മനുസ്മൃതി മറന്നിട്ടുമതി സംഘ്പരിവാര്‍ സ്ത്രീകള്‍ക്കുവേണ്ടി കണ്ണീരുവാര്‍ക്കല്‍

ഗുജറാത്തില്‍ നിന്നാണ് സംഭവം. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രായ്പൂരിലെ വ്യാപാരിയായ സഫര്‍ അബ്ബാസിന്റെ ഭാര്യ സജെദ്ബാനു 2001 ല്‍ സ്വവസതിയിലേക്ക് തിരിച്ചുപോയി. 2003 ല്‍ സജെദ്ബാനുവിനെ അറിയിക്കാതെ സഫര്‍ അബ്ബാസ് രണ്ടാമതും വിവാഹിതനായി. തുടര്‍ന്ന് ബഹുഭാര്യത്വം ആരോപിച്ച് ആദ്യഭാര്യ സഫര്‍ അബ്ബാസിനെതിരെ പൊലീസില്‍ പരാതി കൊടുത്തു. പൊലീസ് സഫര്‍ അബ്ബാസിനെ കസ്റ്റഡിയിലെടുത്തു. നിയമപരമായി വിവാഹം കഴിച്ച പങ്കാളി ജീവിച്ചിരിക്കെ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 494 വകുപ്പ്  അനുസരിച്ച് കുറ്റകൃത്യമാണെന്നായിരുന്നു കേസ്സെടുത്ത പൊലീസ് ഭാഷ്യം. ഇതോടെ, സഫര്‍ അബ്ബാസ് ഹൈക്കോടതിയെ സമീപിച്ചു. മുസ്ലിം വ്യക്തിനിയമം അനുസരിച്ച് പുരുഷന് നാല് വിവാഹം വരെ കഴിക്കാമെന്നും തന്റെ രണ്ടാംവിവാഹം ബഹുഭാര്യത്വപരിധിയില്‍പ്പെടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആദ്യഭാര്യയുടെ സമ്മതം വേണമെന്നും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതിവേണമെന്നും വ്യക്തിനിയമത്തില്‍ പറയുന്നുണ്ടെന്നും തന്റെ കക്ഷിക്ക് അത് ലംഘിക്കപ്പെട്ടെന്നും സജെദ് ബാനുവിന്റെ അഭിഭാഷകന്‍ വാദിച്ചു.

തുടര്‍ന്ന് കോടതി അമിക്കസ് ക്യൂറിയുടെ സഹായം തേടി. ഇസ്ലാം പുരുഷന് നാല് വിവാഹം വരെ ചെയ്യാന്‍ അനുമതി നല്‍കുന്നുണ്ടെന്നും പക്ഷേ അവരോട് തുല്യനീതി കാണിക്കണമെന്ന് മതം പറയുന്നുണ്ടെന്നും അമിക്കസ് ക്യൂറി വിശദീകരിച്ചു. 'നിയമം ഉണ്ടാക്കുന്ന ദൈവം ഒന്നേയുള്ളൂ.. പക്ഷേ, പിന്നെ എങ്ങനെയാണ് വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് വ്യത്യസ്ത നിയമമായതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെ'ന്നായിരുന്നു ജസ്റ്റിസ് ജെ.ബി പര്‍ദിവാലയുടെ സംശയം. അമിക്കസ് ക്യൂറി വിശദീകരിച്ചു: ''എല്ലാ മതങ്ങളിലും ബഹുഭാര്യത്വം നിലനിന്നിരുന്നു. അതിന് നിരവധി ഉദാഹരണങ്ങള്‍ ഇതിഹാസങ്ങളിലും പുരാണങ്ങളിലും കാണാം. പിന്നീട് മനുഷ്യനിര്‍മ്മിത നിയമങ്ങള്‍ അതിനെ നിയന്ത്രിച്ചു. 1955 ലെ ഹിന്ദു മാര്യേജ് ആക്ട് ഇല്ലായിരുന്നുവെങ്കില്‍ ഹിന്ദുക്കളിലും ബഹുഭാര്യത്വം ഉണ്ടാകുമായിരുന്നു''.

വാടാനപ്പള്ളിയില്‍ അബ്ദുല്‍ കരീം എന്നയാള്‍ ഒരു വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം നടത്തിയെന്നും ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസ്സെടുത്തില്ലെന്നും പരിതിപ്പെട്ട് വന്ന ഹര്‍ജിയില്‍, വ്യക്തിനിയമങ്ങള്‍ പരിഗണിക്കാതെ ബഹുഭാര്യത്വത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം തുല്യനടപടി ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ മുസ്ലിംകളുടെ കാര്യത്തില്‍ വിവേചനം നിലനില്‍ക്കുന്നില്ലെന്ന നിരീക്ഷണത്തോടെ അന്ന് കേരള ഹൈക്കോടതി ഹര്‍ജി തള്ളി. ഇത്തരം സംഭവങ്ങള്‍ വ്യാപകമാണെന്നും ഇന്ത്യന്‍ ശിക്ഷാനിയമം എല്ലാ പൗരന്‍മാര്‍ക്കും തുല്യമായി ബാധകമാക്കണമെന്നുമാവശ്യപ്പെട്ട് തൃശൂര്‍ ഇരവ് സ്വദേശി വേണുഗോപാല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയും കോടതി തള്ളിക്കളഞ്ഞു. ഗുജറാത്ത് മുതല്‍ കേരളം വരെ തീവ്രതയുടെയും മിതത്തിന്റെയുമായ എല്ലാ സാഹചര്യങ്ങളിലും അത്തരം ചിന്തകളെ വിത്തിട്ട് മുളപ്പിച്ച് മുസ്ലിംവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതോടൊപ്പം മുസ്ലിം വ്യക്തിനിയമത്തിന്റെ ശക്തി അടയാളപ്പെടുത്താനുമാണ് ഈ രണ്ട് സംഭവങ്ങള്‍ ഉദ്ധരിച്ചത്.

എന്തുകൊണ്ട് ഹിന്ദു മാര്യേജ് ആക്ട്പോലെ നിയമ നിര്‍മ്മാണം നടത്തി മുസ്ലിം വിവാഹവും വിവാഹ മോചനവും നിയന്ത്രിച്ചുകൂടാ എന്ന ചോദ്യം ഉയര്‍ത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇസ്ലാമില്‍ സ്ത്രീകള്‍ സ്വാതന്ത്ര്യം ലഭിക്കാതെ വീര്‍പ്പുമുട്ടിക്കഴിയുകയാണെന്നും അവരെ വിമോചിപ്പിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നുമാണ് സമീപകാലത്തെ ഒരു പ്രധാന ചര്‍ച്ച. മുസ്ലിം പുരുഷന്‍ ഇഷ്ടംപോലെ കെട്ടുന്നു; തീര്‍ക്കുന്നു. സ്ത്രീകളാവട്ടെ മുത്വലാഖിന്റെ ഇരകളായി കണ്ണീരിലും ദുരിതത്തിലുമാണ്. ഇസ്ലാമിക ശരീഅത്ത് പൊളിച്ചെഴുതുകയോ ഒരു കോമണ്‍സിവില്‍കോഡ് നടപ്പാക്കി മുസ്ലിം സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയോ ചെയ്യണമെന്ന ചര്‍ച്ചക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാര്‍ലമെന്റിലും കോടതികളിലും ഇതുസംബന്ധിച്ചുണ്ടായ ചര്‍ച്ചകളും വാദങ്ങളും തീര്‍പ്പുകളും, 2017 ആഗസ്റ്റ് 22നു സുപ്രീംകോടതി മുത്വലാഖിന്റെ നിയമ സാധുതയെ കുറിച്ച് നടത്തിയ വിധിന്യായത്തോടെ പുതിയൊരു ദിശയിലേക്ക് നീങ്ങിയിരിക്കുന്നു. 

