image

ഫാഷിസം എന്നും ഫാഷിസം തന്നെ; നാം മൗനം പാലിച്ചാല്‍ അത് രാജ്യത്തെ നശിപ്പിക്കും

ജിഗ്നേഷ് മേവാനി

ഗുജറാത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് രാജ്യത്ത് ഉയര്‍ന്നുവന്ന പ്രതീക്ഷാനിര്‍ഭരമായ യുവ രാഷ്ട്രീയ മുന്നേറ്റത്തെക്കുറിച്ച ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. അടിസ്ഥാനപരമായി വിവിധ അഭിപ്രായക്കാരാണെങ്കിലും ഫാഷിസത്തിനെതിരെ പരസ്പരം കൈകോര്‍ത്ത മേവാനിയും താക്കൂറും പട്ടേലും രാജ്യത്തിന് പകര്‍ന്നു നല്‍കിയ സംഘാടന എനര്‍ജി ഒരു ആവേശമായി ഇപ്പോഴും കത്തിനില്‍ക്കുന്നു.


ഇത്തരത്തില്‍ ഫാഷിസത്തിനെതിരെയുള്ള തന്റെ പോരാട്ട ഭാവിയെക്കുറിച്ചും രാജ്യത്തിന്റെ വര്‍ത്തമാന രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചും സംസാരിക്കുകയാണ് ഗുജറാത്തിലെ എം.എല്‍.എ കൂടിയായ ജിഗ്നേഷ് മേവാനി.

 
huffingtonpost ന് അനുവദിച്ച അഭിമുഖത്തില്‍നിന്നും പ്രസക്തമായ ചില ഭാഗങ്ങള്‍:

-ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം താങ്കള്‍ ഒരു ജീവിത ധര്‍മമായി എടുക്കാന്‍ കാരണമെന്താണ്?

ആര്‍.എസ്.എസ്സില്‍നിന്നും ഉല്‍ഭവിച്ച ബി.ജെ.പി ശരിക്കുംപറഞ്ഞാല്‍, ഹിറ്റ്‌ലറിന്റെയും മുസ്സോലിനിയുടെയും അതിതീവ്രമായ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് വേര് നീളുന്ന ഒരു സംഗതിതന്നെയാണ്. മൂല്യങ്ങളുടെ യാതൊരു അതിര്‍വരമ്പും മുമ്പിലില്ലാത്തതുകൊണ്ടുതന്നെ അതിന് എത്രവേണമെങ്കിലും അക്രമാസക്തമാകാം. രാജ്യത്തെ തള്ളുകയോ നശിപ്പിക്കുകയോ ചെയ്യാം. മതേതരത്വം എന്ന സങ്കല്‍പത്തെത്തന്നെ അവര്‍ക്ക് ഇല്ലായ്മ ചെയ്യാം.

2019 ലും ബി.ജെ.പി തന്നെയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ ഈ രാജ്യം നശിച്ചു എന്നതില്‍ യാതൊരു സംശയവുമില്ല. ഇന്ത്യെന്ന മതേതര രാജ്യം അതോടെ അവസാനിച്ചുവെന്ന് പറയേണ്ടിവരും. ഫാഷിസം അതിനാണ് കാത്തിരിക്കുന്നത്. നിങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാലും ഞാന്‍ റാലികള്‍ സംഘടിപ്പിക്കുന്നതിനാലും കൊല്ലപ്പെടാം. ആരും ചോദിക്കാനും പറയാനുമുണ്ടാവില്ല. 

പക്ഷെ, ഇങ്ങനെയൊരു അവസ്ഥാവിശേഷം രാജ്യത്ത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. ഭരണഘടന ഉള്ളിടത്തോളം കാലം നമുക്ക് പ്രതീക്ഷ തന്നെയാണുള്ളത്. 2019 ലെ തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും രാജ്യത്തെ 19 ശതമാനം വരുന്ന ദലിതുകളുടെ വോട്ടുകളും ബി.ജെ.പിക്കെതിരെ ഏകോപിപ്പിച്ച് കൊണ്ടുവരാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. 

-വിവിധ രാഷ്ട്രീയ പശ്ചാത്തലമുള്ള ആളുകളുമായും പാര്‍ട്ടികളുമായും സഹകരിച്ചാണ് താങ്കള്‍ പ്രവര്‍ത്തിക്കുന്നത്. വ്യത്യസ്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉണ്ടായിരിക്കെ എങ്ങനെയാണ് ഇതിനെയെല്ലാം ഏകോപിപ്പിച്ച് കൊണ്ടുപോവാന്‍ കഴിയുന്നത്?

ഫാഷിസത്തിനെതിരെ പോരാടുമ്പോള്‍ നാം നമുക്കിടയിലെ ആര്‍ശദ വ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തേണ്ടതുണ്ട്. പൊതു ശത്രുവിനെതിരെ നാം എല്ലാം മറന്ന് ഒരുമിച്ച് നില്‍ക്കണം. കാരണം, ഫാഷിസം എന്നും ഫാഷിസം തന്നെയാണ്. നമ്മള്‍ മിണ്ടാതിരുന്നാല്‍ അത് നമ്മുടെ രാജ്യത്തെ നശിപ്പിക്കും. 

പട്ടേലുമാരും ദലിതുകളും ഒ.ബി.സിയും തമ്മില്‍ പല വിധത്തിലുള്ള വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഞാനും അല്‍പേഷും ഹൃദിക്കും ഇങ്ങനെയുള്ള വ്യത്യാസങ്ങളുണ്ടാവാം. 

പക്ഷെ, രാഷ്ട്രീയത്തില്‍ ഞങ്ങള്‍ എല്ലാവരുടെയും ലക്ഷ്യം ഒന്നു മാത്രമാണ്. ഹിന്ദുത്വ വര്‍ഗീയതയെ പാലൂട്ടുന്ന ബി.ജെ.പിയെ തറപറ്റിക്കുകയെന്നതാണ്.  ആയതിനാല്‍, ഈ വിഷയത്തില്‍ ഞങ്ങള്‍ എല്ലാം മറന്ന് സംഘടിക്കുന്നു.

ഞങ്ങളെല്ലാം ഒരേപോലെ 'ഗുജറാത്ത് മോഡലി'ന്റെ ഇരകാണെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കെല്ലാം നല്ല ബോധ്യമുണ്ട്. 

-കഴിഞ്ഞ കാല അനുഭവങ്ങളാണോ താങ്കളെ ഇത്രമാത്രം മാറ്റിമറിച്ചത്?

അത് എന്നെ കൂടുതല്‍ പ്രായോഗികമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നത് സത്യമാണ്. രാഷ്ട്രീയത്തെ കൂടുതല്‍ പ്രായോഗികവും ചലനാത്മകവുമാക്കാന്‍ ഞാന്‍ പഠിച്ചു. ഗുജറാത്ത് ധാരാളം സാമൂഹിക ആക്ടിവിസ്റ്റുകളെ ഉല്‍പാദിപ്പിക്കുന്നുണ്ട്. പക്ഷെ, അവരെല്ലാം പാതിവഴിയില്‍ കുടുങ്ങിപ്പോവുകയാണ്. ആര്‍ക്കും വേണ്ടപോലെ പുറത്തുവരാനോ പ്രവര്‍ത്തിക്കാനോ കഴിയുന്നില്ല. രാഷ്ട്രീയത്തില്‍, തീര്‍ച്ചയായും, നാം നമ്മുടെ വഴി വെട്ടിത്തുറക്കേണ്ടതുണ്ട്.

-ഇങ്ങനെ പറഞ്ഞതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

അഥവാ, ഞാന്‍ കൂടുതലായി പ്രായോഗികമായി ചിന്തുക്കുന്ന ഒരാളായതുകൊണ്ടാണ് ഇത്തവണ മത്സരിക്കാന്‍ തന്നെ തീരുമാനിക്കുന്നത്. ഞാനും മറ്റുള്ളവരെപ്പോലെ പാതി വഴിയില്‍ കുടുങ്ങിപ്പോവുകയായിരുന്നുവെങ്കില്‍ മത്സരിക്കാനോ വിജയിക്കാനോ കഴിയുമായിരുന്നില്ല.

-ഈ കുതിപ്പിന്റെ അവസാനം എന്തായിരിക്കുമെന്നാണ് കാണുന്നത്?

ജനങ്ങളെല്ലാം ഒരുപോലെ സംഘടിക്കുന്ന, തട്ടുകളില്ലാത്ത ഒരു സമൂഹ നിര്‍മിതി. അതോടെ നിലവിലെ വിഭീഗീയ ചിന്തകളില്‍ മാറ്റം വരണം. നല്ല കാര്യങ്ങളില്‍ എല്ലാവരും ഒന്നിക്കണം. ഇതിനുള്ള ശ്രമങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്നും പല വിധ എതിര്‍പ്പുകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.

-താങ്കളുടെ ഭാവി പദ്ധതികള്‍ എന്തെല്ലാമാണ്?

ആദ്യമായി, ദലിത് യുവാക്കളെ സംഘടിപ്പിച്ച് ആവശ്യമുള്ള ശുചീകരണ ജോലികള്‍ നടത്തേണ്ടതായിട്ടുണ്ട്. ഇതുവഴി നാട് വെടിപ്പാവുകയും ഏറ്റവും ചുരുങ്ങിയത് 15, 000 പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യും. ദലിതുകളില്‍ വളരെ താഴ്ന്നവരായ വാല്‍മീകികളെ മുന്നോട്ടു കൊണ്ടുവരണം. ദലിത് മുസ്‌ലിം ഐക്യം സാധ്യമാക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇതിനെല്ലാം ആവശ്യമായ മൂവ്‌മെന്റുകള്‍ സംഘടിപ്പിക്കണം. ഞാന്‍ എന്നും ഒരു പ്രവര്‍ത്തകനായിരിക്കും.

-അപ്പോള്‍ കെജ്‌രിവാളിനെ പോലെയാവാനാണോ ഉദ്ദേശ്യം?

അങ്ങനെയല്ല. കെജ്‌രിവാള്‍ എന്നും കെജ്‌രിവാള്‍ തന്നെ. ഞാന്‍ ഞാനുമായിരിക്കും.

-ഒരു രാഷ്ട്രീയക്കാരനാകുന്നതിലൂടെ ഇതെല്ലാം നടത്താന്‍ കഴിയുമെന്ന് താങ്കള്‍ വിചാരിക്കുന്നുണ്ടോ?

ഒരിക്കലുമില്ല. എന്നാലും ഒരു എം.എല്‍.എ ആകുന്നതിലൂടെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള ധാരാളം അവസരങ്ങളുണ്ടാകുന്നുണ്ട്. ജനങ്ങളെ പല പദ്ധതികളുമായി അടുപ്പിക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നു.

-ഇലക്ഷന്‍ കാലത്ത് രാഹുല്‍ ഗാന്ധിയുമായി സംബന്ധിച്ചിരുന്നുവല്ലോ. എന്താണ് അദ്ദേഹത്തെക്കുറിച്ച അഭിപ്രായം?

ഞങ്ങള്‍ കൂടുതലൊന്നും അടുത്ത് സംസാരിച്ചിട്ടില്ല. രണ്ടു തവണ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും, ചിന്താശേഷിയുള്ള ഒരാളായിട്ടാണ് ഞാന്‍ അദ്ദേഹത്തെ മനസ്സിലാക്കുന്നത്. തന്റെ പാര്‍ട്ടിയില്‍ ഒരുപാട് യുവാക്കളെ ഉള്‍കൊള്ളിക്കാന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നുണ്ട്. അത് നല്ലൊരു ശ്രമമാണ്.

-എന്നിട്ടും താങ്കള്‍ എന്തുകൊണ്ട് കോണ്‍ഗ്രസില്‍ ചേരുന്നില്ല?

ഞാന്‍ എന്റെ ഐഡന്റിറ്റി നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. എനിക്കുവേണ്ടി കോണ്‍ഗ്രസുകാരും ദലിത് പാര്‍ട്ടികളും ആം ആദ്മിയും സി.പി.ഐയും എല്ലാം കാംപയിന്‍ നടത്തിയിരുന്നു. സ്വരാജ് ഇന്ത്യയുടെ യോഗീന്ദര്‍ യാദവും വന്നിരുന്നു. ഇവരെയെല്ലാവരെയും ഒരേ സ്‌റ്റേജില്‍ ഇരുത്താന്‍ കഴിഞ്ഞത് ഞാന്‍ അവിടെ, എന്റെ സ്റ്റാന്റില്‍ നിന്നതുകൊണ്ടാണ്. ഞാന്‍ ആ സ്റ്റാന്റ് എടുത്തിട്ടില്ലായിരുന്നുവെങ്കില്‍ അങ്ങനെ നടക്കുമായിരുന്നില്ല.

-താങ്കള്‍ക്കെതിരെയുണ്ടായിരുന്ന ബി.ജെ.പി കാംപയിനുകളെ എങ്ങനെ കാണുന്നു?

അത് തീര്‍ത്തും അപ്രസക്തമായിരുന്നു. മോദിക്കും കൂട്ടര്‍ക്കും പറയത്തക്ക യാതൊരു ചലനവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. കേവലം ശബ്ദകോലാഹലം എന്നതിലപ്പുറം അദ്ദേഹം ഇപ്പോഴും ആ പഴയ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കുകയാണ്. രാജ്യത്തെ 50 കോടിയോളം വരുന്ന യുവാക്കളോട് പറയാന്‍ അദ്ദേഹത്തിനടുത്ത് ഒന്നുമില്ല. ജോലിപോലുമില്ലാത്ത ഈ യുവ ജനത ഇപ്പോള്‍ തീര്‍ത്തും നിരാശയിലാണ്.

-കഴിഞ്ഞ വര്‍ഷങ്ങളില്‍ താങ്കള്‍ പഠിച്ച ഏറ്റവും വലിയ ജീവിത പാഠം എന്താണ്?

ഇതൊരു അവസാനിക്കാത്ത പോരാട്ടമാണ്. നാമെപ്പോഴും ഊര്‍ജ്ജസ്വലരും പരിഷ്‌കരണം തേടുന്നവരുമാവേണ്ടതുണ്ട്. ഈ രാജ്യം അനവധി കഴിവുള്ള മാക്‌സിയന്‍ പണ്ഡിതരെ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ, അവരെല്ലാം പിന്നീട് നിഷ്‌ക്രിയരായിപ്പോവുകയായിരുന്നു. 

ജനങ്ങളുടെ ഭാവനകളെ മനസ്സിലാക്കി, അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് പ്രധാനം. അതിനാല്‍, അടിത്തട്ടില്‍നിന്നു തന്നെ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താതെ യാതൊന്നും നടക്കാന്‍ പോകുന്നില്ല. 

അവലംബം: www.huffingtonpost.in
വിവ. സിനാന്‍ അഹ്മദ്‌