image

ആന്തരിക വിഭാഗീയതകളോടല്ല, കോളനിവത്കരണത്തോടാണ് സിറിയ ഇപ്പോള്‍
പോരാടുന്നത്

സിറിയ ഗ്രാന്റ് മുഫ്തി

ഈയിടെ ഇന്ത്യ സന്ദര്‍ശിച്ച സിറിയന്‍ പണ്ഡിതനും ഗ്രാന്റ് മുഫ്തിയുമായ അഹ്മദ് ബദറുദ്ദീന്‍ മുഹമ്മദ് അദീബ് ഹസനുമായി പീര്‍സാദ ആശിഖ്  നടത്തിയ അഭിമുഖത്തില്‍നിന്നും ചില ഭാഗങ്ങള്‍. ഡല്‍ഹിയില്‍ വിവിധ മത സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും വിവിധ ജനങ്ങളുമായി സംവദിക്കുകയും ചെയ്ത അദ്ദേഹം സിറിയന്‍ യുദ്ധം, ഇന്ത്യയുടെ സാംസ്‌കാരിക മേന്മ, കശ്മീര്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.

?സിറിയ ഇപ്പോള്‍ ഏറെ പ്രയാസകരമായ സാഹചര്യങ്ങളിലൂടെയാണല്ലോ മുന്നോട്ടു പോകുന്നത്. സമാധാനത്തിന്റെ വല്ല അടയാളങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ടോ?

-തീര്‍ച്ചയായും. ഞങ്ങളിപ്പോള്‍ വിജയത്തിന്റെ വഴിയിലാണ്. ഇന്ത്യ, റഷ്യ, ചൈന, ഇറാന്‍ പോലെയുള്ള രാജ്യങ്ങളോട് ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് നന്ദിയുണ്ട്. ഭീകരവാദത്തെ ഇല്ലായ്മ ചെയ്യുന്നതില്‍ ഈ രാജ്യങ്ങളെല്ലാം ഞങ്ങളോടൊപ്പം നിന്നിരുന്നു. ഇവിടെ ഇപ്പോഴും ചില ആന്തരിക സംഘട്ടനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നു പറയുന്നവര്‍ ലിബിയ, സോമാലിയ,യമന്‍, ഫലസ്തീന്‍ പോലെയുള്ള രാജ്യങ്ങളെക്കുറിച്ച് ഒരന്വേഷണം നടത്തേണ്ടതുണ്ട്. അവിടെ നടക്കുന്ന സംഘട്ടനങ്ങളെയും അവര്‍ ആന്തരിക സംഘട്ടനങ്ങള്‍ എന്നു വിളിക്കുമോ? നിങ്ങളെല്ലാവരെയും ഞാന്‍ സിറിയയിലേക്കു ക്ഷണിക്കുകയാണ്. നിങ്ങള്‍ക്ക് അവിടെ വന്ന് എന്താണ് അവിടെ നടക്കുന്നതെന്ന് നേരില്‍ കാണാം. ജനങ്ങള്‍ ഒരിക്കലൂടെ സിറിയന്‍ ചരിത്രം വായിക്കേണ്ടതുണ്ട്. 

?സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ ഇന്ത്യക്ക് എന്തു ചെയ്യാന്‍ കഴിഞ്ഞു?

-സിറിയയില്‍ എംബസി തുറന്നുപ്രവര്‍ത്തിക്കുന്നതിനുതന്നെ ഇന്ത്യക്ക് നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത് അടക്കാന്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും ഭാഗത്തുനിന്നും ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും അത് അടക്കപ്പെടാതെ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളോട് സിറിയയിലെ തങ്ങളുടെ എംബസികള്‍ അടച്ചുപൂട്ടാന്‍ അമേരിക്കയും ബ്രിട്ടനും സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായി. അപ്പോഴൊക്കെ സിറിയന്‍ വിഷയത്തില്‍ ഇന്ത്യ സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അതിപുരാതനമായ കാലംമുതല്‍തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ വളരെ അടുത്ത ബന്ധം നിലനിര്‍ത്തിവരുന്നതിനാലാണിത്. ഈ ബന്ധം ഇനിയും തുടര്‍ന്നുപോവട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

സിറിയ ഇപ്പോള്‍ അതിനെ സ്വയം പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കയാണ്. സിറിയയെ തകര്‍ത്ത് തരിപ്പണമാക്കിയ പടിഞ്ഞാറിനെ ഞങ്ങളിതിന് അശ്രയിക്കുന്നേയില്ല. രണ്ടാഴ്ച മുമ്പ് സിറിയന്‍ അംബാസഡര്‍മാരുടെ ഒരു മീറ്റിങ്ങളില്‍ സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദ് ഇക്കാര്യം പ്രത്യേകം ഉണര്‍ത്തിയിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളെ നാം ആശ്രയിക്കേണ്ടതില്ല; കിഴക്കന്‍ രാജ്യങ്ങളിലാണ് നമ്മുടെ പ്രതീക്ഷ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവം.

എന്തെങ്കിലും സഹായം നല്‍കാന്‍ തയ്യാറായാല്‍ തന്നെ ചില നിബന്ധനകളോടുകൂടി മാത്രമേ പടിഞ്ഞാര്‍ അത് നല്‍കുന്നുള്ളൂ. എന്നാല്‍, കിഴക്ക് അങ്ങനെയല്ല. അവ സഹായിക്കുക മാത്രമല്ല, സിറിയയെ തങ്ങളുടെ ഒരു കൂട്ടാളിയായി കാണാന്‍ വരേ മനസ്സ് കാണിക്കുന്നു. സിറിയന്‍ വിഷയത്തില്‍ പടിഞ്ഞാറിനും കിഴക്കിനുമിടയിലെ വ്യത്യാസം ഇതാണ്. 

ഇന്ത്യയിലെ കമ്പനികളോടും ബിസിനസുകാരോടും സിറിയ സന്ദര്‍ശിക്കാനായി, സിറിയന്‍ സര്‍ക്കാറിനു വേണ്ടി, ഞാന്‍ ആവശ്യപ്പെടുകയാണ്. ഇറാന്‍, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ധാരാളം കമ്പനികള്‍ നേരത്തെത്തന്നെ അവിടെയുണ്ട്. ഇന്ത്യക്ക് വിവിധ മേഖലകളില്‍ വളരെ നൂതനമായ സാങ്കേതിക സൗകര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ, ഉഭയകക്ഷി ബന്ധങ്ങളും പരസ്പര സന്ദര്‍ശനങ്ങളും കാലത്തിന്റെ ആവശ്യമായി ഇരു ഭാഗങ്ങളില്‍നിന്നും മനസ്സിലാക്കപ്പെടണം.

കൂടാതെ, ഇരു രാജ്യങ്ങളിലെയും മുസ്‌ലിം പണ്ഡിതന്മാര്‍ തമ്മില്‍ പരസ്പര ബന്ധം സ്ഥാപിക്കപ്പെടേണ്ടതുണ്ട്. ഇത് അവിടെ വിഭാഗീയമായ വിഭജനം നിലനില്‍ക്കുന്നില്ലെന്ന് മനസ്സിലാക്കാന്‍ അവരെ സഹായിക്കും. അവിടെ ജനങ്ങളെല്ലാം ഒന്നാണ്. ഒരു രാജ്യത്തിന്റെ മക്കളാണ് എല്ലാവരും.

?താങ്കളുടെ ഇന്ത്യാ സന്ദര്‍ശനത്തിനു പിന്നിലെ പ്രധാന ഉദ്ദേശ്യം എന്തായിരുന്നു? ഇവിടെ വിശാലമായൊരു ടൂര്‍ തന്നെ താങ്കള്‍ നടത്തിയല്ലോ?

-സിറിയയുടെ സന്ദേശം ഇവിടെ എത്തിക്കുക എന്നതുതന്നെയായിരുന്നു പ്രധാന ലക്ഷ്യം. യൂറോപ്യന്‍മാര്‍ ഇതിനെ (സിറിയന്‍ യുദ്ധത്തെ) ഒരു വിഭാഗീയ സംഘട്ടനമോ മതപരമായ യുദ്ധമോ ആയി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അവിടെ നടക്കുന്നത് കൊളോണിയലിസത്തിനെതിരെയുള്ള യുദ്ധമാണ്. ഇറാഖിലെ യുദ്ധത്തോടെയാണ് ഇത് ആരംഭം കുറിച്ചത്. പിന്നീടവര്‍ ലബനാനെയും ലാവെന്റിനെയും മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. അതാണ് ഇപ്പോള്‍ നാം തടുത്തുവെച്ചിരിക്കുന്നത്. 

ഇറാഖിനെ ലക്ഷ്യംവെച്ച് മെഡിറ്ററേനിയന്‍ കടലില്‍നിന്നും അമേരിക്കന്‍, യൂറോപ്യന്‍ യുദ്ധ വിമാനങ്ങള്‍ പറന്നുവരികയുണ്ടായി. പക്ഷെ, തങ്ങള്‍ക്കു മുകളിലൂടെ അവ പറന്നുപോകുന്നതിനെ സിറിയ തടയുകയായിരുന്നു. ഇതോടെ അവര്‍ 3.5 ലക്ഷം ഭീകരവാദികളെ സംഘടിപ്പിച്ചു.

സിറിയയെ നശിപ്പിക്കാനായി ആവശ്യമായ കോപ്പുകളും അവര്‍ കൂട്ടി. രാജ്യത്ത് ആരെയും പ്രതിനിധീകരിക്കാത്ത ഒരു വിഭാഗത്തെ ഇതിനായി അവര്‍ കൂടെ പിടിക്കുകയും ചെയ്തു. റിയാദ്, ഇസ്തംബൂള്‍, കൈറോ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരം ആളുകള്‍ വസിച്ചിരുന്നത്. നല്ല പ്രതിപക്ഷങ്ങള്‍ രാജ്യത്തിനകത്തുതന്നെ നില്‍ക്കുകയാണ് വേണ്ടത്. അല്ലാതെ, സര്‍ക്കാറിനെതിരെ ആയുധം എടുക്കുകയല്ല ചെയ്യേണ്ടത്. ആയുധം എടുക്കാതെയാണ് ഗാന്ധിജിക്ക് തന്റെ ലക്ഷ്യങ്ങള്‍ നേടാനായിട്ടുള്ളത്. അവര്‍ യഥാര്‍ത്ഥ പ്രതിപക്ഷമായിരുന്നുവെങ്കില്‍ അവരൊരിക്കലും ഈ രാജ്യത്തെ നശിപ്പിക്കാന്‍ മുന്നോട്ടു വരുമായിരുന്നില്ല. രാജ്യത്തെ മാറ്റിമറിക്കാനെന്ന പേരില്‍ പുറത്തെ ശക്തികളെ ഇവിടെ മുന്നേറാന്‍ അനുമതി നല്‍കുമായിരുന്നില്ല. പ്രത്യേകിച്ചും ഇവിടത്തെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ഒരു സര്‍ക്കാറായിരിക്കുമ്പോള്‍! ഇതുതന്നെയാണ് കഴിഞ്ഞ കാലത്ത് ഇന്ദിരാ ഗാന്ധി പോലെയുള്ള ഇന്ത്യന്‍ നേതാക്കളോട് അവര്‍ കാണിക്കാന്‍ ശ്രമിച്ചിരുന്നതും. 

?ഇന്ത്യയിലെ സന്ദര്‍ശന വേളയില്‍ താങ്കള്‍ ധാരാളം ഹിന്ദു പണ്ഡിതരെയും മുസ്‌ലിം പണ്ഡിതരെയും സന്ദര്‍ശിച്ചു. ധാരാളം ക്ഷേത്രങ്ങളും മുസ്‌ലിം സെന്ററുകളും ചെന്നുകണ്ടു. എത്രമാത്രം ഫലപ്രദമായിരുന്നു ഇത്തരം കൂടിക്കാഴ്ചകള്‍?

-ഇന്ത്യയിലൂടെയുള്ള എന്റെ യാത്രയില്‍ ഞാന്‍ കണ്ടുമുട്ടിയ എല്ലാവരോടും, വിശിഷ്യാ, ഹിന്ദു, മുസ്‌ലിം, ബുദ്ധിസ്റ്റ് പണ്ഡിതരോടെല്ലാം ഒരേയൊരു കാര്യം പറയാനാണ് ഞാന്‍ ശ്രമിച്ചിരുന്നത്. നാമെല്ലാവരും ഒരേയൊരു സമൂഹത്തിലെ അംഗങ്ങളാണെന്നും ഒരിക്കലും നമ്മള്‍ വ്യത്യസ്ത വിഭാഗക്കാരല്ലെന്നുമുള്ള ഒരു കാര്യമായിരുന്നു അത്.

ഈ രാജ്യത്തെ എന്നും ശക്തമായി നിലനിര്‍ത്താനും ഒരിക്കലും തീവ്രവാദത്തിന് ഇരയാവാതിരിക്കാനും ഞാന്‍ അവരോട് ആവശ്യപ്പെട്ടു. തീര്‍ച്ചയായും ഇന്ത്യയില്‍ കാണപ്പെടുന്ന ഈ വൈവിധ്യങ്ങള്‍ ഇവിടത്തെ സംസ്‌കാരങ്ങളുടെ സമൃദ്ധിയെയാണ് സൂചിപ്പിക്കുന്നത്. 

ഞാന്‍ ലക്‌നോയില്‍ ഒരു ഇസ്‌ലാമിക സ്ഥാപനം സന്ദര്‍ശിക്കുകയുണ്ടായി. സമാനമായ ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ് സ്ഥാപനങ്ങളും ഞാന്‍ സന്ദര്‍ശിച്ചു. ശരിക്കും പറഞ്ഞാല്‍, ഇതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി എന്നു പറയുന്നത്. ഇത് എത്രമാത്രം ശക്തമാകുന്നുവോ ഇന്ത്യയുടെ സംസ്‌കാരം ശക്തിപ്രാപിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ലോകം മൊത്തം ഇതുപോലെയാകാനാണ് ദൈവം ആവശ്യപ്പെടുന്നത്. ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും സന്തോഷത്തോടെ ജീവിക്കാനുള്ള ഒരു അന്തരീക്ഷം നമ്മളിവിടെ ഒരുക്കുക എന്നതാണ് പ്രധാനം. എല്ലാവരെയും ഒരു കുടംബത്തെപ്പോലെ കാണുക. ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളിലും പള്ളികളിലും ക്ഷേത്രങ്ങളിലും എനിക്കിത് ശരിക്കും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. 

?എന്താണ് ഇസ്‌ലാം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി? തീവ്രവാദമോ അതോ പരസ്പരമുള്ള കടുത്ത വിഭാഗീയ വിഭജനമോ?

-യഥാര്‍ത്ഥ ഇസ്‌ലാം എന്താണെന്നു പോലും മനസ്സിലാക്കാതെ അതിനെ ചിലയാളുകള്‍ തങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ കൈകാര്യം ചെയ്യുന്നതാണ് ഇന്ന് നാം കാണുന്ന ഏറെ അപകടകരമായൊരു കാര്യം. അവരൊരിക്കലും മുസ്‌ലിം ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നില്ല.

ഭീകരവാദവും ഇസ്‌ലാമും ഒരേ പോലെയാണ് ഇന്ന് പൊതുവെ മനസ്സിലാക്കപ്പെടുന്നത്. ഇത് ഒരിക്കലും അംഗീകരിക്കപ്പെടാവതല്ല. മറിച്ച്, ഏറ്റവും വലിയ അസംബന്ധമാണ്. ഇസ്‌ലാം ഭീകരവാദത്തെയാണ് പ്രചരിപ്പിക്കുന്നതെങ്കില്‍ ലോകത്തെ 1.5 ബില്യണ്‍ മുസ്‌ലിംകള്‍ ഒരിക്കലും അതിനെ പിന്തുടരുമായിരുന്നില്ല. ഒരു യഥാര്‍ത്ഥ മുസ്‌ലിം മറ്റൊരാളെ അയാളുടെ ഹിതത്തിന് ജീവിക്കാന്‍ അനുവദിക്കുന്നവനാണ്. അല്ലാതെ, അയാളെ ഇല്ലായ്മ ചെയ്യുന്നവനല്ല. മത ജാതി ഭേതമന്യേ, സന്തോഷത്തോടെ ജീവിക്കാന്‍ കൊതിക്കുന്നവരെല്ലാം നമ്മുടെ സഹോദരന്മാരാണ്. 

? വിവിധ ഭാഗങ്ങളിലുള്ള നിലവിലെ തീവ്രവാദങ്ങള്‍ക്കെതിരെ പോരാടാന്‍ മുസ്‌ലിംകള്‍ക്ക് എങ്ങനെ സാധിക്കും?

-സംവാദങ്ങളായിരിക്കും തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം. കൂടാതെ, പാശ്ചാത്യന്‍ മീഡിയകള്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കുകയും വേണം. തീവ്രവാദ പ്രത്യയശാസ്ത്രത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നവരെ നാം അന്വേഷിച്ച് കണ്ടത്തേണ്ടതുണ്ട്. 

ആശയപരമായി തീവ്രവാദത്തെ പിന്തുണക്കുന്നവരും സാമ്പത്തികമായി അതിനെ സഹായിക്കുന്നവരും ഇവിടെയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തീവ്രവാദത്തെ കയറ്റിയയക്കുന്ന രാജ്യങ്ങളും നിലവിലുണ്ട്. ആരാണ് ഈ തീവ്രവാദികള്‍ക്ക് ആയുധം നല്‍കുന്നത്? ഈ ചോദ്യം യു.എസ്, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടേണ്ടതുണ്ട്.

ബ്രിട്ടനിലെ എല്ലാ പള്ളികളും തീവ്രവാദികള്‍ സ്വന്തമാക്കിയിരിക്കുന്നു. ഒരു പണ്ഡിതന്‍ (ഇമാം) സഹിഷ്ണുതയുള്ള ആളാണെങ്കില്‍ അയാള്‍ ബ്രിട്ടനില്‍നിന്നും പുറംതള്ളപ്പെടുന്നു. അവരെ നാം അഫ്ഗാനിലെ തോറാബോറയിലോ സഊദി അറേബ്യയിലെ റിയാദിലോ യു.എസിലെ മന്‍ഹാട്ടനിലോ അന്വേഷിക്കേണ്ടിവരുന്നു. 

ലണ്ടന്‍, സ്‌പെയ്ന്‍ പോലെയുള്ള സ്ഥലങ്ങളില്‍ അതിക്രമങ്ങള്‍ വ്യാപിച്ചതില്‍ നാം അപലപിക്കുന്നുണ്ട്. ഇത്തരം തീ സിറിയയിലേക്കു പടരരുതെന്നാണ് നാം ആഗ്രഹിക്കുന്നത്. കാരണം, ഇതോടൊപ്പം അതിന്റെ സ്‌പോണ്‍സേഴ്‌സും കടന്നുവരുന്നതാണ്. ഭീകരവാദത്തിന്റെ വേരുകള്‍ തേടി പിഴുതെറിയാന്‍ ഞങ്ങള്‍ ഇന്ത്യയോടൊപ്പം എന്നും സഹകരിക്കുന്നതാണ്. 

? താങ്കള്‍ ഇന്ത്യയില്‍ കശ്മീര്‍ പ്രത്യേകം സന്ദര്‍ശിക്കുകയുണ്ടായല്ലോ? നിരന്തരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമാണല്ലോ അത്?

-കശ്മീര്‍ ജനത ഒന്നിക്കുകയും അതിനെ വിഭജിക്കണമെന്ന് പറയുന്നവരോട് അരുതെന്ന് പറയുകയും ചെയ്യേണ്ടതായിട്ടുണ്ട്. കശ്മീരും ഉമ്മത്തിന്റെ ഭാഗം തന്നെയാണ്. കശ്മീരിന്റെ ശക്തി ഇന്ത്യയുടെ ശക്തിയാണ്. കശ്മീരിനെ വിഭജിക്കണമെന്നു പറയുന്നവര്‍ കശ്മീരിനെ മാത്രമല്ല, ഇന്ത്യയെ കൂടിയാണ് ദുര്‍ബലമാക്കുന്നത്. ഈ ഉപഭൂഖണ്ഡത്തിലെ നേതാക്കന്മാര്‍ക്ക് ദൈവം ശക്തി നല്‍കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 

ബംഗ്ലാദേശും, ഇന്ത്യയും, പാകിസ്താനും കൈകോര്‍ത്താല്‍ സാമ്പത്തികമായി ഏറ്റവും വലിയ ശക്തിയായി മാറുമെന്നതില്‍ സംശയമില്ല. ഇന്ത്യയുടെ സംസ്‌കാരം ലോകത്തിനു മുഴുക്കെയും ഒരു നിധിയാണ്. നാനാത്വവും ഏകത്വവുമാണ് ഇന്ത്യന്‍ കള്‍ച്ചര്‍ ഞങ്ങളെ പഠിപ്പിച്ചത്. മുസ്‌ലിംകളെയും ബുദ്ധിസ്റ്റുകളെയും പഴയകാല ചരിത്ര പൈതൃകങ്ങളെയും അത് സംരക്ഷിക്കുന്നു. വരും തലമുറകള്‍ക്ക് യഥാര്‍ത്ഥ നിധികളെ എങ്ങനെയാണ് കൈമാറേണ്ടത് എന്നത് ഇന്ത്യിയല്‍നിന്നും നാം പഠിക്കേണ്ടതായിട്ടുണ്ട്. 

കശ്മീര്‍ വേഗത്തില്‍ വളര്‍ന്നുവികസിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം. മനോഹരമായ പ്രകൃതികൊണ്ട് ദൈവം അതിനെ അലങ്കരിച്ചിട്ടുണ്ട്. അവിടത്തുകാര്‍ ലോകത്തുടനീളം ശാന്തിയും സ്‌നേഹവും പ്രചരിപ്പിക്കേണ്ടതുണ്ട്. കശ്മീരിനെ വിഭജിച്ച് ഇന്ത്യയെ ദുര്‍ബലമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതൊരിക്കലും സാധ്യമല്ല. ഇന്ത്യ ഏറെ മുന്നോട്ടു വളര്‍ന്നുവരുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ഇനിയൊരിക്കലും യൂറോപ്യന്‍ കൊളോണിയലിസം അതിനെ വിഭജിക്കാതിരിക്കട്ടെ. 

അവലംബം: www.thehindu.com
വിവ. ഡോ. ഖുര്‍റതുല്‍ ഐന്‍