മതേതര ഇന്ത്യയിലെ നിരാശ നല്‍കുന്ന കോടതിവിധികള്‍?!

ഡോ. ബഹാഉദ്ദീന്‍ നദ്‌വി

01 October, 2018

+ -
image

ദൗര്‍ഭാഗ്യവശാല്‍, ഏറെ നിരാശ നല്‍കുന്ന വിധികളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.

വിവാഹപൂര്‍വവും വിവാഹേതരവുമായ ബന്ധങ്ങള്‍ ഉഭയ കക്ഷി സമ്മതത്തോടയാണെങ്കില്‍ കുറ്റകരമല്ലെന്ന പരമോന്നത നീതിപീഠത്തിന്റെ കണ്ടെത്തല്‍ നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരികമായ കെട്ടുറപ്പിനെത്തന്നെ തകര്‍ക്കുന്നതാണ്.

കാലങ്ങളായി മതങ്ങള്‍ക്കതീതമായി തുടര്‍ന്നുപോരുന്ന ശക്തവും ദൃഢവുമായ ധാര്‍മിക മൂല്യങ്ങളെയും സാംസ്‌കാരിക ഔന്നത്യത്തെയും കുടുംബ ബന്ധങ്ങളെയുമാണ് ഇത് ദുര്‍ബലപ്പെടുത്തുന്നത്. ഇന്ത്യയില്‍ മതമുള്ളവനും ഇല്ലാത്തവനുമൊക്കെ ആരോഗ്യപൂര്‍ണമായ കുടുംബജീവിതം നയിക്കുന്നുണ്ട്. എന്നാല്‍, പുതിയ നിയമം രാജ്യത്ത് നിലനില്‍ക്കുന്ന ശക്തമായ കുടുംബസംവിധാനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നത് അവഗണിച്ചുകൂടാ.

ഇസ്ലാം മത വിശ്വാസികള്‍ക്ക് ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പള്ളികള്‍ അനിവാര്യമല്ലെന്നതാണ് കോടതിയുടെ മറ്റൊരു കണ്ടെത്തല്‍. 
മസ്ജിദുകളുടെ സ്ഥാനവും മാഹാത്മ്യവും പള്ളികളില്‍ വെച്ചുള്ള നമസ്‌കാര- ഇതര കര്‍മങ്ങളും വിലമതിക്കാനാവാത്തതാണെന്നതിന് ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും നിരവധി തെളിവുകളുണ്ട്. സമയബന്ധിതമായി കൃത്യനിഷ്ഠയോടെ ദിനേന പല തവണ നമസ്‌കാരം നിര്‍വഹിക്കേണ്ടതിനാല്‍ വിശ്വാസികളെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാണ് അവക്ക് മസ്ജിദ് നിര്‍ബന്ധമല്ലെന്ന നിയമം വന്നത്.

മതേതര ഇന്ത്യയില്‍ ഇഷ്ടമുള്ള മതം സ്വീകരിക്കാനും മതപ്രചരണങ്ങളും ആരാധാനാകര്‍മങ്ങളും നിര്‍വഹിക്കാനും ഭരണഘടനാ സ്വാതന്ത്ര്യം ഉണ്ടായിരിക്കേ മുന്‍പ് നടന്ന ഒരു വിധിപ്രസ്താവനയെ മുന്‍നിറുത്തി മുസ്ലിം പള്ളികളുടെ പവിത്രതയെയും പ്രാധാന്യത്തെയും ചെറുതായിക്കാണുന്ന തരത്തിലുള്ള കോടതിയുടെ പരാമര്‍ശം രാജ്യത്തെ മുസ്ലിം സമൂഹത്തിന് ഏറെ വേദന പകരുന്നതാണ്.

മത വിഷയങ്ങളില്‍ പണ്ഡിതരുടെ ഗ്രന്ഥങ്ങളും അധ്യാപനങ്ങളും ആശ്രയിച്ചുവേണം വിധി പ്രസ്താവനകള്‍ നടത്തേണ്ടത്. 
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്വീകിച്ച നിലപാട് ഇതിനെ ശരിവെക്കുന്നതാണ്.

ലിംഗ സമത്വത്തിന്റെ പേരില്‍ ഏതൊരു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളെ തള്ളിപറയുന്ന രീതിയിലുള്ള പ്രസ്താവനകള്‍ നീതിപീഠങ്ങളില്‍ നിന്നുണ്ടാവരുത്. മതപരമായ പാണ്ഡിത്യവും നിലപാടുകളില്‍ സത്യസന്ധതയും സമൂഹത്തോട് ഗുണകാംക്ഷയുമുള്ള നിയമവിദഗ്ധരെ ആസൂത്രണത്തോടെ വളര്‍ത്തിയെടുക്കുകയാണ് ഇത്തരം പ്രതിസന്ധികള്‍ക്കുള്ള പോംവഴികളിലൊന്ന്. 
സാമുദായിക-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഈ വഴിയില്‍ ഒട്ടേറെ ചെയ്യാനാവും.