സ്വര്‍ഗത്തില്‍ അപ്‌സരസ്സുകള്‍ പുരുഷന്മാര്‍ക്കു മാത്രമോ?

ശുഐബ് ഹൈത്തമി വാരാമ്പറ്റ

03 November, 2018

+ -
image

സ്വർഗത്തിൽ ആണുങ്ങൾക്ക് അപ്സരസുകളുണ്ട് , സ്ത്രീകൾക്ക് അങ്ങനെ പ്രത്യേകയിനം പുരുഷന്മാരില്ലാത്തത് ഇസ്ലാമിലെ സ്വർഗ സങ്കൽപ്പത്തെ അപൂർണവും നീതിരഹിതവുമാക്കുന്നില്ലേ ? ഇതാണ് അവർ ചോദിച്ചത്.

മറുപടിയിങ്ങനെയും പറയാം .

ഒന്ന് :

" ഹൂറികൾ " എന്നാണ് മലയാളികൾ അപ്സരസുകളെ സംബന്ധിച്ച് മറബീകരിച്ച് പറയുന്നത്. "ഹൂറുൻ ഈൻ / ഹൂറുൽഈൻ " (حورعين / حورالعين ) എന്നതാണ് ശരിയായ അറബി പദം . " ഹൂർ" എന്നത് ബഹുവചനമാണ് . " അഹ് വർ , ഹൗറാഅ ' " ( احور ، حوراء )എന്നീ രണ്ട് പദങ്ങങ്ങളാണ് അതിന്റെ ഏകവചനം . വിശ്വ പ്രസിദ്ധമായ അറബി ഭാഷാവ്യാകരണ നിയമഗ്രന്ഥമായ അൽഫിയതുബിനിൽ മാലിക് ഈ നിയമം ചൊവ്വേ പറയുന്നുണ്ട് .

( فعل لنحو احمر وحمرا
و فعلة جمعا بنقل يدرى)

അതായത് " സുറുമാലങ്കൃതനായ നയന മനോഹരൻ " (പുരുഷൻ) എന്നർത്ഥമുള്ള احور എന്ന പദത്തിന്റെയും " സുറുമാലാങ്കൃതയായ നയന മനോഹരി " ( സ്ത്രീ) എന്നർത്ഥമുള്ള حوراء എന്ന പദത്തിന്റെയും ബഹുവചനമാണ് " ഹൂർ " . അപ്പോൾ തീർച്ചയായും ആ പദത്തിന്റെ സാരം അതിസുന്ദരന്മാർ എന്നും അതിസുന്ദരികൾ എന്നുമാണ്. അല്ലാതെ അതിസുന്ദരികൾ എന്ന് മാത്രമല്ല . " ഈൻ " എന്നതിനർത്ഥം തിളങ്ങുന്ന കണ്ണുള്ളത് എന്നാണ്. വദനശോഭയാണ് ഉദ്ദേശ്യം . ഭാഷാ നിയമം ഇതായിരിക്കേ " പുരുഷന്മാർക്ക് ഹൂറികൾ കിട്ടുന്നത് പോലെ സ്ത്രീകൾക്ക് ആരാണുള്ളത് എന്ന ചോദ്യം സംഗതമല്ല. 
മാത്രമല്ല , സ്വർഗത്തിൽ സുന്ദരന്മാരായ ദേവപുരുഷന്മാർ ഇല്ല എന്ന് ഖുർആനിലോ പ്രവാചക വചനങ്ങളിലോ ഇല്ല. ( മേൽ സന്ദേഹമുന്നയിക്കുന്നവരുടെ ഇസ്ലാം രേഖകൾ അവയാണല്ലോ , അവരവയെ സമീപിക്കുന്നതാവട്ടെ ഭാഷാമാപിനികൾ വെച്ചും).

ഇവിടെ വരുന്ന ഒരു സംശയം , ഖുർആനിക ഭാഷാഖ്യാന ശൈലി "സ്ത്രീ ഹൂറികൾ " മാത്രമായത് എന്ത് കൊണ്ടാവും എന്നതാണ്. പൊതുവേ അഭിസംബോധനാ ലിംഗം ഖുർആനിൽ പുലിംഗമാണ് . ( അതെന്തേയെന്ന് വേറെ പറയാം ) അപ്പോൾ വാഗ്ദാനം വിപരീത ലിംഗക്കാരെ കുറിച്ചാവലാണ് കാൽപ്പനികത . മാത്രമല്ല , പരസ്ത്രീഗമനമാണ് അന്നുമിന്നും പരപുരുഷഗമനത്തേക്കാൾ സ്വാഭാവികം .
ചുരുക്കത്തിൽ ,
സ്വർഗപ്രവേശം ലഭിക്കുന്ന സ്ത്രീകൾക്ക് ശാരീരികാടനങ്ങൾക്കായി അഴക് തികഞ്ഞ ആണുങ്ങളുണ്ടാവുക എന്നത് ഭാഷാപരമായോ യുക്തിപരമായോ പ്രകട പ്രമാണങ്ങളോട് എതിരാവുന്നില്ല .

രണ്ട്:

എന്നാൽ അങ്ങനെ ദേവകുമാരന്മാർ ഉണ്ടായാൽ മാത്രമേ സ്വർഗത്തിൽ ലിംഗ നീതിയുണ്ടാവുകയുള്ളൂ എന്ന യുക്തിന്യായങ്ങൾ യുക്തിഭദ്രമല്ല. കാരണം ആഗ്രഹിക്കുന്നതൊക്കെ ലഭിക്കുന്ന ഇടമാണ് ഇസ്ലാം പറയുന്ന സ്വർഗം . പക്ഷെ ഭൂമിയിൽ വെച്ച് ആഗ്രഹിച്ചത് / ആഗ്രഹിക്കുന്നതെല്ലാം കിട്ടുന്ന ഇടമാണ് സ്വർഗം എന്നല്ല ആ പറഞ്ഞത്. സ്വർഗത്തിൽ വെച്ച് ആഗ്രഹിക്കുന്നത് കിട്ടും എന്നാണ്. സ്വർഗത്തിൽ വെച്ച് സ്ത്രീ സമൂഹം ദേവന്മാരേയോ പരപുരുഷന്മാരെയോ ഒക്കെ ആഗ്രഹിക്കുമെന്ന് വന്നാലല്ലേ ആ പറഞ്ഞ അനീതിയുടെ പ്രശ്നം ഉദിക്കുന്നുള്ളൂ . ആഗ്രഹിച്ചിട്ട് കിട്ടാതിരിക്കുമ്പോഴേ സ്വർഗം അപൂർണ്ണമാവുകയുള്ളൂ.

സ്വർഗത്തിലെ സ്ത്രീകൾ തങ്ങളാഗ്രഹിക്കുന്ന ഫെയർബഡീസിനെ കിട്ടാതെ ലൈംഗികഭംഗം വന്ന് വിഷണ്ണരാവുന്നത് ശരിയാണോ എന്ന് ചോദിക്കുന്നത് സ്വർഗത്തിലോ പരലോകത്തിലോ വിശ്വസിക്കാൻ പാടില്ലാത്ത ഭൗതികമാത്ര വാദികളാണ് എന്ന വൈരുധ്യമാണ് മറ്റൊരു തമാശ . സ്ത്രീ - പുരുഷ ലൈംഗിക ചോയിസിന്റെ നാച്വറലിസം യുക്തിവാദികൾ മറന്നെന്ന് കളിക്കുകയാണ് . സ്നേഹ മസൃണവും സുരക്ഷാ നിർഭരവുമായ ഒരു സാഹചര്യത്തിൽ ഇഷ്ടപ്പെട്ട ഒരു പുരുഷന്റെ ഒപ്പമുള്ള സഹശയനമാണ് സ്ത്രീയുടെ നോർമൽ & നാച്വറൽ ചോയിസ്. പുരുഷന്റെ സൗന്ദര്യം പെണ്ണിന് ലൈംഗികതയിൽ അടിസ്ഥാന ഘടകമല്ല. സ്നേഹമാണ് ഫസ്റ്റ് ഫാക്ടർ .ഒരു ടേമിൽ ഒന്നിലേറെ പുരുഷന്മാർ സ്ത്രീക്ക് അചിന്ത്യമാണ്. പക്ഷെ പുരുഷന് ലൈംഗികതൃഷ്ണ ഉണരണമെങ്കിൽ സൗന്ദര്യ പ്രലോഭനം മതി. സ്നേഹമോ സുരക്ഷിതത്വമോ ആദ്യ ഘടകമല്ല. ഒരേ സമയം നിരവധി പങ്കാളികൾ അചിന്ത്യവുമല്ല.

നാടൻ പ്രയോഗത്തിൽ പറഞ്ഞാൽ ആണിന് കമ്പം ഫ്രൂട്ട് സലാഡും പെണ്ണിന് തികഞ്ഞ മധുരമുള്ള ഒറ്റപ്പഴവുമാണ് . 
പറഞ്ഞു വന്നത് , സ്വർഗത്തിലെ സ്ത്രീകൾ " ഹൂറികളെ " ആഗ്രഹിക്കാതിരിക്കാനാണ് യുക്തി ന്യായം കാണുന്നത് എന്നാണ്. എന്നാൽ സ്ത്രീകൾ പോൺ ബൈ സെക്സൊക്കെ ഷൂട്ട് ചെയ്യുന്ന ഇക്കാലത്ത് അപ്പറഞ്ഞ ന്യായം ശരിയാണോ എന്ന് ചോദിച്ചാൽ , നമ്മുടെ ചർച്ച ഇസ്ലാം പറഞ്ഞ സ്വർഗത്തിൽ കടക്കുന്ന സ്ത്രീകളെ സംബന്ധിച്ചാണ്. അവരുടെ മനോഗതി നടേ പറഞ്ഞ പോലെ നാച്വറൽ ശാലീനമാണ്.