image

ഹിന്ദുത്വഫാസിസമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം

തയ്യാറാക്കിയത്: ഖുര്‍റതുല്‍ ഐന്‍

ദലിത്-മുസ്‌ലിം വേട്ടക്കെതിരെ കോഴിക്കോട് നടന്ന സമരസംഗമത്തില്‍ പങ്കെടുക്കാനായി ഇവിടെയെത്തിയ, ഹരിയാനയില്‍ ട്രൈനില്‍വെച്ച് വധിക്കപ്പെട്ട ജുനൈദിന്റെ സഹോദരന്‍ ഹാശിമുമായും ബന്ധുവും ബി.ടെക് വിദ്യാര്‍ത്ഥിയുമായ അസറുദ്ദീനുമായും നടത്തിയ സംസാരത്തില്‍നിന്നും പ്രസക്തഭാഗങ്ങള്‍:

ഹാഫിള് ജുനൈദിന്റെ മരണത്തില്‍ കലാശിച്ച സംഭവം എന്തായിരുന്നു? യഥര്‍ത്ഥത്തില്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഘടകം എന്തായിരുന്നു?

ജുനൈദിനെതിരെ സംഭവിച്ചത് കേവലം ഒരു അറ്റാക്കല്ല. അങ്ങനെ അത് ചെറുതായി കാണാനും കഴിയില്ല. മറിച്ച് അത് മുസ്‌ലിം ഐഡന്റിറ്റിക്കു നേരെയുള്ള കടന്നാക്രമണമാണ്. കാരണം, ആക്രമിക്കപ്പെടാന്‍ മാത്രം വ്യക്തിപരമായി അവനൊന്നും ചെയ്തിട്ടില്ല. അവന്റെ വേഷവും വിശ്വാസവും തന്നെയാണ് അക്രമകാരികള്‍ അവനെ ഇരയാക്കാന്‍ കാരണമായി കണ്ടത്. 

ആരാണ് ഇതിനു പിന്നില്‍?

വര്‍ഗീയ വിഷം ചീറ്റുന്ന സംഘ്പരിവാര്‍ ശക്തികളാണ് ഇതിനു പിന്നില്‍. 1920 കള്‍ മുതല്‍തന്നെ അവര്‍ രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാന്‍ പലവിധ പദ്ധതികളാണ് അവര്‍ ആവിഷ്‌കരിക്കുന്നത്. അതിന്റെ ഭാഗമായിട്ടുതന്നെ വേണം ഈ സംഭവത്തെയും കാണാന്‍.

ഇവിടെ എല്ലാ മതക്കാര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. ഭരണഘടന അത് ഉറപ്പ് നല്‍കിയതാണ്. ഈ മൗലികാവകാശത്തെ തകിടംമറിക്കുകയും ഇല്ലായ്മ ചെയ്യുകയുമാണ് സംഘ്പരിവാര്‍ ചെയ്യുന്നത്. ആര്‍.എസ്.എസ് ആചാര്യന്‍ ഹെഡ്ഗ്്വാര്‍ തന്നെ ബഞ്ച് ഓഫ് തോട്ട്‌സ് എന്ന തന്റെ പുസ്തകത്തില്‍ ഇതിന് ആഹ്വാനം ചെയ്യുന്നത് കാണാം. 

എന്നാല്‍, ഇന്ത്യയിലിത് ഒരിക്കലും അനുവദിച്ചുകൂടാ. എല്ലാ മതക്കാര്‍ക്കും, അവര്‍ ഏത് വിശ്വാസക്കാരാണെങ്കിലും ശരി, ഇവിടെ ഒരുമിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. അത് ഒരു കാലത്തും തകര്‍ക്കപ്പെടരുത്. ഇത്തരം സംഭവങ്ങള്‍ അത്തരം ശ്രമങ്ങള്‍ക്കെതിരെ സംഘടിതമായി പ്രവര്‍ത്തിച്ചുതുടങ്ങണമെന്നതിന്റെ ആവശ്യകതയാണ് ബോധ്യപ്പെടുത്തുന്നത്. ഇനിയൊരിക്കലും നമ്മുടെ നാട്ടില്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അത് മുസ്‌ലിംകള്‍ക്കു നേരെ മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കു നേരെയോ സിഖുകാര്‍ക്കുനേരെയോ ഒന്നുംതന്നെ ഉണ്ടാകരുത്. പൗരന്മാര്‍ക്ക് സുരക്ഷിത ബോധത്തോടെ ഇവിടെ ജീവിക്കാനുള്ള ഒരു പരിതസ്ഥിതി ഉണ്ടായേ പറ്റൂ. 

ഈ സംഭവത്തിനു ശേഷമുള്ള വീട്ടിലെ അവസ്ഥ എന്തൊക്കെയായിരുന്നു?

സംഭവം കേട്ടതിനു ശേഷം ജുനൈദിന്റെ മാതാപ്പിതാക്കള്‍ ആകെ തകര്‍ന്നുപോയിരുന്നു. വസ്ത്രം വാങ്ങാന്‍ പോയ മകനെ ഭക്ഷണം തയ്യാറാക്കി കാത്തുനില്‍ക്കുകയായിരുന്നു അവന്റെ ഉമ്മ. നോമ്പ് തുറക്കാനായ സമയം. അപ്പോഴാണ് ദാരുണമായ ആ വാര്‍ത്ത അവരുടെ ചെവിയിലെത്തിയത്. സ്വന്തം മകന്‍ നഷ്ടപ്പെട്ട ഒരു ഉമ്മയുടെ വേദന പറയേണ്ടതില്ലല്ലോ. അതും താന്‍ വല്ലാതെ ഇഷ്ടപ്പെടുന്ന ഒരു മകന്‍.

ജുനൈദിനെക്കുറിച്ച്? അവന്റെ ഭാവിസ്വപ്‌നങ്ങള്‍ എന്തായിരുന്നു?

ജുനൈദ് ഒരു അറബിക് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. ഈയിടെയാണ് അവര്‍ ഖുര്‍ആന്‍ പൂര്‍ണമായും ഹിഫ്‌ളാക്കിയത്. ആ സന്തോഷത്തിലായിരുന്നു അവനും വീട്ടുകാരും. ഹാഫിളീങ്ങള്‍ക്ക് റമദാനില്‍ നല്ല പള്ളികളില്‍ ഇമാമത്ത് ജോലി ലഭിക്കും. അതായിരുന്നു അവന്റെ ആഗ്രഹം. പക്ഷെ, അതിനൊന്നും കാത്തുനില്‍ക്കാന്‍ ജുനൈദിന് അവസരമുണ്ടായില്ല. അതിനു മുമ്പുതന്നെ കാപാലികര്‍ അവന്റെ ചൂടുള്ള രക്തം ഊറ്റിക്കുടിക്കുകയായിരുന്നു. ഖുര്‍ആനോതി  റമദാനെ വരവേല്‍ക്കാന്‍ അവനുണ്ടായില്ല. 

സംഭവത്തിനു ശേഷം കുടുംബത്തിനും വീട്ടുകാര്‍ക്കും ആ നഷ്ടത്തിന്റെ ആഘാതത്തില്‍നിന്നും പുറത്തുകടക്കാന്‍ ആയിട്ടുണ്ടോ? സര്‍്ക്കാറിന്റെയോ ജനപ്രതിനിധികളുടെയോ ഭാഗത്തുനിന്നും വല്ല സാന്ത്വന ശ്രമങ്ങളും ഉണ്ടായോ?

സംഭവത്തിനു ശേഷം എന്തു ചെയ്യണമെന്നറിയാതെ ആകെ വ്യാകുലപ്പെട്ടിരിക്കുകയായിരുന്നു കുടുംബം. പലരും സന്ദര്‍ശിക്കാന്‍ വന്നിരുന്നുവെങ്കിലും കുടുംബത്തിന്റെ ദു:ഖഭാരം ഇറക്കിവെക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. കേരളത്തില്‍നിന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ നേതാക്കള്‍ കടന്നുവരികയും പ്രശ്‌നത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തതോടെയാണ് ഞങ്ങള്‍ക്ക് വലിയൊരു ആശ്വാസമായത്. ഇ.ടി. മുഹമ്മദ് ബശീര്‍ എം.പി, അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയവരെല്ലാം ആ സംഘത്തില്‍ ഉണ്ടായിരുന്നു. കുടുംബത്തിന്റെ വ്യസനത്തില്‍ പങ്കാളികളായി കുറേനേരം അവിടെ ചിലവഴിച്ച അവര്‍ നിതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ കുടുംബത്തിന് എല്ലാവിധ പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു. ഞങ്ങളോടു കൂടെയും ചിലരൊക്കെ ഉണ്ട് എന്ന ഒരു ആത്മവിശ്വാസം അപ്പോഴാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. മാനസികമായി തകര്‍ന്നടിഞ്ഞ ജുനൈദിന്റെ ഉപ്പക്ക് വലിയൊരു സമാധാനം നല്‍കിയിരുന്നു ഈയൊരു സന്ദര്‍ശനം.

സംഭവത്തിനു ശേഷം സെക്യൂരിറ്റി പ്രശ്‌നങ്ങളാല്‍ ഹാശിമിനെയും മറ്റു ബന്ധപ്പെട്ടവരെയൊന്നും പുറത്ത് പോകാന്‍ പിതാവ് സമ്മതിച്ചിരുന്നില്ല. പക്ഷെ, ഈ സംഘം ഹാശിമിനെ കേരളത്തിലേക്ക് ക്ഷണിച്ചപ്പോള്‍ പിതാവ് അത് സമ്മതിക്കുകയായിരുന്നു. ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ ലീഗില്‍ അദ്ദേഹം കണ്ട പ്രതീക്ഷയായിരുന്നു ഇതിനു കാരണം. 

ഇത്രമാത്രം വേദനാജനകമായ ഒരു കൊല നടന്നിട്ടുപോലും സര്‍ക്കാറിന്റെയോ മറ്റു ഉത്തരവാദപ്പെട്ട ജനപ്രതിനിധികളുടെയോ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല എന്നതാണ് ദു:ഖകരമായ മറ്റൊരു കാര്യം. ചിലരെല്ലാം വന്നുപോയെങ്കിലും സമാശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും അവര്‍ക്ക് നല്‍കാനായിട്ടില്ല. ഉള്ളില്‍ ഫാസിസം കളിക്കുന്നവരാണ് അതില്‍ പലരും.

ഉത്തരേന്ത്യയില്‍ ശക്തിപ്പെട്ടുവരുന്ന ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ച്?

മോദി അധികാരത്തില്‍ വന്നതോടെ ഉത്തരേന്ത്യയില്‍ ഫാസിസ്റ്റ് ഭീകരത ശക്തി പ്രാപിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. യു.പി തെരഞ്ഞെടുപ്പ് കാലത്തുപോലും ഖബര്‍സ്ഥാന്റെയും വര്‍ഗീയതയുടെയും പേരു പറഞ്ഞുകൊണ്ടാണ് അവര്‍ വോട്ട് പിടിച്ചിരുന്നത്. ന്യൂനപക്ഷങ്ങളെ എന്നും അകറ്റിനിര്‍ത്താനും പ്രതിവല്‍കരിക്കാനുമായിരുന്നു അവരുടെ ശ്രമം. ബീഫിന്റെയും മറ്റും പേരു പറഞ്ഞ് ന്യൂനപക്ഷങ്ങളെയും മുസ്‌ലിംകളെയും കൊന്നൊടുക്കുകയായിരുന്നു അവര്‍. 

ജുനൈദിന്റെ വധത്തില്‍ ശരിക്കും തെളിഞ്ഞുകണ്ടത് അതാണ്. ഒരു കാരണവും കൂടാതെയാണ് അവന്‍ കൊല ചെയ്യപ്പെട്ടത്. അവന്‍ മുസ്‌ലിമായി എന്നതു മാത്രമായിരുന്നു അതിനു കാരണം. കലാപകാരികള്‍ അവന്റെ തൊപ്പി നിലത്തിട്ട് ചവിട്ടുകയും താടി പിടിച്ച് വലിക്കുകയും ഗോമാംസം തിന്നുന്നവനെന്ന് വിളിച്ച് ആക്ഷേപിക്കുകയുമായിരുന്നു. ഹിന്ദുത്വ ഫാസിസത്തിന്റെ ഒളിയജണ്ടകളാണ് ഇതില്‍ നിഴലിച്ചു കാണുന്നത്. 

പശുവിശയവുമായി ബന്ധപ്പെട്ട കൊലകളെക്കുറിച്ച് മൗനമവലംബിക്കുകയായിരുന്നു ഇത്രയും കാലം പ്രധാനമന്ത്രി. പഹ്‌ലു ഖാന്റെ വധത്തോടെമാത്രമാണ് ആദ്യമായൊന്ന് വാ തുറക്കാന്‍ അയാള്‍ തയ്യാറായത്. കേവലം പ്രസ്താവനകള്‍ ഇറക്കിയാല്‍ പോരാ, അടിത്തട്ടില്‍നിന്നും ഇറങ്ങി പ്രവര്‍ത്തിക്കണമെന്നാണ് ഇവിടെ മിസ്റ്റര്‍ മോദിയോട് എനിക്ക് പറയാനുള്ളത്. അദ്ദേഹം നേരത്തെത്തന്നെ ഇത്തരം കുരുതികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നുവെങ്കില്‍ ഇന്ന് ഹാശിമിനോടൊപ്പം ഇവിടെ ജുനൈദും ഉണ്ടാകുമായിരുന്നു. പക്ഷെ, ഫാസിസ്റ്റ് മനസ്സുള്ള പ്രധാനമന്ത്രി മൗനമവലംബിക്കുകയായിരുന്നു ഇത്രയും കാലം. ഇത്തരം കൊലകളോടുള്ള അദ്ദേഹത്തിന്റെ പിന്തുണയാണ് ഇത് വ്യക്തമാക്കുന്നത്.