അല്ലഫല്‍ അലിഫ് -ദിവ്യാനുരാഗത്തിന്റെ കാവ്യതല്ലജങ്ങള്‍

Mohammed_The_Prophet_Of_Islam

ദിവ്യാനുരാഗത്തിന്റെ ആഴങ്ങളില്‍ പ്രവാചക സ്‌നേഹത്തിന്റെ പൂക്കള്‍ വിരിയിക്കുന്ന കാവ്യ തല്ലജങ്ങളാണ് അല്ലഫല്‍ അലിഫ്. ആധ്യാത്മികതയുടെ ആള്‍രൂപമായ ഒരു സൂഫിവര്യനില്‍ നിന്നുത്ഭവിച്ചത് കൊണ്ട് തന്നെ കേവലാര്‍ത്ഥങ്ങള്‍ക്കപ്പുറം വശ്യതയുടെ മഹാ ലോകമുണ്ടതില്‍. ആത്മാവും ഹൃദയവും തമ്മിലുള്ള സ്‌നേഹ സല്ലാപങ്ങളുടെ ആഖ്യാന രൂപം. വിശ്വ പുരോഗതിയുടെ കാരണക്കാരന്‍ പുണ്യപൂമേനിയുടെ അനുസ്യൂതമായ അപദാനങ്ങളില്‍ പൂര്‍ണനായ ഒരു മനുഷ്യ (അല്‍ ഇന്‍സാനുല്‍ കാമില്‍)നെ കണ്ടെത്താനുള്ള ശ്രമങ്ങളാണിവിടെ.അനിയന്ത്രിതമായ അനുരാഗ പ്രവാഹത്തെ കടിഞ്ഞാണിടുക വഴി നിയതമായ മാര്‍ഗങ്ങളില്‍ അത്യാവേശത്തോടെ വ്യാപൃതനാവുമ്പോള്‍ ദൈവപ്രാപ്തി വന്നു ചേരുമെന്ന് അല്ലഫല്‍ അലിഫ് ചൂണ്ടിക്കാണിക്കുന്നു. സ്‌നേഹമാണ് ജൈവസത്തയെന്നും അതിന്റെ സമ്പൂര്‍ണ സാക്ഷാത്കാരത്തിലൂടെ മനുഷ്യന്‍ യഥാര്‍ഥ ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്നതും ഇതിന്റെ ആന്തരാര്‍ത്ഥം മാത്രം. അക്ഷരങ്ങളുടെ വശ്യതക്കൊപ്പം മനോവ്യാപാരങ്ങളുടെ സന്തുലിതത്വവും ഹൃദയത്തിന്റെ ഉള്‍പുളകവുമാണ് ഇവിടെ അനാവൃതമാകുന്നത്. ദൃഷ്ടിയില്‍ ഏതാനും ചില വരികളാണെങ്കിലും ഇതിന്റെ ആന്തരിക ലോകം ആവാച്യവും അനന്തവുമത്രെ. മറ്റൊരര്‍ത്ഥത്തില്‍ വിലയിരുത്തുമ്പോള്‍ പ്രവാചക സ്‌നേഹത്തിന്റെ സ്വൂഫി പരിപ്രേക്ഷ്യമാണ് അല്ലഫല്‍ അലിഫ്. പ്രഭവകേന്ദ്രം കണക്കെ അതൊരു ആധ്യാത്മിക സംഗീതമായി ഒഴുകുകയായിരുന്നു. അക്ഷര വഴിത്താരയില്‍ ഉത്തമ സൂചനയുടെ ഉടമ്പടിയോടെ അത് ഹൃദയാന്തരങ്ങളില്‍ മുഴുത്തുനില്‍ക്കുന്നു. അറബി അക്ഷരമാലയിലെ ഇരുപത്തൊമ്പത് അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയാണീ മുപ്പത്തൊന്ന് കാവ്യദളങ്ങള്‍ വിരിഞ്ഞു നില്‍ക്കുന്നത്. 'അലിഫ്' മുതല്‍ 'യാ' വരെയും ഇവയുടെ പാര്‍ശ്വ സംരക്ഷകരെന്നോണം ദൈവിക നാമത്തിന്റെ മാഹാത്മ്യമാവാഹിക്കുന്ന രണ്ട് ഹംസകളും ഈ അലങ്കാരത്തിനു ചാരുത കൂട്ടുന്നു. ഒരു മഹാശില്‍പിയുടെ വിരല്‍തുമ്പിലെ ലീലാവിലാസം എന്നോണം ഒരു ഉത്തമ വികാരത്തിന്റെ അക്ഷര ശബ്ദാവിഷ്‌കാരം തൂലികയിലൂടെ ശാശ്വതീകരിക്കുകയാണിവിടെ കവി.

അനുരാഗത്തിന്റെ ആരംഭം

കേവലം ഒരു പ്രവാചക പ്രകീര്‍ത്തന കാവ്യരൂപമെന്നതിലുപരി അല്ലഫല്‍ അലിഫിന്റെ ആവിഷ്‌കാരം ചിന്തോദ്ദീപകം തന്നെ. മനുഷ്യാത്മാവിനെ മദിക്കുന്ന ആദ്ധ്യാത്മിക നീക്കങ്ങളാണിവിടെ ഏറെ പ്രധാനം. സുപ്രസിദ്ധ പണ്ഡിതനും സ്വൂഫിവര്യനുമായ ശൈഖ് ഉമറുബ്‌നു അബ്ദില്‍ ഖാദിരില്‍ ഖുറശി അല്‍ ഖാഹിരിയാണ് ഈ അനശ്വര അക്ഷരക്കൂട്ടങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കായല്‍ പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന ഇദ്ദേഹത്തിന്റെ വാഗ്വിലാസം ഹൃദയ ബന്ധിതമാണെന്നതില്‍ തര്‍ക്കമില്ല. പ്രവാചകാനുരാഗം വഴിഞ്ഞൊഴുകുന്ന ഓരോ വരിയും ഇതിന് സാക്ഷിയാണ്. സത്യത്തില്‍ ഉമര്‍ വലിയ്യുല്ലാഹില്‍ ഖാഹിരിയുടെ(1153/ 1740- 1216) ജന്മം ഒരു അനുഗ്രഹമായിരുന്നു. തന്റെ കാലത്തെ അതീവ ജ്ഞാനിയും പണ്ഡിതനുമായി വളര്‍ന്ന അവര്‍ വിവിധ വിജ്ഞാനീയങ്ങളില്‍ നിസ്തുല പാടവം കാണിച്ചു. പാരമ്പര്യ ജ്ഞാനങ്ങളില്‍ തല്‍പരനായ അദ്ദേഹം അല്ലഫല്‍ അലിഫിലൂടെ തന്റെ സാഹിതീയ അഭിരുചിയെ അടയാളപ്പെടുത്തുന്നു. മഹാനായ അബൂബക്ര്‍ സ്വിദ്ദീഖി(റ)ന്റെ പരമ്പരയില്‍ ഒരു ശാഫഈ മദ്ഹബുകാരനായിട്ടാണ് അരങ്ങേറ്റം. ശൈഖ് മുഹമ്മദുന്നസകിയില്‍ നിന്നും സയ്യിദ് ശൈഖ് ജിഫ്‌രിയില്‍ നിന്നും ആധ്യാത്മിക സരണിയുമായി ബന്ധം സ്ഥാപിച്ചു തുടങ്ങിയതോടെ തന്റെ ആത്മാവിന്റെ അഭിലാഷമെന്നോണം മദീനയിലേക്ക് യാത്രയാവുകയാണ്. അവിടെ നിന്നാണ് സയ്യിദ് മുഹ്‌സിന്‍ അല്‍ മുഖ്ബിലിയുമായി ബന്ധം സ്ഥാപിക്കുന്നത്. ഇത് ഉമര്‍ വലിയ്യുല്ലാഹില്‍ ഖാഹിരിയുടെ ജീവിതത്തില്‍  വഴിത്തിരിവാകുകയായിരുന്നു. ഒരുപാട് പരിചയങ്ങള്‍ക്കൊടുവില്‍, ഇതവര്‍ക്കു മുമ്പില്‍ അനുരാഗത്തിന്റെയും ഇശ്ഖിന്റെയും വാതായനങ്ങള്‍ തുറന്നുവെച്ചു. അങ്ങനെയാണ് ഖാഹിരി തന്റെ പരിവേദനങ്ങള്‍ക്ക് അക്ഷരങ്ങള്‍ പകര്‍ന്നു നല്‍കുന്നത്. ആത്മാവിന്റെ ഉള്‍പുളകമായ അല്ലഫല്‍ അലിഫ് വിരിഞ്ഞു വന്നത് അവിടെ നിന്നായിരുന്നു.

അക്ഷരങ്ങള്‍ക്ക് കൂടൊരുങ്ങിയത്

പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിലാണ് ഉമര്‍ ഖാഹിരി ശ്രദ്ധേയനാവുന്നത്. തികഞ്ഞ സാമൂഹിക ജീര്‍ണതകള്‍ രംഗം കൈയടക്കിയ കാലമായിരുന്നു ഇത്. അസന്തുലിതത്വം ഇസ്‌ലാമിക ദര്‍ശനങ്ങളോടുള്ള വിപ്രതിപത്തിയും മറുവശത്ത് ത്വരീഖത്തുകള്‍ക്ക് നേരെയുള്ള അന്ധമായ അഭിനിവേശവും ഒരു പോലെ സംഗമിച്ച സമയം. തന്റെ വിഖ്യാതമായ ഈ രണ്ട് കോണുകള്‍ കേന്ദ്രീകരിച്ചാണ് അവര്‍ അല്ലഫല്‍ അലിഫ് തയ്യാറാക്കിയതു തന്നെ. തന്റെ ആധ്യാത്മിക ഗുരുവായ ശൈഖ് മുഹ്‌സിനില്‍ നിന്ന് അനുവാദം(ഇജാസത്) ലഭിച്ചതോടെ അവര്‍ സമൂഹത്തിനു മുമ്പില്‍ ഒരു പ്രബോധകനായി മാറുകയായിരുന്നു. പിന്നീട്, കാലാന്തരങ്ങളില്‍ മനസ്സിനേറ്റ വേദനകളും വിഷമങ്ങളുമാണ് ക്രമേണ കവിതകളായി ഒഴുകി വന്നത്.

സ്‌നേഹമെന്ന വികാരം

ഉദ്ധൃത സൂചനകള്‍ പോലെ അല്ലഫല്‍ അലിഫ് ഒരു സങ്കീര്‍ത്തന കാവ്യമാണ്. വിശ്വാസിയുടെ ആത്മപുളകമായ തിരുമേനിയാണ് ഇവിടെ പ്രകീര്‍ത്തിക്കപ്പെടുന്നത്. അറബി അക്ഷരമാലയുടെ ക്രമത്തില്‍ ഖാഹിരി ഇതിനെ ഹൃദ്യമായി അവതരിപ്പിക്കുന്നു. വാക്കുകളുടെ അനുസ്യൂതമായ പ്രവാഹത്തിനൊപ്പം അര്‍ത്ഥതലങ്ങള്‍ കൂടി വിശാലമാവുമ്പോള്‍ ഇതിലെ ഇടപെടലുകള്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണമാവുകയാണ്. പച്ചയായ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്ന് ഒഴുകിവരുന്ന നിഷ്‌കളങ്കമായ സ്‌നേഹമാണ് ഈ അക്ഷരക്കൂട്ടങ്ങള്‍ക്ക് ബാഹ്യപ്രൗഢി നല്‍കുന്നത്. സാഹിതീയ സമ്പുഷ്ടതക്കപ്പുറം ഈ വാക്കുകളുടെ പ്രകടനാത്മകത തന്നെ ഒരു മഹാലോകം പൊലിപ്പിച്ചു കാട്ടുന്നു. തിരുമേനിയുടെ അനുഗ്രഹാശിസ്സുകള്‍ വര്‍ണപ്പൊലിമയോടെ അവതരിപ്പിക്കാനുള്ള എളിയ ശ്രമങ്ങളായാണ് ഇവയെല്ലാം വിലയിരുത്തപ്പെടുന്നത്. കാവ്യാത്മകതയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ അക്ഷരങ്ങള്‍ക്ക് പിടികൊടുക്കാത്ത തിരുമേനിയെ വിശേഷിപ്പിക്കാന്‍ ദ്വയാര്‍ത്ഥങ്ങളും ത്രയാര്‍ത്ഥങ്ങളുമുള്ള പദങ്ങളാണ് ഉപയോഗിക്കപ്പെട്ടത് എന്നത് ഏറെ ശ്രദ്ധേയമാണ്. എങ്കിലും തൂലികകള്‍ക്ക് വഴങ്ങാത്തത്ര പ്രവിശാലമായി തോന്നിക്കുന്നത് ഖാഹിരിയുടെ ഭാഷാ നൈപുണ്യത്തെ കുറിക്കുന്നു. ആശയ വശ്യത കൂടി ഇവിടങ്ങളില്‍ പ്രകടമാവുന്നു എന്നത് മറ്റൊരു സവിശേഷതയാണ്. പ്രഥമ ശകലങ്ങളില്‍ ദൈവിക നാമങ്ങള്‍ ഉരുവിട്ട ശേഷം ഉന്നതിയുടെ പരമകാഷ്ഠ പ്രാപിച്ച തിരുമേനിയുടെ മദ്ഹ് മാല താന്‍ കോര്‍ത്തിണക്കിയിരിക്കുന്നുവെന്നാണ് കവി സൂചിപ്പിക്കുന്നത്. ഒരു മഹാ ഉദ്യമത്തിന്റെ പ്രാരംഭത്തെക്കുറിക്കുന്നതാണെങ്കിലും അറബി അക്ഷാരലങ്കാരത്തിലൂടെ നിലക്കാത്ത സ്വരൂപങ്ങളിലേക്കാണ് ഖാഹിരി വിരല്‍ ചൂണ്ടുന്നത്. അല്ലഫല്‍ അലിഫ് (അലിഫ് രചിച്ചു) എന്നു തുടങ്ങുന്ന കവിതയിലൂടെ ഒന്നുകില്‍ തന്റെ ശരീരത്തിന്റെ എളിമയെയും ദുര്‍ബലതയെയും കുറിക്കാന്‍ അലിഫ് ഉപയോഗിക്കപ്പെട്ടു എന്നാണ് ഒരഭിപ്രായം. അല്ലെങ്കില്‍ താന്‍ എന്ന അര്‍ത്ഥത്തിനു വരുന്ന 'അന'യുടെ ചുരുക്ക രൂപമാണിത്. എന്നാല്‍ മറ്റു ചിലര്‍ പറയുന്നത് ഇതിലൂടെ ലക്ഷീകരിക്കുന്നത് ദിവ്യത്വത്തിന്റെ പരമരൂപമായ അല്ലാഹുവാണ് എന്നാണ്. ഏതായിരുന്നാലും ഇവിടെ 'അലിഫ്' എന്നതിനു മുമ്പില്‍ വീക്ഷണങ്ങളുടെ പുതിയൊരു ലോകം തന്നെ പതിയിരിക്കുന്നു. പ്രഥമാക്ഷരമായ ഇത് പ്രഥമ കാരണമെന്നോ കാരണമില്ലാ കാരണമെന്നോ ആണ് സൂചിപ്പിക്കുന്നത്. ഇതിന് മുഹമ്മദ് അസദിനെ പോലുള്ളവര്‍ നല്‍കുന്ന അര്‍ത്ഥം വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിനെക്കുറിച്ച് പറയുന്ന അസ്സ്വമദ് എന്നാണ്. അപ്പോള്‍ അലിഫ് കൊണ്ടുള്ള വിവക്ഷ അല്ലാഹു തന്നെ. ഈ വിശുദ്ധ സാന്നിധ്യത്തെ 'നിര്‍ഗുണ' എന്നാണ് വിളിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ തിരുമേനിയെ ആദരിക്കാന്‍ അല്ലാഹു കാവ്യതല്ലജങ്ങളെ രചിച്ചിരിക്കുന്നുവെന്നാണ് അര്‍ത്ഥം. സത്യത്തില്‍ മുഹമ്മദ് (സര്‍വരാലും സ്തുതിക്കപ്പെട്ടവന്‍) എന്ന തിരുമേനിയുടെ നാമം സാക്ഷാത്കരിക്കപ്പെടുകയാണിവിടെ. അഥവാ, എല്ലാ ജീവജാലങ്ങളെയും സൃഷ്ടി നടത്തിയ അല്ലാഹുവായിരുന്നു ആദ്യമായി തിരുമേനിയെ പ്രശംസിച്ചത്. കാരണം, ഒരിക്കല്‍ തിരുമേനി തന്നെ പറയുകയുണ്ടായി: അല്ലാഹു ആദ്യമായി പടച്ചത് എന്റെ പ്രകാശമാണ് (നൂറു മുഹമ്മദി). പിന്നീട് അതില്‍ നിന്നാണ് ലോകം മുഴുക്കെ സൃഷ്ടിക്കപ്പെട്ടത്. സത്യത്തില്‍  ഈ പ്രകാശത്തിന്റെ ജന്മം നാഥന്റെ 'കുന്‍' എന്ന കല്‍പന വഴിയായിരുന്നു. അപ്പോള്‍ ഇവിടെയുണ്ടായിരുന്നത് ആ പ്രകാശവും അല്ലാഹുവും മാത്രം. അപ്പോള്‍ ഒരു കാര്യം തീര്‍ച്ച. അല്ലാഹു ഇവിടെ ആ പ്രകാശത്തെ മദ്ഹ് ചെയ്യുകയായിരുന്നു. ഈ വരികള്‍ കുറിക്കുമ്പോള്‍ കവിമനസ്സില്‍ തിരുസാന്നിധ്യത്തിന്റെ ഓര്‍മകളാണ് നിറഞ്ഞു നില്‍ക്കുന്നത്. അനന്തതയില്‍ നിന്നു തുടങ്ങിയ ആ സാന്നിധ്യം ഇന്നും പ്രഭാവമായി ലോകത്തിനു മുമ്പില്‍ എഴുന്നു നില്‍ക്കുന്നു. മലയാളത്തിന്റെ മഹാനായ കവി മോയിന്‍ കുട്ടി വൈദ്യര്‍ തന്റെ ബദര്‍ പാട്ടില്‍ കുറിച്ചുവെച്ചത് ശ്രദ്ധേയമാണ്. അദ്ദേഹം പാടുന്നു: 'അഹദത്തിലെ അലിഫിലാം അകമിയം അലിഫക്ഷരപൊരുള്‍ ബിസ്മില്ലാ' ഇവിടെ 'ബിസ്മില്ല' കൊണ്ട് വിവക്ഷിക്കുന്നത് അല്ലാഹുവാണ്. ഇനി അലിഫില്‍ പരമാര്‍ത്ഥങ്ങള്‍ സങ്കല്‍പിക്കുമ്പോള്‍ കവിയുടെ നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. അറബി വ്യാകരണത്തില്‍ സാധാരണ അക്ഷരങ്ങള്‍ക്കു മുമ്പില്‍ അലിഫ് ദൗര്‍ബല്യത്തെ കുറിക്കുമ്പോള്‍ പരിപൂര്‍ണമായ ഒരു മനുഷ്യനെക്കുറിച്ച് വിവരിക്കവെ, അവരുടെ വ്യക്തിവൈശിഷ്ട്യങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ സാധിക്കില്ല എന്നതില്‍ കവി സ്വന്തത്തെ ദുര്‍ബലനാക്കുകയാണ്. സത്യത്തില്‍ തിരുമേനിയുടെ വ്യക്തിപ്രഭാവത്തിന് നേരെയുള്ള നീതി പ്രകടനമാണിത്. മറ്റൊരര്‍ത്ഥത്തില്‍ 'അലിഫ്' എന്ന പദം ഇവിടെ കവിക്കുള്ളിലെ ശൂന്യതയെ കുറിക്കുന്നു. അഥവാ, നിഷ്‌കളങ്കവും നിര്‍മലവുമായ കവിയുടെ എളിയ മനസ്സാണിത്. തിരു സ്‌നേഹത്തിന്റെ അമൃതൗഷധത്തിനു മാത്രം ഒഴിഞ്ഞു നില്‍ക്കുന്ന ഇത് അലിഫിന്റെ പരിശുദ്ധി പോലെ തെളിഞ്ഞു നില്‍ക്കുന്നു. ഒരു കവിതാശകലത്തിന്റെ ആദ്യ പദപ്രയോഗങ്ങളുടെ ആഴങ്ങളിലേക്കും അര്‍ത്ഥതലങ്ങളിലേക്കുമുള്ള ഒരു എത്തി നോട്ടം മാത്രമാണിത്. ഇതേ കവിതയിലെ ഓരോ പദവും വ്യത്യസ്ത സംഭവങ്ങളിലേക്ക് വാതില്‍ തുറക്കുന്നു. ഇങ്ങനെ തുടര്‍ച്ചയായ കാവ്യരൂപങ്ങളിലേക്ക് കടന്നു വരുമ്പോള്‍ പ്രവാചക വ്യക്തിത്വം പോലെ അത് അനന്തതയിലേക്ക് വ്യാപിക്കുകയാണ്. 'അല്ലഫല്‍ അലിഫ്' തുടക്കം മുതല്‍ ഒടുക്കം വരെ പ്രകടനത്തില്‍ ഏകമാനതയല്ല സ്വീകരിക്കുന്നത്. വരികളുടെയും കാര്യങ്ങളുടെയും ഗാംഭീര്യമനുസരിച്ച് ഉള്ളടക്കത്തിലുടനീളം വൈവിധ്യം പുലര്‍ത്തുന്നു. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം സാധാരണ ആഖ്യാന ശൈലിയെന്ന പോലെ ഹംദും സ്വലാത്തും അവതരിപ്പിച്ച ശേഷം പ്രവാചക പ്രകീര്‍ത്തനത്തിന്റെ ആത്മാവിലേക്ക് ഇറങ്ങുകയാണിവിടെ ഉമറുല്‍ ഖാഹിരി. ചില ഭാഗങ്ങളില്‍ തിരുമേനിയോടുള്ള തീവ്രാനുരാഗത്തിന്റെ വേദന പങ്കുവെക്കുന്നതോടൊപ്പം അനുവാചക ഹൃദയങ്ങളിലേക്ക് ഈ അഗ്നിബാധ കൊളുത്തിവെക്കുക കൂടി ചെയ്യുന്നു. അതേ സമയം മറ്റു ചില ഭാഗങ്ങളില്‍ നിഷ്‌കളങ്കനായ ഒരു വിശ്വാസിയുടെ ആത്മാഭിവൃദ്ധിക്കുള്ള സരണികളാണ് വിവരിക്കുന്നത്. ക്രമേണ തിരുമേനിയുടെ അപദാനങ്ങള്‍ ഒന്നിനൊന്ന് മറച്ചുവെക്കാതെ സര്‍വ്വ മേന്മരൂപങ്ങളോടെ പുറത്തു കൊണ്ടു വരുന്നു. ഒപ്പം തിരുമേനിയെ നേരെ അഭിമുഖീകരിച്ച് ശ്ലാഘിക്കുന്നുമുണ്ട്. ഇവിടെ ഓരോ പാര്‍ശ്വവും കഴിഞ്ഞു കടക്കുമ്പോഴും പ്രവാചക മാഹാത്മ്യത്തിന്റെ ഉന്നതികള്‍ വിശാലമായിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് മൗലികമായ പ്രാരംഭത്തിന് ശേഷം ഖാഹിരി തുറന്നുവെക്കുന്നത് അപ്രാപ്യതയുടെ ജാലകങ്ങളാണ്. തിരുമേനിയെ വിശേഷിപ്പിക്കാന്‍ അനവധി പേര്‍ തൂലിക നിരന്തരമായി ഉപയോഗിച്ചിട്ടുകൂടി തിരുമേനിക്ക് നല്‍കപ്പെട്ട ഗുണത്തിന്റെ പത്തിലൊന്നു പോലും കുറിച്ചു തീര്‍ന്നിട്ടില്ല പോല്‍! ഇത് സത്യത്തില്‍ തന്റെ തന്നെ കാവ്യാനുഭവങ്ങളെ ലഘുതരമായി കാണുകയാണ് മഹാനായ കവി. ഒപ്പം അക്ഷരങ്ങള്‍ക്ക് അപ്രാപ്യമായ തിരുമേനിയെ ദൈവലോകത്തെ അവതാരമായി അവതരിപ്പിക്കുക കൂടി ചെയ്യുന്നു. പിന്നീടുള്ള വരികളില്‍ ആത്മാവിന്റെയോ ശരീരത്തിന്റെയോ മദീനാനുഭവങ്ങളാണ് വലിയ്യുല്ലാഹില്‍ ഖാഹിരി പങ്കുവെക്കുന്നത്. തിരുമേനിയുടെ പട്ടണത്തിന്റെ വിശുദ്ധ താഴ്‌വാരങ്ങളില്‍ പദന്യാസങ്ങള്‍ അര്‍പ്പിച്ചപ്പോഴേക്കും പ്രവാചക സ്‌നേഹത്തിന്റെ പാരവശ്യതയില്‍ തന്റെ ശരീരം തളര്‍ന്നു പോയെന്ന് അദ്ദേഹം പരിതപിക്കുന്നു.ഹൃദയ ബന്ധങ്ങള്‍ക്കു മുമ്പില്‍ അനിയന്ത്രിതമായി കണ്ണീരൊഴുക്കിയ കഥാ കഥനമാണിവിടെ. പിന്നീടുളള മനോവ്യാപാരങ്ങള്‍ കവിയുടെ മനസ്ഥിതിയനുസരിച്ച് വ്യത്യസ്ത തലങ്ങളിലൂടെ കയറിയിറങ്ങുന്നു. പ്രഥമ പ്രകാശത്തിന്റെ സ്ഫുലിംഗങ്ങളാണ് പിന്നീട് തെറിച്ചു വീഴുന്നത്. കവി പറയുന്നു: ദിവ്യ സ്‌നേഹത്തിന്റെ ആത്മനാളം നേരില്‍ പകര്‍ത്തിയെടുക്കാന്‍ ആകാശങ്ങള്‍ താണ്ടിയ തിരുമേനി ഒടുവില്‍ വിശ്വവിശുദ്ധിയുടെ രണ്ടാം സ്ഥാനിയായിട്ടാണ് കടന്നുവരുന്നത്. അല്ലാഹു, മുഹമ്മദ് നബി, ജിബ്‌രീല്‍ എന്ന കാറ്റഗറിയില്‍ മാലാഖയെ പോലും കവച്ചുവെക്കുന്നതാണ് മാനുഷിക മാഹാത്മ്യം. ചിരകാലാഭിലാഷം വെച്ച് ജീവിച്ച മൂസാനബിക്കു പോലും സാക്ഷാത്കരിക്കപ്പെടാതെ പോയ അത്യപൂര്‍വ ലബ്ധി കൈവരിച്ചു തിരികെ വരുമ്പോള്‍ ലോകത്തെവിടെയും തനിക്കൊരു തുല്യന്‍ പിറന്നിട്ടില്ല എന്ന വസ്തുതയാണ് ദൃഢീകരിക്കുന്നത്. പ്രപഞ്ചോല്‍പത്തിയുടെ കാരണക്കാരനായ അവര്‍ തന്നെ ദിവ്യ സ്‌നേഹത്തിന്റെ വിസ്മയ ലോകങ്ങളിലേക്ക് മനുഷ്യാത്മാവിനെ ബന്ധിപ്പിക്കുന്നു. അതുതന്നെ കേവലബന്ധങ്ങള്‍ക്കപ്പുറം സ്വൂഫീലോകത്തെ അത്യപൂര്‍വമായ ഘട്ടങ്ങളാണ് താനും. പ്രവാചക സ്‌നേഹം നിഷ്‌കളങ്കതയുടെയും വിശുദ്ധിയുടെയും പാവനമായ സൃഷ്ടിയാണ്. അതിന്റെ പ്രഭവമന്വേഷിക്കുമ്പോള്‍ സ്വൂഫീചരിത്രങ്ങള്‍ അതാണ് വ്യാവര്‍ത്തിക്കുന്നത്. ദ്രവിച്ച് നശിച്ച പരിസരബന്ധങ്ങള്‍ മുറിഞ്ഞുവരുമ്പോള്‍, നിര്‍ബന്ധ ബാധ്യതകള്‍ കടമയാക്കി നിര്‍വഹിക്കുന്നവരില്‍ ഒരുതരം ഏകാന്തതയും ഹൃദയ പൊരുത്തവും രൂപപ്പെടുന്നു. ഈ മാനസികാവസ്ഥയാണ് സത്യത്തില്‍ ഒരു വഴിത്തിരിവിന് തിരികൊളുത്തുന്നത്. അതൊരുപക്ഷേ, നേരെയാവുമ്പോള്‍ വിജയത്തിന്റെ ഉന്നതികള്‍ താണ്ടിക്കടക്കുന്നു. മഹാനായ കവി അല്ലഫല്‍ അലിഫിലൂടെ ഈ വിശുദ്ധ സാന്നിധ്യം വരച്ചുകാട്ടുന്നുണ്ട്. സ്‌നേഹമെന്ന പുഷ്പത്തിന്റെ ഇതളുകളായി വിരിയുന്ന കാവ്യ തല്ലജങ്ങളില്‍ ഒന്നിനൊന്ന് മികവു കാട്ടി അത് മറഞ്ഞ് കിടക്കുകയാണ്. കവി മനസ്സിലെ സ്‌നേഹസങ്കല്‍പം ഏറെ പരിശുദ്ധവും സ്ഫുടീകൃതവുമാണ്. ഇവിടെ തന്റെയും തിരുമേനിയുടെയും ഇടയിലെ മാനസികൈക്യം മൂര്‍ഛിക്കുന്നു. ഈ മൂഹൂര്‍ത്തം ഒരു ബീജ രൂപമാണെന്ന് കവി പറയുന്നു. പ്രവാചകാനുരാഗം അത്രയും നിര്‍മലവും ചേരുവകളില്ലാത്തതുമാണ്. മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളാണ് ക്രമേണ കടന്നുവരുന്നത്. ആധ്യാത്മികതയുടെ പാരമ്യതയില്‍ മനുഷ്യജീവിതത്തിന് സൗകുമാര്യം പകരുന്നതോടൊപ്പം തന്റെ രണ്ടാം ലോകത്തില്‍ സഹായത്തിനെത്തുന്ന പലതും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഉത്തമമായ സൗഹൃദ ബന്ധങ്ങളും ഉദാത്തമായ സുകൃതബോധവും ശരീര പരിത്യാഗവും ത്വരീഖത്തും ഇവയില്‍ ചിലത് മാത്രം. മാര്‍ഗഭ്രംശം സംഭവിക്കാതെ മിതമായ തോതില്‍ ഇവയിലൂടെ മുന്നോട്ട് പോവുമ്പോള്‍ പ്രവാചക സ്‌നേഹം കണ്ടെത്താന്‍ കഴിയുമെന്നാണ് കവിപക്ഷം. കാരണം, അല്ലാഹുവിന്റെ ഔലിയാക്കളും അബ്ദാലീങ്ങളും ഇത്തരമൊരു ദിശയിലായിരുന്നു കേന്ദ്രീകരിക്കപ്പെട്ടത്. സര്‍വതിനും ഒടുക്കം വരുന്ന പതനത്തില്‍ അകപ്പെടാത്ത വിധം കാര്യങ്ങളിലെ മിതത്വം ജീവിതത്തിന് വിശ്വാസ്യത കൂട്ടുന്നു. ഐഹിക പാരത്രിക ബന്ധങ്ങളിലെല്ലാം അവസ്ഥ അങ്ങനെ തന്നെ. വികൃതമായ കൂട്ടുകെട്ടും വികലമായ ആധ്യാത്മിക ബോധവും വ്യാജമായ സരണീപാടവവും ശൂന്യതയിലാണ് കലാശിക്കുന്നത്. ഇന്ന് പൊതുവെ കാണപ്പെടുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്കും വിഭ്രാന്തിക്കും പരിഹാരമായി വലിയ്യുല്ലാഹില്‍ ഖാഹിരി നിര്‍ദേശിക്കുന്നത് ഭൗതിക പശ്ചാത്തലത്തില്‍ പ്രവാചകാനുരാഗത്തിന്റെ മൂര്‍ത്ത രൂപമായ മദീനാ സന്ദര്‍ശനമാണ്. തിരുപാദങ്ങള്‍ മുദ്രവെച്ച മണ്ണില്‍ ആ പൂമേനി അന്തിയുറങ്ങുന്നതു കണ്ട് അനുരാഗത്തിന്റെ വശ്യത കൊണ്ട് കണ്ണെഴുതുമ്പോള്‍ ഉള്ളില്‍ ശമനം കിളിര്‍ക്കുന്നതായി അദ്ദേഹം വിലയിരുത്തുന്നു. എങ്കിലും തന്റെ പ്രമേയങ്ങളില്‍ ആധ്യാത്മികതയും പ്രവാചകാനുരാഗവും സമ്മിശ്രമായി വന്നുചേരുമ്പോഴാണ് ഇതിന്റെ പാരവശ്യത എന്നതാണ് പ്രബലാഭിപ്രായം. അവസാന വരികളില്‍ പൊതുവായി ഖുര്‍ആന്‍, സുന്നത്ത്, തൗഹീദ് തുടങ്ങിയവ വിഷയീഭവിക്കുമ്പോള്‍ അവിടെയും ലക്ഷ്യമായി വരുന്നത് ഇതിലൂടെ വന്നുചേരുന്ന അനുരാഗ ലഹരി തന്നെയാണ്. മദമിളകിയാലും അതിന്റെ ഹൃദ്യമായ സേവയാണ് മനുഷ്യനെ വിജയത്തിലെത്തിക്കുന്നതെന്ന് സാരം.

ആധ്യാത്മികതയുടെ അടിവേരുകള്‍

ആധ്യാത്മികതയില്‍ തെളിയുന്ന സ്‌നേഹ പ്രകടനത്തിന്റെ വശ്യമായ ശൈലികളിലൊന്നാണ് അല്ലഫല്‍ അലിഫ്. കേവല പ്രവാചക സ്‌നഹത്തിനപ്പുറം അതിലൂടെ വന്നുചേരുന്ന ആത്മീയ പുരോഗതികളാണ് ഇതില്‍ കുറിക്കപ്പെടുന്നത്. നിയതമായ മാര്‍ഗങ്ങളിലൂടെ മുന്നോട്ടു പോവുക വഴി ഉള്ളില്‍ പുതിയൊരു ആത്മാവിന് തിരിതെളിയുകയാണിവിടെ. തുടക്കം മുതല്‍ ഒടുക്കം വരെ അല്ലഫല്‍ അലിഫ് സ്വൂഫിസത്തിന്റെ അന്തര്‍ധാരകളിലേക്കുള്ള യാനമാണ്. കറകളഞ്ഞ മനസ്സിനു മുമ്പില്‍ സ്‌നേഹഗന്ധം വാസനിച്ച് മനുഷ്യന്‍ മുന്നോട്ട് കുതിക്കുന്ന ചിത്രം ഇവിടെയുണ്ട്. അങ്ങനെയാണ് ദിവ്യലയനത്തിന്റെ ഉത്തമ രുപങ്ങളായ അഖ്ത്വാബ്, ഔതാദ്, അബ്ദാല്‍ തുടങ്ങിയ സംജ്ഞകള്‍ വിഷയീഭവിക്കുന്നത്. ഒപ്പം സ്വൂഫീ അനുരാഗികളുടെ സോപാന ചിത്രങ്ങളും തെളിഞ്ഞു വരുന്നു. ദിവ്യലയനത്തിന്റെ പരമാഗ്രമായ ഫനാഉ ഫില്ലാഹ്     (സായൂജ്യം), ബഖാഉ ബില്ലാഹ് (സാരൂപ്യം), ജംഅ് (ദൈവത്തോടൊപ്പം കഴിയല്‍), ഫര്‍ഖ് (സൃഷ്ടികളോട് സഹവസിക്കല്‍) തുടങ്ങിയവയാണവ. ഈ സ്വൂഫീ സിദ്ധാന്തത്തിന്റെ വിശുദ്ധ ഭൂമിയിലേക്ക് കടന്നുചെല്ലാന്‍ ഈ രംഗങ്ങളുമായി പുലബന്ധം പോലുമില്ലാതിരിക്കുമ്പോള്‍ അല്ലഫല്‍ അലിഫ് തന്നെ അവന് ദുര്‍ഗ്രാഹ്യമാകുന്നു. ഒപ്പം ഈ ഹൃദയ നനവിന്റെ വാതില്‍ അവനു മുമ്പില്‍ കൊട്ടിയടക്കപ്പടുന്നു. ചുരുക്കത്തില്‍, ദിവ്യ വിസ്മയങ്ങളുടെ ലോകത്ത് പ്രവാചകാനുരാഗത്തിന്റെ തേന്മഴ പെയ്യിച്ച അത്യപൂര്‍വം കവിതകളിലൊന്നാണ് അല്ലഫല്‍ അലിഫ്. പ്രണയം വരണ്ടുണങ്ങിയ ഭൂമിയില്‍ ഖാഹിരി കൊളുത്തിയ ഈ ദീപം ഇന്നും അണയാതെ വെളിച്ചം ചുരത്തുകയാണ്. കണ്ണില്‍ തിളക്കം അണഞ്ഞുപോയ ഹൃദയങ്ങളിലും ജരാനരയില്‍ അക്ഷരങ്ങള്‍ മറന്നുപോയ ചുണ്ടുകളിലും അവ താളാത്മകതയോടെ തത്തിക്കളിച്ചു കൊണ്ടിരിക്കുന്നു; നാളെയുടെ അവഗണനക്കു മുമ്പില്‍ ഒരു പ്രകാശമായി മാറാന്‍ വേണ്ടി. (അഹ്മദ് കുട്ടി ശിവപുരം, തെളിച്ചം മാസിക)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter