സംഘ്പരിവാറിന്റെ രാഷ്ട്രീയ കളികള്‍ ക്ലാസ് മുറികളില്‍ വേണ്ട

+ -
image

ജനാധിപത്യ മര്യാദകള്‍ പാലിച്ചുകൊണ്ട് ഏതുതരം ആശയങ്ങളും പ്രചരിപ്പിക്കാന്‍ സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. പ്രചരിപ്പിക്കുന്ന ആശയങ്ങളോട് വിയോജിക്കാനുള്ള അവകാശവും ഇവിടെയുള്ളവര്‍ക്കുണ്ട്.  എന്നാല്‍, നാടിന്റെ ജനാധിപത്യ മര്യാതകളെ കാറ്റില്‍ പറത്തിയാണ് ആര്‍.എസ്.എസ് ഇന്ന് അതിന്റെ ആശയ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. ക്ലാസ് മുറികളെ കേന്ദ്രീകരിച്ച് സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള വ്യഗ്രതയിലാണ് ഇന്ന് കേന്ദ്ര സര്‍ക്കാറും ഉപ ഘടകങ്ങളും.

സര്‍ക്കാര്‍ ചാനലുകള്‍ ഉപയോഗപ്പെടുത്തി ഒന്നിനു പിറകെ ഒന്നായി ബി.ജെ.പി സര്‍ക്കാര്‍ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന കാവിവത്കരണ അജണ്ടകള്‍ മതേതരത്വത്തെ വെല്ലുന്നതും ജനാധിപത്യത്തെ തകര്‍ക്കുന്നതുമാണ്. പൊതുവിദ്യാഭ്യാസ മേഖല ഉപയോഗപ്പെടുത്തി വളര്‍ന്നുവരുന്ന തലമുറയെ ഫാഷിസ്റ്റ് കാഴ്ചപ്പാടുള്ളവരാക്കി മാറ്റാണ് ഇന്ന് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഏറെ അപകടകരവും ചെറുത്ത് തോല്‍പ്പിക്കപ്പെടേണ്ടതുമാണ്. 

1. സ്‌കോളര്‍ഷിപ്പിന്റെ മറവില്‍ 

സ്‌കോളര്‍ഷിപ്പ് പരീക്ഷയെന്ന പേരില്‍ ആര്‍.എസ്.എസ് ആശയങ്ങളടങ്ങിയ പുസത്കങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത സംഘ്പരിവാര്‍ നിലപാട് ഏറെ ധാര്‍ഷ്ട്യം നിറഞ്ഞതാണ്. ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ പേരിലാണ് കേരളത്തിലെ പല സ്‌കൂളുകളിലും പുസ്തക വിതരണം നടത്തിയിരിക്കുന്നത്. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവിലാണ് ഈ പ്രചരണം. കൊച്ചുകുട്ടികളുടെ മനസ്സുകളെ സംഘ്പരിവാര്‍വത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

ചരിത്രത്തെ വളച്ചൊടിക്കുന്നതും സംഘ്പരിവാര്‍ നേതാക്കളെ വീരപുരുഷന്‍മാരായി ചിത്രീകരിക്കുന്നതുമായിരുന്നു ഈ പുസ്തകങ്ങള്‍. നാലുമുതല്‍ പത്തുവരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാരതി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. ആര്‍.എസ്.എസ് അനുകൂലികളായ അധ്യാപകരാണ് സ്‌കൂളുകളില്‍ ഇതിന് നേതൃത്വം നല്‍കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ വിദ്യാഭാരതിക്കുകീഴിലുള്ള സ്‌കൂളുകളില്‍ മാത്രം നടത്തിയിരുന്ന പരീക്ഷ ഇത്തവണ പൊതുവിദ്യാലയങ്ങളില്‍ക്കൂടി വ്യാപിപ്പിക്കുകയായിരുന്നു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയില്‍ ഔറംഗസീബിന്റെ കാലത്ത് ക്ഷേത്രംപൊളിച്ച് പള്ളി സ്ഥാപിച്ചതായും ശ്രീകൃഷ്ണ ജന്മഭൂമിയെ മോചിപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നതായും പുസ്തകത്തില്‍ പറയുന്നു. ബ്രിട്ടീഷ് പതാക താഴെയിറക്കാന്‍ വീട്ടില്‍നിന്ന് തുരങ്കം ഉണ്ടാക്കിയ ബാലനാണ് ഹെഡ്ഗേവാറെന്നും ഗാന്ധിജിക്കും ടാഗോറിനുമൊപ്പമാണ് ഗോള്‍വാക്കറിന്റെ സ്ഥാനമെന്നും പുസ്തകത്തില്‍ വിശദീകരിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആര്‍.എസ്.എസ്സിന്റെ ഈ ഗൂഢ തന്ത്രങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. 

2. ദീന്‍ദയാല്‍ ജന്മ ശതാബ്ദിയുടെ മറവില്‍

ബി.ജെ.പി നേതാവും തത്ത്വാചാര്യനുമായ ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും ജനങ്ങളിലെത്തിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്നാണ് മാനവ വിഭവ ശേഷി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

ഇതനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിലും തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍നിന്നും സ്‌കൂളുകള്‍ക്കും മറ്റും സര്‍ക്കുലര്‍ ഇറങ്ങിക്കഴിഞ്ഞു. 

വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ എന്നിവരുടെ പേരിലാണ് സര്‍ക്കുലര്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്. എം.എച്ച്.ആര്‍.ഡി യുടെ ഔദ്യോഗിക അറിയിപ്പിന്റെ ഭാഗമായിട്ടാണ് ഇതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

യു.പി ക്ലാസുകളിലും സെക്കണ്ടറി ക്ലാസുകളിലും ഉപാധ്യയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെ പരിചയപ്പെടുന്നതിന് ആവശ്യമായ നിലക്കുള്ള പരിപാടികള്‍ നടത്തുന്നതിനാണ് ഉത്തരവ്. നടത്തുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കത്തിനോടൊപ്പം വെച്ചിട്ടുമുണ്ട്. ഇതിന് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശവും നല്‍കിയിയിരിക്കുന്നു.

കേന്ദ്രം സര്‍ക്കാര്‍ ചാനല്‍ ഉപയോഗിച്ച് ഫാഷിസം അടിച്ചേല്‍പ്പിക്കുന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്ത്യന്‍ ചരിത്രത്തില്‍ ഔദ്യോഗികമായി പഠിപ്പിക്കപ്പെടാന്‍ മാത്രം സമ്പന്നമായ സംഭാവനകള്‍ നല്‍കിയ നേതാവൊന്നുമല്ല ദീന്‍ദയാല്‍ ഉപാധ്യ. ബി.ജെ.പി സ്ഥാപക നേതാവും ജനസംഘത്തിന്റെ സ്ഥാപകനുമാണ് എന്നതില്‍ കവിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പഠിപ്പിക്കപ്പെടേണ്ടതല്ല അദ്ദേഹത്തിന്റെ ചിന്തകള്‍. 

ഇത്തരുണത്തില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ മാനവ വിഭവ ശേഷി മന്ത്രാലയം വഴി അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും രാജ്യത്തെ വളര്‍ന്നുവരുന്ന തലമുറകളിലേക്ക് എത്തിക്കാനുള്ള ഗൂഢമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരിക്കയാണ്. ഈ കെണിയില്‍ സംസ്ഥാനങ്ങളും വീണുപോകുന്നത് ഖേദകരമാണ്. 

ഉപാധ്യയുടെ ജന്മ ശതാബ്ദി പ്രമാണിച്ചുകൊണ്ട് പ്രധാന മന്ത്രിയുടെ പ്രസംഗം കോളേജുകളില്‍ കേള്‍പ്പിക്കണമെന്നൊരു പ്രഖ്യാപനം കുറച്ചുമുമ്പ് വന്നിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ഇതിനെ പുഛിച്ച് തള്ളിക്കളയുകയായിരുന്നു. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നത് എന്നാണ് അന്ന് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞിരുന്നത്. 

എന്നാല്‍, സ്‌കൂളുകളില്‍ ഉപാധ്യയെ പരിചയപ്പെടുത്തുന്ന മത്സര പരിപാടികള്‍ നടത്തണമെന്ന പുതിയ സര്‍ക്കുലറിന്റെ പശ്ചാത്തലത്തിലും സംസ്ഥാനങ്ങള്‍ ഇത്തരം ധീരമായ നിലപാടുകള്‍ എടുക്കാന്‍ സമയം അധിക്രമിച്ചിരിക്കുന്നു. സര്‍ക്കാര്‍ ചാനലിലൂടെ ഫാഷിസം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്. 

കേരള സര്‍ക്കാര്‍ പോലും ഇത് നടപ്പാക്കാന്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ടത് ഏറെ ഖേദകരം തന്നെ. വിദ്യാഭ്യാസ ഡയറക്ടറുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും അറിവോടും നിര്‍ദേശവുമനുസരിച്ചാണ് ഉപാധ്യയുടെ ജന്മ ശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ വന്നിരിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രിയെപ്പോലെ ആര്‍ജ്ജവം കാണിക്കേണ്ടിടത്ത് പിണറായി സര്‍ക്കാര്‍ പഞ്ചപുഛ മടക്കി ഓച്ചാനിച്ചുനില്‍ക്കുന്നത് സര്‍ക്കാറിന്റെ കാവി മനസ്സാണ് വ്യക്തമാക്കുന്നത്. നാനാ ഭാഗങ്ങളില്‍നിന്നും ശക്തമായ എതിര്‍പ്പുകളും വിമര്‍ശനങ്ങളും ശക്തമായിട്ടും കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഔദ്യോഗികമായി ഒരു പ്രസ്താവ പോലും ഇറക്കാന്‍ തയ്യാറായില്ലെന്നതും ഖേതകരം തന്നെ. 

വിവിധ ചാനലുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് അജണ്ടകള്‍ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ എന്തിന് കൂട്ടുനില്‍ക്കണം എന്നാണ് ഇപ്പോള്‍ എങ്ങും ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യം.