image

മക്ക മസ്ജിദ്: എന്നും കുറ്റവാളികള്‍ക്ക്  ഒളിച്ചുകളിക്കാനാകില്ല. 

ഡോ. ഇബ്‌റാഹീം അലി ജുനൈദ്

മക്ക മസ്ജിദ് സ്‌ഫോഡന കേസില്‍ യഥാര്‍ത്ഥ കുറ്റവാളികളായ അസീമാന്ദിനെയും കൂട്ടുകാരെയും കുറ്റമുക്തരായി കോടതി പ്രഖ്യാപിച്ചു. അതേ സമയം, തീര്‍ത്തും നിരപരാധികളായ ചില മുസ്‌ലിം പേരുകള്‍ ഇന്നും അതിന്റെ ആരോപിത ഭാരം പേറി ഭീകരതയുടെ 'ടാഗ്' പറിച്ചുമാറ്റാനാകാതെ ജീവിക്കുന്നുണ്ട് ഹൈദരാബാദില്‍. മുസ്‌ലിം ഭീകരവാദികളാണ് ഇതിനു പിന്നില്‍ എന്ന നിലക്കാണ് ആദ്യം അന്വേഷണം പോയിരുന്നത്. അന്ന് പല മുസ്‌ലിം ചെറുപ്പക്കാരും പിടിക്കപ്പെടുകയും മാസങ്ങളോളം ക്രൂരമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. പിന്നെയാണ് എന്‍.ഐ.എ ഹിന്ദു ഭീകര സംഘടനകളുടെയും അസീമാനന്ദിന്റെയും പങ്ക് പുറത്ത് കൊണ്ടുവരുന്നത്. 

അന്ന് ഇല്ലാത്ത കഥകള്‍ മെനഞ്ഞ് കുറ്റമാരോപിക്കപ്പെട്ട ഒരാളായിരുന്നു ഡോ. ഇബ്‌റാഹീം അലി ജുനൈദ്. തീര്‍ത്തും നിരപരാധിയായിരുന്ന അദ്ദേഹം ഹൈദരാബാദ് നഗര പ്രാന്തത്തിലെ ശിഫ പോളി ക്ലിനിക്കില്‍ ഫിസിഷ്യനായി സേവനം ചെയ്തുവരികയാണ് ഇന്ന്. സ്‌ഫോഡനം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം കുറ്റാരോപിതനായി പിടിക്കപ്പെടുകയായിരുന്നു.

പിന്നീട് ഉണ്ടായ സംഭവങ്ങള്‍ ഏറെ ഖേദകരവും വേദനാജനകവുമാണ്. അസീമാനന്ദിനെ പോലെയുള്ള യഥാര്‍ത്ഥ കുറ്റവാളികളെ വെറുതെ വിട്ട ഈ പശ്ചാത്തലത്തില്‍ കുറ്റാരോപണം കൊണ്ടു മാത്രം അദ്ദേഹം അനുഭവിച്ച പീഡനങ്ങള്‍ ചെറുതല്ല. 2008 ല്‍ അദ്ദേഹം നിരപരാധിയാണെന്ന് കോടതി കണ്ടെത്തിയിരുന്നുവെങ്കിലും അപ്പോഴേക്കും അദ്ദേഹത്തിന്റെ ജീവിതം കൈവിട്ടുപോയിരുന്നു. അദ്ദേഹത്തിന് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ടു പോയിരുന്നു. വിദ്യാഭ്യാസ സമ്പന്നനും സമൂഹ സ്‌നേഹിയുമായിരുന്ന അദ്ദേഹം ഒരു ഭീകരവാദിയായി ജനങ്ങള്‍ക്കിടയില്‍ മുദ്രകുത്തപ്പെട്ടിരുന്നു. 

തനിക്കുണ്ടായ ഇത്തരം തീക്ഷ്ണാനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇവിടെ ഡോ. ഇബ്‌റാഹീം അലി ജുനൈദ്:

മക്ക മസ്ജിദ് സ്‌ഫോഡനം നടക്കുമ്പോള്‍ താങ്കള്‍ എവിടെയായിരുന്നു? എങ്ങനെയാണ് തങ്കളുടെ മേല്‍ ഈ കേസ് ആരോപിക്കപ്പെടുന്നത്?

എന്റെ കോളേജ് മസ്ജിദിന്റെ വളരെ അടുത്തായിരുന്നു. എല്ലാ വെള്ളിയാഴ്ചയും അവിടെയാണ് ഞങ്ങള്‍ നിസ്‌കരിക്കാന്‍ പോയിരുന്നത്. പതിവുപോലെഅന്നും ഞങ്ങള്‍ പള്ളിയില്‍ പോയി. അന്ന് നിസ്‌കാര സമയം സ്‌ഫോഡനമുണ്ടായി. ഞങ്ങള്‍ മുറിവേറ്റവരെ ഹോസ്പിറ്റലിലെത്തിച്ചു. ആവശ്യമായ പരിചരണങ്ങള്‍ നല്‍കി. അന്ന് എന്റെ പ്രൊഫസര്‍ക്കും മുറിവ് പറ്റിയിരുന്നു. അദ്ദേഹത്തെയും ഹോസ്പിറ്റലിലെത്തിച്ചു. 

സാധാരണ ഒരാള്‍ ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ ഞാനും ചെയ്തിരുന്നുള്ളൂ. ഇതിന് സാക്ഷിയായ ഒരാളെന്ന നിലക്ക് ഇത് ചെയ്യല്‍ അനിവാര്യവുമായിരുന്നു. പക്ഷെ, സംഭവം നേരെ തിരിഞ്ഞ് തനിക്കെതിരെ വരുമെന്ന് ഞാനൊരിക്കലും നിനക്കുക പോലും ചെയ്തിരുന്നില്ല. 

പിന്നെയെങ്ങനെയാണ് പോലീസ് താങ്കളെ ഉന്നം വെച്ചുതുടങ്ങുന്നത്? 

എട്ടു ദിവസത്തിനു ശേഷം എന്നെ പോലീസ് വിളിച്ചു. സ്‌ഫോഡനത്തിനു പിന്നില്‍ മുസ്‌ലിംകളാണെന്നായിരുന്നു അവരുടെ നിലപാട്. എന്നെ, സ്‌ഫോഡന സ്ഥലത്ത് കണ്ടിട്ടുണ്ടെന്നും അതിനാല്‍ ചിലത് ചോദിക്കാനുണ്ടെന്നും സ്‌റ്റേഷനിലേക്ക് ചെല്ലണമെന്നും അവര്‍ പറഞ്ഞു. അതനുസരിച്ച് ഞാന്‍ അങ്ങോട്ടു ചെന്നു. 

അവിടെ എത്തിയതോടെ അവര്‍ എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി. മസ്ജിദില്‍ സ്‌ഫോഡനം നടത്തിയത് മുസ്‌ലിംകളാണെന്നായിരുന്നു അവരുടെ സംസാരം. താങ്കളെപ്പോലെയുള്ള താടി വെച്ച, തൊപ്പി വെച്ച ഭീകരവാദികളാണ് അതിനു പിന്നില്‍.... അവര്‍ പറഞ്ഞു.

ഞാന്‍ പറഞ്ഞു: സാറേ, നിങ്ങള്‍ പറയുന്നത് ശരിയല്ല. ഭീകരവാദത്തിന് എന്ത് മതമാണുള്ളത്? അവര്‍ ഭീകരവാദികള്‍ തന്നെയാണ്. അല്ലാതെ, മുസ്‌ലിംകളെ നോക്കി ഭീകരവാദികള്‍ എന്ന് ആരോപിക്കുന്നത് ശരിയല്ല.

പക്ഷെ, പോലീസ് അതൊന്നും സമ്മതിക്കുന്നുണ്ടായിരുന്നില്ല. അവരെന്തോ തീരുമാനിച്ച പോലെ അവര്‍ ഉദ്ദേശിച്ചതിനെ എന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. അങ്ങനെ, ഞാന്‍ പിരിഞ്ഞു പോയി. 

അറസ്റ്റ് ചെയ്യപ്പെട്ടത് എപ്പോഴായിരുന്നു? കസ്റ്റഡിയില്‍ പോലീസിന്റെ പീഡന മുറകള്‍, പെരുമാറ്റം എങ്ങനെ?

അങ്ങനെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു പോയി. ഞാന്‍ കോളേജിന്റെ ഒരു ആവശ്യവുമായി ബന്ധപ്പെട്ട് ഹൈദരാബ് റയില്‍വേ സ്റ്റേഷനില്‍ വന്നതായിരുന്നു. പോലീസ് അവിടെ വെച്ച് എന്നെ പിടികൂടി. സ്റ്റേഷനില്‍ കൊണ്ടുപോയി.

അങ്ങനെ, എന്നെ അവര്‍ അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിക്കുന്നതിനായി പല വിധത്തിലുള്ള ക്രൂര മര്‍ദനങ്ങള്‍ നടത്തി. സ്വകാര്യ ഭാഗങ്ങളില്‍ ഇലക്ട്രിക് ഷോക്കേല്‍പ്പിച്ചു. നിരന്തരമായി അടിച്ചു. ഭീകരമായ അടി. ചെവി, നാവ്, ചുണ്ട് തുടങ്ങി വിവിധ ഭാഗങ്ങളില്‍ ചൂട് വെച്ചു. എന്റെ താടി പിടിച്ച് വലിച്ചു. വലിയുടെ ഊക്ക് കൊണ്ട് അത് പറിഞ്ഞുപോയി. 

ഇസ്‌ലാമിനെക്കുറിച്ച് മോശപ്പെട്ട കമന്റുകള്‍ പറയാന്‍ തുടങ്ങി. അഞ്ചു ദിവസത്തോളം ഈ ഭീകരത തുടര്‍ന്നു. 

അഞ്ചു ദിവസത്തിനു ശേഷം എന്നെ ജയിലില്‍ കൊണ്ടുപോയി തള്ളി. പിന്നീട് മാസങ്ങളോളം അവിടെയായിരുന്നു താമസം. അവിടെനിന്നും ചില പീഡനങ്ങളുണ്ടായി.

പക്ഷെ, അപ്പോഴൊന്നും അവര്‍ക്ക് കിട്ടേണ്ടത് എന്നില്‍നിന്നും കിട്ടിയിരുന്നില്ല. അഞ്ചാറു മാസത്തിനു ശേഷം എനിക്ക് ജാമ്യം കിട്ടി. 2008 ല്‍ തന്റെ നിരപരാധിത്വം തെളിയിച്ചുകൊണ്ട് കോടതി വിധി വന്നു. 

ജയില്‍ മോചിതനായ ശേഷമുള്ള അവസ്ഥ എങ്ങനെയായിരുന്നു? ജനങ്ങള്‍ എങ്ങനെയാണ് പ്രതികരിച്ചിരുന്നത്?

ജയില്‍ മോചിതനായി എന്നു മാത്രം. പക്ഷെ, അപ്പോഴേക്കും എന്റെ ജീവിതം പിടി വിട്ടുപോയിരുന്നു. എല്ലാവരും എന്നെ സംശയത്തിന്റെ നിഴലിലാണ് നോക്കിക്കണ്ടിരുന്നത്. ഒരു ഭീകരവാദി എന്ന നിലക്ക് എല്ലാവരും എന്നെ തുറിച്ചു നോക്കി. അതോടെ, ഒറ്റപ്പെടുന്ന അവസ്ഥയുണ്ടായി. വേണ്ടപ്പെട്ടവര്‍ പോലും തള്ളിപ്പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് എത്ര തന്നെ പറഞ്ഞിട്ടും ഇതിനൊന്നും ഒരറുതിയും ഉണ്ടായിരുന്നില്ല. 

ഭീകരത എന്ന ആരോപണം ഇന്ത്യയിലെ ഒരു മുസ്‌ലിം ചെറുപ്പക്കാരനെ എന്തെല്ലാമാക്കി മാറ്റുമോ അതെല്ലാം എന്റെ കാര്യത്തിലും സംഭവിച്ചു. ഞാനും കോടതിയും പറഞ്ഞിട്ടുപോലും ആ ടാഗ് എന്നെത്തൊട്ട് മാഞ്ഞുപോയില്ല. 

ശരിക്കും പറഞ്ഞാല്‍, മക്ക മസ്ജിദ് സ്‌ഫോഡന കേസായിരുന്നില്ല എന്റെ മേല്‍ ആരോപിക്കപ്പെട്ടിരുന്നത്. മറിച്ച്, അതിനു വേണ്ടി ഗൂഢാലോചന നടത്തിയെന്ന കുറ്റമായിരുന്നു. എന്നാലും, ഞാനാണ് അത് നടത്തിയത് എന്ന നിലക്കാണ് ജനങ്ങളും മീഡിയകളും എന്നെ നോക്കിയിരുന്നത്. പത്രങ്ങളിലും മീഡിയകളിലും ചാനലുകളിലുമെല്ലാം ഞങ്ങള്‍ അങ്ങനെ കൈകാര്യം ചെയ്യപ്പെട്ടു. തീര്‍ത്തും ആടിനെ പട്ടിയാക്കി, ഇല്ലാ കഥ മെനഞ്ഞ് ഭീകരത സൃഷ്ടിക്കപ്പെട്ട സമയമായിരുന്നു അത്. 

ഈ ആരോപണം താങ്കളുടെ പില്‍ക്കാല ജീവിതത്തെ എങ്ങനെ ബാധിച്ചു? 

ഈ ആരോ പണം ചെറിയ നിലയിലൊന്നുമല്ല എന്റെ പിന്നീടുള്ള ജീവിതത്തെ ബാധിച്ചത്. ആ ഒറ്റപ്പെടലും സംശയക്കണ്ണും പിന്നീടും കാലങ്ങളോളം തുടര്‍ന്നു. പല ബന്ധുക്കളും അകന്നുപോയി. ഇന്നു പോലും അവര്‍ തരിച്ചു വന്നിട്ടില്ല. 

അസീമാനന്ദ് ഉള്‍പ്പെടെ ഹിന്ദുത്വ ഭീകര സംഘനടകളെ കുറ്റമുക്തമാക്കിയുള്ള ഇപ്പോഴത്തെ കോടതി വിധിയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഇപ്പോഴല്ലെങ്കിലും ഇതിലെ യഥാര്‍ത്ഥ കുറ്റവാളി പിടിക്കപ്പെടുക തന്നെ വേണം. നമ്മുടെ രാജ്യത്ത് ഇതുപോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. കുറ്റവാളി പിടിക്കപ്പെടുകയും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും വേണം. അതേ സമയം നിരപരാധികള്‍ ഒരു നിലക്കും പീഡിപ്പിക്കപ്പെട്ടുകൂടാ. അതാണ് ഇവിടെ സംഭവിച്ചത്.  

സത്യം പുറത്തു വന്ന ഒട്ടേറെ സംഭവങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ടല്ലോ. അതുകൊണ്ട് അവര്‍ പിടിക്കപ്പെടുകതന്നെ ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. 

ഒരു ജഡ്ജിന്റെ നിരീക്ഷണത്തില്‍ അവര്‍ കുറ്റവാളികളല്ലെന്ന് ചില സ്വാധീനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ടെത്തിയേക്കാം. എന്നാല്‍, മറ്റൊരാള്‍ വന്നാല്‍ സത്യസന്ധമായ അന്വേഷണം നടത്താനും യഥാര്‍ത്ഥ കുറ്റവാളിയെ പുറത്തുകൊണ്ടുവരാനും കഴിയും. തീര്‍ച്ചയാണ്. 

ഒരാള്‍ മുകളില്‍ ഇതെല്ലാം കാണുന്നുണ്ടല്ലോ. ആ ദിവസം വരെ നമുക്ക് കാത്തിരിക്കാം. യഥാര്‍ത്ഥ കുറ്റവാളി നിയമത്തിനു മുമ്പില്‍ വരിക തന്നെ ചെയ്യും. താന്‍ ചെയ്ത കുറ്റത്തിന് മതിയായ ശിക്ഷ ലഭിക്കുകയും ചെയ്യും. 

തയ്യാറാക്കിയത്: മോയിന്‍ മലയമ്മ

(മനോരമ ന്യൂസ് ഡോ. ജുനൈദുമായി നടത്തിയ അഭിമുഖത്തോട് കടപ്പാട്)