ഞാനറിഞ്ഞ പ്രവാചകന്‍

ഇസ്‌ലാമിനെയോ മുഹമ്മദ് നബിയെയോ അടുത്തറിയാന്‍ സൗകര്യമുള്ള നാട്ടിലല്ല ഞാന്‍ ജനിച്ചുവളര്‍ന്നത്. നബിതിരുമേനിയെക്കുറിച്ചു പ്രൈമറിസ്‌കൂളില്‍, അഞ്ചാംക്ലാസിലെന്നാണ് ഓര്‍മ, ഒരു പാഠമുണ്ടായിരുന്നു. ഖുര്‍ആന്‍ വിവര്‍ത്തകനായ മജീദ് മരയ്ക്കാര്‍ അച്ഛന്റെ സുഹൃത്തായിരുന്നു. പിന്നെ അന്തിച്ചന്തയില്‍ മീന്‍ വില്‍ക്കുന്നവര്‍, സൈക്കിളില്‍ വീടുതോറും മീന്‍എത്തിക്കുന്നവര്‍ . കളങ്ങളുള്ള ലുങ്കിയും വീതി കൂടിയതും ഒന്നിലധികം പേഴ്‌സുകള്‍ തുന്നിചേര്‍ത്തതുമായ ബെല്‍റ്റു ധരിച്ച ചില കാബൂളിവാലമാര്‍ വരുമായിരുന്നു.

ഒരിക്കല്‍, പത്തുപതിനൊന്നുവയസുള്ളപ്പോള്‍, വീടിനടുത്തുള്ള മുളപ്പന്‍ ചിറയില്‍ നീന്തുമ്പോള്‍ നാട്ടുകാരനല്ലാത്ത ഒരാള്‍ എന്തൊക്കെയോ പിറുപിറുത്തുക്കൊണ്ടു മുങ്ങിക്കയറുന്നതു കണ്ടു. എന്താ പിറുപിറുക്കുന്നതെന്നു ഞാന്‍ ആതിഥ്യമര്യാദയോടെ ചോദിച്ചു. കുടിപ്പാര്‍ത്തിട്ടു കുളിക്കാന്‍ പറ്റീല്ല; ഒരു വയി പോണ്ടിവന്നു(ഒരു വഴി പോകേണ്ടി വന്നു) എന്നായിരുന്നു മറുപടി.

ഞങ്ങളുടെ ഗ്രാമത്തില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ താമസിക്കുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. അവരെ കുടിപ്പാര്‍ന്ന കുട്ടാടത്തി എന്നാണു വിവരിച്ചുവന്നത്. അതുക്കൊണ്ടു സംഗതി എന്തോ ഫൗളാണെന്നു മനസിലായി. വീട്ടില്‍ അര്‍ഥം ചോദിക്കാനാവാത്ത പ്രയോഗമായിരുന്നു ആ 'കാക്ക' യുടേത്. അയാള്‍ എന്നോടു പേരുചോദിച്ചു. ബാബു എന്നതു അക്കാലത്തു വടക്കന്‍ തിരുവിതാംകൂറില്‍പരിഷ്‌ക്കാരപ്പേരായിരുന്നു. ബാവയെന്നോ ബാപ്പുവെന്നോ വഴി പോക്കന്‍ ധരിപ്പിച്ചിട്ടുണ്ടാവണം. അടുത്ത ചോദ്യം ഓത്തു പഠിക്കുന്നുണ്ടോ എന്നായിരുന്നു. മുസ്‌ലിംകള്‍ ഇല്ലാത്ത ആ നാട്ടിന്‍പുറത്ത് വളര്‍ന്ന എനിക്ക് മനസിലായത് അയാള്‍ എന്നെ പോത്ത് എന്ന് വിളിച്ചു എന്നാണ്. ഒന്നും മിണ്ടിയില്ല. അയാള്‍ സൈക്കിള്‍ ചവിട്ടി പടിഞ്ഞാറോട്ടുപോയി.

മുളപ്പന്‍ച്ചിറയില്‍ കുളിക്കാന്‍ വന്ന അന്യനാട്ടുകാര്‍ എന്നെ പോത്തെന്നു വിളിച്ചിട്ടു സ്ഥലംവിട്ട കാര്യം അച്ഛനോടു പറഞ്ഞു. 'അയാള്‍ ഒരു കാര്യവുമില്ലാതെ അങ്ങനെ വിളിക്കില്ല, എന്താണുണ്ടായ'തെന്നായി അച്ഛന്‍. സന്ദര്‍ഭം വിവരിച്ച് ആശയം വിശദമാക്കിയപ്പോള്‍ അച്ഛന്‍ പൊട്ടിച്ചിരിച്ചു. പേരുകേട്ടു മുസ്്‌ലിമാണെന്നു തെറ്റിദ്ധരിച്ച് ഓത്തുപഠിക്കാന്‍ പോകുന്നുണ്ടോയെന്നു വാത്സല്യപൂര്‍വം ചോദിച്ചതാണെന്ന് അച്ഛന്‍ പൊരുള്‍ തിരിച്ചുതന്നു.

ഇന്ന് ഈ കഥ ഓര്‍ത്തെടുക്കുമ്പോള്‍ രണ്ടുസംഗതികള്‍ ഞാന്‍ തിരിച്ചറിയുന്നു. ഒന്ന്, 'നീ ഓത്തുപഠിക്കുന്നുണ്ടോ കുട്ടി' എന്നു ചോദിക്കുമ്പോള്‍ 'എടാ പോത്തേ നീ വല്ലതും പഠിക്കുന്നുണ്ടോ' എന്നാണ് അയാള്‍ ചോദിക്കുന്നതെന്ന ധാരണ ഉണ്ടാകുന്നതു പരസ്പരം മനസിലാക്കാത്തതുക്കൊണ്ടാണ്. രണ്ട്, ഇസ്‌ലാമിനെക്കുറിച്ച് എനിക്ക് ആദ്യം കിട്ടിയ അറിവു മുസ്‌ലിംകളും യഹൂദരും ക്രിസ്ത്യാനികളും വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ മക്കളാണ്, അതുക്കൊണ്ട് ഒരേ കുടുംബത്തില്‍ പെട്ടവരാണ് എന്നതായിരുന്നു.

ഒപ്പം അച്ഛന്‍ അന്നുതന്നെ പറഞ്ഞുതന്ന മറ്റൊന്നുകൂടെ പറയണം: 'ഭാരതത്തില്‍ ജീവിക്കുന്നവര്‍ ഭാരതീയരാണ്, അവരുടെ മതവിശ്വാസം വ്യത്യസ്തമായാലും അവരുടെ ഭാരതീയത ഏതു ഭാരതീയന്റേതുതന്നെയാണ്. പ്രവാചകനെക്കുറിച്ചു ചിന്തിച്ചുതുടങ്ങുമ്പോള്‍ അച്ഛന്‍ പറഞ്ഞുതന്ന ഈ ആശയങ്ങള്‍ ഇന്നും മനസില്‍ തെളിയും. അറബികളെല്ലാം മുസ്‌ലിംകളല്ല, മുസ്‌ലിംകളെല്ലാം അറബികളുമല്ല എന്നു നാം ഓര്‍മ്മിക്കാറില്ല. അതുകൊണ്ടാണു മുസ്‌ലിംകളും അമുസ്‌ലിംകളും പലപ്പോഴും പ്രവാചകനെ അറബ് ദേശീയതയിലും ഇസ്‌ലാമികവിശ്വാസത്തിലും മറ്റും പരിമിതപ്പെടുത്തി നിര്‍വചിക്കുന്നത്.

ദൈവം ക്രിസ്ത്യാനിയല്ല. അങ്ങനെ പറയുന്നതുകൊണ്ടു ഞാന്‍ ക്രിസ്ത്യാനിയല്ല എന്നു പറയുന്നവരുണ്ട്. ദൈവത്തെ ക്രിസ്ത്യാനിയാക്കുമ്പോള്‍ നാം ദൈവത്തെ കൂട്ടിലടയ്ക്കുകയാണ്. അല്ലാഹു എന്ന ശബ്ദം അറബിഭാഷയിലെ ഒരു പദമാണ്. അതേപദം തന്നെയാണ് അറബ് ക്രൈസ്തവര്‍ അവരുടെ ആരാധനകളില്‍ ഈശ്വരനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. അതായത്, അല്ലാഹു ഒരു ഭാഷയുടെയോ മതത്തിന്റെയോ ഭൂപ്രദേശത്തിന്റെയോ സംസ്‌കാരത്തിന്റെയോ പരിമിതികള്‍ക്ക് അതീതനാണ്. നാം വരച്ചൊരുക്കിയ കളത്തിലോ പണിതൊരുക്കിയ കൂട്ടിലോ സര്‍വശക്തനും സ്രഷ്ടാവും ജഗന്നിയന്താവുമായവനെ ഒതുക്കാന്‍ ശ്രമിക്കുന്നത് ഈശ്വരനിന്ദയാണ്.

അല്‍കാഫിറൂണ്‍ എന്ന സൂറാ ഓര്‍മ്മിക്കുക. മക്കയില്‍ അവതരിച്ചതും ആദ്യവചനത്തില്‍നിന്നു നാമംധരിക്കുന്നതുമായ ഈ സൂറാ മതങ്ങളുടെ സഹവര്‍ത്തിത്വമാണ് ഉദ്‌ഘോഷിക്കുന്നത്. അതും പിറകെ വരുന്ന അന്നസ്ര്‍, അല്‍ ഇഖ്‌ലാസ് എന്ന സൂറാകളും പരസ്പരപൂരകങ്ങളാണ്. പരസ്പരവിരുദ്ധങ്ങളല്ല എന്നറിയാനുള്ള വിവേകമുണ്ടായാല്‍ മാത്രമേ പ്രവാചകന്റെ ആശയം വ്യക്തമാവുകയുള്ളു. അല്‍ ഇഖ്‌ലാസ് വിശ്വാസപ്രഖ്യാപനമാണ്. അന്നസ്ര്‍ നഷ്ടപ്പെട്ട ആ വിശ്വാസം സാര്‍വത്രികമാവുന്നതില്‍ ഒരു വിശ്വാസിക്കുണ്ടാകാവുന്ന മനസാണു കാണിക്കുന്നത്. ആ മനസില്‍ രണ്ടുഘടകങ്ങള്‍. ഒന്ന്, അതില്‍ കാണേണ്ടത്. ഈശ്വരന്റെ മഹത്വമാണ്. ' എന്റെ മതം ജയിച്ചു ' എന്നുള്ള വിജയോന്മാദമല്ല പ്രവാചകന്‍ സൂചിപ്പിക്കുന്നത്. നിന്റെ നാഥന്റെ സ്‌തോത്രമാണു നീ കീര്‍ത്തനം ചെയ്യേണ്ടത്. ഒപ്പം ചെയ്യേണ്ട മറ്റൊന്നുകൂടി തിരുമേനി പറയുന്നുണ്ട്. നീ പശ്ചാത്തപിക്കണം. നീ മാപ്പപേക്ഷിക്കണം. അവിടുത്തേയ്ക്ക് അഹിതകരമായി വിശ്വാസിയായ നീ ചെയ്തുപോയിട്ടുള്ള സംഗതികളെ പ്രതി പശ്ചാത്തപിച്ചു മാപ്പപേക്ഷിക്കാനാണ് ഓരോ അവിശ്വാസിയുടെ മാനസാന്തരവും നിന്നെ പ്രചോദിപ്പിക്കേണ്ടത്.

വര്‍ത്തമാനകാലത്ത് ഇസ്‌ലാമിനെ മനസിലാക്കാതെ ലോകത്തെ വിലയിരുത്താനാവില്ല. ഇസ്‌ലാമിനെ മനസിലാക്കണമെങ്കില്‍ മുഹമ്മദ് നബിയെ മനസിലാക്കണം. മറ്റ് ഏതൊരു മതനേതാവിനെയും അറിയുന്നതിലേറെ നമുക്കു നബിതിരുമേനിയെ അറിയാം. എന്നിട്ടും പലപ്പോഴും തിരുമേനി തെറ്റിദ്ധരിപ്പിക്കപ്പെട്ടു. അനുയായികളും പ്രതിയോഗികളും തിരുമേനിയുടെ സന്ദേശം പലപ്പോഴും വളച്ചൊടിക്കുകയും ചെയ്യുന്നു.

ഏതു മതത്തിന്റെയും ചരിത്രം അതീന്ദ്രിയ യാഥാര്‍ഥ്യങ്ങളും വര്‍ത്തമാനകാലസംഭവങ്ങളും തമ്മിലുള്ള പാരസ്പര്യം നിര്‍ദ്ധാരണം ചെയ്യുന്നതിലൂടെയാണു ഗ്രഹിക്കപ്പെടേണ്ടത്. ബുദ്ധമതാനുയായികള്‍ ശ്രീബുദ്ധനിലാണു നിര്‍വാണത്തിന്റെ നിര്‍വചനം കാണുന്നത്. ക്രിസ്ത്യാനികള്‍ ശ്രീ യേശുവില്‍ നന്മയ്ക്കും ദയാവായ്പ്പിനുമുള്ള ശക്തിയുടെ ആള്‍രൂപം ദര്‍ശിക്കുന്നു. ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെ പാരാഡൈമാറ്റിക് എന്നു വിശേഷിപ്പിക്കാറുണ്ട്.

ഒരു മനുഷ്യന്‍ എങ്ങനെ ആയിരിക്കണം, എങ്ങനെ ആയിരിക്കാമെന്നു പറഞ്ഞുതരുന്നവരാണവര്‍. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം വിശുദ്ധഗ്രന്ഥമാണു പാരഡൈം. അതു ചുരുളഴിച്ചു പൊരുള്‍ തിരിക്കുന്ന ദൗത്യമാണ് അല്ലാഹു പ്രവാചകനെ ഏല്‍പിച്ചത്. ശരണാഗതിയെന്നു ഭാരതീയ ചിന്തയിലും ' തന്റെ കുരിശെടുത്ത് എന്റെ പിന്നാലെ' എന്ന ബിംബകല്‍പ്പനയിലൂടെ ബൈബിളിലും കാണുന്ന സമഗ്രസമര്‍പ്പണമാണ് ഇസ്‌ലാം എന്നതിനര്‍ഥം. ഓരോ മനുഷ്യനും സര്‍വശക്തനു സമ്പൂര്‍ണമായി വിധേയപ്പെട്ടിരിക്കണം. അതു സാധിക്കണമെങ്കില്‍ പ്രവാചകന്റെ ജീവിതത്തെക്കുറിച്ചു പഠിച്ചു അതുപോലെ ജീവിക്കണമെന്ന ആശയം മനസില്‍ ഉറയ്ക്കണം. ദൈനംദിനജീവിതത്തിന്റെ ഏറ്റവും വലിയ നടപടികളില്‍പ്പോലും പ്രവാചകനില്‍നിന്നു പ്രചോദനം കൊള്ളണം. അങ്ങനെയാണു ഖുര്‍ആനും ഹദീസും പ്രവാചകന്റെ ജീവചരിത്രങ്ങളുമൊക്കെ പ്രധാനമാവുന്നത്.

ഖുര്‍ആന്‍ ദൈവവചനമാണ്, അതിന്റെ സാധുത ചോദ്യങ്ങള്‍ക്കതീതമാണ്. ഈ കാര്യങ്ങളില്‍ യോജിക്കുന്നവര്‍പോലും വ്യാഖ്യാനങ്ങളില്‍ യോജിക്കുന്നില്ല. അതുകൊണ്ടാണു മണക്കാട് ഇമാം അബ്ദുല്‍ ഗഫാര്‍ മൗലവി ജീവിക്കുന്ന ലോകത്തില്‍തന്നെ ഐ.എസ് നേതാക്കന്മാരും മുസ്‌ലിംകളായി ജീവിക്കുന്നത്. ഇത് എല്ലാ മതങ്ങള്‍ക്കും ഏറിയും കുറഞ്ഞും ബാധകമാണ്. ഏതായാലും ഇസ്‌ലാം പരന്നതോടെ വ്യാഖ്യാനങ്ങളും ഏറി. അകത്തും പുറത്തും കുരിശുയുദ്ധങ്ങള്‍ വരച്ചതും പില്‍ക്കാലത്തു ക്രിസ്തുമതം തിരുത്തിയതുമായ വ്യാഖ്യാനഭേദങ്ങള്‍ ഇന്നും കൊണ്ടുനടക്കുന്നവര്‍ അമേരിക്കയിലെ സതേണ്‍ ബൈബിള്‍ ബെല്‍റ്റ് എന്ന പ്രദേശത്തെ തീവ്രവലതുപക്ഷ ക്രിസ്ത്യാനികള്‍ക്കിടയില്‍ മാത്രമല്ല ഉള്ളത്.

ഡൊണാള്‍ഡ് ട്രംപ് സാക്ഷി, അതാണ് ഇസ്‌ലാമിലെ തീവ്രവാദികള്‍ക്കും ഭീകരര്‍ക്കും പ്രോത്സാഹനം നല്‍കുന്നതെന്ന് അവര്‍ തിരിച്ചറിയുന്നില്ല. ഇസ്‌ലാമിലുമുണ്ട് പ്രശ്‌നം. ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് പടം വരച്ചാല്‍ ഉലയുന്നതല്ല പ്രവാചകവ്യക്തിത്വമെന്നു ഗ്രഹിക്കാതെ തങ്ങള്‍ പ്രവാചകനെക്കാള്‍ കരുത്തുള്ളവരാണെന്ന മട്ടില്‍ പ്രവാചകനിന്ദയെന്ന ആക്രോശവുമായി ആ കാര്‍ട്ടൂണ്‍ കണ്ടിട്ടേയില്ലാത്തവരെ കൊല്ലുമ്പോള്‍ തങ്ങള്‍ ചെയ്യുന്നത് എന്തെന്ന് അവരും അറിയുന്നില്ല.

പ്രവാചകന്റെ ജീവിതം ഒരു 'ജിഹാദ്' ആയിരുന്നുവെന്നാണ് നാം ഓര്‍മിക്കേണ്ടത്. 'വിശുദ്ധയുദ്ധം' അല്ല ഇവിടെ 'ജിഹാദ്'. അത് ആത്മസമരമാണെന്നാണു ഗ്രഹിക്കേണ്ടത്. യുദ്ധകലുഷിതമായ അറേബ്യയില്‍ സമാധാനം സ്ഥാപിക്കാനാണു നബി ശ്രമിച്ചത്. ഇന്നു ലോകത്തില്‍ എല്ലാ മനുഷ്യസ്‌നേഹികളും ശ്രമിക്കേണ്ടതും അതിനാണ്. അതിമോഹത്തിനും അനീതിക്കും അക്രമത്തിനും അഹങ്കാരത്തിനുമെതിരേയായിരുന്നു പ്രവാചകന്റെ 'ജിഹാദ്'. അജ്ഞതയുടെ കാലമാണു 'ജാഹിലിയ്യ' എന്നു നമുക്കറിയാം. അതു പഞ്ചാംഗത്തില്‍ അടയാളപ്പെടുത്തുന്ന കാലമോ അറേബ്യയില്‍ പരിമിതപ്പെടുന്ന പ്രദേശമോ അല്ല. പ്രവാചകന്‍ 'ജാഹിലിയ്യ' എന്ന ശബ്ദം കൊണ്ടുദ്ദേശിച്ചത് അക്രമത്തിലേക്കും ഭീകരതയിലേക്കും നയിക്കുന്നതായി ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ കണ്ട മാനസികാവസ്ഥയാണ്.

അതിനെതിരേയുള്ള ജിഹാദാണു പ്രവാചകന്‍ നയിച്ചത്. എല്ലാ മഹാഗുരുക്കന്മാരെയും ശിഷ്യന്മാര്‍ പല തരത്തില്‍ ഗ്രഹിച്ചു. പാരഡൈമാറ്റിക് വ്യക്തിത്വങ്ങളുടെ അഭിശാപമാണത്. അവര്‍ കാലാതീതപ്രസക്തിയുള്ളവരാണ്. ഒപ്പംനില്‍ക്കുന്നവര്‍ക്ക് ഒപ്പമെത്താനാകില്ല. ബുദ്ധമതം മഹായാനവും ഹീനയാനവുമായി പിരിഞ്ഞു. സ്‌നേഹമാണു ദൈവമെന്നു പറഞ്ഞ ക്രിസ്തുവിന്റെ അനുയായികള്‍ ഒന്നാംനൂറ്റാണ്ടില്‍ത്തന്നെ വേദശാസ്ത്രത്തിന്റെയും അനുഷ്ഠാനിയമങ്ങളുടെയും സഭാഘടനയുടെയുംപേരില്‍ വിഭിന്നസരണികളായി; പിറകെ വന്ന നൂറ്റാണ്ടുകളില്‍ വിഭിന്ന സഭകളുണ്ടായി.

ഇസ്‌ലാമിലും അതു സംഭവിച്ചു. മതമെന്നതിലുപരി രാഷ്ട്രീയമെന്ന നിലയില്‍ ഇസ്‌ലാമിനെ അഭിവീക്ഷിച്ചവര്‍ പ്രവാചകന്റെ കാലത്തുതന്നെ ഉണ്ടായിരുന്നല്ലോ, അബു ബഷീര്‍ ഉദാഹരണം. സാമൂഹികനീതി തേടി ഇസ്‌ലാമിലെത്തിയ എല്ലാവര്‍ക്കും പ്രവാചകന്റെ അഹിംസയും സഹിഷ്ണുതയും അനുരഞ്ജനവും അംഗീകരിക്കാനായില്ല. പേര്‍ഷ്യന്‍, ബൈസന്റയിന്‍ സാമ്രാജ്യങ്ങളുടെ തകര്‍ച്ച ഇസ്‌ലാമിന്റെ സാമ്രാജ്യവികസനത്തിന് ഇടം നല്‍കിയതോടൊപ്പം ഒട്ടേറെ ബൗദ്ധികവ്യായാമങ്ങള്‍ക്കും വഴിവെട്ടിയെന്നു നാം വായിക്കുന്നുണ്ട്. പിന്‍ഗാമികള്‍ പ്രവാചകന്റെ വഴിയില്‍നിന്ന് ഒഴിഞ്ഞുപോകുന്നുവെന്നു പലരും ആരോപിച്ചു.

മിസ്റ്റിക്കുകളും വേദശാസ്ത്രജ്ഞരും ഒക്കെ ചോദ്യങ്ങള്‍ ഉന്നയിച്ചു. പില്‍ക്കാലസമൂഹത്തിന്റെ പ്രവൃത്തികള്‍ ഈശ്വരരഹിതമല്ല തെളിയിക്കുന്നതെന്നു ചിലരെങ്കിലും പറഞ്ഞു. സൂഫിസം തിരിച്ചുപോക്കിന്റെ വഴിയായി. പ്രവാചകനെ മാനദണ്ഡമാക്കി പില്‍ക്കാലത്തെ അധികാരകേന്ദ്രങ്ങളെ വിലയിരുത്തിയപ്പോള്‍ വിഭാഗീയത ഒഴിവാക്കാനാവാതായി. ഇന്ന് ഈ ബൗദ്ധികവ്യായാമങ്ങള്‍ പ്രസക്തമാണ്. ആത്യന്തികമായി യുദ്ധം ഉപേക്ഷിക്കുകയും അഹിംസ സ്വീകരിക്കുകയുംചെയ്ത പ്രവാചകപാതയാണ് ഇന്നു നാം തിരിച്ചറിയേണ്ടത്. പ്രവാചകന്റെ ലക്ഷ്യം എന്നും സമാധാനമായിരുന്നു; പ്രയോഗതലത്തില്‍ മാര്‍ഗം എന്നും ദയയുടേതായിരുന്നു.

പ്രവാചകന്റെ വ്യക്തിത്വം അപഗ്രഥിക്കപ്പെടേണ്ടതുണ്ട്. അവിടന്നു ജീവിച്ചിരുന്ന കാലത്തും സ്ഥലത്തും നടന്ന ചില സംഭവങ്ങളോട് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മാനകങ്ങള്‍ ഉപയോഗിച്ചു വിയോജിക്കേണ്ടി വരാം. എന്നാല്‍, ആത്യന്തികമായി വാളിനെക്കാള്‍ വാദത്തിനെയും യുദ്ധത്തെക്കാള്‍ സമാധാനത്തെയും മുന്നില്‍ നിര്‍ത്തിയ മഹാപ്രതിഭയായിരുന്നു പ്രവാചകന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter