ഗതി മാറേണ്ടിടത്ത് മാറിയേ പറ്റൂ....

ജീവിതയാത്ര എന്നത് ലക്ഷ്യമില്ലാത്ത യാത്രയല്ല.. ചില പ്രതിബന്ധങ്ങൾ അതില് കാണും, അങ്ങിനെ വരുമ്പോൾ യാത്ര പകുതി വഴിക്ക് നിർത്തലല്ല നാം ചെയ്യേണ്ടത്; ഗതി മാറ്റി യാത്ര തുടരണം. ലക്ഷ്യത്തിലെത്തണം..

ഒരു ചെറിയ കഥയിലൂടെ നമുക്കിതിനെ അറിയാൻ ശ്രമിക്കാം..

മൂടല്‍ മഞ്ഞിലൂടെ ഓളങ്ങളെ കീറിമുറിച്ചു കൊണ്ടു നീങ്ങുന്ന ഒരു കപ്പല്‍. വളരെ ദൂരെ ഒരു വെളിച്ചം കപ്പിത്താന്‍ കണ്ടു.
 ആ വെളിച്ചം തങ്ങളുടെ നേര്‍ക്കാണ് വരുന്നത്. അദ്ദേഹം ഉടന്‍ അവര്‍ക്ക് സന്ദേശമയച്ചു.

“വേഗം നിങ്ങളുടെ കപ്പലിന്റെ ഗതി വഴി മാറുക. ഞങ്ങളുടെ കപ്പല്‍ നിങ്ങളുടെ നേര്‍ക്കാണ് വരുന്നത്. കൂട്ടിയിടി ഒഴിവാക്കുക.”

ഉടന്‍ സന്ദേശം തിരികെ ലഭിച്ചു. “നിങ്ങള്‍ ഗതി മാറുന്നതാണ് നല്ലത്…”

കപ്പിത്താന്‍ ക്രുദ്ധനായി. 
ഒരു സന്ദേശം കൂടി അയച്ചു. ഇതൊരു യുദ്ധക്കപ്പലാണ് നിങ്ങളുടെ ഗതി മാറ്റിയില്ലെങ്കില്‍ വന്‍ ദുരന്തത്തിന് ഇരയാകും.”

മറുപടി ഉടന്‍ ലഭിച്ചു, “സുഹൃത്തേ ഞങ്ങള്‍ക്ക് ഗതിമാറാന്‍ സാധ്യമല്ല…
ഇത് കപ്പലല്ല, ലൈറ്റ് ഹൗസാണ്. 
നിങ്ങള്‍ ഗതിമാറ്റി സ്വയം രക്ഷപ്പെടൂ…” അപ്പോഴാണ് കപ്പിത്താന് തനിക്കു പറ്റിയ അബദ്ധം മനസ്സിലായത്. 
അയാള്‍ ഉടനെ കപ്പലിൻ്റെ ഗതി മാറ്റി, തലമുടി നാരിഴയ്ക്ക് കപ്പലിനെ രക്ഷപ്പെടുത്തി.

ഈ കപ്പിത്താന് പിണഞ്ഞ അബദ്ധമല്ലേ നമുക്കും ജീവിതമാകുന്ന കപ്പല്‍ ഓടിക്കുമ്പോള്‍ പറ്റാറുള്ളത്. 
മറ്റുള്ളവര്‍ ഗതിമാറി നമുക്കനുകൂലാമാകണമെന്ന് മിക്കപ്പോഴും നാം ആഗ്രഹിക്കുന്നു.
 മിക്കപ്പോഴും അത് അസാധ്യവുമാണ്.
 പക്ഷേ നാം ഗതിമാറി ഒഴുകിയാല്‍ പ്രശ്നങ്ങള്‍ വളരെ സുന്ദരമായി പരിഹരിക്കാന്‍ സാധിക്കുകയും ചെയ്യും.


Also Read:നിങ്ങളറിയണം, നിങ്ങളുടെ കഴിവുകളെ....


വാശിയും വൈരാഗ്യവും ദുരഭിമാനവും ഉപേക്ഷിച്ച് സഹകരണത്തിനും സഹായത്തിനും നമ്മൾ തയ്യാറായാല്‍, മുന്‍കൈ എടുത്താല്‍ നമ്മുടെ എത്ര വലിയ ‘കൊടിയ ശത്രുക്കള്‍’ പോലും നമുക്ക് എളുപ്പം വഴിപ്പെടുന്നതു കാണാം.

 അതോടൊപ്പം അവാച്യമായൊരു ശാന്തിയും നമ്മില്‍ ഉറവയെടുക്കുന്നതും കാണാം. 
ഗതി മാറി ഒഴുകിയില്ലെങ്കില്‍ നാം പ്രതിബന്ധങ്ങളിൽ ചെന്ന് ഇടിച്ച് തകരുകയേ ഉള്ളൂ.
 കൂട്ടിയിടികൾ നടക്കുമ്പോള്‍ ഇരുഭാഗത്തും നഷ്ടങ്ങളാണ് ഉണ്ടാകുന്നത് എന്നതും നമ്മൾ മറക്കരുത്.

നമുക്ക് ജീവിത യാത്ര തുടരാം... ഗതി മാറ്റേണ്ടിടത്ത് ഗതി മാറ്റിക്കൊണ്ട് ആർക്കും പ്രയാസമുണ്ടാക്കാതെ സന്തോഷത്തോടെ യാത്ര നീങ്ങട്ടെ... ദൈവത്തിൻ്റെ കാവൽ എന്നും നമ്മളിലുണ്ടാവും.

(മുജീബുല്ല KM
കരിയർ R&D ടീം
സിജി ഇൻ്റർനാഷനൽ
www.cigii.org)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter