image

സവര്‍ണ സങ്കുചിതത്വത്തോടുള്ള പോരാട്ടമായിരുന്നു എഴുത്തച്ഛന്റെയും ഖാദി മുഹമ്മദിന്റെയും ഭാഷ

ബാലകൃഷ്ണന്‍ വള്ളിക്കുന്ന് 
/ഡോ. മോയിന്‍ മലയമ്മ, സൈദാലി പട്ടാമ്പി

പ്രമുഖ മാപ്പിള ഗവേഷകനും ഗ്രന്ഥകാരനുമാണ് ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. 1936 ല്‍ മലപ്പുറം ജില്ലയിലെ വള്ളിക്കുന്നില്‍ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അധ്യാപകപരിശീലനം നേടി അധ്യാപന ജോലിയില്‍ പ്രവേശിച്ചു. 1955 ലാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചുവരുന്നത്. 1970 കളോടെ മാപ്പിള പഠന മേഖലയിലേക്ക് പ്രവേശിച്ചു. മാപ്പിള സാഹിത്യം, ഭാഷ തുടങ്ങിയ മേഖലകളിലായി ധാരാളം ഗ്രന്ഥങ്ങള്‍ എഴുതുകയും ധാരാളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാന കൃതികള്‍: മാപ്പിളപ്പാട്ട്: ഒരാമുഖ പഠനം, മാപ്പിള സംസ്‌കാരത്തിന്റെ കാണാപ്പുറങ്ങള്‍, മാപ്പിളസാഹിത്യവും നവോത്ഥാനവും, മാപ്പിളപ്പാട്ട്-പാഠവും പഠനവും (സഹരചന). വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മാപ്പിള ഭാഷ, അറബിമലയാള സാഹിത്യം എന്നീ പ്രതലത്തിലൂന്നി അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിന്റെ ചില പ്രസക്ത ഭാഗങ്ങളാണ് ഇവിടെ.

-അറബിമലയാളത്തെക്കുറിച്ച് നമുക്ക് എങ്ങനെ ചിന്തിച്ചു തുടങ്ങാം?

20 ാം നൂറ്റാണ്ടിന്റെ തുടക്കമാകുമ്പോഴേക്കും അറബിമലയാളത്തിന്റെ പ്രാധാന്യം പോയി. പിന്നെ, നവീന മലയാളം വന്നു. അത് പുതിയ കാലത്ത് ശ്രേഷ്ഠ മലയാളമായി മാറി.

-മുസ്‌ലിംകള്‍ ഈ ഭാഷാരൂപത്തെ എങ്ങനെ ഉപയോഗിച്ചു?

പല രൂപത്തിലാണത്. കാരണം മുസ്‌ലിംകള്‍ക്കിടയില്‍തന്നെ പ്രാമാണികതയെക്കുറിച്ച അഭിപ്രായ ഭിന്നതകള്‍ വന്നു. അറബിമലയാളം സുന്നികളുടെതാണ്. മുജാഹിദുകള്‍ മാന്യവല്‍കരിക്കപ്പെട്ടപ്പോള്‍ അവര്‍ അത് വെടിഞ്ഞു. മലയാളം കൂടെ പിടിച്ചു. ഇതോടെ അറബിമലയാളം സുന്നി മദ്‌റസകളില്‍ മാത്രമായി മാറി. മുജാഹിദ് മദ്‌റസകളില്‍ പച്ചമലയാളവും.

20 ാം നൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും അറബിമലയാളമെന്നത് മാപ്പിളമലയാളമെന്ന തലത്തില്‍ നിന്നും മാറിക്കഴിഞ്ഞു. ഒരു പഴയകാല രീതിപോലെ 'വിലകുറഞ്ഞതാ'യി മാറി. ഈ മാറ്റത്തിന് പല കാരണങ്ങളുണ്ട്. 

ഒന്ന്, സമൂഹത്തില്‍നിന്നുതന്നെ മുസ്‌ലിംകള്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നുവെന്നത്. ഇസ്‌ലാമിക സാമൂഹികത എന്നത് പഴയ അറേബ്യന്‍ പാരമ്പര്യവും ഇസ്‌ലാമിക സ്പിരിറ്റും കൂടിയതാണ്. ഇത് വില കുറഞ്ഞതാണ് എന്ന ചിന്തകള്‍ വന്നു. പാരമ്പര്യത്തോടുള്ള അവമതിപ്പ് വര്‍ദ്ധിച്ചു. അറബിമലയാളം മോല്യാര്‍മാരുടെ ഭാഷയാണെന്നും മോല്യാര്‍മാര്‍ സമൂഹത്തില്‍ മാന്യന്മാരല്ലെന്നുമുള്ള ചിന്തകള്‍ പ്രചരിപ്പിക്കപ്പെട്ടു. ഉച്ചാരണ ശുദ്ധിയില്ല എന്ന ആരോപണമുണ്ടായി. മോല്യാരുടെ ഭാഷ എന്ന നിലയില്‍ അതിന് അവമതിപ്പിന്റെ രീതി വന്നു. പ്രധാനമായും പരിഷ്‌കരണവാദികളായിരുന്നു ഇതിനു പിന്നില്‍. ഇതെല്ലാം കൂടി കുലീനമായിരുന്ന ഈ ഭാഷാരീതിയെ പിന്നോട്ടുതള്ളി.

അതോടൊപ്പം ഇസ്‌ലാമിക ഐഡന്റിറ്റി എന്നതിന്റെ സങ്കല്‍പത്തില്‍ അഭിപ്രായ ഭിന്നതകള്‍ വന്നു. 

-അറബിമലയാളം എന്നൊരു ഭാഷാരൂപത്തിന്റെ തുടക്കം നമുക്ക് എവിടെനിന്നു കാണാം?

അറബിമലയാളം എന്നത് ആദ്യം ഒരു മിശ്രസംസ്‌കാരമായിരുന്നു. വര്‍ത്തകരായ അറബികള്‍ വഴിയാണ് അതിന്റെ തുടക്കം. എഡി. 212 ഈജിപ്തില്‍ കാരക്കല വിപ്ലവം നടന്നതോടെ റോം-ഗ്രീക്ക് വ്യാപാര ബന്ധം തകര്‍ന്നു. അറേബ്യയില്‍ വ്യാപാരത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. പേര്‍ഷ്യന്‍ വഴിക്കായിരുന്നു ആദ്യ ഘട്ടം. കറാച്ചി വഴി ചാലിയം വരെ നീളുന്നതായിരുന്നു അത്. രണ്ടാം ഘട്ടം ഏദന്‍ വഴി മലബാറില്‍ എത്തുന്നതായിരുന്നു. 

എഡി. നാലാം നൂറ്റാണ്ടായപ്പോഴേക്കും മലബാറുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെട്ടു. തുടര്‍ന്നാണ് ചേര സാമ്രാജ്യം രൂപപ്പെട്ടുവരുന്നത്. മംഗലാപുരം മുതല്‍ കൊല്ലം വരെ തീരദേശങ്ങളും അറബ് വ്യാപാരംകൊണ്ട് ഉണര്‍ന്നു. അറബികളും തദ്ദേശീയരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ ഒരു ഇന്റോ-അറബ് സമൂഹം ജന്മംകൊണ്ടു.

സ്വാഭാവികമായും ഈ സാഹചര്യം ഇസ്‌ലാംമത പ്രചാരണത്തിന് ഈ മണ്ണില്‍ ആക്കം കൂട്ടി. അതോടെയാണ് ഒരു സമ്മിശ്ര സംസ്‌കാരം ഇവിടെ രൂപം കൊള്ളുന്നത്. അതായിരുന്ന അറബിമലയാളത്തിന്റെ ജനന പരിസരം.

പിന്നീട് രാഷ്ട്രീയ ശക്തിയായും അറബികള്‍ മാറുന്നുണ്ട്. അമവി കാലത്ത് ഇന്ത്യയിലേക്ക് അവര്‍ സൈന്യങ്ങളെ പറഞ്ഞയച്ചിരുന്നു. രാഷ്ട്രീയ, മത, വ്യാപാര ബന്ധങ്ങളുടെ പരിസരം ഒരു സമ്മിശ്രഭാഷയുടെ ഉയര്‍ച്ചക്ക് വഴിവെച്ചുവെന്ന് പറയാം.

-മലബാറിന്റെ പരിസരത്തില്‍ ഒരു സങ്കരഭാഷ എങ്ങനെയാണ് രൂപപ്പെടുന്നത്?

ഇവിടെ സങ്കര ഭാഷ എങ്ങനെ രൂപപ്പെട്ടുവെന്ന് ഞാന്‍ ലളിതമായി മനസ്സിലാക്കിത്തരാം. ഉദാഹരണത്തിന്, അല്ലാന്റെ എന്ന പദം. ഇത് പൂര്‍ണമായും അറബിയല്ല. അല്ലാഹ് എന്നത് അറബിയാണ്. ന്റെ എന്നത് മലയാളവും. ഇത് രണ്ടുംകൂടി ചേര്‍ത്തുപറയുമ്പോള്‍ ഇവിടെ ഒരു സങ്കരഭാഷ ജനിക്കുകയാണ്. 

ക്രിയകളെക്കാള്‍ അറബി നാമങ്ങളാണ് ഇങ്ങനെ ധാരാളമായി ഉപയോഗിക്കപ്പെട്ടിരുന്നത്. മതവുമായി ബന്ധപ്പെട്ട് സാധാരണ ഉപയോഗത്തിലും സംസാരത്തിലും വരുന്ന നാമങ്ങള്‍. റസൂല്‍, നബി, തൗഫീഖ്, റഹ്മത്ത് തുടങ്ങിയവ ഉദാഹരണം. ഇവയോട് മലയാള വ്യാകരണ നിയമങ്ങള്‍ ചേര്‍ത്തുപറയാറായിരുന്നു പതിവ്. ഇവിടെ പദത്തിന്റെ ഘടന ഒന്നും വ്യാകരണ ഘടന മറ്റൊന്നുമാണ്.

ഒരു ഭാഷ സംസാരിക്കുന്നവരെ ആ ഭാഷാ സമൂഹം എന്നാണ് പറയുക. ആയതിനാല്‍, ഒരു സമൂഹത്തില്‍ എന്തെല്ലാം പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നോ അതെല്ലാം ആ ഭാഷയിലും പ്രകടമായിരിക്കും.

-സ്വൂഫിസം പ്രചരിക്കുന്ന 11, 12 നൂറ്റാണ്ടുകളോടെയാണ് അറബിമലയാളത്തിന്റെ പിറവി എന്നൊരു വാദമുണ്ടല്ലോ. അത് ശരിയാകുമോ?

പ്രവാചകരുടെ കാലത്തുതന്നെ സൂഫിസമുണ്ട്. മതവും ഭൗതികതയും ഒന്നിച്ചു കൊണ്ടുപോകുന്ന രീതിയായിരുന്നു അന്ന്. ക്രമേണ അതില്‍ മാറ്റമുണ്ടായി. ഖുലഫാഉര്‍റാശിദയുടെ കാലത്ത് മതവും രാഷ്ട്രീയവും ഒന്നായിരുന്നു. എന്നാല്‍, ഈ ഭരണകാലത്തിന്റെ അവസാനത്തോടെ ഈ കാഴ്ചപ്പാട് മാറി. മതം വേറെയും അധികാരം വേറെയുമായി. ഇതോടെ മത കേന്ദ്രീകൃത ഭരണമെന്നത് മാറി അധികാര കേന്ദ്രീകൃതമായ മതമെന്ന രീതി വന്നു. അധികാരത്തിലുള്ളവര്‍ മതത്തിന് എതിര് ചെയ്യുന്ന രീതിയുണ്ടായി. ആത്മീയ രംഗത്തുള്ളവര്‍ അധികാരത്തോട് പുറം തിരിഞ്ഞിരിക്കാനും ഇത് അവസരം സൃ്ഷ്ടിച്ചു.

അങ്ങനെയുള്ളൊരു സഹാചര്യത്തിലാണ് സൂഫിസം പുനക്രമീകരിക്കേണ്ടതിന്റെ ആവശ്യകത വരുന്നത്. 

-കേരളത്തില്‍ സൂഫികള്‍ തദ്ദേശീയരായ നാടന്‍ ജനങ്ങളെ വിദ്യയഭ്യസിപ്പിക്കാനായി വികസിപ്പിച്ചെടുത്തതാണ് അറബിമലയാളം എന്നു പറയാമോ?

അങ്ങനെ പറയാന്‍ കഴിയുമോ. കാരണം, ഇസ്‌ലാം പ്രചരിക്കുമ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങളും സ്വാഭാവികമായും പ്രചരിക്കണമല്ലോ. ഉദാഹരണത്തിന് വെള്ളിയാഴ്ച നിസ്‌കാരം. ജുമുഅ എന്നാണ് ഇത് വിളിക്കപ്പെടുന്നത്. ഇസ്‌ലാം ഇവിടെ എത്തിയതു മുതല്‍തന്നെ ജനങ്ങള്‍ ഇത് നിര്‍വഹിച്ചിരിക്കണം. സ്വാഭാവികമായും ജനങ്ങള്‍ അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമല്ലോ. അല്ലാതെ, അതിന് പകരം വെക്കാന്‍ ഇവിടെ വേറെ പദങ്ങള്‍ ഉണ്ടായിരുന്നില്ല. സംഘം എന്നോ സംഘാടനം എന്നോ പറഞ്ഞാല്‍ ജുമുഅയുടെ ഉദ്ദേശം വ്യക്തമാകില്ലല്ലോ. അതുതന്നെ ഉപയോഗിച്ചു തുടങ്ങുന്നത് അങ്ങനെയാണ്. ജുമുഅക്ക് പോവുക, ജുമുഅയുടെ സമയം തുടങ്ങിയ പ്രയോഗങ്ങള്‍ അങ്ങനെ വന്നു. ഇവിടെ നിന്നാണ് സത്യത്തില്‍ അറബിമലയാളമെന്ന സമ്മിശ്രഭാഷയുടെ പിറവിയും സംഭവിക്കുന്നത്. 

ഇസ്‌ലാമിക തിയോളജിയുമായി ബന്ധപ്പെട്ട പദങ്ങള്‍ ധാരാളമുണ്ട്. അതിനൊന്നും സമാനമായ വാക്കുകള്‍ മലയാളത്തിലില്ല. കാരണം, അറബിയിലെ 28 വര്‍ണങ്ങളില്‍ 14 വര്‍ണങ്ങള്‍ക്ക് മലയാളത്തിന്റെതായ ഉച്ചാരണങ്ങളില്ല. അപ്പോള്‍ സ്വാഭാവികമായും സമാന്തരീകരണം (modification) വരും. ഈ മോഡിഫിക്കേഷനാണ് പിന്നീട് അറബിമലയാളമെന്ന ഭാഷയെ ഉരുത്തിരിയിച്ചത്.

മതം പഠിപ്പിക്കേണ്ടി വന്നപ്പോള്‍ മാത്രമാണ് ഇത് അത്യാവശ്യമായത്. അതുവരെ അതിന്റെ ആവശ്യമില്ലായിരുന്നു. ആദ്യകാലത്ത് ഔപചാരിക മതമാണ്. ചെയ്യുന്നതും പറയുന്നതും അനുകരിച്ച് പിന്‍പറ്റുന്ന രീതിയാണന്ന്. വായിച്ച് പഠിക്കേണ്ട ആവശ്യം അന്ന് ഉണ്ടായിരുന്നില്ല. മതത്തെ ഒരു സിദ്ധാന്തമായി പഠിപ്പിക്കപ്പെടേണ്ട ആവശ്യം വന്നപ്പോഴാണ് ഇതിന്റെയെല്ലാം ആവശ്യം വരുന്നത്. 

മതവിദ്യാഭ്യാസം ഔദ്യോഗിക ഭാവം പൂണ്ടപ്പോള്‍ അതിന് പ്രത്യേകമായൊരു രൂപവും ഭാഷയും അനിവാര്യമായി. അപ്പോള്‍, അറബിയിലെ പല വാക്കുകളും ഇവിടെയുള്ളവര്‍ക്ക് മനസ്സിലാകാതെ വന്നു. അങ്ങനെയാണ് മനസ്സിലാകുന്നതിനായി ചില സമ്മിശ്ര പരീക്ഷണങ്ങള്‍ നടത്തപ്പെടുന്നത്.

ഇത് പണ്ട് ഒരു ആംഗ്ലോ-ഇന്ത്യന്‍ ബാലിക തന്റെ അച്ഛനോട് പറഞ്ഞതുപോലെയാണ്. മലയാളക്കരയില്‍ ജീവിച്ച അവള്‍ക്ക് മലയാളത്തിന്റെ ചില രീതികള്‍ മാത്രം വശമുണ്ടായിരുന്നു. അടുത്ത തെങ്ങില്‍നിന്നും അച്ഛന്റെ നേര്‍ക്ക് ഓല മെടല്‍ വീണപ്പോള്‍ അവള്‍ വിളിച്ചുപറഞ്ഞത്രേ: ഫാദര്‍, ഫാദര്‍! ഓലമെടല്‍ കമിംഗ്, കമിംഗ്. റണ്ണിക്കോ, റണ്ണിക്കോ. 

ഈ ഉദാഹരണം ഉള്ളതോ ഇല്ലാത്തതോ ആവട്ടെ. ഓരോരുത്തരും തങ്ങളുടെ ഭാഷാപരിസരത്തില്‍നിന്നാണ് ചിന്തിക്കുന്നതും പറയുന്നതും എന്ന് കാണിക്കാനാണ് ഞാനിത് പറഞ്ഞത്. ഓടിക്കോ എന്നതിന് റണ്ണിക്കോ എന്നു പറയുന്ന ഒരു പരിസരം പലപ്പോഴും അറബിമലയാളത്തിലും കാണാവുന്നതാണ്. അറബിയോട് മലയാളം അഫിക്‌സും സഫിക്‌സും ചേര്‍ക്കുന്ന രീതിയാണ് അവിടെയുള്ളത് എന്നുമാത്രം. 

-അറബിയെ മലയാളത്തില്‍ മനസ്സിലാക്കുമ്പോള്‍ ധാരാളം പരിമിതികള്‍ വരുന്നുണ്ട്. അമാനി മൗലവി അറബിമലയാളത്തില്‍ എഴുതിയ ഖുര്‍ആന്‍ വിവര്‍ത്തനത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. എന്നിട്ടും, പിന്നെയെങ്ങനെയാണ് മാപ്പിള അറബിമലയാളത്തില്‍നിന്നും മലയാളത്തിലേക്ക് മാറുന്നത്?

തീര്‍ച്ചയായും. ഒരു മതത്തിന്റെ വ്യവഹാര പരിസരത്തുനിന്നും സംസാരിക്കുമ്പോള്‍ അതിന്റെതായ പല പദങ്ങളും അങ്ങനെത്തന്നെ ഉപയോഗിക്കേണ്ടിവരും. ആ പദങ്ങള്‍ക്ക് മലയാള ഭാഷ്യം നല്‍കിയാല്‍ അതൊരിക്കലും പൂര്‍ണാര്‍ത്ഥം പ്രാപിക്കണമെന്നുമില്ല. 

ഉദാഹരണത്തിന് വൈതുല്യത്തില്‍ ചില സാഹിത്യങ്ങള്‍ സൂചിപ്പിച്ചിട്ട് അതൊന്നും പെരുമാറല്‍ ജായിസല്ല എന്നാണ് പറയുന്നത്. ഇവിടെ അനുവദനീയമല്ല എന്ന് ഉപയോഗിക്കുന്നതിനെക്കാള്‍ വളരെ കൃത്യവും വ്യക്തവുമാണ് ജായിസല്ല എന്ന ഉപയോഗം. വാജിബ്, സുന്നത്ത്, ഹറാം പോലെയുള്ള പദപ്രയോഗങ്ങളിലും ഇത് കാണാം. ഇതിനൊന്നും കൃത്യമായ മലയാള പദങ്ങള്‍ ലഭ്യമല്ല.

-ശരി. എന്നാലും ഖുര്‍ആന്‍ വിവര്‍ത്തനങ്ങളില്‍ അല്ലാഹു എന്ന് ഉപയോഗിക്കുന്നതിനു പകരം ദൈവം എന്ന് ഉപയോഗിക്കുന്നതിലേക്ക് മാപ്പിള മാറുന്നുണ്ട്. ഇത് എപ്പോഴാണ്? എങ്ങനെയാണ് സാധ്യമാകുന്നത്?

1870 കളിലാണ് ആദ്യത്തെ ഖുര്‍ആന്‍ അറബിമലയാള ഭാഷ്യം വരുന്നത്. മായിന്‍ കുട്ടി എളയുടെതാണിത്. ഇത് കഴിഞ്ഞ് ഏകദേശം 90 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മലയാളത്തില്‍ ഒരു ഖുര്‍ആന്‍ ഭാഷ്യം വരുന്നത്. അതില്‍ പല പ്രയോഗ വ്യത്യാസങ്ങളുമുണ്ട്. ഇതിന് വിവിധ കാരണങ്ങളുണ്ടാകും.

അല്ലാഹ് എന്നതിന് ദൈവം എന്ന് ഉപയോഗിക്കുന്നതിലേക്ക് മാപ്പിള മാറുന്നുണ്ടെങ്കില്‍, അതിനെ അവര്‍ ഉള്‍കൊള്ളാന്‍ ചില സാമൂഹിക മാറ്റങ്ങള്‍്ക്കൂടി കാരണമായിട്ടുണ്ടെന്നുവേണം പറയാന്‍. ഒരു ജനതയുടെ സ്വത്വബോധം എത്രത്തോളം നിലനില്‍ക്കുമെന്ന് ചര്‍ച്ചചെയ്യല്‍ ഇവിടെ പ്രധാനമാണ്. ഐഡന്റിറ്റി എന്നത് കാലാന്തരത്തില്‍ വിസ്മരിക്കപ്പെട്ടുപോകുന്ന ഒരു ഘടകമാണ്. ഒരു പ്രത്യേക കാലയളവ് കഴിഞ്ഞാല്‍ മനുഷ്യന്‍ അതില്‍നിന്നും മാറി, പുതിയ ശൈലികളിലേക്ക് മാറി ചിന്തിക്കാന്‍ തുടങ്ങും. മതത്തിന്റെ മൗലിക കാര്യങ്ങളില്‍ മാറ്റം വരണമെന്നില്ല. പക്ഷെ, ഭാഷ പോലെയുള്ള അതിന്റെ ഉപകാര്യങ്ങളില്‍ മാറ്റങ്ങള്‍ വരാം. അതാണ് ഇവിടെയും സംഭവിച്ചിട്ടുള്ളത്. സാമൂഹിക മാറ്റം ഇവിടെ പ്രധാന കാരണമാണ്. 

-താങ്കളുടെ അവസാനം വന്ന കൃതികളില്‍ ഇത് പ്രകടകാന്നുണ്ടല്ലോ. അറബിമലയാളത്തില്‍ വന്ന മാറ്റങ്ങളെ മുന്‍നിര്‍ത്തി സമൂഹത്തില്‍ വന്ന മാറ്റങ്ങളെ മനസ്സിലാക്കാനുള്ള ശ്രമമായിരുന്നില്ലേ അത്?

ശരിയാണ്. മാപ്പിളപ്പാട്ടിന്റെ ചരിത്ര സാമൂഹ്യ പശ്ചാത്തലം എന്ന കൃതി അങ്ങനെയൊരു ശ്രമമാണ്. സമൂഹത്തിന്റെ മാറ്റങ്ങള്‍ വിവിധ അറബിമലയാള രചനകള്‍ മുമ്പില്‍ വെച്ച് വായിക്കാനുള്ള ശ്രമമാണത്. മാലപ്പാട്ടുകള്‍ തുടങ്ങി വിവിധ അറബിമലയാള രചനകളുടെ തീമുകളില്‍ വന്ന മാറ്റങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. മതകീയമായ വിഷയങ്ങളില്‍നിന്നും സെക്യുലറായ തീമുകളിലേക്കുള്ള മാറ്റം. വിശിഷ്യാ, 1940 കള്‍ക്കു ശേഷം വരുന്ന മാറ്റങ്ങള്‍. ഈ ഭാഷ വെച്ച് ആ സമയത്തിന്റെ സോഷ്യല്‍ ഹിസ്റ്ററി കൂടി വായിക്കാനുള്ള ശ്രമമാണ്. കാരണം, സാഹിത്യവും സമയവും പരസ്പര ബന്ധിതമാണല്ലോ. 

ഇതില്‍, ഭാഷാപരമായ ചര്‍ച്ചകള്‍ കടന്നുവരുന്നില്ല. ഇപ്പോള്‍ അതിനെക്കുറിച്ചാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. 

-മുഹ് യിദ്ദീന്‍ മാലക്കു മുമ്പ് അറബിമലയാളത്തില്‍ ധാരാളം രചനകള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയാന്‍ സാധിക്കുമോ?

മുഹ് യി്ദ്ദീന്‍ മാല ഒരു പാട്ടാണ്. അതിനുമുമ്പ് അറബിമലയാളത്തില്‍ പാട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയാന്‍ സാധ്യമല്ല. അതിനു രണ്ട് കാരണങ്ങളുണ്ട്. 

14 ാം നൂറ്റാണ്ടിന്റെ ഏകദേശം നൂറു വര്‍ഷം മുമ്പാണ് അറബ് ബംഗാളിയില്‍ നബിവംശ കാവ്യം വരുന്നത്. സയ്യിദ് സുല്‍ത്വാനാണ് ഇത് എഴുതിയിരുന്നത്. ഈ കൃതിയും അറബിമലയാളവും ആശയപരമായി ധാരാളം സാധര്‍മ്യം കാണുന്നുണ്ട്. അതിലെ പല ഇമേജുകളും ഇവിടത്തെ രചനകളിലും കാണാം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഒരു സാമൂഹിക അടിത്തറയില്‍നിന്നാണ് രണ്ടും ഉണ്ടായിട്ടുള്ളത് എന്നതുകൊണ്ടാണിത്. അല്ലെങ്കില്‍ അത് സംഭവിക്കില്ല. 

ഈ സാമൂഹിക അടിത്തറ രൂപപ്പെട്ടുവരുന്നത് 14, 15 നൂറ്റാണ്ടുകളോടെയാണ്. 17 ന്റെ തുടക്കത്തിലാണല്ലോ മുഹ് യിദ്ദീന്‍ മാല വരുന്നത്. ഈ അടിത്തറയാണ് അറബിമലയാളത്തിന് പശ്ചാത്തലമൊരുക്കുന്നത്. 

ഇതിലേക്ക് ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കാര്യമാണ് ഇവിടത്തെ മതവിദ്യാഭ്യാസത്തിന്റെ വികസനം. ഹി. 670 ലാണ് കേരളത്തില്‍ വ്യവസ്ഥാപിതമായ നിലയില്‍ മതവിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കുന്നത്. താനൂര്‍ വലിയ കുളങ്ങര പള്ളിയിലായിരുന്നു ഇത്. യമനിലെ ഹളര്‍മൗത്തില്‍നിന്നും വന്ന അബ്ദുല്ലാഹില്‍ ഹള്‌റമിയായിരുന്നു ഇവിടത്തെ അധ്യാപകന്‍. തദ്ദേശീയരായ ആളുകളെക്കാള്‍ പുറം രാജ്യങ്ങളില്‍നിന്നും മറ്റും വന്ന ആളുകളായിരുന്നു ഇവിടത്തെ പഠിതാക്കള്‍. 

ഇത് സൂചിപ്പിക്കുന്നത് അക്കാലത്തും ഇവിടെ മതബോധവും മതവിദ്യാഭ്യാസവും സാര്‍വത്രികമാവുകയോ സര്‍വ്വവ്യാപകമാവുകയോ ചെയ്തിട്ടില്ല എന്നതാണ്. ചില പ്രധാനപ്പെട്ടവര്‍ക്കിടയില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു അത്. ഇത് ഇവിടത്തെ ഹൈന്ദവര്‍ക്കിടയില്‍ നോക്കിയാലും കാണാന്‍ കഴിയും. ഉന്നത വിഭാഗങ്ങള്‍ മാത്രമാണ് വേദം പഠിച്ചിരുന്നത്. ഇതിനെ പൂര്‍ണമായും താരതമ്യം ചെയ്യാന്‍ പറ്റില്ലെങ്കിലും മതപഠനം സാര്‍വ്വത്രികമായിരുന്നില്ല എന്നത് ഉറപ്പാണ്.

അതിന് ഏറ്റവും വലിയ തെളിവാണ് അന്ന് കേരളത്തില്‍ ജുമുഅ നിസ്‌കാരം നടക്കുന്ന ചുരുക്കം പള്ളികളേ ഉണ്ടായിരുന്നുള്ളൂ എന്നത്. എല്ലാ നാടുകളിലും ഇത് ഉണ്ടായിരുന്നില്ല. മുസ്‌ലിം ജനസംഖ്യ കുറവാണ് എന്നതു മാത്രമല്ല ഇതിനു കാരണം. ഒരു ഔപചാരികതയായി മാത്രം മതത്തെ കണ്ടവരായിരുന്നു അധികമാളുകളും. കണ്ടാല്‍ സലാം പറയും. അടിസ്ഥാന കാര്യങ്ങള്‍ ചെയ്യുന്നുണ്ടാകും. പക്ഷെ, മതത്തില്‍ അവബോധവും ആഴത്തിലുള്ള അറിവും ഉണ്ടായിരുന്നില്ല. 

ഈയൊരു പരിസരം വെച്ച് വളരെ പിന്നോട്ട് ചിന്തിക്കുമ്പോള്‍ മുഹ് യിദ്ദീന്‍ മാലക്കു മുമ്പ് ഇവിടെ ധാരാളം രചനകള്‍ വരണമെന്നില്ല.

-മുഹ് യിദ്ദീന്‍ മാല വരുന്നത് ഒരു കാവ്യം എന്ന നിലക്കാണോ, അതോ ജനങ്ങളെ വിദ്യ അഭ്യസിപ്പിക്കുന്നതിനു വേണ്ടിയാണോ?

രണ്ടു നിലക്ക് ഇത് മനസ്സിലാക്കണം. കേവലം ഒരു കാവ്യം എന്ന നിലക്കല്ല മുഹ് യിദ്ദീന്‍ മാല വരുന്നത്. വിദ്യ അഭ്യസിപ്പിക്കുന്നതിനുള്ള വിവിധ രീതികളും ഇവിടെ ഉണ്ടായിരുന്നു. പൊന്നാനി പണ്ഡിതന്മാര്‍ സജീവമായി ഇവിടെയുണ്ട്. 

പിന്നെ, ഇത് വരുന്നത് ഒരു വിമോചന ദൗത്യവുമായാണ്. ജിഹാദി സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനാണ് ഇത് വരുന്നത്. ശാരീരിക ജിഹാദും ശത്രുവിനോടുള്ള ജിഹാദും ഇതില്‍ പെടും. മുമ്പ് തുഹ്ഫതുല്‍ മുജാഹിദീന്‍ എഴുതപ്പെട്ടിരുന്നുവെന്നത് സത്യമാണ്. അതിന്റെ കോപ്പികളെടുത്ത് നാടിന്റെ നാനാഭാഗങ്ങളിലേക്കും അയച്ചുകൊടുക്കുന്നുണ്ട്. അറബിക്ക് അതിന്റെതായ ഒരു പരിമിതിയുണ്ടല്ലോ. അതിന്റെതായ കേന്ദ്രങ്ങളില്‍ മാത്രമേ അത് വര്‍ക്ക് ചെയ്യുള്ളൂ.

ഈ പരിമിതി നികത്തുകയാണ് അറബിമലയാളത്തില്‍ മുഹ് യിദ്ദീന്‍ മാല എഴുതിക്കൊണ്ട് ഖാസി മുഹമ്മദ് ചെയ്യുന്നത്. 

-അപ്പോള്‍, മുഹ് യിദ്ദീന്‍ മാലയില്‍ ഒരു സമരധ്വനിയുണ്ടെന്നാണോ താങ്കള്‍ പറയുന്നത്?

തീര്‍ച്ചയായും ഉണ്ട്. രണ്ട് രീതിയിലാണ് ഒരു സമൂഹത്തില്‍നിന്നും പ്രതികരണം വരുന്നത്. ഒന്നുകില്‍ അതിനെ ചെറുക്കുക. അല്ലെങ്കില്‍ ഉള്‍കൊള്ളുക. വൈദേശികാധിപത്യത്തെ ചെറുക്കുകയായിരുന്നു ഇവിടത്തെ കുഞ്ഞാലി മരക്കാന്മാരെ പോലെയുള്ള യോദ്ധാക്കള്‍. ഇത് ഒരു വശം. ഇത് മാത്രം പോരല്ലോ. അങ്ങനെയെങ്കില്‍ എല്ലാവരും യുദ്ധം ചെയ്ത് മരിക്കും. അതിനെ ശരിക്കും ഉള്‍കൊള്ളുന്ന ഒരു വിഭാഗവും ഉണ്ടാവേണ്ടതുണ്ട്. ഇസ്‌ലാമായാലേ തനിക്ക് നിലനില്‍പ്പുള്ളൂ എന്ന് മനസ്സിലാക്കിയ ഒരു വിഭാഗം. അതിലേക്കുള്ള ഒരു ചുവടുവെപ്പായിരുന്നു മുഹ് യിദ്ദീന്‍ മാല. 

-ഇനി മുഹ് യിദ്ദീന്‍ മാലയുടെ ഭാഷയെക്കുറിച്ച് സംസാരിക്കാം. വളരെ ലളിതവും സരളവുമായ ഭാഷയാണല്ലോ അത് കൈകാര്യം ചെയ്യുന്നത്. എഴുത്തച്ഛന്റെ ആധ്യാത്മിക രാമായണം വരുന്നത് ഇതിനു ശേഷവുമാണ്. അതാവട്ടെ വളരെ സങ്കീര്‍ണമായ ഭാഷയിലും. എങ്ങനെ ഇത് സംഭവിച്ചു?

ഇത് രണ്ട് ശ്രേണിയിലാണ്. ഹിന്ദുക്കള്‍ക്കിടയില്‍ ബ്രാഹ്മണ്യത്തിനോട് എതിരുള്ളവരുണ്ട്. ബ്രാഹ്മണ്യത്തിന്റെ ഭാഷയാണ് മണിപ്രവാളം. മണിപ്രവാളത്തില്‍നിന്നും ഭാഷയെ കുറേകൂടി ജനകീയവല്‍കരിക്കാനാണ് എഴുത്തച്ഛന്റെ ശ്രമമുണ്ടായത്. അദ്ദേഹത്തിന് പ്രാദേശിക മലയാളവുമായിട്ടാണ് ബന്ധം.

എന്നാല്‍, എഴുത്തച്ഛനും മുമ്പാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ വരുന്നത്. ഇത് താരതമ്യേന ലളിതമാണ്. കാരണം, അത് സാധരണക്കാരന്റെ ഭാഷയാണ്. ഭാഷക്ക് ലാളിത്യം വരുന്നത് എങ്ങനെയെന്ന് മനസ്സിലാക്കണം. ആഢ്യന്റെ ഭാഷ  എന്നും അവര്‍ക്ക് മാത്രം മനസ്സിലാകുന്ന രീതിയിലാണ് ഉണ്ടായിരുന്നത്. ബ്രാഹ്മണവരേണ്യരായ ഇവിടത്തെ നമ്പൂരിമാര്‍ ആ രീതി പിന്‍പറ്റുന്നവരായിരുന്നു.  അവര്‍ക്കായി സ്വന്തം രീതിയും പ്രയോഗങ്ങളുമുണ്ടായിരുന്നു. അത് അവര്‍ക്കും അവരുമായി ബന്ധപ്പെട്ടവര്‍ക്കും മാത്രമേ മനസ്സിലാവൂ. താഴ്ന്ന ജാതിക്കാര്‍ അത് ഉപയോഗിക്കുകയോ പിന്‍പറ്റുകയോ ചെയ്തില്ല. 

എഴുത്തച്ഛന്‍ വെട്ടത്തുനാട്ടില്‍ തിരൂരിലാണ് ജീവിച്ചിരുന്നത്. അതുകൊണ്ടുതന്നെ, അവിടത്തെ ഭ്രാഹ്മണ ഭാഷയിലാണ് അദ്ദേഹം എഴുതിത്തുടങ്ങുന്നത്. ഭാഷയെ ഭ്രാഹ്മണഅധീശത്വത്തില്‍നിന്നും മോചിപ്പിച്ച് ജനകീയമാക്കലായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം.

എഴുത്തച്ഛന്‍ ജനിക്കുന്നതിന്റെ വളരെ വര്‍ഷങ്ങള്‍ മുമ്പാണ് ശ്രീരാമന്റെ രാമചരിതം വരുന്നത്. അതും ഏറെക്കുറേ ലളിതമാണ്. തമിഴ് കലര്‍ന്ന ഭാഷയായിരുന്നു അതില്‍. ഉദാഹരണത്തിന് ചില വരികള്‍ ഇതാ:

മൈഥിലി തന്നുടെ ചരിതമെല്ലാം
വാനരവീരന്‍ ഉരക്കെ കേട്ട്
കൈതവമെന്തു നീ എന്നുരത്ത്
തേന്‍ മൊഴിയാളെ നീ എന്തുകൊണ്ട്?

ആര്‍ക്കും ഗ്രഹിക്കാവുന്നതേയുള്ളൂ ഇതിലെ ഭാഷ. എന്നാല്‍, ഇതിലും ദുര്‍ഗ്രാഹ്യമായിരുന്നു എഴുത്തച്ഛന്റെ ഭാഷ. ഇവിടെ ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് എഴുത്തച്ഛന്റെ ഭാഷ ഇത്രയും കട്ടിയുള്ളതായി?

അതിന് ചില കാരണങ്ങളുണ്ട്. കാലഘട്ടത്തിന്റെ മാത്രം പ്രശ്‌നമല്ല അത്. താന്‍ ഇടപഴകിയ സമൂഹത്തിന്റെ ഭാഷകൂടിയാണത്. ഒന്നാമതായി, തിരൂരിലെ നമ്പൂരിമാര്‍ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സ്വാഭാവികമായും അത് തന്റെ ഭാഷയില്‍ പ്രതിഫലിക്കും. പിന്നാട് ഈ ഭാഷയെ ലളിതവത്കരിക്കാനും ജനകീയ വത്കരിക്കാനും അദ്ദേഹം ശ്രമം നടത്തുന്നുണ്ട്. ഇതിനെ തുടര്‍ന്ന് അദ്ദേഹം പാലക്കാട്ടേക്ക് നടുകടത്തപ്പെടുകവരെയുണ്ടായി. ഈ പരിവര്‍ത്തനങ്ങള്‍ക്ക് നമ്പൂരിമാര്‍ സമ്മതമായിരുന്നില്ല.

ഇതിന് ചില കാരണങ്ങളുണ്ട്. താനൂര് വെട്ടത്തുനാട് സ്വരൂപത്തെ അടക്കിഭരിക്കുന്നത് അന്ന് നമ്പൂരിമാരായിരുന്നു. അവരുമായി പിണങ്ങിയാല്‍ എഴുത്തച്ഛന് അവിടെ നില്‍ക്കാന്‍ കഴിയുമോ? ഒരിക്കലുമില്ല. മ്പൂരിമാര്‍ക്കെതിരെ വിപ്ലവം പ്രസംഗിച്ചപ്പോള്‍ അദ്ദേഹത്തെ അവര്‍ ഓടിക്കുകയായിരുന്നു.

ഭക്തി എന്നത് മനുഷ്യന്റെ ഉള്‍വിളിയാണ്. എന്നാല്‍, അക്കാലത്ത് ഇത് നമ്പൂരിമാര്‍ക്ക് മാത്രമുള്ളതായി ഗണിക്കപ്പെട്ടു. എഴുത്തച്ഛന്‍ ഇതിനെ ചോദ്യം ചെയ്തു. എല്ലാവര്‍ക്കും ഭക്തി അര്‍ഹിക്കുന്നുണ്ടെന്ന് അദ്ദേഹം കവിത പാടി. ഋതുവായ പെണ്ണിനും തീണ്ടാരിയായ പെണ്ണിനും ഭക്തിയാവാം. എരപ്പാളിക്കും ശവം ദഹിപ്പിക്കുന്നവനും ഭക്തിയാവാം. അദ്ദേഹം വാദിച്ചു. ഇത് ബ്രാഹ്മണ്യത്തിന്റെ സങ്കുചിതത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. ഞാന്‍ നിങ്ങളുടെ ഭാഷയെ ചോദ്യം ചെയ്തില്ലായെന്ന് പറഞ്ഞാല്‍പോലും യഥാര്‍ത്ഥത്തില്‍ ഉള്ളിലൂടെ അദ്ദേഹം ചോദ്യം ചെയ്യുകയായിരുന്നു.