നരകമോചനത്തിന്റെ പത്തു നാളുകള്‍

മഹാനായ അബൂ ഹുറൈറ (റ) മരണമാസന്നമായപ്പോള്‍ കരഞ്ഞുപോയി.  എന്തേ കരഞ്ഞതെന്നു ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു "ഞാന്‍ കരഞ്ഞത് ഈ ദുനിയാവിലെ ജീവിതം ഇനിയില്ലല്ലോ എന്ന വിഷമം കൊണ്ടല്ല.  മറിച്ചു, ഇനിയെന്റെ മുന്നില്‍ രണ്ടു വഴികളാണുള്ളത്.  ഒന്ന് സ്വര്‍ഗ്ഗത്തിലേക്കും ഒന്ന് നരകത്തിലേക്കും.  എവിടെക്കാണ്‌ എന്നെ കൊണ്ട് പോകുക എന്നാലോചിച്ചാണ് ഞാന്‍ കരഞ്ഞത്" നരകശിക്ഷ അതികഠിനമാണ്.  ഈ ദുനിയാവിലെ അഗ്നിയെക്കാള്‍ എഴുപതിരട്ടി ചൂട്.  കല്ലും മനുഷ്യനുമാണതിലെ വിറകുകള്‍.  കുടലുകള്‍ കരിച്ചു കളയുന്ന 'ഹമീം' എന്ന പാനീയം.  അതിദുര്‍ഗന്ധിയായ 'സക്കൂം' മരത്തില്‍ നിന്നുള്ള ഭക്ഷണം.  അങ്ങനെയങ്ങനെ...   ദുരിതക്കയത്തില്‍ ഗതികെട്ടലയുന്ന സത്യനിഷേധികളുടെയും പാപികളുടെയും സംഭീത ചിത്രം വര്‍ണ്ണിക്കാവതല്ല തന്നെ.  ശദ്ദാദ് ബിന്‍ ഔസ് (റ) ഉറങ്ങാന്‍ കിടന്നാല്‍ വറചട്ടിയിലിട്ട  ധാന്യമണിയെപ്പോലെ എരിപൊരികൊള്ളുമായിരുന്നത്രെ. 

എന്നിട്ട് "അല്ലാഹുവേ നരകം എന്നെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല" എന്ന് പറഞ്ഞു പുലരുവോളം പ്രാര്‍ഥനാമഗ്നനായി രാത്രികള്‍ തീര്‍ക്കുമായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.  പക്ഷേ, നമുക്കിതെല്ലാം പാടിപ്പഴകിയൊരു പല്ലവിയായാണ് അനുഭവപ്പെടുന്നത്.  ഒരു പാട് കേട്ടപ്പോള്‍ കാലഹരണപ്പെട്ട പോലെ. നാരകവാസമെന്നാല്‍ പാടെ താള്ളിക്കളയാവുന്നൊരു വിദൂര സാധ്യതയല്ല.   മോഹാസക്തികളുടെ മുന്നില്‍ പക്വത നഷ്ടപ്പെടുമ്പോള്‍ നരകവാതിലുകള്‍ തുറക്കപ്പെടുന്നു.  "നരകം ശരീരേച്ഛകളാലും സ്വര്‍ഗ്ഗം അപ്രിയകര്‍മ്മങ്ങളാലും വലയം ചെയ്യപ്പെട്ടിരിക്കുന്നു" (ബുഖാരി, മുസ്‌ലിം) എന്ന തിരുവചനം ഉണര്‍ത്തുന്നത്, താല്‍ക്കാലിക ആവേശങ്ങള്‍ക്കൊത്തു താളം തുള്ളിയാല്‍, അത്തരം ചെയ്തികളെല്ലാം നരകശിക്ഷയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ്.  ചെയ്യുന്ന സല്‍കര്‍മ്മങ്ങളാവട്ടെ, കളങ്കമുക്തമല്ലെങ്കില്‍ അവയും നയിക്കുക നരകത്തിലേക്ക് തന്നെയാണ്.  നരകത്തില്‍ ആദ്യമെറിയപ്പെടുന്ന മൂന്നു വിഭാഗങ്ങളെക്കുറിച്ച് തിരുനബി (സ്വ) വിവരിച്ചത് ഹദീസ് ഗ്രന്ഥങ്ങള്‍ ഉദ്ദരിക്കുന്നുണ്ട്‌.  രക്തസാക്ഷിയും പണ്ഡിതനും പണക്കാരനും.  അവര്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് പകരം എന്ത് ചെയ്തുവെന്ന് ചോദിക്കപ്പെടുമ്പോള്‍, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ രക്തസാക്ഷിത്വം വരിച്ചെന്നും, ഖുര്‍ആന്‍  പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തെന്നും, ദാനധര്‍മ്മങ്ങള്‍ നല്‍കിയെന്നും മറുപടി പറയുന്നു. 

പക്ഷെ, അവയെല്ലാം നുണയാണെന്നും, ധീരനെന്നോ പണ്ഡിതനെന്നോ ഉദാരനെന്നോ ജനങ്ങള്‍ പറയാന്‍ വേണ്ടി മാത്രം ചെയ്തതാണെന്നും, അങ്ങനെ പറയെപ്പെട്ടുവെന്നുമുള്ള വിധിന്യായത്തിലൂടെ നരകശിക്ഷ വിധിക്കപ്പെടുന്നു.  നരകത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു. ഉപര്യുക്ത ഹദീസുകള്‍ സൂചിപ്പിക്കുന്നത്, നരകപരിസരത്തു തന്നെയാണ് മനുഷ്യന്‍ മേയുന്നതെന്നും കഠിനവും ആത്മാര്‍ത്ഥവുമായ ഉപാസനായത്നങ്ങളിലൂടെ മാത്രമേ മോക്ഷം സാധ്യമാകൂ എന്നുമാണ്.  എന്നാല്‍, സ്രഷ്ടാവിന്റെ പരമപ്രതാപവും സൃഷ്ടികള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളുടെ മാഹാത്മ്യവും പരിഗണിക്കുമ്പോള്‍ തദനുസൃതമായ ആരാധനകളിലൂടെ കൃതജ്ഞത പുലര്‍ത്തുന്നവനാവാന്‍ മര്‍ത്ത്യന് കഴിയില്ലൊരിക്കലും.  അലിയ്യ് ബിന്‍ അബീ താലിബിന്റെ (റ) ഭാഷയില്‍ പറഞ്ഞാല്‍ സ്വര്‍ഗ്ഗം ലഭിക്കാനുള്ള അര്‍ഹതയില്ല, നരകം സഹിക്കാനുള്ള ശക്തിയുമില്ല, സര്‍വ്വ ശക്തനായ നാഥന്‍ പശ്ചാത്താപം സ്വീകരിച്ചു മാപ്പ് നല്‍കി കനിയുകയല്ലാതെ വഴി വേറെയില്ല. ദയാപരനായ റബ്ബ് ഏറ്റവും  കൂടുതല്‍ കനിയുന്ന മാസമാണീ വിശുദ്ധ റമസാന്‍.  കൊടുംപാതകം ചെയ്തവര്‍ക്കും മാപ്പ് നല്‍കി നരകമോചനം അനുവദിക്കുകയാണവന്‍ ഈ പുണ്യമാസത്തിലുടനീളം.  തിരുനബി (സ്വ) പറയുന്നു: "എല്ലാ രാത്രിയിലും അല്ലാഹുവിനു നരകമോചിതരുണ്ട്" (ബുഖാരി) പ്രത്യേകിച്ച്‌ മൂന്നാം പത്തില്‍.  "അതിന്റെ അവസാന പത്തു ദിനങ്ങള്‍ നരകമോചനത്തിന്റേതാണ്" (ബൈഹഖി).  സര്‍വ്വ ലോക പരിപാലകനായ നാഥാ, ഞങ്ങള്‍ക്ക് നീ നരകമുക്തി നല്‍കേണമേ...  സ്വര്‍ഗ്ഗവാസം അനുവദിക്കേണമേ...

അബ്ദുല്‍വാജിദ് റഹ് മാനി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter