ഇമാം ശാഫിഈ, ഒരു മാതാവിന്റെ സ്വപ്നസാക്ഷാല്‍ക്കാരം

ഷംല കോട്ടക്കല്‍

02 March, 2019

+ -
image

ഇമാം ശാഫിഈ (റ).. പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത വിധം ലോകപ്രസിദ്ധമായ നാമം... മുസ്‍ലിം ലോകം പിന്തുടര്‍ന്നുപോരുന്ന നാല് മദ്ഹബുകളില്‍ ഒന്നിന്റെ സ്ഥാപകന്‍. വിജ്ഞാനശാഖകളിലെല്ലാം കഴിവ് തെളിയിച്ച മഹാ സ്വൂഫീപണ്ഡിതന്‍...

ഈ മഹാപണ്ഡിതനെ സമൂഹത്തിന് സംഭാവന ചെയ്തത് അവരുടെ മാതാവായിരുന്നു എന്നത് പലര്‍ക്കും അത്ര സുപരിചിതമല്ലായിരിക്കാം. ഏതൊരു വളര്‍ച്ചക്ക് പിന്നിലും ഒരു സ്ത്രീയുണ്ടെന്നത് പൊതുവെ പറയപ്പെടാറുണ്ട്. ഇമാം ശാഫിഇയുടെ കാര്യത്തിലും ഇത് അക്ഷരം പ്രതി ശരിയാണെന്ന് പറയാം.

ഫാതിമ ബിന്‍ത് അബ്ദില്ലാ.. അതായിരുന്നു ആ മഹതിയുടെ നാമം. ഫലസ്തീനിലെ ഗസ്സയിലായിരുന്നു ഭര്‍ത്താവ് ഇദ്‍രീസുമൊത്ത് അവര്‍ താമസിച്ചിരുന്നത്. പലപ്പോഴും അന്നേദിവസത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്ന വളരെ പാവപ്പെട്ട കുടുംബമായിരുന്നു അവരുടേത്. മകന് ജന്മം നല്കി, രണ്ട് വര്‍ഷം പിന്നിട്ടപ്പോഴേക്കും തന്നെയും കൊച്ചുമോനെയും അനാഥരാക്കി, കുടുംബനാഥനായ ഇദ്‍രീസ് വിടപറഞ്ഞു. ഏതൊരു സ്ത്രീയും തളര്‍ന്നുപോവുന്ന അവസ്ഥ. പക്ഷേ, മതവിജ്ഞാനം കരസ്ഥമാക്കിയിരുന്ന ഫാതിമ(റ)ക്ക് നാഥന്റെ വിധിയെ സന്തോഷത്തോടെ സ്വീകരിക്കാന്‍ വലിയ പ്രയാസമുണ്ടായില്ല. അതിലുപരി, തന്റെ മകനെ കുറിച്ച് നെയ്ത് കൂട്ടിയസ്വപ്നങ്ങള്‍ അവര്‍ക്ക് ജീവിക്കാന്‍ കരുത്ത് പകരുകയായിരുന്നു. അവയുടെ സാക്ഷാല്‍ക്കാരത്തിനായി മഹതി മുന്നിട്ടിറങ്ങി, ശേഷം ഒരു വിവാഹം കഴിക്കുക പോലും ചെയ്യാതെ മകന് വേണ്ടി ജീവിതം മാറ്റിവെച്ചു. മകനെ മതവിജ്ഞാനസമ്പാദനത്തിന് പ്രേരിപ്പിച്ചു, അതിനുള്ള മാര്‍ഗ്ഗങ്ങള്‍ അവര്‍ തന്നെ സ്വയം ഒരുക്കിക്കൊടുത്തു. അതിനായി, ജീവിത പ്രാരാബ്ധങ്ങളും പ്രയാസങ്ങളുമെല്ലാം അവര്‍ അല്ലാഹുവിലര്‍പ്പിച്ചു.

രണ്ട് വയസ്സ് പൂര്‍ത്തിയായ മകനെയും കൊണ്ട് ഗസ്സയില്‍നിന്ന് അവര്‍ മക്ക ലക്ഷ്യമാക്കി യാത്രയായി. അവിടെയുള്ള പ്രമുഖരായ പണ്ഡിതരുടെ സദസ്സുകളിലേക്ക് മകനെ പറഞ്ഞയച്ചു. അധ്യാപനത്തിന് പകരമായി നല്കാന്‍ കൈയ്യിലൊന്നുമില്ലാതിരുന്നതിനാല്‍, അദ്ദേഹം പലപ്പോഴും അവഗണിക്കപ്പെട്ടു. എന്നാല്‍, തന്റെ ബുദ്ധികൂര്‍മ്മതയും തന്ത്രപൂര്‍വ്വമായ ഇടപെടലുകളും കൊണ്ട് മുഹമ്മദ് എന്ന ആ കൊച്ചുബാലന്‍ അധികം വൈകാതെ അധ്യാപകരുടെ ശ്രദ്ധ പിടിച്ചുപറ്റി. അതിനാവശ്യമായ തന്ത്രങ്ങളെല്ലാം മകന് പറഞ്ഞുകൊടുത്തതും ആ മാതാവായിരുന്നു.

ഏഴ് വയസ്സ് ആയപ്പോഴേക്കും ഖുര്‍ആന്‍ മനപ്പാഠമാക്കിക്കഴിഞ്ഞ മകനെയും കൊണ്ട് ആ മാതാവ് പിന്നെ നേരെ തിരിച്ചത് മദീനയിലേക്കായിരുന്നു. പ്രമുഖ ഹദീസ് പണ്ഡിതനും ആദ്യഹദീസ് ഗ്രന്ഥത്തിന്റെ രചയിതാവുമായ ഇമാം മാലിക് (റ)വില്‍നിന്ന് തന്നെ, മുവത്വ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. പത്ത് വയസ്സ് പൂര്‍ത്തിയാകുമ്പോഴേക്ക് അതും തന്റെ മകനെസ്വായത്തമാക്കിച്ചു.പതിമൂന്ന് വയസ്സ് പൂര്‍ത്തിയാകുമ്പോഴേക്കും എല്ല വിജ്ഞാനശാഖകളും ആര്‍ജ്ജിച്ച് വീണ്ടും ഉമ്മയുടെ അടുക്കല്‍ തിരിച്ചെത്തി.

അറബി ഭാഷാപഠനമായിരുന്നു അടുത്ത ലക്ഷ്യം. അതിനായി, മരുഭൂമിയില്‍ താമസിക്കുന്ന ഹുദൈല്‍ ഗോത്രത്തോടൊപ്പം അല്പകാലം കഴിയണമെന്ന് മകനെ ഉപദേശിച്ചതും ആ മാതാവ് തന്നെയായിരുന്നു.  നാല് വര്‍ഷം അവിടെ കഴിച്ചുകൂട്ടിയ അദ്ദേഹത്തോട്, കായികാഭ്യാസം നേടാനാണ് ശേഷം ആ ഉമ്മ ഉപദേശിക്കുന്നത്. എല്ലാം നേടിയ ആ ബാലന്‍ അപ്പോഴേക്കും ജനങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. ഫത്‍വകള്‍ ചോദിച്ച് പലരും വരാന്‍ തുടങ്ങി. ഏതൊരു ഉമ്മയും സന്തോഷിക്കുന്ന രംഗം. പക്ഷെ, ദീര്‍ഘദര്‍ശിനിയായ ആ മാതാവ് അവിടെയും ഉപദേശിച്ചത് വ്യത്യസ്തമായിരുന്നു, ഇപ്പോള്‍ തന്നെ ഫത്‍വ നല്കാനായി ഇരുന്നാല്‍, കൂടുതല്‍ പഠിക്കാനുള്ള അവസരം നഷ്ടപ്പെടും. പഠനം തുടരുക, എല്ലാ വിജ്ഞാനശാഖകളിലും ഒന്ന് കൂടി പൂര്‍ണ്ണത കൈവരിക്കുക, എന്നിട്ടാവാം ഫത്‍വ നല്കല്‍.

മകനെ അതിനായി വീണ്ടും, അറിവിന്റെ ഉറവിടമായ മദീനയിലേക്ക് പറഞ്ഞയച്ചു. അവിടെ വരുന്ന ജീവിതച്ചെലവുകള്‍ക്കായി, ആകെയുള്ള സമ്പാദ്യമായ വീട് പോലും പണയം വെച്ചായിരുന്നു ആ മാതാവ് അത് ചെയ്തത്. ശേഷം നീണ്ട 9 വര്‍ഷം അദ്ദേഹം അവിടെത്തന്നെ കഴിച്ച് കൂട്ടി.

അതുംകഴിഞ്ഞ്, സമൂഹത്തിലേക്കിറങ്ങിയ ഇമാം ശാഫിഇയുടെ അറിവിന്റെ ആഴം കണ്ട് എല്ലാവരും അല്‍ഭുതപ്പെട്ടു. അറബി സാഹിത്യവും ഭാഷാനൈപുണ്യവുമടക്കം എല്ലാ മേഖലകളിലും അദ്ദേഹം അഗ്രഗണ്യനായി മാറി.

അപ്പോഴും ഓരോ ദിവസവും അദ്ദേഹം വീട്ടില്‍നിന്നിറങ്ങുന്നത് ഉമ്മയെ കണ്ട ശേഷമായിരുന്നു, എന്നും ആ ഉമ്മ മകനെ ഇങ്ങനെ ഉപദേശിക്കുമായിരുന്നുവത്രെ, മോനെ, സമ്പത്ത് ഒട്ടുമേ നിന്റെ ലക്ഷ്യമാവരുത്. ഓരോ ദിവസവും നീ പുതിയ അറിവ് നേടിക്കൊണ്ടേയിരിക്കുക. അത് എനിക്ക് പറഞ്ഞുതരികയും വേണം. ഇമാം ശാഫിഈ അക്ഷരാര്‍ത്ഥത്തില്‍ അത് പാലിക്കുകയും ചെയ്തു.

ചുരുക്കത്തില്‍, ഇമാം ശാഫിഈ എന്ന മഹാപ്രതിഭ, ഫാതിമ ബിന്‍തു അബ്ദില്ലാഹ് എന്ന മഹതിയായ ഒരു മാതാവിന്റെ സ്വപ്നസാക്ഷാല്‍ക്കാരമായിരുന്നു എന്നര്‍ത്ഥം.

അത്തരം മാതാക്കളാണ് ഇന്നും എന്നും സമൂഹത്തിനാവശ്യം.