്യമാണെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. അഥവാ, അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കുന്ന വിരുന്ന് സല്‍ക്കാരം എന്ന് പറയാം, അതില്‍ നിന്ന് ഒരാളും വിട്ടുപോകരുത് എന്ന നിര്‍ബന്ധവും കൂട്ടി വായിക്കാം. 
ഇതുതന്നെയാണ് നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത്. ജീവിതം മുഴുവന്‍ അല്ലാഹുവിന്റെ വിധികളും വിലക്കുകളും പാലിച്ച് ജീവിക്കേണ്ടവനാണ് വിശ്വാസി. വിശ്വാസം ഓരോരുത്തരും മനസ്സറിഞ്ഞ് സ്വേഷ്ടപ്രകാരം തെരഞ്ഞെടുക്കുന്നതാണ്. അത് തെരഞ്ഞെടുക്കുന്നതോടെ ജീവിതത്തില്‍ ഒട്ടേറെ നിയന്ത്രണങ്ങള്‍ അവന്‍ പാലിക്കേണ്ടിവരുന്നു. ഈ നിയന്ത്രണങ്ങളെല്ലാം പാലിച്ചാണ് ഓരോ വിശ്വാസിയും ഭൂമിയിലെ ഏതാനും വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ ജീവിതം നയിക്കുന്നത്. ശരാശരി 65 വര്‍ഷം എന്ന് പറയാം. അതില്‍തന്നെ ആദ്യ15 വര്‍ഷങ്ങള്‍ പ്രായപൂര്‍ത്തിയെത്തും മുമ്പുള്ള കല്‍പനകളൊന്നും ബാധിക്കാത്ത കാലമാണെന്ന് പറയാം. അവസാന വര്‍ഷങ്ങള്‍ അവശതയുടെ കാലവും.. ആരോഗ്യകാലത്തെ പതിവുകള്‍ക്കനുസരിച്ച് ആ കാലത്ത് ചെയ്യാത്തവക്ക് പോലും പ്രതിഫലം നല്‍കപ്പെടുകയും ചെയ്യും. അങ്ങനെ നോക്കുമ്പോള്‍ വളരെ കുറഞ്ഞ വര്‍ഷങ്ങള്‍, അത്ര മാത്രമേ കൃത്യമായ കര്‍മ്മങ്ങള്‍ ചെയ്യേണ്ടതുള്ളൂ.. അത്ര മാത്രമേ നിയന്ത്രണങ്ങള്‍ക്കെല്ലാം അധീനമായി ജീവിക്കേണ്ടതുള്ളൂ.. 
അതിന് തയ്യാറാകുന്ന പക്ഷം, നമ്മെ കാത്തിരിക്കുന്നത് ശാശ്വതമായ സ്വര്‍ഗ്ഗലോകവും. ആലോചിച്ചാല്‍ എത്ര ലാഭകരമായ ഇടപാട് ആണല്ലേ. ശാശ്വതമായ സ്വര്‍ഗ്ഗം, അഥവാ ഒരിക്കലും അവസാനിക്കാത്ത സുഖങ്ങളുടെ പറുദീസ... മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, എല്ലാം അനുവദനീയവും ലഭ്യവുമായ യഥാര്‍ത്ഥ പെരും നാളുകള്‍ എന്നര്‍ത്ഥം.. 
അതെ, റമദാനിലെപ്പോലെ ജീവിതം മുഴുവന്‍ ചിട്ടപ്പെടുത്താനായാല്‍, പിന്നെ പെരുന്നാളാണ്... ശവ്വാല്‍ 1ന് മാത്രമല്ല... മരണം തന്നെ പെരുന്നാളിന്റെ തുടക്കമാവും.... തുടര്‍ന്നങ്ങോട്ടുള്ള ദിനങ്ങളെല്ലാം വലിയ പെരുന്നാളുകളും.. നാഥന്‍ തുണക്കട്ടെ.