സുപ്രീം കോടതിയുടെ അഞ്ചംഗ ബെച്ച് ഒറ്റക്കെട്ടായല്ല വിധിന്യായം പുറപ്പെടുവിച്ചത് എന്നതു മാത്രം മതി ഇസ്ലാമിലെ വിവാഹ-വിവാഹമോചന രീതികളെ പ്രാകൃതമെന്ന് ആരോപിക്കുന്നവരുടെ ദുഷ്ടലാക്ക് തിരിച്ചറിയാന്‍. ചീഫ് ജസ്റ്റിസ് ഖെഹാര്‍, ജസ്റ്റിസ് നസീര്‍ എന്നിവര്‍ മുത്വലാഖ് ഭരണഘടനാപരമാണെന്നു വിധി പ്രസ്ഥാവിച്ചു എന്നത് നിസ്സാരമല്ല. ജസ്റ്റിസ് കുര്യന്‍ ജോസഫ് ഒറ്റയിരിപ്പിലുള്ള മുത്വലാഖ് നിയമവിരുദ്ധമാണെന്നു കണ്ടെത്തിയപ്പോള്‍ ജസ്റ്റിസ് നരിമാന്‍, ജസ്റ്റിസ് ലളിത് എന്നിവര്‍ മുത്വലാഖ് തന്നെ ഭരണഘടനാവിരുദ്ധമാണെന്നു വിധിക്കുകയായിരുന്നു. 
അഞ്ചു മതങ്ങളില്‍ പെട്ട അഞ്ചു ജഡ്ജിമാര്‍ പരിശോധിച്ച വിഷയത്തില്‍ ചീഫ് ജസ്റ്റിസും ഇസ്ലാം മതവിശ്വാസിയായ ജഡ്ജിയും മുതലാഖിന്റെ സാധുത അടിവരയിടുമ്പോള്‍ മലയാളിയായ ക്രിസ്ത്യന്‍ ജഡ്ജി ഒറ്റയിരിപ്പിലുള്ള മുതലാഖിനെയാണ് എതിര്‍ത്തത്. ജസ്റ്റ് നരിമാനും ജസ്റ്റിസ് ലളിതും യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വെച്ചതാവട്ടെ, ഇസ്ലാമിലെ ത്വലാഖ് എന്ന രീതിയെ തന്നെയായിരുന്നു. അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് ഭൂരിപക്ഷ അഭിപ്രായ പ്രകാരം 'ഒറ്റയിരിപ്പിലുള്ള മുത്വലാഖ് 'റദ്ദാക്കിയിരിക്കുന്നു എന്നതാണ് പുതിയ സംഭവം. മുസ്ലിം പണ്ഡിതര്‍ക്കിടയില്‍ തന്നെ ഒറ്റയിരിപ്പിലുള്ള മുത്വലാഖ് എന്നത് തര്‍ക്ക വിഷയമാണുതാനും. പ്രത്യക്ഷത്തില്‍ ഇങ്ങിനെ ലഘൂകരിക്കാമെങ്കിലും ആറു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന പന്ത്, ത്വലാഖും ബഹുഭാര്യത്വവും ഉള്‍പ്പെടെയുള്ള ഇസ്ലാമിക വിവാഹ രീതികളോട് തന്നെ തുറന്ന യുദ്ധം പ്രഖ്യാപിച്ച ഒരു ഭരണകൂടത്തിന്റെ കയ്യിലേക്കാണ്. 
കഴിഞ്ഞ മെയ് മാസം ഈ വിഷയത്തിലുള്ള വാദം സുപ്രീം കോടതിയില്‍ നടക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറ്റോണി ജനറല്‍ മുഗുള്‍ റോഹത്ഗി അറിയച്ചതു തന്നെ, 'മുത്വലാഖ് നിരോധിക്കാന്‍ കോടതി തയ്യാറായാല്‍ മൂന്നു മാസത്തിനകം നിയമം നിര്‍മ്മാണം കൊണ്ടുവരും' എന്നായിരുന്നു. ബഹുഭാര്യത്വവും നിഖാഹ് ഹലാലയും കൂടി നിരോധിക്കണമെന്ന താല്‍പര്യം അദ്ദംഹം മുന്നോട്ടുവെച്ചെങ്കിലും സമയ പരിമിതിയുടെ പേരില്‍ മുത്വലാഖ് മാത്രം പരിഗണിച്ചാണ് വിധി പുറപ്പെടുവിച്ചത്.

പരാതി മുസ്ലിം സ്ത്രീക്കോ

മുത്വലാഖിന് ഇരയായ മുസ്ലിം സ്ത്രീകള്‍ സുപ്രീം കോടതിയിലെത്തി കേസ്സു നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ അവരെ സഹായിച്ചുവെന്നുമാണ് പൊതുവില്‍ ഇക്കാര്യത്തില്‍ തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്. ഗൂഢതാല്‍പര്യത്തോടെ സുപ്രീംകോടതി അസാധാരണ നടപടിക്രമത്തിലൂടെ കേന്ദ്രത്തിലെ കാറ്റിനനുസരിച്ച് ചലിക്കുകയായിരുന്നു എന്നു വേണം കരുതാണ്. 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവുമായി ബന്ധപ്പെട്ട കേസ് 2015 ഒക്ടോബര്‍ 16ന് പരിഗണിക്കവെ ജസ്റ്റിസുമാരായ അനില്‍ ദവേ, എ.കെ ഗോയല്‍ എന്നിവരടങ്ങുന്ന സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന അനീതികളെ കുറിച്ചു പരാമര്‍ശിച്ചത്. വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലുള്ള മുസ്ലിം വ്യക്തിനിയമത്തെ ഒന്നാകെ അന്ന് അവര്‍ ചോദ്യംചെയ്തു. 

