ഉരിയല്‍ സ്വാതന്ത്ര്യം ആണെങ്കില്‍ ഉടുക്കല്‍ അവകാശമാണ്.

-ഹഫ്സമോള്‍ പി പി

03 May, 2019

+ -
image

ഞാന്‍ നിഖാബ് ഇതുവരെ ധരിച്ചിട്ടില്ല. എങ്കിലും നിഖാബ് ധരിക്കുന്നവരോടൊന്നിച്ചുള്ള ജീവിതത്തിലെ ചില അനുഭവങ്ങള്‍ പങ്കുവെക്കാം.
കഴിഞ്ഞ രണ്ടുവര്‍ഷമായി തിരുവനന്തപുരത്തുള്ള ഒരു മുസ്ലിം വനിതാ കോളേജില്‍ ജോലി ചെയ്തു വരികയാണ് ഞാന്‍. ഇവിടെ പര്‍ദ്ദയോടൊപ്പം തന്നെ നിഖാബും (മുഖാവരണം) ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ പഠിച്ചു വരുന്നത്. അദ്ധ്യാപികമാര്‍ ക്ലാസ്സില്‍ വരുമ്പോള്‍ അവര്‍ നിഖാബ് ഉയര്‍ത്തി മുഖം കാണത്തക്കവണ്ണം ക്ലാസ്സില്‍ ഇരിക്കുന്നു. പുരുഷന്മാര്‍ ആയ അദ്ധ്യാപകര്‍ ആണെങ്കില്‍ നിഖാബ് ധരിച്ചു ക്ലാസ്സില്‍ ഇരിക്കുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷത്തെ കുട്ടികളുടെ പരീക്ഷഫലത്തില്‍ ബുര്‍ഖ ധരിച്ച് ക്ലാസ്സില്‍ ഇരുന്ന വിഷയത്തിന് കിട്ടിയ മാര്‍ക്കും ബുര്‍ഖ ധരിക്കാതെ ക്ലാസ്സിലിരുന്ന വിഷയത്തിന് കിട്ടിയ മാര്‍ക്കിലും കാര്യമായ അന്തരമൊന്നും കാണാന്‍ കഴിഞ്ഞില്ല. ഹോസ്റ്റല്‍ സൗകര്യത്തില്‍ പഠിച്ചുവരുന്ന കുട്ടികള്‍ ആയതിനാല്‍ ഇടയ്ക്കൊക്കെ അസുഖം വരുമ്പോള്‍ തൊട്ടടുത്ത ആശുപത്രിയില്‍ കൊണ്ടുപോവാറുണ്ട്. ഡോക്ടറുടെ മുന്‍പില്‍ എത്തുമ്പോള്‍ അവര്‍ നിഖാബ് ഉയര്‍ത്തി തന്റെ രോഗവിവരങ്ങള്‍ ഡോക്ടറോട് പറയുന്നു. ഡോക്ടര്‍ മരുന്ന് എഴുതി കൊടുക്കുന്നു. ഓപ്പണ്‍ സ്കൂള്‍ സിസ്റ്റത്തില്‍ പഠിക്കുന്നതിനാല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ മിക്കപ്പോഴും പുറമെയുള്ള ഏതെങ്കിലും ഗവണ്മെന്റ് സ്കൂള്‍ ആയിരിക്കും ലഭിക്കുക. അവിടെ എത്തുമ്പോള്‍ പരീക്ഷാ കേന്ദ്രത്തിലെ എക്സാമിനര്‍ക്ക് ഇവരുടെ ഐഡന്റിറ്റി വ്യക്തമുക്കുന്ന വിധം മുഖാവരണം ഉയര്‍ത്തി കാണിച്ചു കൊടുക്കുന്നു. കൂട്ടത്തില്‍ ഒരു കുട്ടിയെ അബുദാബിയിലേക്ക് വിമാനം കയറ്റാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പോയിരുന്നു. ടെര്‍മിനലിന് മുന്‍പിലുള്ള ഉദ്യോഗസ്ഥന് മുന്‍പില്‍ നിഖാബ് ഉയര്‍ത്തി തന്‍റെ മുഖം കാണിച്ചു കൊടുക്കുന്നു. പറഞ്ഞു വരുന്നത് നിഖാബ് ധരിക്കുന്ന സ്ത്രീകള്‍ ആവശ്യ സ്ഥലങ്ങളില്‍ അത് ഉയര്‍ത്തി ആവശ്യാനുസരണം കാര്യങ്ങള്‍ ചെയ്യുന്നു എന്നത് എന്റെ അനുഭവത്തില്‍ നിന്ന് പറഞ്ഞുവന്നതാണ്.

കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ ഒരു വിനോദയാത്രയ്ക്ക് പോയ സമയത്ത് റോഡരികില്‍ കണ്ടത്തില്‍ അധികവും മുഖാവരണം ധരിച്ച സ്ത്രീകളായിരുന്നു. അതില്‍ മുസ്ലിമെന്നോ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ വകതിരിവില്ല എന്നത് അവരുടെ വസ്ത്രധാരണത്തില്‍ നിന്നും മനസ്സിലായി. ചൂട് കാലം തുടങ്ങിയാല്‍ ഉത്തരേന്ത്യയില്‍ മതഭേധമന്യേ നിഖാബ് വ്യാപകമാവും. കടയില്‍ സാധനം വാങ്ങിക്കുമ്പോഴും ട്രെയിനില്‍ 
യാത്ര ചെയ്യുമ്പോഴും അവര്‍ മുഖാവരണം ധരിച്ചു തന്നെയാവും. വസ്ത്ര സ്വാതന്ത്ര്യത്തിനു വേണ്ടി ധാരാളം സമരങ്ങളും സംവാദങ്ങളും നടന്ന മണ്ണാണ് കേരളം. മാറ് മറക്കല്‍ സമരം തുടങ്ങി പൊതുസ്ഥലങ്ങളില്‍ മുലയൂട്ടാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം വരെ അതില്‍ പെടും.

കഴിഞ്ഞ ദിവസം എം.ഇ.എസ് സ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെതിരെ ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യന്‍ ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പൗരന് നല്‍കുന്നുണ്ട്. ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 25,26 പ്രകാരം ഇഷ്ടമുള്ള മതം സ്വീകരിക്കാനും മതം അനുശാസിക്കുന്നത് പോലെ ജീവിക്കുവാനുമുള്ള അവകാശം പൗരന് നല്‍കുന്നുണ്ട്. അതിനിടെയാണ് ശ്രീലങ്കയിലെ ദൌര്‍ഭാഗ്യകരമായ ഭീകരാക്രമണം നടക്കുന്നത്. രാജ്യ സുരക്ഷയുടെ ഭാഗമായി അവിടെ നിഖാബ് താല്‍കാലികമായി നിരോധിച്ചു. ഒരു രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷ കാര്യത്തില്‍ എടുക്കുന്ന ഒരു സര്‍ജിക്കല്‍ തീരുമാനമെന്ന നിലയില്‍ മുസ്ലിം സമൂഹം അതിനു മൗനാനുവാദം നല്‍കി. പക്ഷെ അതിന്‍റെ മറ പിടിച്ചു കേരളത്തില്‍ അള്‍ട്രാ സെക്കുലര്‍ ജീവി ചമയാന്‍ ശ്രമിക്കുന്ന ഫസല്‍ ഗഫൂര്‍ ഒപ്പിട്ടു പുറത്തിറക്കിയ സര്‍ക്കുലര്‍ കേരള സമൂഹം കീറി എറിയും എന്ന് തന്നെയാണ് പറയാനുള്ളത്. ഹൈകോടതി വിധിയുടെ നേരിയ പഴുതിലാണ് അദ്ദേഹം സര്‍ക്കുലരിനെ ന്യായീകരിക്കുന്നത്. യൂണിഫോമില്‍ മുഴുവന്‍ കുട്ടികളും അരക്കയ്യന്‍ വസ്ത്രം മാത്രം ധരിക്കാന്‍ പാടുള്ളൂ എന്നും തലമറയ്ക്കാന്‍ പാടില്ലെന്നും പറഞ്ഞു യൂണിഫോം സര്‍ക്കുലര്‍ ഇറക്കിയ സ്കൂള്‍ മനെജ്മെന്റിനെതിരെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് യൂണിഫോമില്‍ മാനെജ്മെന്റ് തീരുമാനം അംഗീകരിക്കണം എന്ന മട്ടില്‍ ഹൈകോടതി വിധി പുറപ്പെടുവിക്കുന്നത്. എന്നാല്‍ ആ വിധിക്കെതിരെ അപ്പീല്‍ പോവുകയും അത് കോടതിയുടെ പരിഗണനാവിഷയം ആവുകയും ചെയ്യുന്ന സമയത്താണ് തിടുക്കപ്പെട്ടു ഇങ്ങനെ ഒരു സര്‍ക്കുലര്‍ എം ഇ എസ് മാനേജ്മെന്‍റ് പുറത്തിറക്കുന്നത്. മുസ്ലിം വിഷയങ്ങള്‍ എപ്പോഴും പരമാവധി സെന്‍സേഷന്‍ നല്‍കാറുള്ള കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ ഗ്രഹണി പിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാന്‍ കിട്ടിയത് പോലെ ആഘോഷിക്കുകയും ചെയ്തു.

സത്യത്തില്‍ എന്ത് കൊണ്ട് നിഖാബ് പാടില്ലെന്നതാണ് ഉയര്‍ന്നുവരേണ്ട ചോദ്യം. ഒരു സ്ത്രീ അവളുടെ മുഖം ആരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കണമെന്നത് അവളുടെ സ്വാതന്ത്ര്യമാണ്. നിയമാനുസൃതമായി തന്നെ അവള്‍ക്കതിനു സാധിക്കുന്നുവെന്നത് ഉറപ്പുവരുത്തെണ്ടതുമാണ്. ഒരു ക്ലാസില്‍ നിഖാബ് ധരിച്ചെത്തുന്ന മൂന്നോ നാലോ പേരെ തിരിച്ചറിയാന്‍ സ്ഥിരമായി സഹവര്‍ത്തിക്കുന്ന സഹപാടിക്കോ അധ്യാപകനോ എന്ത് പ്രയാസമുണ്ടാവാനാണ്. തുണിയുരിയാനുള്ള ഡസന്‍ കണക്കിന് സമരങ്ങള്‍ക്ക് കിട്ടിയ പിന്തുണ തുണി ഉടുക്കാനുള്ള പോരാട്ടത്തിനും ലഭിക്കേണ്ടതുണ്ട്. ഇന്നവര്‍ നിഖാബില്‍ നിയന്ത്രിച്ചാല്‍ നാളെയവര്‍ ഫുള്‍ സ്ലീവിലും പര്‍ദ്ദയിലും നിയന്ത്രണം കൊണ്ടുവരും. ജാഗ്രത പാലിക്കേണ്ടത് ഒരു വലിയ വിനാശത്തിന്റെ തുടക്കത്തില്‍ തന്നെയാണ്. പടര്‍ന്നു പിടിച്ചാല്‍ കുടഞ്ഞു കളയാന്‍ കഴിയില്ലെന്ന് പൊതുസമൂഹം മനസ്സിലാക്കുക.

നിഖാബ് പ്രാകൃത രീതിയാണെന്ന് പറഞ്ഞു പരിഹസിക്കുന്നവര്‍ അമേരിക്കയിലെയും ഇംഗ്ലണ്ട് അടക്കമുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളിലേയും നിഖാബ് അണിയുന്ന മഹിളകളെ കാണാതെ പോകരുത്. നാടും നഗരവും ശാസ്ത്രവും വളര്‍ന്നിട്ടും ഇപ്പോഴും മുഖാവരണം അണിയുന്നതില്‍ ആശ്വാസം കണ്ടെത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ ഇഷ്ടപ്പെട്ട് നിഖാബ് ധരിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ നമുക്ക് സാധിക്കണം.

സിഖുകാരന് അദ്ദേഹത്തിന്‍റെ വിശ്വാസത്തിന്റെ ഭാഗമായി കിര്‍പ്പന്‍ കത്തി അരയില്‍ കൊണ്ടുനടക്കാന്‍ നിയമാനുസൃതമായ പരിരക്ഷയുള്ള നാട്ടില്‍ എന്തിനു നിഖാബ് നിരോധിക്കണം. മനസ്സറിഞ്ഞു നിഖാബ് ധരിക്കുന്നവര്‍ അത് ധരിക്കട്ടെ. അല്ലാത്തവര്‍ അത് ധരിക്കാതിരിക്കട്ടെ. 
മുഖാവരണം ധരിച്ചവരുടെ മുഖം കണ്ടേ അടങ്ങൂ എന്നും, മുഖം കാണിച്ചു നടക്കുന്നവളെ നിഖാബ് അണിയിച്ചേ അടങ്ങൂ എന്നും വാശിപിടിക്കാതിരിക്കാം.