വന്ദേമാതരം അടിച്ചേല്‍പ്പിക്കുകയോ?

തമിഴ്‌നാട്ടിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റ് വ്യവസായ സ്ഥാപനങ്ങളിലും വന്ദേമാതരം ചൊല്ലല്‍ നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നു. മാസത്തില്‍ ഒരിക്കലെങ്കിലും വന്ദേമാതരം ചൊല്ലണമെന്നാണ് ഉത്തരവില്‍ പറയുന്നത്. 

ഹിന്ദുത്വ ഫാസിസം രാജ്യത്ത് പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് തീര്‍ത്തും ഏകപക്ഷീയവും അപകടകരവുമായ ഒരു ഉത്തരവാണിത്. പൗരന്മാരുടെ വിശ്വാസ-ചിന്താ സ്വാതന്ത്ര്യത്തെപ്പോലും ചോദ്യം ചെയ്യുകയും ഹിന്ദുത്വ ചിന്തകളെ അടിച്ചേല്‍പ്പിക്കുകയുമാണ് ഇത് ചെയ്യുന്നത്.

ഇത്തരുണത്തില്‍ വന്ദേമാതരം എന്താണെന്നും അതിന്റെ പ്രത്യയശാസ്ത്ര ഭൂമിക എന്താണെന്നും അന്വേഷിക്കുകയാണിവിടെ.

ആനന്ദമഠം: മതവിദ്വേഷത്തിന്റെ കനല്‍

ഹിന്ദു രാഷ്ട്രം എന്ന ആശയത്തെ അടിവരയിടുന്ന ആദ്യത്തെ സുപ്രധാന രചനയാണ് ബക്കിങ് ചന്ദ്ര ചാറ്റര്‍ജി എഴുതിയ ആനന്ദമഠം എന്ന ബംഗാളി നോവല്‍. ഹിന്ദു ദേശീയവാദികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ രണ്ടു ഘടകങ്ങളും ഇതില്‍ വ്യക്തമായി ഉള്‍കൊള്ളുന്നത് കാണാം. ഹിന്ദു രാഷ്ട്രം എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇന്നും അവരുടെ ബൈബിളായി വര്‍ത്തിക്കുന്നു ആനന്ദമഠം. തല്‍വിഷയകമായ അതിന്റെ ഉള്ളടക്കത്തിലേക്കു കടക്കുംമുമ്പ് ആ നോവലിനെ കുറിച്ചും അതിന്റെ രചയിതാവിനെ കുറിച്ചും ചില കാര്യങ്ങള്‍ മനസ്സിലാക്കിവെക്കല്‍ അനിവാര്യമാണ്.  

വന്ദേമാതരം എന്ന കവിതയെ ബക്കിം ആദ്യമായി അവതരിപ്പിച്ചത് ആനന്ദമഠം എന്ന ഈ നോവലില്‍ തന്നെയായിരുന്നു. 18 ാം നൂറ്റാണ്ടിന്റെ അവസാനങ്ങളില്‍ ഉത്തര ബംഗാളില്‍ ഹിന്ദു സന്യാസിമാര്‍ നടത്തിയ അവിടത്തെ മുസ്‌ലിം ഭരണാധികാരികള്‍ക്കെതിരെയുള്ള ഒരു കലാപത്തിന്റെ കഥയാണ്, അടിസ്ഥാനപരമായും, ഈ നോവല്‍ പറയുന്നത്. സന്താന്‍ (കുട്ടികള്‍) എന്നാണ് ഈ റബല്‍ വിഭാഗം സ്വന്തത്തെ നാമകരണം ചെയ്ത് വിളിക്കുന്നത്. 1882-85 കാലഘട്ടത്തില്‍ ഈ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടു; പ്രചരിച്ചു. 1857 ല്‍ നടന്ന മഹത്തായ ഒന്നാം സ്വതന്ത്ര്യ സമരത്തില്‍ ഇന്ത്യക്കാര്‍ പരാജയപ്പെട്ടതിന്റെ 25 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇത്. മുസ്‌ലിം ഭരണാധികാരികളുടെ സര്‍വ്വ അധികാരങ്ങളും നശിച്ചില്ലാതായിപ്പോയ ഒരു സമയം. എന്നാല്‍, 1857 ല്‍ നടന്ന ഈയൊരു സമരനിരയുടെ പ്രധാന ഉത്തരവാദികള്‍ മുസ്‌ലിംകളായിരുന്നുവെന്ന് ബ്രിട്ടീഷുകാര്‍ മുദ്രകുത്തുകയും അതിന്റെ പേരില്‍ അവരെ ശക്തമായി കുറ്റവാളികളാക്കുകയും ചെയ്തിരുന്നുവെന്നത് ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം. 

ഇന്ത്യയുടെ വലിയൊരു ഭാഗം പൂര്‍ണമായും ബ്രിട്ടീഷുകാരുടെ അധികാരത്തിനു കീഴില്‍ വന്നുതുടങ്ങിയതിനു ശേഷമാണ് ആനന്ദമഠം എന്ന നോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇതിന്റെ രചയിതാവായ ബക്കിം ചന്ദ്ര ചാറ്റര്‍ജിയെ 1858 ല്‍ ബംഗാളിലെ ബ്രിട്ടീഷ് ലെഫ്. ഗവര്‍ണര്‍ അവിടത്തെ ഡെപ്യൂട്ടി മജിസ്‌ത്രേറ്റായി നിയമിച്ചിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. 1957 നു ശേഷം ഇത്തരമൊരു പോസ്റ്റിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. 1891 ല്‍ ഡിസ്ട്രിക്ട് മജിത്രേറ്റായി അദ്ദേഹം റിട്ടയര്‍ ചെയ്തപ്പോള്‍, രാജ്യത്തിനും സാമ്രാജ്യത്തിനും താന്‍ ചെയ്ത കൂറുള്ള സേവനങ്ങള്‍ പരിഗണിച്ച് ബ്രിട്ടീഷ് രാജ്ഞി റായ് ബഹദൂര്‍, സി.ഐ.ഇ തുടങ്ങിയ പട്ടങ്ങള്‍ നല്‍കി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 

വന്ദേമാതരത്തിന്റെ ചിന്താപരിസരം

ഇനി നമുക്ക് ആനന്ദമഠം എന്ന നോവലിന്റെ ചില പ്രത്യേക ഭാഗങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താം. ഹിന്ദു ധര്‍മത്തെ പിന്താങ്ങുന്ന റബല്‍ സന്യാസികളെ കുറിച്ച് ബക്കിം തന്റെ നോവലില്‍ ഇങ്ങനെ എഴുതുന്നു: 

'ശേഷം അവര്‍ ഒന്നിനു പിറകെ ഒന്നായി ഓരോ ഗ്രാമത്തിലേക്കും ചാരന്മാരെ പറഞ്ഞയക്കാന്‍ തുടങ്ങി. ഗ്രാമങ്ങളിലേക്കു കടന്നുചെല്ലുകയും അവിടെ ഹിന്ദുക്കളെ കണ്ടുമുട്ടുകയും ചെയ്തപ്പോള്‍ ചാരന്മാര്‍ അവരോടു ചോദിച്ചു: 'സുഹൃത്തുക്കളെ, നിങ്ങള്‍ വിഷ്ണുവിനെ ആരാധിക്കുന്നുണ്ടല്ലോ?.' ശേഷം അവര്‍ 20/25 പേരടങ്ങുന്ന സംഘങ്ങളായി ചേര്‍ന്നുനിന്നു. ശേഷം, മുസ്‌ലിം ഗ്രാമങ്ങളിലേക്കു കടന്നുചെല്ലുകയും അവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. തങ്ങളുടെ ജീവന്റെ സുരക്ഷയില്‍ മുസ്‌ലിംകള്‍  അസ്വസ്ഥരായി. 'സന്താനങ്ങള്‍' അവരുടെ സമ്പത്തുകളെല്ലാം കൊള്ളയടിക്കുകയും വിഷ്ണുവിന്റെ പുതിയ ഭക്തന്മാര്‍ക്കിടയില്‍ വിഹിതിച്ചുനല്‍കുകയും ചെയ്തു. തങ്ങള്‍ക്കുള്ള വിഹിതം ലഭിച്ചതോടെ ഗ്രാമീണ ജനങ്ങള്‍ക്ക് സംതൃപ്തിയായി. ശേഷം, അവര്‍ വിഷ്ണുവിന്റെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരപ്പെട്ടു. അവിടെനിന്നും ബിംബത്തിന്റെ പാദങ്ങള്‍ സ്പര്‍ശിച്ചുകൊണ്ട് അവര്‍ സന്താനങ്ങളുടെ ആശയത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. സന്താനങ്ങള്‍ തങ്ങള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ നല്‍കിയതായി അവര്‍ മനസ്സിലാക്കി. അവര്‍ ഗ്രൂപ്പുകളായി സംഘടിക്കുകയും മുസ്‌ലിംകളെ കീഴടക്കാനായി ഇറങ്ങിത്തിരിക്കുകയും ചെയ്തു. വീടുകളില്‍ കയറി കൊള്ള നടത്തി, പണം സമാഹരിച്ചു. കണ്ടുമുട്ടുന്നിടത്തുവെച്ചെല്ലാം മുസ്‌ലിം ഗ്രാമങ്ങള്‍ തീയിട്ടു ചാരമാക്കി.'

സന്താനങ്ങളുടെ ഒരു യോഗത്തിലെ പ്രതികരണങ്ങള്‍ നോവലില്‍ ചിത്രീകരിച്ചത് ഇപ്രകാരമാണ്: 

'കൊല്ലുക, കൊല്ലുക, മുസ്‌ലിംകളെ കൊന്നുകളയുക, ചിലര്‍ ആക്രോശിച്ചു. വിജയം, വിജയം, മഹ്‌രാജിന് വിജയം; മറ്റു ചിലര്‍ അട്ടഹസിച്ചു. സുഹൃത്തുക്കളെ, ഞായറാഴ്ചയായാല്‍ ഞാന്‍ പള്ളി പൊളിച്ച് രാധാമാധവ് ക്ഷേത്രം പണിയും; ചിലര്‍ ഉറക്കെ പറഞ്ഞു.'

മുസ്‌ലിം ഉന്മൂലനത്തിന്റെയും ഹിന്ദു വിജയത്തിന്റെയും വിജയാരവങ്ങളാണ് പിന്നീട് നോവലില്‍ നിറഞ്ഞുനില്‍ക്കുന്നത്.  അതില്‍നിന്നും ഒരു ഭാഗം ഇങ്ങനെ വായിക്കാം: 

'രാത്രിയില്‍ നാട് ഹരേ വിളികളെക്കൊണ്ട് മുഖരിതമായിരുന്നു. സന്താനങ്ങള്‍ സംഘങ്ങളായി അങ്ങുമിങ്ങും ചുറ്റിനടന്നു. ചിലര്‍ ഗ്രാമങ്ങള്‍ക്കു നേരെ ഭ്രാന്തമായി ഓടുന്നു. മറ്റു ചിലര്‍ പട്ടണത്തിനു നേരെ ഓടുന്നു. യാത്രക്കാരെയും വീട്ടിലിരിക്കുന്നവരെയും പിടികൂടി 'വന്ദേ മാതരം' ഉരുവിടാന്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം, കൊന്നുകളയുമെന്ന് ആക്രോശിക്കുന്നു. ചിലര്‍ മധുരപലഹാരങ്ങള്‍ നിര്‍മിക്കുന്ന കടകള്‍ കൊള്ളയടിക്കുന്നു. ചിലര്‍ പശുത്തൊഴുത്തില്‍ പോയി മണ്‍ പാത്രങ്ങളില്‍ പാല്‍ കറക്കുന്നു. ചിലര്‍, ഞങ്ങള്‍ ബ്രാജയില്‍നിന്നും വരുന്ന പാല്‍ക്കാരാണെന്നും പാല്‍ കറക്കുന്ന ഗോപികമാരെവിടെയെന്നും ചോദിച്ച് അലമുറയിടുന്നു. അങ്ങനെ, ഒരു രാത്രി നേരത്തിനുള്ളില്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായി ശബ്ദകോലാഹലങ്ങള്‍ ഉയര്‍ന്നു. മുസ്‌ലിംകള്‍ പരാജയപ്പെട്ടുവെന്നും രാജ്യം ഒരിക്കലൂടെ ഹിന്ദുക്കളുടെ കൈകളില്‍ വന്നുവെന്നും എല്ലാവരും വിളിച്ചുപറഞ്ഞു. ഹരി, ഹരി എന്നിങ്ങനെ ഉച്ചത്തില്‍ ആവര്‍ത്തിച്ചുചെല്ലാന്‍ ജനങ്ങള്‍ ആഹ്വാനം ചെയ്യപ്പെട്ടു. മുസ്‌ലിംകളെ കണ്ടുമുട്ടുന്നിടങ്ങളില്‍വെച്ചെല്ലാം അവരെ കശാപ്പ് ചെയ്യാന്‍ ഗ്രാമീണര്‍ പാഞ്ഞടുത്തു. രാത്രിയില്‍ ചിലര്‍ സംഘങ്ങളായി സംഘടിക്കുകയും മുസ്‌ലിംകള്‍ താമസിക്കുന്ന ഏരിയകളിലേക്ക് പുറപ്പെടുകയും ചെയ്തു. അവരുടെ വീടുകളും സ്വത്തുക്കളും അഗ്നിക്കിരയാക്കി. ധാരാളം മുസ്‌ലിംകള്‍ വധിക്കപ്പെട്ടു. പലരുടെയും താടി വടിക്കപ്പെട്ടു. പല ശരീരങ്ങളും ചെളിയില്‍ പുരണ്ട് കിടന്നു. അവിടെ ഹരി വിളികളും പാട്ടുകളും ഉയരാന്‍ തുടങ്ങി. ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു; തങ്ങള്‍ ഹിന്ദുക്കളാണെന്ന്. പേടിച്ചരണ്ട മുസ്‌ലിംകള്‍ കൂട്ടമായി പട്ടണത്തിനു നേരെ ഓടിപ്പോയി. അല്ലാഹ്, അല്ലാഹ് എന്ന വിളികള്‍ അവരില്‍നിന്നും ഉയരുന്നുണ്ടായിരുന്നു. കാലങ്ങള്‍ക്കു ശേഷം ഖുര്‍ആന്‍ മുഴുവനും തെറ്റാണെന്ന് തെളിയുകയാണോ? ഞങ്ങള്‍ ദിവസവും അഞ്ചു നേരം നമസ്‌കരിക്കുന്നു. എന്നിട്ടും കളഭാഭിഷേകം ചെയ്ത ഹിന്ദുക്കളെ ഞങ്ങള്‍ക്ക് കീഴടക്കാനായില്ല! ജഗം മുഴുക്കെയും മിഥ്യയാണോ? അവര്‍ പറഞ്ഞുകൊണ്ടിരുന്നു.'

2002 ല്‍ ഗുജറാത്തില്‍ അരങ്ങേറിയ മുസ്‌ലിം വംശഹത്യ ആനന്ദമഠത്തിലെ ഇത്തരം സീനുകളുടെ പുനരാവിഷ്‌കരണമായിരുന്നുവെന്നുവേണം മനസ്സിലാക്കാന്‍. തീര്‍ച്ചയായും, ആര്‍.എസ്.എസ് തങ്ങളുടെ വിവിധ ശാഖകളില്‍ പുനരവതരിപ്പിച്ച ഒരു സംഭവം തന്നെയായിരുന്നു ഇത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter