image

കോര്‍പ്പറേറ്റ് മാധ്യമങ്ങളാണ് ദലിത്-മുസ്‌ലിം മുന്നേറ്റത്തിന്റെ ഏറ്റവും വലിയ ശത്രു

എന്‍.പി. ചെക്കുട്ടി

(പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദലിത് ആക്ടിവിസ്റ്റുമായ എന്‍.പി. ചെക്കുട്ടിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും പ്രസക്ത ഭാഗങ്ങള്‍ താഴെ)

ലോക സമാധാനത്തിന്റെ നിലനില്‍പ്പിന് ആധാരമാണ് ബഹുസ്വരതയുടെ സുരക്ഷിതത്വം. ബഹുസ്വര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വിശകലനവിധേയമാക്കാമോ?

=മാധ്യമമെന്നത് മുതലാളിത്തത്തിന്റെ ഒരു ഉപഉല്‍പന്നമാണ്. നിക്ഷേപ ശേഷിയുള്ള സമൂഹത്തിന്റെ അധികാര പരിധിയിലാണത്. ഏതു തരത്തിലുള്ളവരായാലും സാധാരണയില്‍ വിദ്യാസമ്പന്നരായി കാണപ്പെടുന്നതും അവര്‍ തന്നെയാണ്.

പണവും വിദ്യാഭ്യാസവുമാണ് മാധ്യമങ്ങളുടെ നിലനില്‍പ്പിന്നാധാരം. സമീപ കാലത്ത് പുതിയ സാങ്കേതിക വിദ്യ വന്നതിനാല്‍ പൊതു ജനങ്ങള്‍ക്കും സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായം രേഖപ്പെടുത്താനാവും. മറ്റു കാപ്പിറ്റലിസ്റ്റ് ഓപ്പറേഷന്‍ പോലെ ഇന്‍വെസ്റ്റ്‌മെന്റ് അടിസ്ഥാനത്തില്‍ ജീവനക്കാരെ വെച്ചുള്ളൊരു നടപടിക്രമമായിരിക്കെ സ്വാഭാവികമായും മിഡില്‍, അപ്പര്‍ ക്ലാസ് വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കായിരിക്കും പ്രമുഖ്യം ലഭിക്കുക. 

മുഖ്യധാരാ വിദ്യാഭ്യാസവും സാമ്പത്തിക ശേഷിയുമാണ് മീഡിയയില്‍ പ്രതിനിധ്യത്തെ നിശ്ചയിക്കുക. മീഡിയ നോര്‍മല്‍ കേസില്‍ അവതരിപ്പിക്കുന്നതും പുറത്ത് കാണിക്കുന്നതും മിഡില്‍ ക്ലാസിന്റെ താല്‍പര്യങ്ങളാണ്. 

ഇന്ത്യയിലെ ഒരു പ്രശ്‌നമെന്തെന്നാല്‍, ലോകത്ത് പല സ്ഥലത്തും ജനാധിപത്യ വ്യവസ്ഥയുണ്ടാകുമ്പോഴും അത് നൂറ് ശതമാനം ജനാധിപത്യമായിരുന്നില്ല. അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളിലെല്ലാം ലാന്റ് പ്രോപ്പര്‍ട്ടി ഉള്ള ആളുകള്‍ മാത്രമാണ് വോട്ടര്‍മാരായിട്ടുള്ളത്. വിദ്യാഭ്യാസം, ഭൂസ്വത്ത് ഇല്ലാത്തവര്‍, അമേരിക്ക പോലെയുള്ള രാജ്യങ്ങളിലെ കറുത്ത വര്‍ഗങ്ങള്‍ എന്നിവരെല്ലാം ജനാധിപത്യത്തിന്റെ പ്രധാന ചുമതലകളില്‍നിന്ന് പുറത്താക്കപ്പെടുന്നു. 

സ്ത്രീകള്‍ക്കു പോലും വോട്ടവകാശം കിട്ടിയത് ഈ അടുത്ത കാലത്താണ്. ഭൂരിപക്ഷം ജനാധിപത്യ രാജ്യങ്ങളിലും അവിടെയുള്ള ഇക്കണോമിക്കലി അഡ്വാന്‍സ്ഡ് ആയിട്ടുള്ള ആളുകള്‍ മാത്രമാണ് ജനാധിപത്യ വ്യവസ്ഥയില്‍ അധികാരത്തില്‍ വന്നിട്ടുള്ളത്. മറ്റുള്ളവരെല്ലാം സാമൂഹിക വ്യവസ്ഥക്ക് പുറത്തായിരുന്നു. ജാതി, മതം, ലിംഗം, സാമൂഹികാവസ്ഥ തുടങ്ങിയ യാതൊരു പരിഗണനയും കൂടാതെ 21 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാവര്‍ക്കും വോട്ടവകാശം ഉണ്ടെന്ന രീതിയിലേക്ക് ഇന്ത്യ വളര്‍ന്നു. അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്. 

അപ്പോള്‍ മീഡിയയില്‍ മധ്യ-വരേണ്യ വര്‍ഗത്തിന്റെ ശബ്ദം മാത്രമാണോ പുറത്തുവരുന്നത്? ദലിത് മുസ്‌ലിം വിഭാഗങ്ങളുടെ ശബ്ദത്തിന് യാതൊരു വിലയുമില്ലേ?

=മീഡിയ ജനങ്ങളുടെ മൊത്തം റപ്രസന്റേറ്റീവല്ല. മറിച്ച് ആ സിസ്റ്റത്തിനകത്ത് മിഡില്‍ ക്ലാസ്, അപ്പര്‍ ക്ലാസ് ഇങ്ങനെയുള്ള ആളുകള്‍ മാത്രമേയുള്ളൂ. കേരളം, കശ്മീര്‍ ഒഴിച്ച് മറ്റനവധി സംസ്ഥാനങ്ങളില്‍ പത്രത്തിലെ എഡിറ്റേഴ്‌സും സബ് എഡിറ്റേഴ്‌സും ഒക്കെ അപ്പര്‍ ക്ലാസില്‍ നിന്നുള്ളവരാണ്. 

കേരളത്തില്‍ വിശിഷ്യാ, മുസ്‌ലിം ന്യൂനപക്ഷങ്ങളും ദലിതരും മറ്റു വിഭാഗങ്ങളില്‍നിന്നുള്ളവരും മീഡിയ രംഗത്ത് പ്രതിനിധികളായുണ്ട്. ബ്രഹ്മണനായിരിക്കെ ദലിതന്റെയോ മുസ്‌ലിമിന്റെയോ മറ്റു പിന്നാക്ക അവസ്ഥയിലുള്ളവരുടെയോ അവസ്ഥ അറിയാനാവില്ല. അതുകൊണ്ട്, അവരുടെ സ്വരം റിപ്പോര്‍ട്ട് ചെയ്യാനും കഴിയില്ല. 

ബഹുസ്വരതക്ക് തനതായ പ്രതിനിധി തന്നെ വേണം. മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശത്ത് നിന്നും ഒരു മുസ്‌ലിമിന് പാര്‍ലമെന്റില്‍ പ്രതിനിധിയാവാം. ദലിതനും പ്രാതിനിധ്യം ലഭിക്കാം. പക്ഷെ, മീഡിയ രംഗത്ത് അത് സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍, മീഡിയ രംഗത്ത് ബഹുസ്വരത സാധ്യമാവണമെങ്കില്‍ തനത് സ്വഭാവമുള്ള ഒരാള്‍ വളര്‍ന്നുവരണം. മാധ്യമ രംഗത്ത് വളരാനാവശ്യമായ വിദ്യാഭ്യാസം ഈ സമുദായങ്ങള്‍ക്ക് പൊതുവെ ഉണ്ടാവാറില്ല. ഈ സമീപ കാലത്താണ് അവരുടെ സാന്നിധ്യം കണ്ടുതുടങ്ങിയത്. 

യോഗ്യതയോടൊപ്പം നടത്താനുള്ള സാമ്പത്തിക ശേഷിയും പ്രധാനമാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ നടത്താനുള്ള സാമ്പത്തിക ശേഷി ഇന്ത്യയിലെ ദലിതര്‍ക്ക് ഇല്ലെന്ന് തന്നെ പറയാം. ഇവ്വിത കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ഇന്ത്യന്‍ മീഡിയ ഇപ്പോഴും മിഡില്‍ ക്ലാസിന്റെയും അപ്പര്‍ ക്ലാസിന്റെയും മേഖലയായി നിലകൊള്ളുന്നത്.

ഒട്ടുമിക്ക മാധ്യമങ്ങളും പുറത്ത് അധിസ്ഥിതരോടൊപ്പം എന്ന് പറയുകയും അകത്ത് ഇത്തരം മുതലാളിത്ത ചിന്തകള്‍ക്ക് കാത്ത് സൂക്ഷിക്കുകയും ചെയ്യുന്നു. ഇത് കാപട്യമല്ലേ?

=അതില്‍ ഒരു കാപട്യവുമില്ല. കാരണം മീഡിയ മിഡില്‍ ക്ലാസിന്റേതാണ്. സെന്‍സേഷണലായ വാര്‍ത്തകളുണ്ടാവുന്ന നേരത്ത് അവര്‍ക്ക് താല്‍പര്യമുണ്ടാവുണ്ടോമ്പോള്‍ താഴെ തട്ടിലുള്ളവരെ വാര്‍ത്തയാക്കും. 

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ മുമ്പ് മരിച്ച രോഹിത് വെമുലയുടെ കാര്യത്തില്‍ വ്യത്യസ്ത രാഷ്ട്രീയ മാനങ്ങളുണ്ടായിരുന്നതുകൊണ്ട് അതില്‍ മീഡിയ സാന്നിധ്യമുണ്ടായി. 

ഇന്ത്യയിലെ മിഡില്‍ ക്ലാസ് എന്നത് അപ്പര്‍ ക്ലാസില്‍നിന്നുള്ളവരാണ്. മാധ്യമങ്ങള്‍ അഭിമുഖീകരിക്കുന്നത് അവരെയായതുകൊണ്ട്, അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള വാര്‍ത്തകള്‍ക്കാണ് പ്രാധാന്യം നല്‍കപ്പെടുന്നത്. നിലപാടുകളും അത്തരത്തിലാണ് ഉണ്ടാവുക. പലപ്പോഴും പിന്നാക്ക വിഭാഗക്കാരെ പ്രതിനിധീകരിക്കാന്‍ അവര്‍ക്ക് കഴിയില്ല. സ്വകാര്യ മേഖലയില്‍ നിന്നാണിതിന്റെ മൂലധനം. 

ഒരു പത്രാധിപന്‍ സാമൂഹ്യ രംഗത്തൊക്കെ താത്പര്യമുള്ളവനായിരിക്കും. പക്ഷെ, നിക്ഷേപകന്റെയും വായനക്കാരന്റെയും താല്‍പര്യം സംരക്ഷിക്കാന്‍  അയാള്‍ ബാധ്യസ്ഥനാണ്. പലപ്പോഴും സ്വന്തം നിലപാടുകള്‍ മാറ്റി വെക്കേണ്ടി വരും. പത്രാധിപരുടെ നിലനില്‍പ്പിന് ആധാരമിതാണ്. 

ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തന രംഗത്ത് ഈ ജാതി വിവേചനം എത്രമാത്രം നിലനില്‍ക്കുന്നുണ്ട്?

=ഇന്ത്യന്‍ ജേര്‍ണലിസത്തിന്റെ പ്രധാന പ്രശ്‌നം സത്യസന്ധമായ നിലപാടുള്ളവര്‍ക്ക് അത് പ്രതിഫലിപ്പിക്കാനുള്ള അന്തരീക്ഷമില്ലെന്നതാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന അന്ന് സദാനന്ദ മേനോന്‍ തന്റെ ഒരു അനുഭവം പങ്ക് വെക്കുകയുണ്ടായി. റയില്‍വേ തൊഴിലാളികള്‍ പണി മുടക്കിയപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചു എന്നതിന്റെ ഒരു സമ്പൂര്‍ണ വിശകലനം അദ്ദേഹം തയ്യാറാക്കിയിരുന്നു. പക്ഷെ, അതില്‍ ഒരു വരി പോലും അച്ചടി മഷി പുരണ്ടില്ല. അങ്ങനെയൊരു തൊഴിലാളി സമരം നടക്കുന്നുണ്ടെന്നത് ടൈംസ് ഓഫ് ഇന്ത്യക്ക് ഒരു വിഷയമേ ആയിരുന്നില്ല. 

1994 ല്‍ ഞാന്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ജോലി ചെയ്തിരുന്ന കാലത്ത് കേരളത്തില്‍ ഒരു ഇസ്‌ലാമിക് എന്‍സൈക്ലോപീഡിയ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അതിന്റെ എഡിറ്റോറിയല്‍ അഡൈ്വസറി ബോര്‍ഡില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബശീറും വൈക്കം മുഹമ്മദ് ബഷീറും ഉള്‍പ്പടെ പല പ്രമുഖരുമുണ്ടായിരുന്നു. അന്ന് ആ പുസ്തകത്തില്‍ കശ്മീര്‍ ഇന്ത്യക്കു പുറത്താക്കിയുള്ള ഭൂപടം ഉണ്ടെന്ന ആരോപണം അന്നത്തെ ബി.ജെ.പി അധ്യക്ഷന്‍ കെ. രാമന്‍ പിള്ള ഉന്നയിക്കുകയുണ്ടായി. 

മുസ്‌ലിം ഭൂരിപക്ഷ മേഖലകള്‍ക്ക് പച്ച നിറം നല്‍കിയപ്പോള്‍ പാക്കിസ്ഥാനോടൊപ്പം കശ്മീരും ചേരുകയായിരുന്നു. എന്നാല്‍, കശ്മീര്‍ ഇന്ത്യയില്‍ തന്നെ ചേര്‍ത്തുള്ള ഒരു ഡിമാര്‍ക്കേഷന്‍ അതില്‍ വ്യക്തമായിരുന്നു. ഇത് തീര്‍ത്തും തെറ്റായ ഒരാരോപണമാണെന്ന വാര്‍ത്ത ഞാന്‍ നല്‍കി. കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന പ്രചാരവേലക്ക് വിദ്യാഭ്യാസ മന്ത്രി തന്നെ ചുക്കാന്‍ പിടിച്ചുവെന്ന ബി.ജെ.പി ആരോപണത്തെ നിഷേധിക്കുന്നതായിരുന്നു വാര്‍ത്തയുടെ ഇതിവൃത്തം. അത് അച്ചടിച്ചുവരികയും ചെയ്തു. 

എന്നാല്‍, ഒരാഴ്ച്ചക്കു ശേഷം അതേ പത്രത്തില്‍ ഇവ്വിഷയകമായി മറ്റൊരു വാര്‍ത്ത വന്നു. ഇതിനു വിരുദ്ധമായ ഒന്നായിരുന്നു അത്. എന്റെ വാര്‍ത്ത പബ്ലിഷ് ചെയ്ത അതേ പത്രാധിപര്‍ തന്നെയാണ് ആ വാര്‍ത്തയും പബ്ലിഷ് ചെയ്തത്. ആ പത്രത്തിന്റെ സാമൂഹിക ചുറ്റുപാട് അങ്ങനെയായതുകൊണ്ട് അതൊക്കെതന്നെയേ അതില്‍നിന്നും പ്രതീക്ഷിക്കാനാവൂ. 

മാധ്യമരംഗത്ത് നമ്മള്‍ അമിത പ്രതീക്ഷ വെക്കുന്നതിലൊന്നും വലിയ അര്‍ത്ഥമില്ല. ഈ സംഭവത്തില്‍നിന്നും എനിക്ക് ഉള്‍ക്കാള്ളാന്‍ കഴിഞ്ഞ പാഠം ഏതൊരു വിഷയത്തിലും ഒരു വിഭാഗത്തെ മാത്രം പ്രതിനിധീകരിക്കുകയെന്ന് ഇന്ന് വലിയ പ്രയാസമുള്ള കാര്യമാണ് എന്നതാണ്. ഞാന്‍ ഒരു പ്രൊഫഷണല്‍ ജേര്‍ണലിസ്റ്റാണ്. ഒരു സമുദായത്തെയും ഞാന്‍ പ്രതിനിധീകരിക്കുന്നില്ല. പ്രാധാന്യമുണ്ടെന്നു തോന്നുന്ന കാര്യങ്ങള്‍ എഴുതാന്‍ എനിക്കൊരു ഇടം വേണമെന്നു മാത്രം. 

വിഭാഗീയ വല്‍ക്കരണം അല്ലെങ്കില്‍ സാമുദായികവല്‍കരണം ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തന രംഗത്തെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട്?

=സാമൂദായി വികാരം മീഡിയയില്‍ ഉണ്ടെന്ന് പറയാനാവില്ല. മുസ്‌ലിം വിരോധന സമീപനമൊന്നും ഞാന്‍ എവിടെയും കണ്ടിട്ടില്ല. അല്ലെങ്കിലും ക്രൈസ്തവ വിരോധമൊന്നും പത്രങ്ങള്‍ക്കിടയിലില്ല. 

പത്രങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ പ്രതിനിധീകരിക്കുന്നത് ഇന്ത്യയിലെ മെയിന്‍ സ്ട്രീമിനെയാണ്. ഇന്ത്യയുടെ മെയിന്‍ സ്ട്രീം എന്നു പറയുന്നത് നിര്‍ഭാഗ്യവശാല്‍ അത് അപ്പര്‍ കാസ്റ്റാണ്. അപ്പര്‍ കാസ്റ്റ് എന്നത് അതില്‍ ക്രൈസ്തവരും ഒരു പരിധിവരെ വരും. 

ആ വിഭാഗങ്ങള്‍ ഒഴിച്ചാല്‍ മറ്റ് വിഭാഗങ്ങള്‍ക്ക് മാധ്യമ രംഗത്ത് സ്വാധീനമില്ല. അതില്ലാത്തൊരു കാരണം സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തങ്ങളുടെ കുട്ടികളെ ഇത്തരം രംഗത്തേക്ക് കൊണ്ടുവരുന്നതിലും ഭാഗവാക്കാകാന്‍ മാതാപിതാക്കള്‍ വിജയിച്ചിട്ടില്ല.

പക്ഷെ, മനോരമ ക്രിസ്ത്യന്‍ ബേസ്ഡ് ആണ്, മാതൃഭൂമി ഹിന്ദു ബേസ്ഡ് ആണ്, ചന്ദ്രിക മുസ്‌ലിം ബേസ്ഡ് ആണ് എന്നൊക്കെ പറയാറുണ്ടല്ലോ. എത്രമാത്രം വസ്തുതാപരമാണത്?

=തേജസിനെ സംബന്ധിച്ച് ഞാന്‍ പറയാം. തേജസ് മുസ്‌ലിം പത്രം എന്ന നിലക്കല്ല തുടങ്ങിയത്. ഞാന്‍ തന്നെ മുസ്‌ലിം അല്ല. ഞാന്‍ ഒരു പിന്നാക്ക സമുദായക്കാരനാണ്. ഇവിടെയിരിക്കുന്നവരില്‍ ധാരാളം മുസ്‌ലിം പേരുകളുണ്ട്. മുസ്‌ലിംകളുടെ പണമാണ് ധാരാളമുള്ളത്. പക്ഷെ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദലിത് ജേര്‍ണലിസ്റ്റുകളെ എടുത്തിട്ടുള്ളത്, ഇപ്പോഴുള്ളത് തേജസാണ്. 

തുടക്കം മുതലേ ഈ പത്രം ഒരു ന്യൂനപക്ഷ പിന്നാക്ക ദലിത് വിഭാഗങ്ങളുടെ ഐക്യമുന്നണി എന്ന നിലയിലാണ് ഉണ്ടാക്കിയെടുത്തിട്ടുള്ളത്. ഇപ്പോഴും അത് നടത്തിക്കൊണ്ടിരിക്കുന്നത് ആ നിലപാടുകൊണ്ടാണ്. മുസ്‌ലിം വിഷയങ്ങള്‍ വളരെയേറെ അച്ചടിച്ചുവരാറുണ്ട്. അതിന് കാരണം, ഇതിന്റെ ബഹുഭൂരിപക്ഷം വായനക്കാരും മുസ്‌ലിംകളാണ്. പണം നൂറു ശതമാം ചെലവാക്കിയിട്ടുള്ളത് മുസ്‌ലിംകളാണ്. ഇതാണ് തേജസിന്റെ കാര്യം. 

ഇങ്ങനെ ഓരോ പത്രത്തിനും അതിന്റെ പരിസരങ്ങളുണ്ടാകും. മതൃഭൂമിയും മനോരമയുമെല്ലാം അവയുടെ കമ്യൂണിറ്റിയുടെ അടിസ്ഥാനത്തിലാണ് നില്‍ക്കുന്നത്. ഹിന്ദു കമ്യൂണിറ്റിയുടെ സാമ്പത്തികമായ അടിത്തറയിലാണ് മാതൃഭൂമി ഉണ്ടാക്കിയിട്ടുള്ളത്. നായര്‍ കമ്യൂണിറ്റിയാണ് അത് ഉണ്ടാക്കിയിട്ടുള്ളത്. പക്ഷെ, മറ്റു സമുദായങ്ങളുടെ വലിയ സ്വാധീനമുണ്ട് ഈ പ്ത്രങ്ങളില്‍. എന്നിരുന്നാലും, അവരുടെ താല്‍പര്യങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു സമീപനത്തിലേക്ക് എത്തുവാന്‍ അതിന് കഴിയും.

ഇന്ത്യയിലെ വര്‍ത്തമാന രാഷ്ട്രീയ പ്രതിസന്ധിയെ എങ്ങനെ കാണുന്നു? ദലിത് മുസ്‌ലിം വിഭാഗങ്ങളോടുള്ള ഭരണകൂട നിലപാടില്‍ ഭീതി നിലനില്‍ക്കുന്നില്ലേ?

=എനിക്ക് അത്തരത്തിലുള്ള ഭയപ്പാടുകളൊന്നും ഇല്ല. രാഷ്ട്രീയക്കാര്‍ പറയുന്നതു പോലെ ഇന്ത്യയെ അസഹിഷ്ണുത കീഴടക്കി എന്നു പറയുന്നവര്‍ ഇന്ത്യയുടെ ചരിത്രം മനസ്സിലാക്കാത്തവരാണ്. അധികാരത്തിലെത്തി ബി.ജെ.പി സ്വന്തം കാര്യം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നത് വസ്തുതയാണ്. 

ഹിന്ദു കമ്യൂണിറ്റി എന്നു പറയുന്നത് ബി.ജെ.പിയെ പൂര്‍ണമായും പിന്തുണക്കുന്ന ഒന്നല്ല. ഉയര്‍ന്ന ജാതിക്കാരില്‍ ചിലരുടെ താത്പര്യങ്ങളാണ് അവരെ നയിക്കുന്നത്. 

ബ്രാഹ്മണ ഹിന്ദൂയിസവുമായി ദലിതര്‍ക്ക് ഒത്തുപോവാനാലില്ല. ചാതുര്‍വര്‍ണ്ണമാണ് ഹിന്ദു സമൂഹത്തിന്റെ അടിത്തറയായി നിലകൊള്ളുന്നത്. ശേഷിക്കുന്നവര്‍ പഞ്ചവര്‍ എന്നാണ് അറിയപ്പെടുന്നത്. അവര്‍ ജാതി വ്യവസ്ഥക്ക് പുറത്താണ്. ഇങ്ങനെയൊരു വേര്‍തിരിവ് നിലനില്‍ക്കുന്നിടത്തോളം കാലം അവരുടെ നയം നടപ്പിലാക്കാന്‍ കഴിയില്ല. ആര്‍.എസ്.എസ്സിന്റെ നയം വെച്ച് അവര്‍ക്ക് ഒരിക്കലും രാജ്യം ഭരിക്കാന്‍ കഴിയില്ല. 

(നിഷാന്‍ പരപ്പനങ്ങാടി/ സമന്വയം: ബഹുസ്വരതയില്‍ സമാധാനം തേടി)