മുത്വലാഖ്, ബഹുഭാര്യാത്വം, നികാഹ് ഹലാല തുടങ്ങിയ നടപടികള്‍ സ്ത്രീകളുടെ അഭിമാനത്തെ ഹനിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ കോടതി തന്നെ സ്വമേധയാ പൊതുതാല്‍പര്യ ഹര്‍ജിയായി വിഷയം കുത്തിപ്പൊക്കുകയുമായിരുന്നു. ഇതോടൊപ്പം, വിവാഹമോചനത്തിന്റെ കാര്യത്തില്‍ മുസ്ലിം സ്ത്രീകള്‍ വിവേചനം നേരിടുണ്ടോയെന്നു പരിശോധിക്കാന്‍ ഒരു ബെഞ്ച് സ്ഥാപിക്കണമെന്നും ഈ രണ്ടംഗ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതോടെയാണ് ഇപ്പോള്‍ വിധിപുറപ്പെടുവിച്ച ബെഞ്ച് രൂപപ്പെട്ടത്. പിന്നീട് അതിനു ബലം ലഭിക്കാന്‍ 18 കോടി മുസ്ലിംകളില്‍ നിന്ന് അഞ്ചു വനിതകളെ തെരഞ്ഞുപിടിച്ച് വാര്‍ടസപ്പിലൂടെയും മറ്റും പരാതി സംഘടിപ്പിച്ച് കക്ഷി ചേര്‍ത്തു. 

ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ വിഷയം പരമാവധി പൊലിപ്പിച്ചെടുക്കാന്‍ കേന്ദ്രവും-സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ശ്രമിച്ചു. എന്നിട്ടും ചീഫ് ജസ്റ്റിസുള്‍പ്പെടെ അഞ്ചില്‍ രണ്ടു പേരും വൈകാരികതക്ക് കീഴടങ്ങാതെ നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ വൈവിധ്യങ്ങളെ ഉള്‍കൊള്ളാനുള്ള ശക്തി ഒരിക്കല്‍കൂടി വ്യക്തമായി. അതേസമയം, ഇസ്ലാമിക വിവാഹത്തില്‍ സ്ത്രീകള്‍ ലിംഗവിവേചനം അനുഭവിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ നിയുക്തമായ അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചപ്പോള്‍ അക്കാര്യത്തെ കുറിച്ച് ഒന്നും പരാമര്‍ശിച്ചില്ലെന്നതും കൗതുകകരമാണ്.
നേരത്തെയും ഇത്തരം മുന്‍വിധികള്‍ വിവിധ കോടതികളില്‍ നിന്ന് എത്രയോ തവണ ഉണ്ടായിട്ടുണ്ട്. 2002ലെ  ശമീം ആറ കേസില്‍, ത്വലാഖിനു മതിയായ കാരണം വേണമെന്നും മൊഴിചൊല്ലുന്നതിനു മുന്‍പായി ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ അനുരഞ്ജനശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നു വന്ന മസ്റൂര്‍ അഹ്മദ് കേസില്‍ ജസ്റ്റിസ് അഹ്മദ് ദറാസ് മേല്‍ കേസിലെ വിധിന്യായം തന്നെയാണ് അവലംബിച്ചത്. കേവലം മൊഴിചൊല്ലല്‍ മാത്രം പോരെന്നും അനുരഞ്ജനശ്രമങ്ങള്‍ നടന്നതിനു മതിയായ കാരണം ബോധിപ്പിക്കണമെന്നും കോടതി അന്ന് ഇടപെട്ടിരുന്നു. 2016ല്‍ കേരള ഹൈക്കോടതിക്കു മുന്‍പാകെ വന്ന നസീര്‍-ശമീമാ കേസിലും ശമീം ആറ കേസിലെ വിധി ഉദ്ധരിച്ച് കോടതി മുത്വലാഖിനെ നിരാകരിച്ചിരുന്നു. അതിന്റെയൊക്കെ ക്രോഡീകരണമായി പുതിയ വിധിയെയും കാണാമെന്നുമാത്രം.

ഇസ്ലാമിലെ സ്ത്രീയും വിവാഹവും

വിശ്വാസത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം സംരക്ഷിക്കപ്പെടാനുള്ള ഉപാധിയായാണ് ഇസ്ലാമില്‍ വിവാഹത്തെ കണക്കാക്കുന്നത്. സദാചാര നിഷ്ഠ, ധര്‍മബോധം, ലൈംഗിക അച്ചടക്കം, ഭദ്രമായ കുടുംബ സംവിധാനം തുടങ്ങിവയൊക്കെ അതിന്റെ ലക്ഷ്യങ്ങളാണ്. വിവാഹം തീരുമാനിക്കുന്നതില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശമുണ്ട്. അഭിപ്രായ രൂപീകരണത്തിനുള്ള പ്രായവും പക്വതയുമുള്ള സ്ത്രീയുടെ സമ്മതത്തോടുകൂടിയാണ് വിവാഹം നടത്തേണ്ടത്. കന്യകയാണെങ്കില്‍ പോലും രക്ഷിതാവിന് മൗനം സമ്മതമായി കണക്കാക്കാമെന്നാണെങ്കിലും അവളുടെ അഭിപ്രായത്തിന് വിലയുണ്ട്. 

വളരെ ലളിതമായ ചടങ്ങില്‍ രക്ഷിതാവ് രണ്ടു സാക്ഷികള്‍ മുഖേന സ്ത്രീക്ക് വിവാഹ മൂല്ല്യം ഉറപ്പാക്കി ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ പുരുഷന് സ്ത്രീയെ ഏല്‍പ്പിച്ചു കൊടുക്കുന്ന ചടങ്ങാണ് ഇസ്ലാമിലെ വിവാഹം. ഏല്‍പ്പിച്ചു എന്ന് രക്ഷിതാവും സ്വീകരിച്ചു എന്നു പുരുഷനും പറയുന്നതോടെ ഒന്നായിരുന്ന ഇണകളെ പരസ്പരം ഒരേമനസ്സോടെ മുന്നോട്ടു നയിക്കുമെന്ന് സൃഷ്ടാവിന്റെ വാഗ്ദാനമാണ്. 

തോന്നുംപോലെ മൊഴിചൊല്ലുകയും വേറെ കെട്ടുകയും ചെയ്യുന്നതാണ് ഇസ്ലാമിക വൈവാഹികകുടുംബ വ്യവസ്ഥയെന്ന് തെറ്റിദ്ധരിപ്പിക്കുന്നവര്‍ സ്ത്രീയുടെ സുരക്ഷക്ക് നല്‍കിയ പ്രാധാന്യം ബോധപൂര്‍വ്വം വിസ്മരിക്കുകയാണ്. ത്വലാഖ് അഥവാ മൊഴിചൊല്ലുന്നത് ഇസ്ലാമില്‍ അനുവദിക്കപ്പെട്ടതില്‍ ഏറ്റവും വെറുപ്പുള്ള കാര്യമാണ്. ആര്‍ത്തവ സമയത്ത് അവള്‍ ആവശ്യപ്പെടാതെയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശുദ്ധിയില്‍ ഗര്‍ഭധാരണം വ്യക്തമാവും മുമ്പും ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ അവളുടെ ഊഴ ദിവസം അനുവദിക്കാതെയും മൊഴിചൊല്ലല്‍ നിഷിദ്ധമാണെന്നാണ് ഇസ്ലാമിക കര്‍മ്മ ശാസ്ത്രം പറയുന്നത്. മൂന്നു മൊഴികള്‍ (മുത്വലാഖ്) ചൊല്ലിയാല്‍ പിന്നെ വീണ്ടും ഭാര്യയായി തിരിച്ചെടുക്കാന്‍ ഇദ്ദക്ക് (മൂന്നു മാസം) ശേഷം വേറൊരാള്‍ വിവാഹം കഴിക്കുകയും സ്വന്തം ഇഷ്ടപ്രകാരം മൊഴി ചൊല്ലുകയും ഇദ്ദക്ക് ശേഷം വിവാഹം ചെയ്യുകയും വേണമെന്നതാണ് കര്‍ശന നിബന്ധന. ദേഷ്യത്തിലോ എടുത്തുചാട്ടത്തിലോ അറിയാതെ പോലും വന്നുഭവിക്കാന്‍ പാടില്ലാത്ത ഒന്നാണ് മൊഴി ചൊല്ലല്‍ എന്നതാണ് ഇതിന്റെ സാരം. അനിവാര്യ ഘട്ടങ്ങളില്‍ മൊഴിചൊല്ലാമെങ്കിലും ഇതിനെകുറിച്ച് ദൈവത്തിന്റെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതാണ് അതിലേറെ വലിയ ഉള്‍സാരം. 

ഭാര്യക്ക് ഭര്‍ത്താവിനെയും മൊഴി (ഫസ്ഖ്) ചൊല്ലാമെന്നത് അവളുടെ വ്യക്തിത്വത്തെ എത്രമാത്രം ഇസ്ലാം അംഗീകരിക്കുന്നുവെന്നതിന്റെ സാക്ഷ്യമാണ്. വിവാഹ സമയത്തെ ഉടമ്പടി പാലിക്കാതിരിക്കുക, ലൈംഗിക ശേഷി നഷ്ടപ്പെടുക, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവയും സംരക്ഷണവും നല്‍കാതിരിക്കുക, വിവാഹ മൂല്യമായ മഹ്ര്! നല്‍കാനാവാത്തവനാണെന്ന ് ആദ്യ ലൈംഗിക ബന്ധത്തിന് മുമ്പ് ബോധ്യപ്പെടുക തുടങ്ങിയ കാരണങ്ങളുണ്ടെങ്കില്‍ ഖാസിയുടെ അടുത്ത് കാര്യങ്ങള്‍ ബോധിപ്പിച്ച് അദ്ദേഹം വഴി മൊഴിചൊല്ലാവുന്നതാണ്. അതോടെ അവളുടെ സംരക്ഷണ ചുമതല നിര്‍വചിക്കപ്പെടാനാണ് ഖാസിയുമായി ഫസ്ഖ് ബന്ധിപ്പിച്ചത്.

ബാല്യത്തില്‍ പിതാവും സഹോദരങ്ങളും ഭാര്യയാവുമ്പോള്‍ ഭര്‍ത്താവും പിന്നെ മക്കളുമാണ് പെണ്ണിനെ സംരക്ഷിക്കേണ്ടത്. ഇവരാരുമില്ലെങ്കില്‍ സ്റ്റേറ്റിനാണ് ഉത്തരവാദിത്വം. ആരും നോക്കാനില്ലാത്തവരുടെ സംരക്ഷണത്തിന,് സാമ്പത്തികമായി ശേഷിയുള്ളവര്‍ക്കും ബാധ്യതയുണ്ട്. പിതാവോ സഹോദരനോ ഭര്‍ത്താവോ മകനോ ഖാസിയോ എല്ലാ ചെലവുകളും വഹിച്ച് നോക്കല്‍ ബാധ്യതപ്പെട്ടിട്ടും കുടുംബ സ്വത്ത് ഓഹരിവെക്കുമ്പോള്‍ പുരുഷന്റെ പാതി അവള്‍ക്ക് നല്‍കിയിരിക്കണമെന്നാണ് കല്‍പന. ആണിന് ലഭിക്കുന്നതിന്റെ പാതിയില്‍ കുറയാതെ നല്‍കിയിരിക്കണം എന്ന് പറയുന്ന ഇസ്ലാം അവളുടെ സംരക്ഷണം അപ്പാടെ പുരുഷ കേന്ദ്രീകൃതമായി ഏല്‍പ്പിക്കുന്നു. ഒരു പിതാവിന്റെ എല്ലാ ആണ്‍ മക്കളും ചേര്‍ന്ന് പെണ്‍കുട്ടിക്ക് എല്ലാ സ്വത്തും നല്‍കുന്നതിന് യോജിച്ച് തീരുമാനിച്ചാല്‍ ഇസ്ലാം എതിരല്ല. ഭാര്യയുടെ സ്വത്തില്‍ നിന്ന് അവളുടെ സമ്മതമില്ലാതെ ഭര്‍ത്താവിന് എടുത്തുപയോഗിക്കാന്‍ പാടില്ല.
ഭാര്യക്ക് അവന്‍ കഴിക്കുന്നതില്‍ വിവേചനമില്ലാത്ത ഭക്ഷണം, വര്‍ഷത്തില്‍ രണ്ടു ജോഡിയില്‍ കുറയാത്ത വസ്ത്രം, സുരക്ഷിതമായ താമസം എന്നിവയൊക്കെ ഒരുക്കേണ്ട ബാധ്യത ഭര്‍ത്താവിനുണ്ട്. പ്രസവിച്ച് നാലാം ദിവസം മുതല്‍ മുലപ്പാല്‍ നല്‍കാന്‍ ഭര്‍ത്താവിനോട് പണം ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്നുവരെ ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ പറയുന്നുണ്ട്. ദൈവ മാര്‍ഗത്തില്‍ പണം ചെലവഴിക്കുന്നതിനെയും അടിമ മോചനത്തിന്റെ പ്രാധാന്യത്തെയും അതിന് ലഭിക്കുന്ന മോഹിപ്പിക്കുന്ന മഹാ പ്രതിഫലത്തെ കുറിച്ചും ശരിക്കും ബോധ്യപ്പെടുത്തിയ ശേഷം പ്രവാചകന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നല്‍കിയ ഒരു നാണയം, അടിമ മോചനത്തിന് നീ ചെവഴിച്ച ഒരു നാണയം, അഗതിക്ക് വേണ്ടി ദാനം നല്‍കിയ ഒരു നാണയം, ഭാര്യക്ക് വേണ്ടി നീ ചെലവഴിച്ച ഒരു നാണയം. ഇവയില്‍ ഭാര്യക്ക് വേണ്ടി നീ ചെലവഴിച്ച നാണയത്തിനാണ് കൂടുതല്‍ പ്രതിഫലമുള്ളത്.' (മുസ്ലിം).

വ്യക്തിനിയമവും രാഷ്ട്രീയവും

ഭരണഘടനയെയും നിയമത്തെയും പരിശോധിക്കുകയോ വ്യാഖ്യാനിക്കുകയോ മാത്രമാണ് കോടതികളുടെ അധികാര പരിധി. പലപ്പോഴും നിയമനിര്‍മ്മാണത്തിന്റെ അവസ്ഥയിലേക്കോ മൗലികാവകാശമെന്ന അടിസ്ഥാന തത്വങ്ങളെ പോലും പരിഗണിക്കാതെയോ വൈകാരികമായോ കോടതികള്‍ പരിധി ലംഘിക്കാറുണ്ട്. കേന്ദ്ര ഭരണകൂടത്തിന്റെ നിലപാടുകള്‍ സുപ്രീംകോടതി വിധികളെ സ്വാധീനിച്ച എത്രയോ സംഭവങ്ങള്‍ കാണാനാവും. എങ്കില്‍പോലും നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച് കോടതികള്‍ വിസ്മയിപ്പിക്കാറുണ്ട്. സ്വകാര്യത മൗലികാവകാശമല്ലെന്ന വാദവുമായി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മുമ്പാകെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ നമ്മള്‍ കണ്ടതാണ്. എന്തു കഴിക്കണം, എന്തുടുക്കണം, ഏതുഭാഷ സംസാരിക്കണം തുടങ്ങി ചിന്തക്കും വ്യക്തിത്വത്തിനും ചങ്ങലയിടാന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങളെ ഒമ്പതംഗ ബെഞ്ച് പൊളിച്ചടുക്കി സുപ്രീംകോടതി ജനങ്ങളുടെ അഭിമാനം സംരക്ഷിച്ച വിധിവന്നിട്ട് ദിവസങ്ങളേ ആയുള്ളൂ.
മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വാസത്തോടൊപ്പം ആചാരത്തിലും തനിമയോടെ മുന്നോട്ടു പോവുന്ന മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതു നല്‍കിയ ആശ്വാസം ചെറുതല്ല. എല്ലാ മതാനുയായികള്‍ക്കും സ്വന്തം വിശ്വാസമനുസരിച്ച് മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവസരം അനുവദിക്കുന്നു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യ മതേതര സംവിധാനം. മതവിശ്വാസവും മതാനുഷ്ടാനവും സംരക്ഷിക്കപ്പെടുന്ന സമഗ്രതയാണ് അതിന്റെ കരുത്ത്. ഇന്ത്യന്‍ ഭരണഘടന മൗലികാവകാശമായി 25 മുതല്‍ 30 വരെയുള്ള വകുപ്പുകളില്‍ മതവിശ്വാസത്തിനും പ്രചാരണത്തിനുമെല്ലാം അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. 

1937ല്‍ നിലവില്‍ വരികയും 1939ല്‍ ഭേദഗതി വരുത്തുകയും ചെയ്തതും ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത 'മുസ്ലിം വ്യക്തിനിയമം' ഇവിടെ മുസ്ലിംകള്‍ അനുഭവിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ആണിക്കല്ലാണ്. വിവാഹം, വിവാഹ മോചനം, ദായധനം, വഖ്ഫ് തുടങ്ങിയവ ഇസ്ലാമിക ശരീഅത്തനുസരിച്ച് വിധിതേടാന്‍ ഭരണഘടന നല്‍കുന്ന അവകാശമാണിത്. ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ കര്‍മ ശാസ്ത്ര നിയമങ്ങളുടെ ക്രോഡീകരണമാണ് മുസ്ലിം വ്യക്തിനിയമം. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് അഥവാ വിശുദ്ധ ഖുര്‍ആന്‍, പ്രവാചക ചര്യ, മതപണ്ഡിതരുടെ ഏകകണ്ഠമായ അഭിപ്രായം, ഖുര്‍ആനും നബിചര്യയും പഠിപ്പിച്ച തത്വങ്ങളുടെ വെളിച്ചത്തില്‍ നിര്‍ധാരണം ചെയ്ത നിയമങ്ങള്‍ എന്നീ നാലു പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യക്തിനിയമം രൂപപ്പെടുത്തിയത്. 

ഇസ്ലാമില്‍ ജാതിയോ ഉപജാതിയോ ഇല്ലെങ്കിലും കര്‍മ്മശാസ്ത്ര വിഷയത്തില്‍ പിന്‍പറ്റുന്ന വിവിധ ധാരകളുണ്ട്. മദ്ഹബുകളായും അല്ലാതെയും സംഘടിതരായവര്‍ക്കെല്ലാം ഖുര്‍ആന്‍ ഒന്നാണെങ്കിലും മറ്റുള്ളവയെ സമീപിക്കുമ്പോള്‍ ഉള്ള വൈവിധ്യങ്ങള്‍ മൂലം കര്‍മ്മ ശാസ്ത്രപരമായി ഏകാഭിപ്രായം ഇല്ല. കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ ശാഫിഈ മദ്ഹബുകാരാണ് അധികമെങ്കിലും രാജ്യത്ത് ഹനഫികളാണ് കൂടുതല്‍. ആഗോളതലത്തില്‍ സുന്നികളുമായി ചേര്‍ത്തെണ്ണുന്ന സലഫികളും ശിയാക്കളും ഉള്‍പ്പെടെയുള്ളവരുമുണ്ട്. ഈ വസ്തുതയെ ഉള്‍ക്കൊള്ളാതെ വിഷയത്തെ സമീപിക്കുന്നതാണ് പലപ്പോഴും എതിരാളികള്‍ക്ക് നേട്ടമാവുന്നത്. 1981 ല്‍ മക്ക ആസ്ഥാനമായി സ്ഥാപിതമായ മജ്മഉല്‍ ഫിഖ്ഹില്‍ ഇസ്സ്ലാമിയുദ്ദൗലി അഥവാ ഇന്റര്‍ നാഷനല്‍ ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാഷ്ട്രങ്ങളുടെ പൊതു പ്രാതിനിധ്യമുള്ള പണ്ഡിതസഭ പോലെ ഒന്നിന്റെ അഭാവം ഇനിയെങ്കിലും വിലയിരുത്തപ്പെടണം. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ ആധികാരികതയെ വിലകുറച്ചു കാണുകയല്ല. പുതിയ സാഹചര്യത്തില്‍ മുസ്ലിം വ്യക്തിനിയമം സംരക്ഷിക്കപ്പെടാന്‍ രൂപപ്പെടേണ്ട യോജിപ്പിന്റെ പ്രാധാന്യം സൂചിപ്പിച്ചെന്നു മാത്രം. പാര്‍ലമെന്റില്‍ കാര്യഗൗരവത്തോടെ വിഷയത്തെ ഏകസ്വരത്തില്‍ അവതരിപ്പിച്ചില്ലെങ്കില്‍ ഏക സിവില്‍കോഡിനുള്ള കോഡായി സംഘ്പരിവാര്‍ അതു ദുരുപയോഗം ചെയ്യുമെന്നത് മറക്കരുത്.
പാര്‍ലമെന്റ് പുതിയ നിയമം കൊണ്ടുവരണമെന്ന നിര്‍ദേശത്തെ കരുതലോടെ സമീപിക്കേണ്ടതുണ്ട്. വ്യക്തിനിയമങ്ങളുടെ പരിരക്ഷയെ ദുര്‍ബലപ്പെടുത്തി മുത്വലാഖില്‍ കൈവെച്ച് ത്വലാഖിലേക്കും വിവാഹത്തിലേക്കും നീളുന്ന സാഹചര്യമാണ് മുമ്പിലുള്ളത്. ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞ മുസ്ലിം ലോകത്തിന് എതിരഭിപ്രായമില്ലാത്ത ഒന്ന്, രണ്ട്, മൂന്ന് എന്ന രീതിയിലുള്ള മുത്വലാഖ് സുപ്രീം കോടതി നിരോധിച്ചിട്ടില്ലെന്ന് ആശ്വസിക്കുമ്പോഴും വ്യക്തിനിയമ പരിധിയില്‍ വരുന്ന വിവാഹ സംബന്ധമായ ഒരു കാര്യത്തിലേക്ക് സുപ്രീം കോടതി കടന്നു കയറാന്‍ ശ്രമിച്ചു എന്നതിന്റെ മാനം വലുതാണ്. 1980കളില്‍ ആരംഭിക്കുകയും 1985 ഏപ്രിലിലെ ശബാനുകേസിലെ സുപ്രീം കോടതി വിധിയോടെ മുസ്ലിം സ്ത്രീ മുഖ്യ ചര്‍ച്ചയായതും പലരുടെയും ശരീഅത്ത് വിരുദ്ധത മറനീക്കി പുറത്തുവന്നതും ഇപ്പോഴത്തെ മുത്വലാഖ് നിരോധം സ്വാഗതം ചെയ്യാനുള്ള തിടുക്കവും കൂട്ടിവായിക്കേണ്ടതാണ്. ഗര്‍ഭിണിയായ മുസ്ലിംസ്ത്രീയുടെ വയറ്റില്‍ തൃശൂലം കുത്തിയിറക്കിയവരുടെ സ്നേഹം കാണുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണിപ്പോള്‍. മുത്വലാഖ് നിരോധന വിധിയെ പ്രശംസകൊണ്ട് മൂടുന്ന പ്രധാനമന്ത്രി മോദിയുടെ ഭാര്യയുടെ അവസ്ഥയുടെ കണ്ണാടി അവര്‍ക്ക് നേരെ തിരിച്ചുപിടിച്ചാല്‍ മാത്രം മതി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter