അഭയാര്‍ത്ഥി പ്രശ്‌നവും മുസ്‌ലിം രാജ്യങ്ങളും

റോഹിംഗ്യന്‍ വിഷയം ലോകത്തിനുമുമ്പില്‍ കരളലിയിപ്പിക്കുന്ന ഒരു ദയനീയക്കാഴ്ചയായി മാറിയിരിക്കുന്നു. ദൈനംദിനമെന്നോണം കേട്ടുകേള്‍വിപോലുമില്ലാത്തവിധം തീക്ഷ്ണതയേറിയ പീഡന ചിത്രങ്ങളാണ് ഇന്ന് പുറത്തുവരുന്നത്. മനുഷ്യാവകാശങ്ങളുടെ പേരുപറഞ്ഞ് കണ്ടതിനും കേട്ടതിനും എടുത്തുചാടുന്ന ലോകരാഷ്ട്രങ്ങള്‍ മൊത്തത്തിലും മുസ്‌ലിം രാഷ്ട്രങ്ങള്‍ പ്രത്യേഗിച്ചും ഈ വിഷയത്തില്‍ റോഹിംഗ്യകള്‍ക്ക് സമാധാനം നല്‍കുന്നൊരു തീരുമാനം കൈകൊള്ളാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. ഇഞ്ചിഞ്ചായി ഒരു ജനതയെ വംശനാശം വരുത്തുന്ന കാഴ്ചയാണ് ലോകം ക്യാന്‍വാസിലെന്നപോലെ ലൈവായി കണ്ടുകൊണ്ടിരിക്കുന്നത്. 

ഏകദേശം 8 ലക്ഷം മുതല്‍ 11 ലക്ഷം വരെ റോഹിംഗ്യന്‍ മുസ്‌ലിംകളാണ് അറാകാനില്‍ ജീവിക്കുന്നത് എന്നാണ് മനസ്സിലാക്കപ്പെടുന്നത്. വ്യക്തമായൊരു ജനസംഖ്യ ലഭ്യമല്ല. 2012 മുതല്‍ 2015 വരെയുള്ള കാലത്തിനുള്ളില്‍ മാത്രം 87,000 പേരാണ് നാടുവിട്ടുപോയത്. ബാക്കി 8 ലക്ഷത്തോളം പേര്‍ അറാകാനില്‍ നരകജീവിതം തള്ളിനീക്കുകയാണ്. 3 ലക്ഷത്തോളം പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തുകഴിഞ്ഞു. താരതമ്യേന നല്ല ജീവിത നിലയാണ് അവിടെ അവര്‍ അനുഭവിക്കുന്നത്. ഇത് 2015 ലെ കണക്ക്. എന്നാല്‍, 2017 ല്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മാത്രം 3 ലക്ഷത്തോളം പേരാണത്രെ അറാകാനില്‍നിന്നും പലായനം ചെയ്തത്. 

തായ്‌ലന്റ്, മലേഷ്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങലാണ് റോഹിംഗ്യകള്‍ തങ്ങളുടെ പലായനത്തിനായി കൂടുതലും തെരഞ്ഞെടുക്കുന്നത്. അടുത്ത രാജ്യങ്ങള്‍ എന്നതിനാലും അവിടത്തെ ജീവിതം അറാകാനിനെ അപേക്ഷിച്ച് നല്ലതാണ് എന്നതിനാലുമാണത്. എന്നാല്‍, താല്‍പര്യത്തോടെയോ അല്ലാതെയോ ഈ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചുവരുന്നു. എന്നിരുന്നാലും, അസാധാരണമായ നിലക്കുള്ള ഈ അഭായാര്‍ത്ഥീ പ്രവാഹം ഈ രാജ്യങ്ങളെയെല്ലാം പല നിലക്കും ചിന്തിപ്പിച്ചിട്ടുണ്ടെന്നത് സത്യമാണ്. വര്‍ദ്ധിച്ച ഈ കടന്നുവരവ് തങ്ങളുടെ നാടിന് ഭീഷണിയാകുമോ എന്ന ഭീതി നിലനില്‍ക്കുന്നതുകൊണ്ടുതന്നെ അവരെ ഈ നാടുകളില്‍ പ്രവേശിക്കുന്നതില്‍നിന്നും നിരുത്സാഹപ്പെടുത്താനാണ് ഓരോ രാഷ്ട്രവും ശ്രമിക്കുന്നത്. ചിലപ്പോഴൊക്കെ അവരെ തടയുകയും ചെയ്യുന്നു. 

കൂടുതല്‍ അഭയാര്‍ത്ഥികളും ബംഗ്ലാദേശിലേക്കു പോകുന്നതിനെയാണ് തെരഞ്ഞെടുക്കുന്നത്. അവിടെ നല്ല ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നത്. 2015 ലെ കണക്ക് പ്രകാരം അവിടത്തെ രജിസ്റ്റേര്‍ഡ് ക്യാംപില്‍ മാത്രം 30 നായിരം അഭയാര്‍ത്ഥികളുണ്ട്. രജിസ്റ്റര്‍ ചെയ്യപ്പെടാത്തവരായിട്ട് 2 ലക്ഷത്തോളം ആളുകളും. രജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍ക്ക് യു.എന്നിന്റെ സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, അല്ലാത്തവര്‍ക്ക് ഔദ്യോഗികമായി യാതൊരു സഹായവും ലഭിക്കുന്നില്ല. വളരെ പരിതാപകരമായ അവസ്ഥയിലാണ് അവര്‍ അഭയാര്‍ത്ഥീ ക്യാംപുകളില്‍ ജീവിതം തള്ളിനീക്കുന്നത്. ഒരിക്കലും തങ്ങളുടെ ജന്മനാടുകളിലേക്ക് തിരിച്ചുപോകാന്‍ കഴിയുമെന്ന ഒരു പ്രതീക്ഷയും അവര്‍ക്കില്ല. 

തായ്‌ലന്റിലെ അവസ്ഥ ഏറെ പരിതാപകരമാണ്. കടല്‍കൊള്ളക്കാരാണ് പലപ്പോഴും അവിടെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നത്. അഭയാര്‍ത്ഥീ കപ്പലുകള്‍ അവര്‍ തട്ടിക്കൊണ്ടുപോവകുയം അഭായര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചെയ്യുന്നു. പലരെയും കരക്കണക്കാന്‍ അനുവദിക്കാതെ ഉള്‍ക്കടലുകളില്‍ തള്ളിവിടുന്നു. തായ്‌ലന്റ്-മലേഷ്യന്‍ ബോര്‍ഡറില്‍ തായ് കൊള്ളക്കാര്‍ നടത്തുന്ന അഭയാര്‍ത്ഥീ ക്യാംപുകളുണ്ട്. പല അഭയാര്‍ഥികളും അവിടെയാണ് എത്തിപ്പെടുന്നത്. നരകജീവിതമാണ് അവര്‍ക്കവിടെ അനുഭവിക്കേണ്ടി വരുന്നത്. ഇവയെക്കുറിച്ചൊന്നും കൂടുതല്‍ വാര്‍ത്തകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെന്നതാണ് സത്യം. 

സൗത്ത്-ഈസ്റ്റ് ഏഷ്യയിലെ പത്തു രാജ്യങ്ങളുടെ കൂട്ടായ്മയായ ASEAN റോഹിംഗ്യന്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും ശാശ്വതമായ പരിഹാരം കൊണ്ടുവരാന്‍ മ്യാന്മറിനോട് വേണ്ടപോലെ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ഈ വിഷയത്തില്‍ ആസിയാന്‍ രാജ്യങ്ങളുടെ ശുശ്കാന്തിയില്ലായ്മയാണ് ഇതെന്ന് അരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 

ഇന്ത്യ, പാകിസ്താന്‍, സഊദി അറേബ്യ എന്നിവിടങ്ങളിലും റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ വലിയ അളവില്‍തന്നെ ഇന്ന് ജീവിക്കുന്നു. യു.എന്‍ കണക്കു പ്രകാരം ഇന്ത്യയില്‍ 40,000 ഓളം പേരുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഡല്‍ഹി, യുപി, കശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ധാരാളമായും മറ്റു സംസ്ഥാനങ്ങളില്‍ കുറഞ്ഞ നിലയിലും ഇവര്‍ ജീവിച്ചുവരുന്നു. 

അതേസമയം, ഇന്ത്യന്‍ ഗവണ്‍മെന്റ് ഇവര്‍ക്കുനേരെ സ്വീകരിച്ചിട്ടുള്ള നിലപാട് വളരെ പ്രതിഷേധാര്‍ഹമാണ്. മോദി സര്‍ക്കാര്‍ ഇവരെ ഇവിടെനിന്നും ആട്ടിയോടിക്കണം എന്ന തീരുമാനത്തിലാണ് ഉറച്ചുനില്‍ക്കുന്നത്. കോടതിയുടെ ഭാഗത്തുനിന്നും ഇതില്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു വിധി കാത്തിരിക്കുകയാണ് ലോകം. അതേസമയം, ഇവ്വിഷയത്തില്‍ ഇന്ത്യ കാണിക്കുന്ന മന്ദപ്പിനെയും അവഗണനയെയും യു.എന്‍ ഈയിടെയായി ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. അയല്‍രാജ്യമെന്ന നിലക്ക് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കേണ്ട ഉത്തരവാദിത്തം ഇന്ത്യക്കുണ്ടെന്നാണ് യു.എന്‍ വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ മോദി സര്‍ക്കാറിന്റെ ദ്രോഹപരമായ നിലപാട് പ്രതിഷേധാര്‍ഹം തന്നെയാണ്.

2000 ത്തിനു ശേഷമുള്ള സാമ്പത്തിക മേഖലയിലെ പരിഷ്‌കരണങ്ങളുടെയെല്ലാം വെളിച്ചത്തില്‍ മ്യാന്മര്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുമായി നല്ല ബന്ധത്തിലാണ് നിലകൊള്ളുന്നത്. എന്നിരുന്നാലും അമേരിക്കയും യൂറോപ്യന്‍ യൂണിയനും റോഹിംഗ്യന്‍ വിഷയത്തില്‍ നീതിയുടെ വഴികള്‍ സ്വീകരിക്കാനായി മ്യാന്മറിനെ ചെറിയ നിലക്കെങ്കിലും പ്രഷര്‍ചെയ്യാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. 2012 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ മ്യാന്മര്‍ സന്ദര്‍ശിച്ചിരുന്നു. റോഹിംഗ്യകളുടെ കാര്യത്തില്‍ മനുഷ്യാവകാശം നടപ്പാക്കണമെന്ന് അന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. മ്യാന്മര്‍ സര്‍ക്കാര്‍ അന്നത് അംഗീകരിച്ചിരുന്നുവെങ്കിലും പിന്നീടത് നടപ്പാക്കാന്‍ തയ്യാറായില്ല എന്നതാണ് സത്യം. 

മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനും റോഹിംഗ്യകളുടെ നല്ല ഭാവിയുമായി ബന്ധപ്പെട്ട് നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അതും വേണ്ടപോലെ നടപ്പിലാക്കപ്പെടുകയുണ്ടായില്ല. 2017 ഓടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന തലത്തിലേക്കായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍, മ്യാന്മറും സൂകിയും ബുദ്ധന്മാരും മുസ്‌ലിം വിരുദ്ധതയില്‍ ഉറച്ചുനില്‍ക്കുന്നതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുന്നതാണ് ഇന്ന് നാം കാണുന്നത്. 

യു.എന്നിന്റെ തന്നെ നേതൃത്വത്തില്‍ മ്യാന്മറിന്റെ ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായൊരു തീരുമാനം ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനാണ് റോഹിംഗ്യകള്‍ ഇന്ന് ദാഹിച്ചുകൊണ്ടിരിക്കുന്നത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter