image

ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങളെ മഹത്തരമായി കാണുന്നുവെങ്കില്‍ ഇന്ത്യ ടിപ്പുവിനെ ആഘോഷിക്കേണ്ടതുണ്ട്

 

പ്രൊഫ. ഇര്‍ഫാന്‍ ഹബീബ്

ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യസമര സേനാനിയോ ക്രൂരനായ സ്വേച്ഛാധിപതിയോ? രാജ്യത്ത് ഇന്ന് ചിലരെങ്കിലും മന:പൂര്‍വ്വം ചോദിക്കാന്‍ ശ്രമിക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. 

എന്നാല്‍, രാജ്യത്തെ പ്രമുഖ ചരിത്രകാരന്മാര്‍ക്ക് ഈ വിഷയത്തില്‍ പറയാനുള്ളത് ഒരേയൊരു മറുപടി മാത്രം; അദ്ദേഹം ഒരു ഉഗ്രനാടുവാഴിയായിരുന്നില്ല. മറിച്ച്, 18 ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കോളനിവത്കരണത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയ ഒരു അനുപമ പോരാളിയായിരുന്നു.

നവംബര്‍ 10 ന് ടിപ്പുവിന്റെ ജന്മദിനം 'ടിപ്പു ജയന്തി'യായി കര്‍ണാടക സര്‍ക്കാര്‍ ആഘോഷിക്കുന്ന വേളയിലാണ് വീണ്ടും ഈയൊരു വിഷയം ചര്‍ച്ചക്ക് വരുന്നത്. എന്നാല്‍, അദ്ദേഹം രാജ്യദ്രോഹിയും കൊലയാളിയുമായിരുന്നുവെന്ന് ഇല്ലാക്കഥ മെനയാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടി ബി.ജെ.പി. 

ഈ അവസരത്തില്‍ രാജ്യത്തെ പ്രമുഖ ചരിത്രകാരന്മാര്‍ക്ക് ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളതെന്ന് അന്വേഷിക്കുകയാണിവിടെ: പ്രമുഖ ഇന്ത്യന്‍ ചരിത്രകാരനും അലിഗര്‍ യൂണിവേഴ്‌സിറ്റി ലക്ചററുമായ പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബിനോട് പി.ടി.ഐ നടത്തിയ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍:

? ടിപ്പുവിനെക്കുറിച്ച പല അഭിപ്രായ ഭിന്നതകളും നിര്‍മിക്കപ്പെടുന്ന സമയമാണല്ലോ ഇത്. ഇതിനെക്കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?

- ടിപ്പു ദുഷ്ടനും സ്വേച്ഛാധിപതിയുമായ ഒരു ഭരണാധികാരിയായിരുന്നുവെന്ന വാദം ഒരിക്കലും ശരിയല്ല. ഇന്ത്യയില്‍ ബ്രിട്ടീഷ് കോളനി വാഴ്ചയെ ശക്തിയുക്തം എതിര്‍ത്തുനിന്ന ഒരു അസാധാരണ പോരാളിയായിരുന്നു അദ്ദേഹം.

? ടിപ്പുവിന്റെ ജന്മദിനമായ നവംബര്‍ 10 ന് കര്‍ണാടക സര്‍ക്കാര്‍ 'ടിപ്പു ജയന്തി'യായി ആഘോഷിക്കുകയാണ്. ഇതിനെക്കുറിച്ച് എന്തു പറയുന്നു?

- കോളനീവിരുദ്ധ സമരങ്ങളെ ഇന്ത്യ മഹത്തരമായി കാണുകയും ആഘോഷിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ടിപ്പുവിനെയും ഇന്ത്യ ആഘോഷിക്കേണ്ടതുണ്ട്. കാരണം, അദ്ദേഹം ശക്തനായൊരു ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്നു.

? ടിപ്പുവിന്റെയും ഹൈദരലിയുടെയും പോരാട്ടങ്ങളെയും സംഭാവനകളെയും കുറിച്ചാണല്ലോ താങ്കളുടെ പ്രധാനപ്പെട്ട ഗവേഷണങ്ങള്‍. അതില്‍ താങ്കളുടെതായി വന്ന ശ്രദ്ധിക്കപ്പെട്ട രചനകള്‍ ഏതെല്ലാമാണ്?

- പ്രധാനമായും രണ്ടു പഠനങ്ങളാണ് ഈ വിഷയത്തില്‍ ചെയ്തിട്ടുള്ളത്. 'State and Diplomacy Under Tipu Sultan: Documents and Essays' ആണ് അതിലൊന്ന്. 'Confronting Colonialism: Resistance and Modernisation Under Haidar Ali and Tipu Sultan' ആണ് മറ്റൊന്ന്. അവരുടെ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളെ മുന്നിര്‍ത്തിയാണ് ഇവ രണ്ടും രചിക്കപ്പെട്ടിട്ടുള്ളത്.

? ടിപ്പുവിനെക്കുറിച്ച് ഇന്ന് പലരും mass rapist (ബലാല്‍സംഗകന്‍), brutal killer (ക്രൂര കൊലയാളി) പോലെയുള്ള വിശേഷണങ്ങള്‍ വെച്ച് പറയുന്നുണ്ടല്ലോ. അതില്‍ വല്ല സത്യവും ഉണ്ടോ?

- തന്റെ ഏറ്റവും വലിയ എതിരാളികളായിരുന്ന ബ്രിട്ടീഷുകാര്‍ പോലും ടിപ്പുവിനെക്കുറിച്ച് അത്തരത്തിലുള്ള ആക്ഷേപങ്ങളോ എതിര്‍പ്പുകളോ നടത്തിയിട്ടില്ല എന്നതാണ് സത്യം. പിന്നെയെങ്ങനെ ഇന്ന് ചിലര്‍ നടത്തുന്ന ഇത്തരം ആക്ഷേപങ്ങളില്‍ കയമ്പുണ്ടാവും?!

? ടിപ്പുവിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്?

- ഒരു കോളോണിയല്‍ വിരുദ്ധ പോരാളി മാത്രമായിരുന്നില്ല ടിപ്പു. രാജ്യത്ത് ബ്രിട്ടീഷ് സൈന്യത്തിന് ഏറ്റവും വലിയ തിരിച്ചടി നല്‍കിയ യോദ്ധാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സാന്നിധ്യംതന്നെ ബ്രിട്ടീഷ് പടക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഈ കോളനീ വിരുദ്ധത തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രവര്‍ത്തനം.

? രാജ്യ പുരോഗതിക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍?

- രാജ്യത്തിന്റെ പുരോഗതിക്ക് പല ശ്രദ്ധേയമായ സംഭാവനകളും നല്‍കിയിട്ടുണ്ട് ടിപ്പു സുല്‍ത്താന്‍. ആധുനികമായ രീതിയില്‍ സൈന്യത്തെ സജ്ജീകരിച്ചിരുന്നു അദ്ദേഹം. ആധുനിക ആയുധ സാമഗ്രികളോട് തുല്യപ്പെടുത്താവുന്ന ആയുധങ്ങളും അദ്ദേഹം വികസിപ്പിച്ചിരുന്നു. ഇതോടൊപ്പം തന്റെ ഭരണപ്രദേശങ്ങളില്‍ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളും അദ്ദേഹം നടപ്പാക്കിയിരുന്നു.

? ടിപ്പു ഹിന്ദുക്കളെയും ക്രൈസ്തവരെയും പീഡിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നുണ്ടല്ലോ. എന്താണ് വസ്തുത?

- മലബാറിലെയും കൊടകിലെയും ടിപ്പുവിന്റെ സമര മുന്നേറ്റങ്ങളെക്കുറിച്ചാണ് ഇത്തരം ആക്ഷേപങ്ങള്‍ വന്നിട്ടുള്ളത്. പക്ഷെ, അദ്ദേഹം ആരെയും ആരെയും വധിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിരുന്നില്ല. പിടിക്കപ്പെട്ട് ജയിലില്‍ പാര്‍പ്പിക്കുന്നവരെ ഇസ്‌ലാമിലേക്ക് കൊണ്ടുവരാന്‍ ചിലതെല്ലാം ചെയ്തിരുന്നുവെന്നത് സത്യമാണ്. 

അതേസമയം, അദ്ദേഹം ഹിന്ദു ക്ഷേത്രങ്ങളെ സഹായിച്ചിരുന്ന ആളായിരുന്നു. ആര്‍ക്കും ഇത് തമസ്തകരിച്ചുകളയാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ പ്രൈം മിനിസ്റ്റര്‍ തന്നെ ഒരു ഹിന്ദുവായിരുന്നു. പൂര്‍ണയ്യ എന്നായിരുന്നു പേര്.

കടപ്പാട്:

Asim Kamal
muslimmirror.com