ആ 'ആത്മഹത്യാ'ശ്രമത്തിനു പിന്നില്‍.

ടിഎച്ച്ദാരിമി

02 September, 2019

+ -
image

കഴിഞ്ഞ ദിവസം മലയാളി യുക്തിവാദികളുടെ ഫേസ്ബുക്ക് വാളില്‍ ഒരു 'പോസ്‌ററ്'വിപ്ലവം കാണാനിടയായി. മുസ്‌ലിം പേരുള്ള ഒരു പെണ്‍ക്കുട്ടിയുടെ ഒരു പോസ്‌ററിന്റെ സ്‌ക്രീന്‍ഷോട്ട് കാണിച്ച് എല്ലാവരും എത്രയും പെട്ടെന്ന് ഇടപെടണമെന്ന അലമുറയായിരുന്നു അതിന്റെ ഉള്ളടക്കം. അതില്‍ ആ പെണ്‍കുട്ടി ജീവിതം മടുത്തു എന്നൊക്കെ സൂചിപ്പിച്ചതുവെച്ച് അവളെ എത്രയും പെട്ടെന്ന് രക്ഷിക്കണം എന്ന് അഭ്യര്‍ഥിക്കുകയും അതോടൊപ്പം അതിനു പ്രേരകമായ സംഭവത്തെ ഇസ്‌ലാമിന്റെ പേരില്‍കെട്ടിവെച്ച് ഘോരപ്രസംഗം നടത്തുകയും ചെയ്യുന്നതായിരുന്നു വിപ്ലവപോസ്‌ററ്. പിറേറന്നു തന്നെ ആത്മഹത്യാചിന്തയുടെ മാലി റങ്ങിയതായും അതില്‍ നിന്ന് പിന്‍മാറുന്നതായും പെണ്‍കുട്ടിയുടെ തന്നെ പോസ്‌ററും വന്നു. കാര്യം വ്യക്തമല്ലെങ്കിലും ആശയപരമായ ഏതോ ഒരു വിഷയത്തിന്റെ പേരില്‍ പെണ്‍കുട്ടി വീട്ടുകാരുമായി തെററിയതായിരുന്നു കാരണം എന്നു മനസ്സിലായി. അതിന്റെ പേരില്‍ അവളോട് സ്വന്തം സഹോദരങ്ങള്‍ നടത്തിയ പ്രതികരണം കടുത്തസ്വരത്തിലുള്ള ഭീഷണിയാണെന്നു തോന്നുന്നു. ഭീഷണിയുടെ ഇടയില്‍ അവരുടെ സാഹചര്യത്തിനും നിലവാരത്തിനുമനുസരിച്ച് മതമോ മറേറാ ഒക്കെ കടന്നുവന്നിട്ടുമുണ്ടാകാം. ഏതായാലും അതിന്റെ പേരിലായിരുന്നു അവള്‍ക്കു ജീവിതം മടുത്തത്. കോപം എന്ന വികാരം അല്ലെങ്കിലും അങ്ങനെയാണല്ലോ, അത് കയറുന്നതു പോലെ ഇറങ്ങുകയും ചെയ്യും.പിറേറന്നുതന്നെ അതിറങ്ങുകയും ചെയ്തു.അവളെ ഇത്രക്കു ചൂടാക്കിയ വിഷയമോ യുക്തിവാദികള്‍ നടത്തിയ പൊങ്കാലകളോ ഒന്നുമല്ല നമ്മുടെ വിഷയം. മറിച്ച് പ്രശ്‌നം എന്തായിരുന്നുവെങ്കിലും തനിക്കുമുമ്പില്‍ നീണ്ടുപരന്നുകിടക്കുന്ന ജീവിതം വേണ്ടെന്നുവെക്കുവാന്‍ ഒരു നിമിഷംതോന്നിയ ആ തോന്നലാണ് നമ്മുടെ വിഷയം.അത് ഈ സംഭവത്തിന്റെ വളരെ ചെറിയ ഒരു ഭാഗമാണെങ്കിലുംഅത് ഭൗതിക യുക്തി ചിന്തയുടെയും ചിന്തകരുടെയും അനുഭവം വെച്ചുനോക്കുമ്പോള്‍ അത്ര ചെറുതല്ല.

യുക്തിയും ശാസ്ത്രവും മാത്രം നിദാനമാക്കി കാര്യകാരണങ്ങളെ വേര്‍തിരിച്ചെടുക്കുവാനും വ്യാഖ്യാനിക്കുവാനും ശ്രമിക്കുന്നവര്‍ക്കൊക്കെ ഒരളവിലല്ലെങ്കില്‍ മറെറാരളവില്‍ ഇത്തരം മാനസികാവസ്ഥ ഉണ്ടായിട്ടുണ്ട്. ഇത് അനുഭവവും ചരിത്രവുമാണ്. കേവലം കുറച്ചു കഴിഞ്ഞാല്‍ മാറുന്ന ഒരു മാനസിക അസ്വസ്ഥതയായിരിക്കില്ല ഇത്. മറിച്ച് ജീവിതത്തില്‍തന്നെ കത്തിവെക്കുവാനുള്ള പ്രേരണയുണ്ടാക്കുന്നതോ മനസ്സിന്റെ സമനിലതന്നെ കൈവിട്ടുപോകുന്നതോ ആയ ഒരു തീവ്രമായ മാനസികാഘാതമായിരിക്കും. അതിനു കാരണവും ഉദാഹരണങ്ങളുമുണ്ട്. ആദ്യംകാരണം പറയാം. മൊത്തത്തില്‍ മനുഷ്യന്റെ അന്വേഷണവും പഠനവുമെല്ലാം കാര്യകാരണങ്ങളെ ചേര്‍ത്തുചേര്‍ത്തുവെച്ച് പരമമായവസ്തുതയില്‍എത്തിച്ചേരുവാനുള്ളഒരു ശ്രമമാണ്. ആ പരമമായവസ്തുതയില്‍ എത്തിച്ചേരുവാന്‍ മനുഷ്യന്റെ മനസ്സ് എപ്പോഴും വെമ്പല്‍ കൊണ്ടുകൊണ്ടേയിരിക്കും. മനുഷ്യനെ സജീവവും സക്രിയവുമാക്കുന്ന മനസ്സ് എന്ന ബുദ്ധിയുടെ ദൗത്യവും ഉപയോഗവുമാണ് ഈ അന്വേഷണം. വിശാലമായ ജന്തുകുടുംബത്തില്‍ മറെറാന്നിനും ഈ സവിശേഷതയില്ല എന്നാണ ്ഇതുവരെ ലഭിച്ചിട്ടുള്ള അറിവ്.  ഓരോരുത്തര്‍ക്കും ഓരോകാര്യത്തിലായിരിക്കും അഭിരുചി.അതിനാല്‍ തന്റെ അഭിരുചിയുടെ പരിധിയില്‍വരുന്ന കാര്യങ്ങളെ കൂട്ടിയിണക്കുവാനായിരിക്കും ഓരോരുത്തരും ശ്രമിക്കുക. അതിനുവേണ്ടി അവന്‍ സമയവുംആരോഗ്യവും ശ്രമവും വിഭവവും എല്ലാം വിനിയോഗിക്കുകയും ചെയ്‌തേക്കും. ഈ ശ്രമമാണ് ഭൂമിയില്‍ മനുഷ്യന്റെ അറിവുകളുടെ ചക്രവാളങ്ങളെ വികസിപ്പിച്ചത് എന്നത് മറെറാരുകാര്യം. മനുഷ്യന്‍ നിന്നിടത്തുതന്നെ നില്‍ക്കുകയായിരുന്നുവെങ്കില്‍ അവന്റെ ലോകം ഇതിനേക്കാള്‍ സങ്കുചിതവും അപരിഷ്‌കൃതവും ആയിരുന്നേനെ. 

ഈ അന്വേഷണത്തിനു വേണ്ടി മനുഷ്യന് ആധാരമാക്കുവാനുള്ള രണ്ടു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് സ്വന്തം യുക്തി തന്നെയാണ്. ഇന്ദ്രിയങ്ങള്‍ വഴിഉള്ളിലെത്തുന്ന കാര്യങ്ങളെ പരസ്പരം ഒളവോളം ചേര്‍ത്തുവെക്കുവാന്‍ കഴിയുന്ന ന്യൂറോണുകളുടെ ഒരുകേന്ദ്രമാണ് യുക്തിയുടെ താവളമായ മസ്തിഷ്‌കം. അതുവഴി കുറേ വസ്തുതകളോ അല്ലെങ്കില്‍ വസ്തുതകളുടെ ഭാഗങ്ങളോ മനുഷ്യനു കണ്ടെത്താം. പക്ഷെ, അത്രയും കണ്ടെത്തിയാല്‍ തന്നെ പരമമായ വസ്തുതയിലേക്ക് പിന്നേയും മുന്നോട്ടു പോകേണ്ടിവരും. രണ്ടാമത്തേത് ശാസ്ത്രമാണ്. ഇതിനകം മനുഷ്യന്‍ പല വിധത്തിലുമായി പരീക്ഷിച്ചറിഞ്ഞ വസ്തുതകളെയാണ് ശാസ്ത്രം എന്നു പറയുന്നത്. അതിനേക്കാള്‍ ശാസ്ത്രത്തിന് ഒരുചുവട്കൂടി അധികം മനുഷ്യന്റെ അന്വേഷണത്തെ സഹായിക്കുവാനാകും. ശാസ്ത്രത്തെ പലപ്പോഴും കണ്ണുചിമ്മി തള്ളിക്കളയുന്നവര്‍ ഇതുകാണാറില്ല എന്നത് ഒരു സങ്കടമാണ്. ശാസ്ത്രത്തെ ഉപയോഗപ്പെടുത്തി മനുഷ്യന്‍ തന്റെ അന്വേഷണം തുടര്‍ന്നാലും പരമമായ വസ്തുതകളിലേക്ക് മനുഷ്യന് എത്തുവാന്‍ കഴിയില്ല. കാരണം വളരെ ലളിതമാണ്.ശാസ്ത്രം കണ്ടെത്തപ്പെട്ട സത്യങ്ങളെ മാത്രമേ അംഗീകരിക്കുന്നുള്ളൂ എന്നതാണത്. അവിടെ പക്ഷെ, മനുഷ്യന്റെ അന്വേഷണം നില്‍ക്കുന്നില്ലതാനും. ശാസ്ത്രം പറയുന്നിടംവരെ മനുഷ്യന്‍ ശാസ്ത്രത്തിലൂടെതന്നെ എത്തിച്ചേരുമ്പോള്‍ അവന്റെ മനസ്സ് അടുത്ത ചോദ്യംചോദിക്കും. ആ ചോദ്യത്തിനാണെങ്കില്‍ ശാസ്ത്രത്തിനു ഉത്തരമുണ്ടാവില്ല. ആ ഉത്തരം കിട്ടാതെ മനുഷ്യന് മുന്നോട്ടു പോകുവാനും ആവില്ല. ഇതാണ് പ്രശ്‌നം. ശാസ്ത്രം പരമമായ വസ്തുത തരുമെങ്കില്‍ നമുക്കതിനെ ആശ്രയിക്കാമായിരുന്നു. അതിന് ഇനിയും ചോദ്യമില്ലാത്ത ഒരിടത്ത് അത് നമ്മെ കൊണ്ടുപോയി എത്തിക്കേണ്ടേ?, അതുണ്ടാകുന്നില്ല.

ഇതിനാല്‍ ശാസ്ത്രം മുതല്‍ യുക്തിചിന്ത വരെ മാത്രം ആശ്രയിക്കുന്നവര്‍ അവസാനം കടുത്ത നിരാശയിലും മാനസിക അസ്വസ്ഥതയിലും എത്തിപ്പെടാറാണ് പതിവ്. ഇതു കേട്ടാല്‍ ഇപ്പോള്‍ അങ്ങനെ രംഗത്തുള്ള പലരും കളിയാക്കുകയും തങ്ങള്‍ക്ക് അങ്ങനെയൊരു അസ്വസ്ഥയേയില്ല എന്നും മറിച്ച് തങ്ങള്‍ വലിയ മാനസികസംതൃപ്തി അനുഭവിക്കുന്നുണ്ട് എന്നെല്ലാം തട്ടിവിട്ടേക്കും. അതുകാര്യമാക്കേണ്ട, ചോരത്തിളപ്പില്‍കാണിക്കുന്ന ഒരുശൂരത്തം മാത്രമാണത്. നിരന്തരമായി അന്വേഷണങ്ങള്‍ ഒരു ഇരുമ്പുമറയില്‍ ചെന്നുമുട്ടി നിലക്കുകയും പല ഭാഗത്തുനിന്നും ഉപചോദ്യങ്ങള്‍ ഉയരുകയും ചെയ്യുന്നതോടെ ഇവരുടെ ധൈര്യവും ശൗര്യവും ചോര്‍ന്നൊലിക്കുവാന്‍ തുടങ്ങിയിരിക്കും. യുവത്വത്തിന് രണ്ടു ഭാഗമുണ്ട്. ഒന്ന് ശാരീരിക യുവത്വമാണ്.അതു പടിയിറങ്ങുമ്പോള്‍ മനുഷ്യനില്‍ വൈകാരികമായ ഇറക്കം സംഭവിക്കുന്നു. യവ്വനത്തില്‍ തീവ്രവാദികളായിരുന്ന ചിലര്‍ പിന്നീട് മിതവാദികളായിത്തീരുന്നത് ഇതുകാരണമാണ്. രണ്ടാമത്തേത് ആശയ യുവത്വമാണ്. ഒരു പ്രത്യേക ആശയത്തില്‍ അനുരക്തനാകുന്നത് ഏതു പ്രായത്തിലാകിലും അതിന്റെ ഉടനെ അയാള്‍ വലിയ തീവ്രത പുലര്‍ത്തിയേക്കും. കുറച്ചുകഴിയുമ്പോള്‍ അതുംമാറും.ജൈവപരം എന്നു കരുതാവുന്ന ഈ മാനസിക മാററത്തില്‍ നിന്ന് യുക്തിവാദികള്‍ക്കും മാറുവാന്‍ കഴിയില്ല. രണ്ടു യവ്വനങ്ങളിലും താങ്ങുവാന്‍ കഴിയുന്നത്ത് അവ പടിയിറങ്ങുമ്പോള്‍ താങ്ങുവാന്‍ കഴിയില്ല എന്നു ചുരുക്കം.

അങ്ങനെ പല വലിയ നാസ്തികര്‍ക്കുംസംഭവിക്കുകയുണ്ടായി. അവരില്‍ പലരും മരിക്കുമ്പോള്‍ വിഷാദ രോഗികളായി മാറിയിരുന്നത് അതുകൊണ്ടാണ്. ഏെസക് ന്യൂട്ടന്റെ അവസാനകാലത്ത് അദ്ദേഹം വിഷാദ രോഗിയായിരുന്നു എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം പറയുന്നുണ്ട്. ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും ആധുനിക ശാസ്ത്രത്തിന്റെ പിതാവുമായ ഏെന്‍സ്‌ററീന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. 1955ല്‍ അദ്ദേഹം മരണപ്പെടുമ്പോള്‍ അസ്വസ്ഥനും വിഷാദനുമായിരുന്നു എന്നാണ് ചരിത്രം. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് റോബര്‍ട്ട് മാല്‍ത്യൂസ്, 1954ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ നേടിയ അമേരിക്കന്‍ എഴുത്തുകാരന്‍ ഏണസ്‌ററ് ഹമ്മിംഗ്‌വേ തുടങ്ങി ഇക്കാര്യത്തില്‍ ഒരു പട്ടികതന്നെ നിരത്തുവാനുണ്ട്. ഇവരെയൊന്നും കുററപ്പെടുത്തുവാനല്ല ഇങ്ങനെ പറയുന്നത്. ഇവരെല്ലാം ലോകത്തിന് വലിയസംഭാവനകള്‍ നല്‍കിയവരാണ്. അവരുടെ സംഭാവനകള്‍ ഇട്ട ചവിട്ടുകല്ലുകളില്‍ നിന്നുകൊണ്ടാണ് ലോകം അതിന്റെ വികാസങ്ങളുടെ വിഹായസ്സിലേക്ക് കുതിച്ചത്. പക്ഷെ, മനുഷ്യന്റെ അന്വേഷണത്തില്‍ അവനു വേണ്ട പരമമായ വസ്തുത കണ്ടെത്തുവാന്‍ അവര്‍ക്ക് തങ്ങള്‍ കണ്ടെത്തിയ ബിന്ദുവിനപ്പുറത്തേക്ക് പോകുവാന്‍ കഴിഞ്ഞില്ല. സൂര്യന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രമാണ് എന്നതു മുതല്‍ അതിലെ വെളിച്ചവും ഊര്‍ജ്ജവും വരുന്ന വഴിവരേയുള്ളതു മാത്രമല്ല, അതുമററു ഗ്രഹങ്ങളുടെയോ ഉപഗ്രഹങ്ങളുടേയോ മറവിലോ മുന്നിലോവരുന്ന ദിവസവും സെക്കന്റും വരെ മുന്‍കൂട്ടി കണ്ടെത്തുവാനുമെല്ലാം ശാസ്ത്രം വഴി കഴിഞ്ഞു. അതോടെ ഒരു കൃത്യമായ വ്യവസ്ഥക്കു വിധേയമായി സൂര്യന്‍ ചലിച്ചുകൊണ്ടിരിക്കുന്നു എന്നെല്ലാം കണ്ടെത്തി. മറുഭാഗത്ത് ഏതു ചലനവും പ്രവര്‍ത്തനത്തിന്റെയോ പ്രതിപ്രവര്‍ത്തനത്തിന്റെയോ ഫലമായിരിക്കും എന്നും കണ്ടെത്തി. ഇവരണ്ടും ചേര്‍ന്നുനിന്നാല്‍ ഉണ്ടാകുന്ന 'എങ്കില്‍സൂര്യനെ ഈ ചലനത്തില്‍ നിയന്ത്രിക്കുന്ന പ്രവര്‍ത്തനം ചെയ്യുന്ന ശക്തിഏതാണ്?' എന്നോ 'ആ ശക്തി എവിടെയാണ് കുടികൊള്ളുന്നത്?' എന്നോ ഒക്കെ ചോദിച്ചാല്‍ വിഷയം നേരത്തെ പറഞ്ഞതു പോലെ മുട്ടിനില്‍ക്കും. അതുതന്നെയാണ് പ്രശ്‌നം.

ആര്‍ക്കും മനസ്സിലാകാവുന്ന അത്ര വ്യക്തമാണ് ഇത്തരം സരള ചിന്തകള്‍. അതുകൊണ്ടാണ് യുക്തിവാദം ഇത്ര വികാസം പ്രാപിച്ച ശാസ്ത്ര യുഗത്തില്‍ പോലും മുരടിച്ച് നില്‍ക്കുന്നത്. എന്നാല്‍ യുക്തിയും ശാസ്ത്രവും പറഞ്ഞു തരുന്ന പോയിന്റില്‍ അവ വഴിതന്നെ എത്തുകയും അവിടെ നിന്നങ്ങോട്ട് ശാസ്ത്രങ്ങളുടെ ശാസ്ത്രമടങ്ങിയ വിശുദ്ധ ഖുര്‍ആനിനെ ഒരുസത്യവിശ്വാസി എന്ന വികാരത്തോടെ സമീപിച്ച് പരമമായ വസ്തുതയിലേക്ക് മനസ്സുമായി എത്തിച്ചേരുന്നവര്‍ക്ക് ഇത്തരം ഒരു അസ്വസ്ഥതയുടേയും പ്രശ്‌നമില്ല. 'ഓര്‍ക്കുക ദൈവവിചാരം കൊണ്ട് മനസ്സുകള്‍ ശാന്തത പുല്‍കും' (13:28 )